കണ്ണൂർ: ദളിത് വിഷയങ്ങൾ ചർച്ച ചെയ്യുകയും അതിന് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്ന കാലഘട്ടമാണ് ഇപ്പോൾ. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ഇത്തരത്തിൽ നിരവധി ദളിത് പീഡന സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. കേരളത്തിൽ ഇത്തരത്തിൽ ചർച്ച ചെയ്ത വിഷയമാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ എടാട്ട് താമസിക്കുന്ന ചിത്രലേഖ എന്ന ദളിത് വനിതയ്ക്ക് എതിരായ അതിക്രമം. ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പുലർത്താൻ ആഗ്രഹിച്ച ചിത്രലേഖയെ ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകർ അതിന് അനുവദിക്കാതിരിക്കുകയും ജാതീയമായി അധിക്ഷേപം ചൊരിയുകയും ചെയ്ത് അവരെ അധിക്ഷേപിക്കുകയും ചെയ്തു.

പതിനൊന്ന് വർഷം മുമ്പ് നടന്ന ഈ സംഭവത്തെ കുറിച്ച് വാർത്ത പുറത്തുവന്നപ്പോൾ മാദ്ധ്യമങ്ങൾ ഇവരെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഏറ്റവും ഒടുവിൽ രണ്ട് ദിവസം മുമ്പ് ചിത്രലേഖയുടെ ഓട്ടോറിക്ഷ ആക്രമിച്ചു എന്നും അതിന് പിന്നിൽ സിപിഎമ്മാണെന്നും ആരോപിച്ച് ഇവർ രംഗത്തെത്തിയതോടെ വിഷയം വീണ്ടും ചർച്ചയായി. ചിത്രലേഖയുടെ നിലപാടിനെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് ചിലർ ചോദ്യങ്ങൾ ഉന്നയിച്ചതും. ഇതോടെ വിവാദത്തിലെ പിന്നാമ്പുറ കഥ വീണ്ടും ചർച്ചയായുകയാണ്.

2005 ലായിരുന്നു ചിത്രലേഖയുടെ കഥ തുടരുന്നത്. ഒരു ഓട്ടോ വാങ്ങിയതോടെയാണ് ചിത്രലേഖയുടെ ജീവിതം മാറിമറിഞ്ഞത്. എടാട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഓട്ടോ ഓടിച്ചത്തെിയ ദളിത് യുവതിയെ 'പുലച്ചിയും ഓട്ടോ ഓടിക്കുകയോ' എന്ന പരിഹാസവുമായി സിഐടിയു അംഗങ്ങളായ ഓട്ടോ ഡ്രൈവർമാർ തടയുകയും ഇവരെ ഓട്ടോ ക്യൂവിൽ നിന്ന് അകറ്റുകയും ചെയ്തു. അതോടെ ചിത്രലേഖയ്ക്ക് ട്രിപ്പുകൾ കിട്ടാതായി. ചിത്രലേഖയ്ക്ക് ഫോൺ മുഖേനെ ട്രിപ്പുകൾ കിട്ടാൻ തുടങ്ങിയത് അവരെ പ്രകോപിപ്പിച്ചു. ഓട്ടോ തകർത്തുകൊണ്ടായിരുന്നു അവർ പ്രതികാരം തീർത്തത്. ഈ കേസിൽ തലശ്ശേരി സെഷൻസ് കോടതി ഒരാളെ ശിക്ഷിച്ചിരുന്നു. ഇതായിരുന്നു തുടക്കം. അന്ന് വിഷയം ഏഷ്യാനെറ്റിലെ കണ്ണാടിയിൽ ടി എൻ ഗോപകുമാർ വാർത്തയാക്കി ലോകത്തെ അറിയിച്ചു. തുടർന്ന് സമുനസുകളായ നിരവധി പേർ ഇവരെ സഹായിക്കാൻ എത്തി. അന്ന് പ്രവാസികൾ അടക്കമുള്ളവർ സഹായം ചൊരിഞ്ഞതോടെ ലക്ഷങ്ങൾ ലഭിക്കുകയും ചെയ്തു.

