കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പു നടത്തിയ കേസിൽ പാസ്റ്റർക്കൊപ്പം അറസ്റ്റിലായ വിജയകുമാർ തട്ടിപ്പുകളുടെ കാര്യത്തിൽ ഒരു സകലകലാ വല്ലഭവൻ. സിനിമാ മേഖലയെ മറയാക്കിയും വിജയകുമാർ നിരവധി തട്ടിപ്പുകൾ നടത്തിയെന്നാണ് വ്യക്തമാകുന്ന വിവരം. സിനിമാക്കഥയെ വെല്ലുന്ന വിധത്തിലുള്ള നിരവധി തട്ടിപ്പുകളാണ് വിജയകുമാർ നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ചെക്കു കേസുകളും സാമ്പത്തിക കേസുകളും അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇയാൾ. സിനിമാ നിർമ്മാണത്തെ മറയാക്കി നടത്തിയ തട്ടിപ്പുകളിൽ വീണത് യുവതികളും പെൺകുട്ടികളുമാണ്.

ബഹു ഭാര്യാബന്ധം,വിദേശ ജോലി തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങിയവയിൽ തട്ടിപ്പിന്റെ ആൾരൂപമാണ് വിജയകുമാർ എന്നു ചുരുക്കം. പലപ്രാവശ്യം വിജയകുമാർ പൊലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും ഇയാളുടെ ഫോട്ടോ വ്യാപകമായി പുറത്ത് വരാതിരുന്നത് തട്ടിപ്പ് തുടരാനും നടത്തിയ തട്ടിപ്പുകൾ പുറത്തറിയാതിരിക്കാനും വഴിയൊരുക്കി. വിജയകുമാർ പിടിയിലായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിനിമാ രംഗത്തും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. സിനിമയിലെ പ്രമുഖ നടന്റെ അളിയാണെന്നും നിർമ്മാതാവാണെന്നും പറഞ്ഞായിരുന്നു ഇയാൾ സ്ത്രീകളെ വലവീശി പിടിച്ചത്.

അടുത്തിടെ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തെയാണ് വിജയകുമാർ ഈ തട്ടിപ്പുകൾക്ക് മറപിടിച്ചത്. താൻ വിദേശ മലയാളിയായ ഡോക്ടറാണെന്നു പറഞ്ഞു പരിചയപ്പെടുത്തും. സഹനടനായും ഉപനായകനായും ഇപ്പോൾ നായകനായും തിളങ്ങി നിൽക്കുന്ന പ്രശസ്ത നടൻ തന്റെ അളിയനാണെന്നും പറയും. ഒരു സിനിമ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും പണം എത്രവേണമെങ്കിലും ചെലവഴിക്കാമെന്നും പറഞ്ഞാണ് സിനിമാ ലോകത്തെ പലരുമായി ബന്ധം സ്ഥാപിച്ചത്.

പല പ്രോജക്ടുകളെക്കുറിച്ച് തിരിച്ചും മറിച്ചും ദിവസങ്ങൾ നീണ്ട ചർച്ചകൾ നടത്തി. കുറച്ചുനാൾ മുമ്പ് അന്തരിച്ച പ്രശസ്ത ഹാസ്യ നടന്റെ സഹോദരനെ നായകനാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി മാരത്തോൺ ചർച്ചയാണ് നടത്തിയത്. സിനിമയുടെ കഥ ദിവസങ്ങളെടുത്ത് കേട്ട വിജയകുമാർ, തിരക്കഥയിൽ അൽപ്പം മാറ്റം വരുത്തണമെന്ന നിർദ്ദേശത്തൊടൊപ്പം പടം നിർമ്മിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. അവർക്ക് സന്തോഷമാകുകയും ചെയ്തു. എന്നാൽ പണം മുടക്കുന്നതിനുള്ള ഘട്ടം അടുത്തതോടെ വിജയകുമാർ ഒഴിവുകിഴിവുകൾ പറയാൻ തുടങ്ങി. അതോടെ സിനിമയുടെ അണിയറപ്രവർത്തകൾക്ക് സംശയമായി.

