- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൂപേഷ് പോളിന്റെ നിലച്ച സിനിമ പൂർത്തിയാക്കി തുടക്കം; സെറ്റിൽ അഴകിയ രാവണനായി വിലസി; ഒർജിനൽ ഗുണ്ടകളെ സിനിമയിലും ഗുണ്ടകളാക്കി; സിനിമാ ഇറങ്ങാതെ വന്നപ്പോൾ സംവിധായകനെ ബ്ലാക് മെയിൽ ചെയ്തു; നടിയെ കടത്തി തട്ടിപ്പ് നടത്തിയ അംജിത് സൂപ്പർ താരങ്ങളുടെ പോലും പേടി സ്വപ്നമായ ഭായി
കൊച്ചി: കൊച്ചി സ്വദേശിയായ തമിഴ് നടിയെ ഉപയോഗിച്ച് ആളുകളിൽ നിന്നും പണം തട്ടുകയും പിന്നീട് മർദ്ദിച്ചവശരാക്കുകയും ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ട നേതാവ് ആലുവ എരുമത്തല കടവിൽ അംജിത് (35) മലയാള സിനിമയിലെ അഴകിയ രാവണനോ? ആണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ക്രിമിനൽ പശ്ചാത്തലവുമായി സിനിമയിലെത്തി താരമായി മാറിയ അംജിത് സ്ഥിരം തട്ടിപ്പുകാ
കൊച്ചി: കൊച്ചി സ്വദേശിയായ തമിഴ് നടിയെ ഉപയോഗിച്ച് ആളുകളിൽ നിന്നും പണം തട്ടുകയും പിന്നീട് മർദ്ദിച്ചവശരാക്കുകയും ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ട നേതാവ് ആലുവ എരുമത്തല കടവിൽ അംജിത് (35) മലയാള സിനിമയിലെ അഴകിയ രാവണനോ? ആണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ക്രിമിനൽ പശ്ചാത്തലവുമായി സിനിമയിലെത്തി താരമായി മാറിയ അംജിത് സ്ഥിരം തട്ടിപ്പുകാരനെന്നാണ് ലഭിക്കുന്ന സൂചന. സിനിമയിലെ എല്ലാ പ്രമുഖർക്കും അംജിതിന്റെ ക്രിമിനൽ പശ്ചാത്തലം അറിയാം. അതുകൊണ്ട് തന്നെ സാധാരണ നിർമ്മാതാക്കൾക്ക് കിട്ടുന്നതിലുമധികം ഭയഭക്തി ബഹുമാനം സൂപ്പർ താരംങ്ങൾ പോലും അംജിത് എന്ന നിർമ്മാതാവിന് നൽകിയിരുന്നു. ആരേയും കൂസാക്കാതെ നടന്ന ഗുണ്ടാ നേതാവാണ് ഒടുവിൽ സിനിമയിലെ തട്ടിപ്പിൽ പൊലീസ് വലയിലായത്.
സംവിധാന മോഹവുമായി ചെന്നൈയിൽ എത്തിയ കൊല്ലം സ്വദേശിയായ യുവാവിൽ നിന്നും നടിയുടെ സഹായത്തോടെ ഏഴ് ലക്ഷത്തോളം രൂപയാണ് അംജിത് തട്ടിയത്. ചെന്നൈയിൽ വച്ചാണ് യുവാവിൽ നിന്ന് നടിയും ഗുണ്ടാനേതാവും കൂടി ആദ്യം പണം തട്ടുന്നത്. ചതി മനസിലാക്കിയ യുവാവ് എറണാകുളത്തെ താമസസ്ഥലത്തേയ്ക്ക് മടങ്ങി. എന്നാൽ മറ്റൊരു യുവതി മുഖേന ഫേസ്ബുക്കിൽ ബന്ധം സ്ഥാപിച്ച് യുവാവിനെ ഒരു മാളിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു പ്രതി. മാളിൽ നിന്നും യുവാവിനെ ഒരു ഫ്ളാറ്റിലേയ്ക്ക് കൊണ്ടുപോകാൻ യുവതി ശ്രമിച്ചെങ്കിലും യുവാവ് വിസമ്മതിച്ചു. ഇതോടെ യുവതി അംജിതിനെ വിവരം അറിയിക്കുകയും ഇയാളെത്തി യുവാവിനെ മർദ്ദിക്കുകയും ചെയ്തു. ശേഷം എറണാകുളം റേഞ്ച് ഐജിയുടെ ഓഫീസിലെത്തി യുവതിയെക്കൊണ്ട് യുവാവിനെതിരെ പരാതി കൊടുപ്പിച്ചു. ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് യുവതികളെക്കൊണ്ട് ബൽക്ക്മെയിൽ ചെയ്യിക്കുന്ന അംജിതിന്റെ സ്ഥിരം പരിപാടിയാണെന്ന് മനസിലായത്. കേസിൽ നടിയും യുവതിയും പ്രതികളാണ്. തുടർന്നുള്ള അന്വേഷണത്തിലാണ് അംജിതിന്റെ ക്രിമിൽ ബന്ധങ്ങൾ പുറത്തുവരുന്നത്.