ഈ സംഭവത്തോടെ ഏറ്റവും പ്രതിരോധത്തിലായത് സിപിഐ(എം) എന്ന പാർട്ടിയായിരുന്നു. നവരാഷ്ട്രീയം മുന്നോട്ടു വെക്കുന്ന സിപിഎമ്മിനെ പോലൊരു പാർട്ടി ദളിത് വനിതയെ ആക്രമിക്കുക എന്നത് രാഷ്ട്രീയ വിഷയമായി തന്നെ മറ്റ് ചിലർ എടുത്തു. ചില മുസ്ലിം സംഘടനകൾ അടക്കം ചിത്രലേഖയ്ക്ക് സഹായവുമായി എത്തി. ചുരുക്കം ചില പാർട്ടി അനുഭാവികളുടെ പെരുമാറ്റത്തിന്റെ പേരിൽ സിപിഐ(എം) എന്ന വിപ്ലവ പ്രസ്ഥാനം മുഴുവൻ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയായി. എന്നാൽ, അവിടം കൊണ്ടും പ്രശ്‌നങ്ങൾ തീർന്നില്ല. സിപിഐ(എം) പ്രവർത്തകർ ചിത്രലേഖയുടെ വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ചതോടെ സംഘർഷമായി.

ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്‌കാന്തിന് ഒരു സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. അനുജത്തിയുടെ ഭർത്താവിന് വെട്ടേറ്റ സംഭവം പോലുമുണ്ടായ. മൂന്നുതവണ വീടുപൊളിച്ചവെന്നും ആരോപണം ഉയർന്നു. എന്നാൽ വിഷയം കേസായപ്പോൾ പരാതി നൽകിയ ചിത്രലേഖയും ഭർത്താവും കേസിൽ പ്രതികളായി. ചിത്രലേഖക്കും ഭർത്താവിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇതേതുടർന്ന് ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് ഹൈക്കോടതി ജാമ്യം നൽകി.

ഇതിന് ശേഷം ഓട്ടോറിക്ഷയുമായി ചിത്രലേഖ വീണ്ടും ടൗണിലെത്തി. ആരും ഇത്തവണ എതിർത്തില്ല, എന്നാൽ, പിന്നീടും ചിത്രലേഖയുടെ ഓട്ടോറിക്ഷ ആക്രമിക്കപ്പെട്ട സംഭവമുണ്ടായി. ഇതിനൊക്കെ എതിരെ പ്രതിഷേധ സമരവുമായി ചിത്രലേഖ രംഗത്തെത്തി. ചിത്രലേഖയെ ജീവിക്കാൻ സിപിഐ(എം) അനുവദിക്കില്ലെന്ന വിധത്തിൽ വാർത്തകൾ വന്നതോടെ വിഷയം ചിത്രലേഖ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ സമരം നടത്തി. ഇവർക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ കുടിൽ കെട്ടി സമരം നടത്തി വരികയായിരുന്നു. സിപിഐ(എം) ജാതീയമായി ഒറ്റപ്പെടുത്തുന്നു എന്ന ആക്ഷേപം ഉയർന്നു. 2015 ജനുവരിയിൽ സമരം പിൻവലിക്കുകയുണ്ടായി. മുഖ്യമന്ത്രി പുനരധിവാസം നൽകാമെന്ന് പറഞ്ഞതിനെ തുടർന്നാണ് അന്ന് സമരം നിർത്തിവച്ചത്. 2014 ഒക്ടോബർ 24ന് ആരംഭിച്ച സമരം 2015 ഫെബ്രുവരിയിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് പിൻവലിച്ചത്.