എന്നാൽ എല്ലാവരെയും സമർത്ഥമായി പറഞ്ഞ് പറ്റിച്ച് വിജയകുമാർ ചിത്രത്തിന്റെ പൂജ നടത്താൻ നിശ്ചയിച്ചു. കോയമ്പത്തൂരിലെ ഒരു ആഡംബര ഹോട്ടലിൽ ചിത്രത്തിന്റെ പൂജ നടക്കുകയും ചെയ്തു. ചടങ്ങ് ആഘോഷമാക്കി. കാമറയിൽ വിശദമായി പകർത്തി. വിശ്വാസ്യത ഉറപ്പ് വരുത്താൻ സിനിമാരംഗത്തെ നിരവധി അണിയറ പ്രവർത്തകരെ വിളിച്ചു ചേർത്തായിരുന്നു പരിപാടി. ഈ ചടങ്ങുകൾക്കിടയിലാണ് കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിജയകുമാറിനെ പിടികൂടുന്നത്. പൊലീസിനോട് തട്ടിക്കയറാൻ ശ്രമിക്കുകയും താൻ സിനിമാ നിർമ്മാതാവാണെന്ന് പറഞ്ഞ് തടി തപ്പാൻനോക്കിയെങ്കിലും പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.

പൂജയും മറ്റ് ആഘോഷങ്ങളും കഴിഞ്ഞാണ് പൊലീസ് സംഘം ഹോട്ടലിൽ എത്തിയത്. അവിടെ എത്തുമ്പോൾ ഒരു പെൺകുട്ടിയും ഇയാളുടെ മുറിയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ പുതിയ സിനിമയുടെ സ്‌ക്രീൻ ടെസ്റ്റാണ് നടക്കുന്നതെന്നാണ് വിജയകുമാർ പൊലീസിനോട് പറഞ്ഞത്. ഇയാളൊടൊപ്പം അന്ന് മുറിയിലുണ്ടായിരുന്ന പെൺകുട്ടിയെക്കുറിച്ച് അവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടാനും പൊലീസ് തയ്യാറായില്ല. എങ്കിലും, പൊലീസ് നടത്തിയ അന്വേഷണത്തിൽ സിനിമയിൽ അഭിനയിക്കാൻ ചാൻസ് നൽകാമെന്ന് പറഞ്ഞ് നിരവധി പെൺകുട്ടികളെ ഇയാൾ ചതിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇവരൊന്നും പരാതിയുമായി രംഗത്ത് വരാത്തതിനാൽ കേസെടുത്തില്ല. അതേസമയം, വാഗ്ദാനം നൽകി പെൺകുട്ടികളെ പീഡിപ്പിക്കാനുള്ള ഗൂഢ ശ്രമമുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. സ്ത്രീകളുമായി അത്ര നല്ലതല്ലാത്ത രീതിയിലുള്ള ചിത്രങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യങ്ങളെല്ലാം വരും ദിവസങ്ങളിൽ അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്.

പ്രമുഖ നടൻ തന്റെ അളിയനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് നടന്റെ വിശദീകരണം തേടിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരാളെ തനിക്ക് അറിയില്ലെന്നാണ് ഇപ്പോൾ നായക വേഷങ്ങളിൽ അഭിനയിക്കുന്ന താരം പൊലീസിനോട് പറഞ്ഞത്. ഒരു പടത്തിന്റെ ചർച്ചയ്ക്കായി ഒരു സംഘം സമീപിച്ചിരുന്നു. അതിൽ വിജയകുമാർ ഉണ്ടോയെന്ന് അറിയില്ല. കഥയും സംഘാടകരുടെ സംസാരവും അത്ര പന്തിയായി തോന്നിയില്ലെന്നും അതുകൊണ്ട് ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്ന് അദ്ദേഹം കോന്നി പൊലീസിനോട് പറഞ്ഞു. പ്രമുഖ നടന്മാരുടെ പേരുകൾ ദുരുപയോഗം ചെയ്ത് സിനിമാരംഗത്ത് കടന്നു കയറിയാൽ കൂടുതൽ വിശ്വാസിയത കൈവരുമെന്നും തട്ടിപ്പ് എളുപ്പമാകുമെന്നും വിജയകുമാർ വിശ്വസിച്ചു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായ വിജയകുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനാകുവെന്ന് കോന്നി പൊലീസ് പറയുന്നു.