വിധിയുടെ ക്രൂരത അയ്‌ലാ ബ്യൂ ഫോളിയെ തകർത്തത് ഈ വിധമാണ്. ആറുവർഷമായി ഭക്ഷണം കഴിക്കാനാവാതെ അവൾ കഷ്ടപ്പെടുന്നു. മൂക്കിലൂടെ ഘടിപ്പിച്ച ട്യൂബിലൂടെ ഉള്ളിലെത്തുന്ന പോഷക പദാർഥങ്ങളാണ് അയ്‌ലയുടെ ജീവൻ നിലനിർത്തുന്നത്.

വയർ തളർന്നുപോവുകയെന്ന അത്യപൂർവമായ രോഗാവസ്ഥയാണ് അവൾ നേരിടുന്നത്. കുടലുകൾ ചുരുങ്ങിയതോടെ ഭക്ഷണം കഴിക്കാനാകാത്ത സ്ഥിതിയായി. ഗ്ലൂസ്റ്റർഷയറിലെ ചെൽറ്റൻഹാമിൽനിന്നുള്ള ഈ പെൺകുട്ടിക്ക് ഇനിയൊരിക്കലും ഭക്ഷണം കഴിക്കാനായെന്നും വരില്ല.

ഇക്കഴിഞ്ഞ ഏപ്രിൽ വരെ പോഷകപദാർഥങ്ങൾ നേരിട്ട് ഹൃദയത്തിലേക്ക് കൊടുക്കുകയായിരുന്നു. എന്നാൽ, സെപ്റ്റ്‌സീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ അത് നിർത്തി ഇനിയൊരു സെപ്റ്റിസീമിയയെ അയ്‌ല അതിജീവിച്ചേക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇപ്പോൾ മൂക്കിലെ ട്യൂബിലൂടെ വയറ്റിലേക്കാണ് പോഷകപദാർഥങ്ങൾ എത്തികിക്കുന്നത്.

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് അയ്‌ലയെ രോഗം ബാധിച്ചത്. ഭക്ഷണമായിരുന്നു അയ്‌ലയുടെ ദൗർബല്യം. കിട്ടുന്നതൊക്കെ വാരിക്കഴിച്ച് അസുഖമായതാകുമെന്നാണ് തുടക്കത്തിൽ എല്ലാവരും കരുതിയത്. എന്നാൽ പിന്നീട് അത് അപ്പൻഡിക്‌സിന്റെ കുഴപ്പമാണെന്ന് വിലയിരുത്തി.

പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് അസുഖം ഇതാണെന്ന് നിർണയിച്ചത്. അപ്പോഴേയ്ക്കും അയ്‌ല തീർത്തും ദുർബലയായി മാറിയിരുന്നു. ശരീരം ശോഷിച്ചു. പത്തുവയസ്സുകാരുടെ വസ്ത്രങ്ങൾ പാകമാകുന്ന അവസ്ഥയായി. ഒന്നവർഷത്തോളം നീണ്ടുനിന്ന പരിശോധനകൾക്കുശേഷമാണ് ഗ്യാസ്‌ട്രോപരേസിസ് എന്ന അപൂർവമായ അസുഖമാണ് അയ്‌ലയ്‌ക്കെന്ന് നിർണയിക്കാനായത്.

വയറിന്റെ പേശികൾ തളർന്നുപോകുന്ന അസുഖമാണിത്. ഭക്ഷണം കഴിച്ചാൽ അത് ദഹിക്കാതെ വയറിനുള്ളിൽക്കിടക്കും. നിർത്താത്ത ഛർദിയാകും അപ്പോൾ ഫലം. പലതരത്തിലുള്ള ചികിത്സകൾ നടത്തിയിട്ടും ഫലിക്കാതെ വന്നതോടെയാണ് മൂക്കിൽ ട്യൂബ് സ്ഥാപിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.