ഇങ്ങനെ പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം പലരും ചിത്രലേഖ വിഷയം മുതലെടുത്തപ്പോൾ വിഷയത്തിൽ പ്രതികരിക്കാതെ സിപിഐ(എം) മൗനം പാലിച്ചു. ഇങ്ങനെ എന്തുകൊണ്ടാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ മാത്രം ആക്രമിക്കപ്പെടുന്നത്? പല കോണുകളിൽ നിന്നും ചോദ്യമുയർന്നു. രാഷ്ട്രീയമായി തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പുള്ള ഈ സംഭവത്തിൽ സിപിഐ(എം) വീണ്ടും തെറ്റാവർത്തിക്കുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ നിരവധി സംശയങ്ങളാണ് ഉയരുന്നത്.

ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് സമരം നടത്തിയ ശേഷം എടാട്ട് തിരിച്ചെത്തി ചിത്രലേഖ സിപിഎമ്മിനെതിരെ വീണ്ടും ഒരു ആരോപണം കൂടി ഉന്നയിച്ചു. ചിത്രലേഖ സ്ഥലത്തില്ലാത്ത വേളയിൽ വീട്ടുമുറ്റത്തു സുരക്ഷിതമായി കിടന്ന ഓട്ടോറിക്ഷ അവർ എത്തിയതോടെ ആക്രമിക്കപ്പെട്ടുവെന്നാണ് പരാതി ഉയർന്നത്. ഓട്ടോറിക്ഷ കീറിയത് സിപിഎമ്മുകാരാണെന്ന് പറഞ്ഞ് പരാതി കൊടുക്കുകയും ചെയ്തു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ചുരുക്കത്തിൽ എട്ട് വർഷത്തോളമായി സിപിഐ(എം) തിരഞ്ഞു പിടിച്ച് ചിത്രലേഖയെ ആക്രമിക്കുന്നു എന്നാണ് അവർ തന്നെ പറയുന്നത്.

എന്നാൽ പയ്യന്നൂരിൽ ഇവർ താമസിക്കുന്ന പ്രദേശത്ത് അന്വേഷണം നടത്തുമ്പോൾ ചിത്രലേഖയ്ക്ക് പിന്തുണയില്ലെന്ന കാര്യം ആർക്കും ബോധ്യപ്പെടും. വ്യക്തികളുമായുള്ള ചെറിയ പ്രശ്‌നങ്ങളെ വലിയ പ്രശ്‌നമായി അവതരിപ്പിക്കുന്നത് ഇവർ പതിവാക്കിയെന്ന ആരോപണമാണ് നാട്ടുകാർ പറയുന്നത്. ബിജെപി, എൻഡിഎഫ്, കോൺഗ്രസ് അനുഭാവികളുമെല്ലാം ഈ നാട്ടിൻപ്രദേശത്ത് താമസിക്കുന്നുണ്ട്. ദളിതരായ നിരവധി പേർ ഓട്ടോറിക്ഷ ഓടിച്ച് കടുംബം പുലർത്തുകയും ചെയ്യുന്നു. ഇവരെയൊന്നും ആരും ആക്രമിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നുമില്ല. ഇക്കാര്യം കൂടി പരിശോധിക്കുമ്പോഴാണ് ചിത്രലേഖ വിഷയം പുകമറയാണോ എന്ന ആക്ഷേപം ശക്തമായി ഉയരുന്നത്.

സിപിഐ(എം) ഉപദ്രവിക്കുന്നു എന്ന പറയുന്ന ചിത്രലേഖയ്ക്ക് ഒരു സിപിഐ(എം) നേതാവിനെതിരെയും വിരൽ ചൂണ്ടാൻ സാധിച്ചിരുന്നുമില്ല. ഏറ്റവും ഒടുവിൽ ഓട്ടോ റിക്ഷ ആക്രമിച്ചു എന്ന പരാതി ഉന്നയിച്ചപ്പോൾ സിപിഐ(എം) തന്നെ കർശന നടപടി കുറ്റക്കാർക്കെതിരെ എടുക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ ചില പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിലും പിന്നിടുണ്ടായ സംഭവങ്ങളെ ചിത്രലേഖ മനപ്പൂർവ്വം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. സിപിഎമ്മിന് എതിരാണ് എന്നതിനാൽ മാദ്ധ്യമശ്രദ്ധ നേടാൻ സാധിക്കുന്നുണ്ട്. സിപിഐ(എം) വിരോധികളായ ചില മുസ്ലിം സംഘടനകളും ഈ വിഷയത്തിൽ ചിത്രലേഖയെ പിന്തുണച്ച് രംഗത്തുണ്ട്.

