തിരുവനന്തപുരം: നാളെ ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഹർത്താലിൽ നിന്ന് സഹകരിക്കില്ലെന്ന് ഒരു വിഭാഗം ബ്സ്സുടമകളും ബസ്സുകൾ നിരത്തിലിറക്കിയാൽ വേണ്ടിവന്നാൽ കത്തിക്കുമെന്ന് ദളിത് നേതാക്കളും പ്രഖ്യാപിച്ചതോടെ നാളത്തെ ഹർത്താൽ ജനജീവിതം സ്തംഭിപ്പിക്കുമെന്നും ഉറപ്പായി. ദളിത് സംഘടനകൾ നാളെ നടത്തുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദളിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽനിന്ന് പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഡീസൽ വിലക്കയറ്റം വലിയ നഷ്ടം വരുത്തുന്നു എന്നും നാളെ പണിമുടക്കാൻ നിർവാഹമില്ലെന്നും സ്വകാര്യ ബസ്സുടമകളിൽ ഒരു വിഭാഗം അറിയിച്ചതും കെഎസ്ആർടിസി നിരത്തിലിറക്കുമെന്ന് എംഡി ഹേമചന്ദ്രൻ പ്രഖ്യാപിച്ചതും ചർച്ചയായി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ദളിത് സംഘടനകൾ ഉയർത്തുന്നത്. ഇത് വെല്ലുവിളിയാണെന്ന് ദളിത് സംഘടനകൾ പ്രഖ്യാപിക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒട്ടാകെ വ്യാപക അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകുന്നത്. ഹർത്താൽ ശക്തമാകുമെന്ന വിലയിരുത്തലിലാണ് ഇത്. മതതീവ്രവാദികൾ ഹർത്താൽ ഏറ്റെടുക്കുമെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നുമുള്ള നിർദ്ദേശം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കൂടുതൽ പൊലീസ് കരുതലും സുരക്ഷയും ഒരുക്കണമെന്നുള്ള നിർദേശവും ഡിജിപിക്ക് ഇന്റലിജൻസ് കൈമാറുമെന്നാണ് ഇതുസംബന്ധിച്ച് പുറത്തു വരുന്ന വിവരം.

ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്ത് ബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചതോടെ ഇതിന് പ്രതികരണവുമായി ബസ്സിറക്കിയാൽ കത്തിക്കുമെന്ന് ദളിത് സംഘടനകൾ പ്രതികരിച്ചുകഴിഞ്ഞു. മിനിമം യാത്രാക്കൂലിയിൽ വർധന ഉണ്ടായതിനു പിന്നാലെ എണ്ണ വില വർധിച്ചതും തുടർച്ചയായ ഹർത്താലും മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദളിത് ഹർത്താലിനെതിരെ വ്യാപാരികളും ബസ്സുടമകളും രംഗത്തുവന്ന സാഹചര്യത്തിൽ വലിയ ഏറ്റുമുട്ടലുകൾക്ക സംസ്ഥാനത്ത് ഉടനീളം സാധ്യതയുണ്ടെന്നാണ് ഇന്റലിജന്റ്‌സ് വിലയിരുത്തൽ.

സ്വകാര്യ ബസ്സുകൾ ഇറക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസിയും പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സർവീസുകളുടെയും വിശദമായ റിപ്പോർട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും എംഡി ഹേമചന്ദ്രൻ നിർദ്ദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾക്കു മതിയായ സംരക്ഷണം നൽകണമെന്നു പൊലീസിനോടും കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നാളെ നടത്തുന്ന ഹർത്താലിൽ ബസുകൾ നിരത്തിലിറക്കിയാൽ കത്തിക്കേണ്ടിവരുമെന്നു ഗോത്രമഹാ സഭ കോർഡിനേറ്റർ ഗീതാനന്ദൻ പ്രതികരിച്ചു. അത്തരം സാഹചര്യങ്ങളിലേയ്ക്കു കാര്യങ്ങൾ എത്തിക്കരുതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഹർത്താലിനെ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്താവന ജനങ്ങൾ തള്ളിക്കളയും. രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുമ്‌ബോൾ ഇത്തരം പ്രതികരണങ്ങൾ ബസുടമകൾ നടത്താറില്ല.

ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹർത്താലിനു പിന്തുണ നൽകാൻ 30 ഓളം ദളിത് സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി മറികടക്കാനും ജനാധിപത്യ സംരക്ഷണത്തിനും പാർലമെന്റു നിയമനിർമ്മാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25ന് രാജ്ഭവൻ മാർച്ചു നടത്തുമെന്നും അദ്ദഹം പറഞ്ഞു. സംഘടനാ പ്രതിനിധികളായ സി.ജെ. തങ്കച്ചൻ, പി. ലീലാമ്മ, ടി.പി.കുട്ടപ്പൻ, സി.എം. ദാസപ്പൻ, കെ.കെ. വിജയൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സമാനമായ രീതിയിൽ സോഷ്യൽ മീഡിയയിലും വലിയ പ്രചരണങ്ങൾ നടക്കുന്നു. തുക്കടാ രാഷ്ട്രീയ പാർട്ടികളുടെ ഹർത്താൽ ആഹ്വാനങ്ങൾക്ക് പോലും കടകൾ അടയ്ക്കുന്നവരും ബസ്സുകൾ നിരത്തിൽ ഇറക്കാത്തവരും ദളിതരുടെ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും ദളിതർക്കൊപ്പം നിൽക്കുന്നു എന്ന് നടിക്കുന്നവരുടെ കപട രാഷ്ട്രീയമാണ് ഇവിടെ കാണുന്നതെന്നും നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.

ഹർ്ത്താലുകൾക്ക് എതിരാണെങ്കിലും ഇപ്പോൾ ദളിതർ പ്രഖ്യാപിച്ച ഹർത്താലിനെ അനുകൂലിക്കുന്നു എന്ന് വ്യക്തമാക്കിയും ഫേസ്‌ബുക്കിൽ പോസ്റ്റുകൾ വരുന്നു. രാഷ്ട്രീയക്കാർ ഹർത്താൽ നടത്തുമ്പോൾ പൊട്ടാത്ത കുരുവാണ് സ്വകാര്യ ബസ്സുകാർക്കും ബസ് ഓണേഴ്‌സിനും കെഎസ്ആർടിസിക്കും പൊട്ടുന്നത് എന്നാണ് ചിലരുടെ പ്രതികരണം. രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ ആഹ്വാനം ചെയ്യുമ്പോൾ ബസ് ഇറക്കി കാണിക്കട്ടെ എന്നിട്ടാവാം ദളിതർക്കെതിരെ പ്രതിഷേധം എന്നും ചിലർ കമന്റ് ചെയ്യുന്നു. ഇതോടെ നാളത്തെ ഹർത്താൽ വിഷയത്തിൽ സോഷ്യൽ മീഡിയയിലും വലിയ ചർച്ചകളാണ് നടക്കുന്നത്.