സിനിമാതാരങ്ങളും അണിയറക്കാരും 'ഭായി' എന്നാണ് അംജിതിനെ വിളിക്കുന്നത്. ഇല്ലെങ്കിൽ പണി കിട്ടും. ആതായത് എൺപതുകളിലും തൊണ്ണുറുകളിലും മലയാള സിനിമയിൽ നിർമ്മാതാക്കൾ താരമായിരുന്നു. ന്യൂജെൻ സിനിമകളുടെ കാലത്ത് അഴകിയ രാവണന്മാരായി അവതരിക്കുന്ന നിർമ്മാതാക്കളെ ആരും മൈൻഡ് ചെയ്തില്ല. എന്നാൽ അംജിത് സെറ്റിലെത്തിയാൽ അയാളായിരുന്നു താരം. ഇതിന് വിരുദ്ധമായി എന്തു സംഭവിച്ചാലും കളി കാര്യമാകും. എതിർക്കുന്നവർക്ക് പണി കിട്ടും. കാരണം അംജിതിന്റെ ബന്ധങ്ങളും ക്രിമിനൽ പശ്ചാത്തലവും അത്ര പ്രസിദ്ധമായിരുന്നു. ക്വട്ടേഷനും പണം പിടിച്ചുപറിക്കലുമാണ് ഇഷ്ടപരിപാടികൾ. സഹായികളായി അഞ്ചാറുപേർ എപ്പോഴുമുണ്ടാകും. രൂപേഷ് പോളിന്റെ സിനിമ നിർമ്മിച്ചാണ് അംജിത് സിനിമയിൽ എത്തുന്നത്. പിന്നെ തന്റെ തട്ടിപ്പുകൾക്ക് നല്ല സാധ്യതയുള്ള മണ്ണായി സിനിമയെ തിരിച്ചറിഞ്ഞു. പിന്നെ അതും തട്ടിപ്പിനുള്ള മാർഗ്ഗമായി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിലച്ച സിനിമ പൂർത്തിയാക്കുന്നതിന് പണം മുടക്കി അരങ്ങേറ്റം കുറിച്ചു. സംവിധായകൻ രൂപേഷ് പോൾ സ്വന്തമായി നിർമ്മിച്ച് പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന 'കത്തിരിവെയിൽ' എന്ന തമിഴ് ചിത്രം പാതിവഴിയിൽ നിലച്ചിരുന്നു. ഈ സമയം മുക്കുപണ്ടം തട്ടിപ്പ്, സ്ഥലക്കച്ചവടം, കുഴൽപ്പണം, സ്പിരിറ്റ് കടത്ത്, കാർ മോഷണം, കലമാൻകൊമ്പ് വിൽപ്പന എന്നിങ്ങനെ വിവിധ മേഖലകളിൽ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു അംജിത്. പെരുമ്പാവൂരിൽ നിന്നും ആന്ധ്രപ്രദേശിലേക്ക് പ്ളൈവുഡ് കയറ്റി അയച്ചും തട്ടിപ്പ് നടത്തിയും കാശുണ്ടാക്കി. കോടികൾ കൈയിലുണ്ടായിരുന്ന അംജിതിനെ കൊച്ചിയിലെ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖേനയാണ് സംവിധായകൻ രൂപേഷ് പോൾ പരിചയപ്പെട്ടത്.
മുടങ്ങി കിടക്കുന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു. തമിഴ് സംവിധായകൻ അശോകിന്റെ മകൻ വിൻസെന്റ് നായകനായുള്ള സിനിമ അംജിതിന്റെ സാമ്പത്തിക സഹായത്തിൽ ചിത്രീകരണം പുനരാരംഭിച്ചു.'കത്തിരിവെയിൽ' സെറ്റിൽ അംജിതിന് അഴകിയരാവണൺ എന്നായിരുന്നു രഹസ്യ വിളിപ്പേര്. സിനിമയിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ വേഷം ഒപ്പിച്ചെടുത്തിരുന്നു. വേഷത്തെപ്പറ്റി കൂട്ടാളികൾ വാനോളം പുകഴ്ത്തിയതോടെ കഥയിൽ മാറ്റം വരുത്തണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. അസി. കമ്മീഷണറെ എസ്പിയാക്കി സിനിമയിലെ മുഖ്യകഥാപാത്രമാക്കണം എന്നായിരുന്നു ഡിമാന്റ്. രൂപേഷും തിരക്കഥാകൃത്തായ ഭാര്യ ഇന്ദുമേനോനും ആദ്യം വിസമ്മതിച്ചെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴി കഥയിൽ മാറ്റം വരുത്തി. അങ്ങനെ അംജിത് നടനുമായി
അംജിതിന്റെ കൂട്ടാളികളായ ഗുണ്ടകളെ തന്നെയാണ് സിനിമയിലും ഗുണ്ടാവേഷം ചെയ്യിപ്പിച്ചത്. ബഹ്റിനിൽ പോയാണ് ഗാനം ചിത്രീകരിച്ചത്. അവിടെ താമസവും ഭക്ഷണവും നൽകിയ കൊല്ലം സ്വദേശിയെ പണം നൽകാതെ കബളിപ്പിച്ചു. കഥയിൽ പല രീതിയിൽ മാറ്റം വരുത്തിയപ്പോൾ ചിത്രീകരിച്ച സിനിമയുടെ ദൈർഘ്യം നാല് മണിക്കൂറായി. പിന്നെയും മാറ്റം വരുത്തണമെന്ന ആവശ്യവുമുന്നയിച്ചപ്പോൾ സംവിധായകനുമായി തെറ്റി. ഒടുവിൽ രൂപേഷ് പോൾ ഈ സിനിമയുമായുള്ള ബന്ധം വിട്ടു. അങ്ങനെ കത്തിരിവെയിലിന്റെ കഥയും തിരക്കഥയും നിർമ്മാണവും സംവിധാനവും സംഗീതവുമെല്ലാം അംജിത് സ്വന്തം പേരിലാക്കി. ഭയം കാരണം ആരും ഒന്നും ചോദ്യം ചെയ്തില്ല. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സിനിമ പുറംലോകം കണ്ടില്ല.