ഏറ്റവും ഒടുവിൽ സെക്രട്ടറിയേറ്റ് സമരത്തിന്റെ ഫലമായി വീട് വെക്കാനായി അഞ്ച് ലക്ഷം രൂപ നേടിയെടുക്കാനും ചിത്രലേഖയ്ക്ക് സാധിച്ചിരുന്നു. ഇവർക്കെതിരായ കേസുകൾ പിൻവലിക്കാനും ഏകദേശ ധാരണ ആയിട്ടുണ്ട്. ഇതിന് ശേഷമാണ് വീണ്ടും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി ഓട്ടോറിക്ഷ ആക്രമിക്കപ്പെട്ടെന്ന ആരോപണവും ഉയർന്നത്. അഭിജിത്ത് എന്ന സിപിഐ(എം) ഗുണ്ടയാണ് ഇതിന് പിന്നിലെന്നാണ് ചിത്രലേഖ പരാതിപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയാകുകയും ചെയ്തു. എന്നാൽ, ആരാണ് ചിത്രലേഖ ഉന്നയിച്ച സിപിഐ(എം) ഗുണ്ട എന്ന ്പരിശോധിക്കുമ്പോൾ ചിത്രലേഖ തന്നെയാണ് പ്രതിക്കൂട്ടിലാകുന്നത്.

ആരോപിതനായ സിപിഐ(എം) ഗുണ്ട വെറും 16 വയസുകാരനായ അവരുടെ അയൽവാസിയായ വിദ്യാർത്ഥിയാണ്. സിപിഎമ്മിലെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ പോലും പ്രവർത്തകനല്ലെനന് നാട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നു. കഴിഞ്ഞ ആറു മാസത്തോളം ഇവിടെ ചിത്രലേഖ താമസമില്ലായിരുന്നു. ചിത്രലേഖ നാട്ടിലെത്തി മൂന്നാം ദിവസമാണ് നേരത്തേ തീരുമാനിച്ച പോലെ സംഭവം നടക്കുന്നത്....അതിലാണ് അയൽ വാസിക്കെതിരെ പരാതി നൽകിയിരിക്കുന്നതും സിപിഐ(എം) ഗുണ്ട ഓട്ടോ ആക്രമിച്ചു എന്ന പ്രചരണം നടത്തുന്നതുമെന്നാണ് പ്രദേശത്തെ സിപിഐ(എം) പ്രവർത്തകർ പറയുന്നത്.

അഭിജിത്തിന്റെ അമ്മയായ ചാമുണ്ഡി ലീലക്കെതിരെ ഇതേ ചിത്രലേഖ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊടുത്ത കേസ് 45000 രൂപ വാങ്ങിയാണ് പുറമേ നിന്നും സെറ്റിൽ ചെയ്തതിട്ടുണ്ട. സമാനമായ അനുഭവങ്ങൾ അയൽ വാസികൾക്ക് വേറെയും ഉണ്ട്. അയൽ വാസികളും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ രവി രാധാ ദമ്പതികളുടെ പേരിലും ഇത്തരം കേസ് കൊടുത്ത വിഷയം നിലനിൽക്കുന്നുണ്ട്. രതീഷ് സരിത ദമ്പതികളുടെ പേരിലും കേസ് കൊടുത്തിരുന്നു. പലരുടെ പേരിലും പരാതി നൽകി,നിയമപരമായി ലഭിക്കുന്ന ദളിത് ആനുകൂല്യങ്ങൾ മുതലെടുത്ത് ഭീഷണിപ്പെടുത്തി കാശ് തട്ടുന്ന വിധത്തിലാണ് ചിത്രലേഖയുടെ പെരുമാറ്റമെന്നാണ് പൊതുവേ നാട്ടുകാർക്കുള്ള ആക്ഷേപം.

