തിരുവനന്തപുരം: മിസ്ഡ് കോളടിച്ചാൽ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നതടക്കം പിങ്ക് പൊലീസിന്റെ പദ്ധതികളെല്ലാം പാളിയതോടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ രംഗത്തിറക്കാൻ പൊലീസ്. ഗാർഹിക പീഡനം അടക്കം സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും അത് പൊലീസിനെ അറിയിക്കാനും സ്റ്റേഷൻ തലത്തിൽ സ്ത്രീ കർമ്മസേന എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ നിയോഗിക്കാനാണ് നീക്കം.

നിയമസഭാ സമിതിക്കു മുന്നിൽ ഡി.ജി.പി അവതരിപ്പിച്ച ഈ ആശയം സഭാസമിതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. വിശദമായ രൂപരേഖയുണ്ടാക്കാൻ ഡി.ജി.പിയോട് ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപ ചെലവിട്ടിട്ടും പിങ്ക് പൊലീസ് പദ്ധതികൾ പരാജയമെന്ന് സമ്മതിച്ചാണ് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ രംഗത്തിറക്കുന്നത്.

കേരളത്തിൽ സ്ത്രീസുരക്ഷ അപകടത്തിലാണെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് മതിയായ സംവിധാനങ്ങളെടുക്കാതെ ഒത്തുതീർപ്പിലാണ് പൊലീസിന് താത്പര്യമെന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കുടുംബശ്രീയ രംഗത്തിറക്കി സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടി. ഫയർഫോഴ്‌സിനെ സഹായിക്കാനുള്ള സന്നദ്ധസേന, ട്രാഫിക് നിയന്ത്രണത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും പൊലീസിനെ സഹായിക്കുന്ന സ്റ്റുഡന്റ് പൊലീസ് എന്നിവയുടെ മാതൃകയിലാവും സ്ത്രീ കർമ്മസേന. മികച്ച വിദ്യാഭ്യാസമുള്ളവരെ തെരഞ്ഞെടുത്ത് യൂണിഫോമും പരിശീലനവും നൽകും. പൊലീസ് യൂണിഫോമല്ല, പകരം വസ്ത്രത്തിനു മുകളിൽ ധരിക്കാനുള്ള കാക്കി ജാക്കറ്റാണ് പരിഗണനയിൽ. ആഴ്ചയിൽ മൂന്നുദിവസം ഇവർ സ്റ്റേഷനുകളിലുണ്ടാവണം. ഇവർക്കുള്ള പ്രതിഫലം പൊലീസ് മേധാവി നിശ്ചയിക്കും.

സ്ത്രീസുരക്ഷയ്ക്ക് പിങ്ക് പൊലീസിൽ നിരവധി പദ്ധതികളുണ്ടെങ്കിലും ഒന്നും ഫലംകണ്ടില്ല. ഗാർഹികപീഡനം തടയാൻ ആഴ്ചയിലൊരിക്കൽ വനിതാ പൊലീസുകാർ വീട്ടിലെത്തി ഗാർഹിക പീഡനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്‌പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം എന്നിങ്ങനെ സ്ത്രീസുരക്ഷാ പദ്ധതികളേറെയുണ്ടെങ്കിലും സ്ത്രീസുരക്ഷ അകലെ.

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പിങ്ക്പട്രോളും 1515ടോൾഫ്രീയിലെ അടിയന്തര സഹായവുമൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇവയ്ക്കായി 10കാറുകൾ, ബുള്ള?റ്റ് ഉൾപ്പെടെ 40 ഇരുചക്രവാഹനങ്ങൾ, 20സൈക്കിളുകൾ എന്നിവ ആഘോഷമായി പുറത്തിറക്കിയിരുന്നു. എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധ പരിശീലനം നൽകാനുള്ള പദ്ധതിയും പാളിപ്പോയി. സ്ത്രീസുരക്ഷയ്ക്ക് കോടികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ടും ആവശ്യത്തിലേറെ പദ്ധതികളുമുണ്ടെങ്കിലും ഒന്നും ഫലംകാണുന്നില്ല. സെമിനാറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, വർഷത്തിലൊരിക്കലെ രാത്രിനടത്തം- ഇങ്ങനെ ചുരുങ്ങും സ്ത്രീ സുരക്ഷ.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ ആഴ്ചയിലൊരിക്കൽ പ്രത്യേക അദാലത്ത് ഓൺലൈനായി നടത്തണമെന്ന പൊലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവ് പൊലീസുദ്യോഗസ്ഥർ തന്നെ അട്ടിമറിച്ചു. വനിതകളുടെ പരാതികൾക്ക് സ്?റ്റേഷൻ ഹൗസ് ഓഫീസർമാർ ആവശ്യമായ പരിഗണന നൽകി പരിഹാരം കണ്ടെത്തണം.

സ്ത്രീകൾക്കെതിരെ വീടുകളിൽ നടക്കുന്ന അതിക്രമങ്ങളുടെ വിവരങ്ങൾ പിങ്ക് ജനമൈത്രി ബീറ്റ് ശേഖരിക്കണം. പിങ്ക് പട്രോൾ ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടത്. സന്ദേശം ലഭിച്ചാലുടൻ ആവശ്യപ്പെട്ട സ്ഥലത്ത് എത്താൻ കഴിയണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്?റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോർ സൈക്കിൾ പട്രോൾ- സ്ത്രീസുരക്ഷയ്ക്കുള്ള ഡി.ജി.പിയുടെ ഈ നിർദ്ദേശങ്ങളും പൊലീസുകാർ പൊളിച്ചടുക്കി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സോഷ്യൽ മീഡിയയിലൂടെ അടിതട പടിപ്പിക്കുന്ന പദ്ധതിയും പൊലീസ് തുടങ്ങിയിട്ടുണ്ട്. പൊലീസ് ആവിഷ്‌ക്കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയാണ് സോഷ്യൽ മീഡയയിലൂടെ പഠിക്കാനാവുക. സ്ത്രീകൾക്ക് ഒ?റ്റപ്പെട്ട അവസ്ഥയിൽ അതിക്രമം നേരിടേണ്ടി വന്നാൽ എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ച് പൊലീസ് സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ അടിതട എന്ന സ്വയം പ്രതിരോധ പാഠങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ട്യൂട്ടോറിയൽ വീഡിയോയാണ് സോഷ്യൽ മീഡിയലിലൂടെ പഠിക്കാനാവുക.

പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏറെ പ്രയോജനപ്പെടുന്ന പരിശീലന പരിപാടി കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. സ്വയം പ്രതിരോധശേഷി കൈവരിക്കുന്നതിനായി പൊലീസ് വനിതാ സ്വയം പ്രതിരോധ സംഘത്തിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം എല്ലാ ജില്ലകളിലും സൗജന്യമായി നൽകുന്നുണ്ട്.