സിനിമ പെട്ടിയിലായതിനും സാമ്പത്തിക നഷ്ടത്തിനും കാരണം രൂപേഷാണെന്ന് ആരോപിച്ച് തട്ടിക്കൊണ്ടുപോയി. വീട്ടുതടങ്കലിലാക്കിയ ശേഷം നഗ്നസ്ത്രീക്കൊപ്പം നിർത്തി ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രൂപേഷ് പോളിൽ നിന്നും 35 ലക്ഷം വാങ്ങി. ബാങ്ക് ഡെപ്പോസിറ്റായി കിടന്ന 15 ലക്ഷവും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയുമാണ് പോൾ പണം നൽകിയത്. ഇതോടെ അംജിത് മലയാള സിനിമയിൽ ക്രുപ്രസിദ്ധനായി. തുടർന്നും ഗുണ്ടാപണി തുടർന്നു. സിനിമയിൽ പലരേയും ഭീഷണിപ്പെടുത്തി കോടികളുണ്ടാക്കി. അഭിനയ മോഹവുമായി നടക്കുന്നവരെ ചാക്കിലാക്കി ലക്ഷങ്ങൾ തട്ടിച്ചു. പണയത്തിനെടുക്കുന്ന സ്ഥലം മറിച്ചുവിറ്റും കബളിപ്പിക്കുന്നത് അംജിതിന്റെ ഹോബിയാണ്. പല പ്രമുഖരും ഇയാളുടെ തട്ടിപ്പിനിരയായി.
ചില ക്രിമിനൽ കേസുകളിൽപ്പെട്ടതിനെ തുടർന്ന് എടത്തല കോമ്പാറയിലേക്ക് താമസം മാറ്റിയ കാലത്ത് പെൺകുട്ടിയോട് പ്രണയവും തോന്നി. സമീപത്തെ ഒരു ബിരുദ വിദ്യാർത്ഥിനിയോട് വൺവേ പ്രേമം. ഇതിനിടയിൽ മറ്റൊരാളുമായി യുവതിയുടെ വിവാഹമുറപ്പിച്ചിരുന്നു. കോളേജിലേക്ക് പോയ യുവതിയെ ഒരു ദിവസം തന്നോടൊപ്പം കറങ്ങാൻ വരണമെന്ന് അഭ്യർത്ഥിച്ച് അംജിത് കാറിൽ കയറ്റി. ഈ വിവരം അയാൾ തന്നെ സുഹൃത്തുക്കൾ മുഖേന യുവതിയുമായി വിവാഹമുറപ്പിച്ചിട്ടുള്ള യുവാവിനെയും യുവതിയുടെ ബന്ധുക്കളെയും അറിയിച്ചു. അതോടെ വിവാഹം മുടങ്ങിയ യുവതിയെ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ കഥകൾ പലതാണ് സിനിമാ ലോകത്ത് അംജിതിനെ പറ്റി.
സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും താത്പര്യമുണ്ടായിരുന്നു ഈ ഹൈടെക് ഗുണ്ടയ്ക്ക്. കൊച്ചിയിലെ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇതുകൂടാതെ എൽ.ജെ.പിയിലും സജീവമായിരുന്നു. രാംവിലാസ് പാസ്വാന്റെ ലോക ജനശക്തി പാർട്ടി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ അംജിതും ഉണ്ടായിരുന്നു. നേതാവിനെ ഷാളണിയിച്ച് സ്വീകരിച്ചത് ഇയാളാണ്. എന്നാൽ അംജിതിന് പാർട്ടിയിൽ ഇപ്പോൾ ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.
വിവരങ്ങൾക്ക് കടപ്പാട്-കെ സി സ്മിജൻ, കേരള കൗമുദി