അഭിജിത്തിന്റെ പേരിൽ കേസ് കൊടുത്തതിന് പിറകിലെ ഒരു കാരണം സാമ്പത്തിക താത്പര്യമാണെന്നും ആരോപണമുണ്ട്. മറ്റൊന്ന് സിപിഐ(എം) ആക്രമണം ഇപ്പഴും നിലനിൽക്കുന്നുണ്ട് എന്ന ചർച്ച ഇനിയും തുടരേണമെന്ന അവരുടെ ആവശ്യമാണ്. ഇങ്ങനെ വിഷയം സജീവമായി നികർത്തിയാൽ മാത്രമേ സർക്കാർ സ്‌പെഷ്യൽ ഓർഡർ ഇറക്കി നൽകിയ അഞ്ച് സെന്റ് ഭൂമി ലഭിക്കുകയുള്ളൂവെന്നും നാട്ടുകാർ പറയുന്നു. ചിത്രലേഖക്ക് നിലവിൽ കുഞ്ഞിമംഗലത്ത് സ്വന്തമായി ഭൂമിയുണ്ട് എന്നത് സർക്കാർ ഭൂമി വീണ്ടും നൽകുന്നതിനുള്ള നിയമപ്രശ്‌നമായി ഇപ്പോഴും നില നിൽക്കുന്നുണ്ട്.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ഈ വിഷയത്തിൽ അത്ര അനുകൂലമല്ലാത്ത മറുപടിയാണ് ലഭിച്ചത്. അതുകൊണ്ട് സിപിഐ(എം) ആക്രമണം തുടരുന്നു എന്ന വാർത്ത ഹൈലൈറ്റ് ചെയ്യുക വഴി സ്‌പെഷ്യൽ ഓർഡറിനെ ന്യായീകരിക്കാാനാണ് ശ്രമമെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇന്ന് പത്തോളം വനിതാ ഓട്ടോ ഡ്രൈവർമാർ പയ്യന്നൂർ ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്. ഇവർക്കെതിരെ ആരും പ്രതിഷേധിച്ചതായും അറിവില്ല. ഇവിടെയെത്തി ഓട്ടോ ഓടിക്കാൻ ചിത്രലേഖയെ ആരും തടയുകയുമില്ല. എന്നാൽ അതിനൊന്നും നിൽക്കാതെയാണ് സിപിഎമ്മിന് പ്രതിക്കൂട്ടിലാക്കി ചിത്രലേഖ രംഗത്തെത്തുന്നതാണ് ആരോപണം.

സിപിഐ(എം) എന്ത് തരം ജാതി വെറിയാണ് കാട്ടിയതെന്ന് പറയാൻ ചിത്രലേഖയ്ക്കും സാധിച്ചിട്ടില്ലെന്ന വാദവും ശക്തമാണ്. പക്ഷെ സിഐടിയു പ്രവർത്തകരായ ഓട്ടോ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില എതിർപ്പുകളും ഭീഷണിയുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. പൊലീസ് റിപ്പോർട്ടിൽ അത് ഉണ്ടാതാനും. എന്നാൽ പൊലീസ് സ്‌റ്റേഷനിൽ തീരേണ്ട പ്രശ്‌നം എസ്ഡിപിഐയും പിഡിപിയും പോലുള്ള സംഘടനകൾ സിപിഎമ്മിനെതിരായ വടിയായി ഉപയോഗിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.