ആലപ്പുഴ : പന്ത്രണ്ടാം വയസിൽ വീടിനു മുന്നിലെ കിളിഞ്ഞിൽ മരത്തിൽനിന്നും വീണു കൈയൊടിഞ്ഞു. ഒടിഞ്ഞ കൈ നേരേയാക്കൻ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. ആശുപത്രി ജീവനക്കാർ കാര്യമായ പരിശോധന നടത്താതെ കൈ പ്ലാസ്റ്ററിട്ടു പറഞ്ഞയച്ചു. ദിവസങ്ങൾക്കുശേഷം ഒടിഞ്ഞുതൂങ്ങിയ കൈ പഴുത്ത് വികൃതമായി. ഏറെനാളത്തെ ചികിൽസയ്ക്കുശേഷം കൈയുടെ ബലം പൂർണമായും നഷ്ടമായി. ചികിൽസാപ്പിഴവ് മൂലം ബാബുരാജ് ഭിന്നശേഷിക്കാരനായി ജീവിക്കേണ്ടിവന്നതിങ്ങനെയാണ്. പക്ഷേ തന്റെ ദുരന്തം ബാബുരാജ് അനുഗ്രഹമാക്കി മാറ്റിയെടുക്കുകയായിരുന്നു.

ആലപ്പുഴ കൈനകരി സ്വദേശി തൈയ്യിൽവീട്ടിൽ ബാബുരാജ് (50) ഇപ്പോൾ നീന്തുകയാണ് ജീവൻ രക്ഷിക്കാൻ. വെള്ളത്തിൽ വീണ്് ജീവൻ പൊലിയുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഈ ഭിന്നശേഷിക്കാരൻ ജീവൻ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഇതിനായി 'നീന്തൽ പഠിക്കൂ ജീവൻ രക്ഷിക്കൂ' എന്ന ബാനറിൽ ബാബുരാജ് വരുന്ന 18 ന് കുമരകം കായലിൽനിന്നും പത്തു കിലോമീറ്റർ നീന്തി മുഹമ്മയിലെത്തിച്ചേരും. തന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ബാബുരാജ് സ്വീകരിച്ച പദ്ധതിക്ക് നാട്ടുകാരിൽനിന്നും വൻപിന്തുണയാണ് ലഭിച്ചുവരുന്നത്.

അമിതമായ ഭയവും കേട്ടുപഠിച്ച കഥകളിലെ ഭീകരതയുമാണ് വെള്ളത്തിൽ വീഴുന്നവരുടെ സ്ഥിതി കൂടുതൽ വഷളാക്കുന്നതെന്നു ബാബുരാജ് പറയുന്നു. നിന്തൽ വശമില്ലാത്ത ആർക്കും പത്തുമിനിട്ടോളം വെള്ളത്തിൽ പിടിച്ചുനിൽക്കാൻ കഴിയുമെന്നാണ് ബാബുരാജ് പറയുന്നത്. മൃഗങ്ങൾപോലും വെള്ളത്തിൽ അകപ്പെട്ടാൽ നീന്തിക്കയറുക സ്വാഭാവികം. ഇത് മനുഷ്യനും സാദ്ധ്യമാകും. ഇപ്പോൾ പരിശീലനത്തിന്റെ ഭാഗമായി അഞ്ചുമണിക്കൂറോളം ദിവസവും നീന്തുകയാണ്.

അതേസമയം ഭാരിച്ച ഒരു ദൗത്യം കൂടി ബാബുരാജ് ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തിനുവേണ്ടി ഒരു മെഡൽ നേടുകയെന്ന ദൗത്യം. സെപ്റ്റംബറിൽ റഷ്യയിൽ നടക്കുന്ന ഐവാസ് അന്തർദേശീയ നീന്തൽ മൽസരത്തിൽ ബാബുരാജ് നൂറു മീറ്റർ, ഇരുനൂറു മീറ്റർ മൽസരങ്ങളിൽ ഇന്ത്യക്കുവേണ്ടി കുളത്തിലിറങ്ങും. നേരത്തെ പൂർണശേഷിയുള്ളവരുമായി മൽസരിച്ച് ദേശീയ നിലവാരം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് റഷ്യയിലേക്കുള്ള ക്ഷണം ലഭിച്ചത്. സംസ്ഥാന ദേശീയ നീന്തൽ മൽസരങ്ങളിൽ മെഡൽ നേടിയിട്ടുള്ള ബാബുരാജ് 1982- ൽ പഞ്ചാബിലെ പാട്യാലയിൽ നടന്ന പൂർണശേഷിയുള്ളവരുടെ മൽസരത്തിൽനിന്നും മെഡൽ നേടിയിട്ടുണ്ട്. ടീം ഇനമായ റിലേയിലും ജേതാവായിട്ടുണ്ട്.

ബാബുരാജിന്റെ സാഹസിക പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് റഷ്യയിൽ മൽസരത്തിൽ പങ്കെടുക്കുന്നതിനു ചെലവാകുന്ന മുഴുവൻ തുകയും നൽകാമെന്നേറ്റിരിക്കുകയാണ് നാട്ടുകാർ. നാലുലക്ഷത്തോളം രൂപ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. മൽസരത്തിനുശേഷം തിരിച്ചെത്തിയാൽ നീന്തൽ പഠിപ്പിക്കാനായി അക്കാദമി രൂപപ്പെടുത്തകയാണ് ആദ്യപദ്ധതിയെന്ന് ബാബുരാജ് മറുനാടനോട് പറഞ്ഞു. ഇന്ത്യൻ നേവിയിൽ സേവനം ചെയ്യുന്ന ദേശീയ തുഴച്ചിൽ താരം ശിവശങ്കർ ബാബുരാജിന്റെ മകനാണ്.

കഴിഞ്ഞ ദേശീയ ഗെയിംസിൽ ശിവശങ്കർ കനോയിങ് വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവായിരുന്നു. മകൾ ഉമാശങ്കർ നീന്തൽ താരമാകാനുള്ള ശ്രമത്തിലാണ്. ഭാര്യ ഷീബ. ബാബുരാജ് എൽഐസി ജീവനക്കാരനാണ്.