തിരുവനന്തപുരം: മജിസ്‌ട്രേട്ട് കോടതിക്ക് മുന്നിൽ ബാറുടമ ബിജു രമേശ് കൊടുത്ത രഹസ്യമൊഴിയും രേഖകളും അനുസരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബാർ കോഴക്കേസിൽ കുടുക്കാൻ കഴിയില്ല. എന്നാൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ശക്തമായ മൊഴിയാണ് നൽകിയത്. ചെന്നിത്തലയെ രക്ഷിക്കാനായി എഡിറ്റ് ചെയ്ത ടേപ്പാണ് ബിജു ഹാജരാക്കിയതെന്നാണ് സൂചന. മന്ത്രി വി എസ് ശിവകുമാറിനേയും പ്രത്യക്ഷത്തിൽ കുടക്കാനുള്ള പരമാർശവും ഇല്ല. എന്നാൽ മന്ത്രി ബാബു കൈക്കൂലി വാങ്ങിയെന്ന് വരുത്തുന്ന തരത്തിലാണ് മൊഴി. ഇതോടെ കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ ഇടപെടലുകൾ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമായി.

ബാർ കോഴയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള മുതിർന്ന നേതാവിന്റെ ശക്തമായ ഇടപെടലും ഫലം കണ്ടില്ല. കോൺഗ്രസുകാർക്കെതിരെ മൊഴി നൽകരുതെന്ന് ബിജു രമേശിന്റെ കുടുംബ സുഹൃത്തുകൂടിയായ ഈ നേതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നൽകി ബാബുവിനെതിരെ ബിജു മൊഴി നൽകി. എക്‌സൈസ് മന്ത്രി കെ.ബാബു അടക്കം മൂന്നു കോൺഗ്രസ് മന്ത്രിമാർക്ക് കോഴ നൽകിയതിന്റെ വിവരങ്ങളുള്ള സി.ഡി കോടതിയിൽ നൽകിയ ബാറുടമ ബിജുരമേശ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയാണ് രഹസ്യമൊഴി നൽകിയത്. ഇതോടെയാണ് സിഡിയിലും ചെന്നിത്തലയുമായി ബന്ധപ്പെട്ട ഒന്നും ഉണ്ടാകില്ലെന്ന സൂചന കിട്ടിയത്. കൊടുത്ത സിഡി പ്രകാരം ആഭ്യന്തരമന്ത്രിയെ പരോക്ഷമായി പറയുന്ന വാചകങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് അറിയുന്നത്.

ബാറുടമകളുടെ യോഗത്തിന്റേയും കൂടിക്കാഴ്ചകളുടേയും ഫോൺ സംഭാഷണങ്ങളുടെയും എട്ട് സി.ഡികളാണ് തെളിവായി ബിജുരമേശ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതിൽ ബാർഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ നേതാക്കളായ രാജ്കുമാർ ഉണ്ണി, ധനേഷ് എന്നിവരുടെ സംസാരമുള്ള സി.ഡിയിലാണ് മന്ത്രമാരായ കെ.ബാബു, രമേശ് ചെന്നിത്തല, വി എസ്.ശിവകുമാർ എന്നിവരുടെ പേരുകളുള്ളത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ച് ശിവകുമാർ 25ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സി.ഡിയിലെ പരാമർശം.

രഹസ്യമൊഴിയിൽ രമേശിന്റെ പേര് ബിജു പരാമർശിച്ചിട്ടേയില്ലെന്നാണ് വിവരം. ബിജുരമേശിന്റെ മൊഴിയിൽ കൂടുതലും ബാബു കോഴവാങ്ങിയതുമായി ബന്ധപ്പെട്ടാണ്. ഇതിന്റെ തെളിവുകളും നൽകിയിട്ടുണ്ട്. ലൈസൻസ് പുതുക്കുന്നതിനും തിരഞ്ഞെടുപ്പ് ഫണ്ടിലേക്കുമടക്കം രണ്ട് മന്ത്രിമാർ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും മൊഴിയിലുണ്ട്. ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കാനും ബിയർ, വൈൻ പാർലറുകൾക്ക് അനുമതി നൽകാനും മന്ത്രി ബാബു പണം ആവശ്യപ്പെട്ടതിന് താൻ സാക്ഷിയാണെന്നും ബിജു മൊഴിനൽകിയിട്ടുണ്ട്.

അതിനിടെ ബാർ കോഴയിൽ അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കാനാണ് വിജിലൻസിന്റെ പദ്ധതി. അതിനായി മൊഴി എടുക്കുന്നത് സജീവമാക്കും. കോടതയിൽ ബിജു രമേശ് നൽകിയ മൊഴിയും പരിശോധിക്കും. ബിജുരമേശിന്റെ മൊഴിയുടെ പകർപ്പ് ലഭിക്കാൻ വിജിലൻസ് സംഘം നാളെ അപേക്ഷ നൽകും. മൊഴിക്കായി അപേക്ഷ നൽകാനെടുത്ത കാലതാമസവും വിമർശന വിധേയമായിട്ടുണ്ട്. ഒത്തു തീർപ്പുകളിലൂടെ കേസ് അവസാനിപ്പിക്കാനുള്ള അവസരം പ്രതികൾക്ക് ഉണ്ടാക്കാനാണിതെന്നാണ് ആക്ഷേപം.

കഴിഞ്ഞ ഒരുവർഷത്തിനിടെ ആറുകോടിയോളം രൂപ ബാറുടമകളിൽ നിന്ന് സംഘടനാനേതാക്കൾ പിരിച്ചെടുത്തെന്നാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. തൃശൂരിൽ നിന്ന് മാത്രം ഒന്നരക്കോടിയിലേറെ പിരിച്ചു. ആകെയുള്ള 720 ബാറുടമകളിൽ 680 പേരുടേയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂർ, ഇടുക്കി ജില്ലകളിൽ മാത്രമാണ് പിരിവിന് രേഖയുള്ളത്. ഈ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. പിരിച്ചെടുത്ത കോടികൾ എങ്ങനെ ചെലവിട്ടു എന്നറിയാൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ വിജിലൻസ് ചോദ്യംചെയ്യും. കോടതികളിൽ കേസ് നടത്താൻ പണം നൽകിയെന്ന പതിവുപല്ലവിയാണെങ്കിൽ അഭിഭാഷകരിൽ നിന്ന് ഫീസ് വിവരങ്ങളടക്കം ശേഖരിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

ബിജു മൊഴിനൽകിയില്ലെങ്കിലും സി.ഡിയുടെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല, വി എസ്.ശിവകുമാർ എന്നിവർക്കെതിരേ കൂടി കേസെടുക്കണമെന്ന പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദന്റെ പരാതി വിജിലൻസ് പരിഗണിക്കുകയാണ്. ഇതിലും ചെന്നിത്തലയ്ക്ക് എതിരെ കേസ് എടുക്കേണ്ടെന്നാണ് വിജിലൻസിന് കിട്ടിയിട്ടുള്ള നിയമോപദേശം