മേരിക്കയെക്കുറിച്ച് പരാമർശിക്കുമ്പോൾ മിക്കവരുടെയും മനസിൽ വരുന്ന രൂപങ്ങളിലൊന്നാണ് ഇവിടുത്തെ വിശ്രുതമായ ശിൽപമായ സ്റ്റാച്യൂ ഓഫ് ലിബർട്ടി. വെറുമൊരു പ്രതിമയെന്നതിലുപരി ഇത് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. ശിരോവസ്ത്രം അണിഞ്ഞ മുസ്ലിം യുവതിയിൽ നിന്നും പ്രചോദനം കൊണ്ട് ഉണ്ടാക്കിയതാണ് ഈ ശിൽപമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ കടുത്ത മുസ്ലിം വിരുദ്ധ നയങ്ങൾ സ്വീകരിച്ച് വരുന്ന അമേരിക്കയ്ക്ക് സ്വന്തമായുള്ള ഐഡന്റിറ്റി തന്നെ നഷ്ടപ്പെട്ടോ എന്ന ചോദ്യമാണ് ഈ ഒരു വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുയരുന്നത്.

സ്റ്റാച്യൂ ഓഫ് ലിബർട്ടി പരമ്പരാഗത വസ്ത്രം ധരിച്ച മുസ്ലിം സ്ത്രീയെ അനുകരിച്ച് നിർമ്മിച്ചതാണെന്ന അഭിപ്രായവുമായി ഏതാനും ചരിത്രകാരന്മാർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. ട്രംപ് കടുത്ത മുസ്ലിം വിരോധവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 20ാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് വന്ന കുടിയേറ്റക്കാരെയെല്ലാം സ്വാഗതം ചെയ്തിരുന്നതും ന്യൂയോർക്കിൽ തല ഉയർത്തി നിൽക്കുന്നതുമായ ഈ പ്രതിമ ഒരു മുസ്ലിം വനിത ദീപശിഖ മുകളിലേക്കുയർത്തി പിടിച്ച് നിൽക്കുന്നതാണെന്നാണ് ചില ചരിത്രകാരന്മാർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ഈ പ്രതിമ നിർമ്മിക്കാനായി ശിൽപി ആദ്യമായി ലേഡി ലിബർട്ടിയെ സ്‌കെച്ച് ചെയ്തത് ഈജിപ്ഷ്യൻ കർഷസ്ത്രീയെ മാതൃകയാക്കിയിട്ടാണെന്നും സൂചനയുണ്ട്. ഈജിപ്തിൽ പുതുതായി തുറന്ന സൂയസ് കനാലിന് സമീപം വയ്ക്കാനായിരുന്നു ഫ്രെഡറിക് ഓഗസ്‌റ്റെ ബാർതോൾഡി എന്ന ശിൽപി സ്റ്റാച്യൂ ഓഫ് ലിബർട്ടി നിർമ്മിച്ചിരുന്നതെന്നും വാദഗതിയുണ്ട്. ഈജിപ്തിലെ ബൃഹത്തായ കനാലിലേക്ക് വരുന്ന ബോട്ടുകളെ സ്വാഗതം ചെയ്യുന്ന വിധത്തിൽ ഈ പ്രതിമ സ്ഥാപിക്കാനായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന ഈജിപ്ഷ്യൻ കർഷകസ്ത്രീയെ മാതൃകയാക്കിക്കൊണ്ടാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നതെന്നാണ് ഇതിന്റെ ചരിത്രകാരന്മാരിലൊരാളായ ബാരി മൊറെനോ വെളിപ്പെടുത്തുന്നത്. ഈ പ്രതിമയുടെ ആദ്യ മാതൃകകളെ ഈജിപ്ത് കാരിയിങ് ദി ലൈറ്റ് ടു ഏഷ്യ എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ശിൽപിയുടെ ഈ നിർദേശങ്ങളെ ഈജിപ്തിലെ അക്കാലത്തെ ഒഫീഷ്യലുകൾ നിരസിക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം തന്റെ ശിൽപപദ്ധതി അമേരിക്കയ്ക്ക് മുന്നിൽ സമർപ്പിക്കുകയും അതിനുള്ള അംഗീകാരം നേടുകയുമായിരുന്നു. തുടർന്ന് അറബി കർഷവേഷം ധരിച്ച് നിൽക്കുന്ന മുസ്ലിം സ്ത്രീയുെട ശിൽപം നിർമ്മിക്കുന്നതിലേക്ക് തന്റെ പദ്ധതി ബാർതോൾഡി മാറ്റുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന ചർച്ചകളിൽ ശിൽപത്തിന്റെ ഇസ്ലാമിക് മേലങ്കി അദ്ദേഹം ഉപേക്ഷിക്കുകയും സ്വാതന്ത്ര്യത്തിന്റെ റോമൻ ദേവതയുടെ രൂപത്തിലേക്ക് ശിൽപത്തെ മാറ്റുകയുമായിരുന്നു. തുടർന്ന് 1886 ൽ സ്റ്റാച്യൂ ഓഫ് ലിബർട്ടി ന്യൂയോർക്ക് ഹാർബറിൽ സ്ഥാപിക്കുകയും ചെയ്തു. ബാർതോൾഡിയുടെ മാതാവായ ഓഗസ്റ്റയുടെ മുഖമാണ് ശിൽപത്തിനെന്നാണ് ചരിത്രകാരന്മാർ ഇന്നും വിശ്വസിക്കുന്നത്. എന്തായാലും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ഈ ശിൽപം തലയുയർത്തി നിൽക്കുന്നു. ട്രംപ് ഈ പ്രതിമയുടെ തല വെട്ടുന്ന വിവാദമായ ചിത്രം ആവിഷ്‌കരിക്കുന്ന മുഖചിത്രവുമായി ജർമൻ പ്രസിദ്ധീകരമമായ ഡെർ സ്പിഗെൽ ഇന്നലെ പുറത്തിറങ്ങിയിരുന്നു.ഭാവിയിൽ അമേരിക്കയിലേക്ക് ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് മുൻഗണന നൽകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സിറിയൻ റെഫ്യൂജീ പ്രോഗ്രാം റദ്ദാക്കുമെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു. എന്നാൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റം നിരോധിച്ചുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓർഡറിനെ തള്ളിയ യുഎസ് അപ്പീർ കോടതിയുടെ ഉത്തരവ് ട്രംപിന് കനത്ത തിരിച്ചടിയേകിയിട്ടുണ്ട്.