കോഴിക്കോട്: കോഴിക്കോടു നിന്നും രണ്ടാഴ്ച മുമ്പ് കാണാതായ പെൺകുട്ടി തിരുപ്പൂരിൽ ട്രെയിനിൽനിന്നു വീണുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കോഴിക്കോട് ജില്ലാ ജയിലിന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹനിഷ ഷെറിന്റെ(19) മരണമാണ് ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ തീരുമാനമാവാതെ നീളുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഹൻഷയുടെ കാമുകൻ കോഴിക്കോട് കുറ്റിക്കാട്ടൂർ മാക്കിനാട്ട് ഹൗസിൽ അഭിരാം സജേന്ദ്രനെ(21) വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഹൻഷ ഷെറിന്റെ പിതാവിൽ നിന്ന് മൊഴിയെടുക്കാനും തിരുപ്പൂർ നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഇന്നലെ കോഴിക്കോട്ടെത്തി. കസബ പൊലീസിന്റെ കസ്റ്റഡിയിലുള്ള അഭിരാമിനെ തിരുപ്പൂർ നോർത്ത് പൊലീസ് കസ്റ്റഡിയിൽ ഏറ്റുവാങ്ങി.

ബൈക്കിൽനിന്ന് വീണാണ് തലയ്ക്ക് പരുക്കേറ്റതെന്നാണ് അഭിരാം ഹനിഷയെ ചികിത്സയിൽ പ്രവേശിപ്പിച്ച കോയമ്പത്തൂർ മെഡിക്കൽ കോളജ് അധികൃതരോട് പറഞ്ഞിരുന്നത്. ട്രെയിനിൽ നിന്ന് വീണ ഹനിഷയെ തോളിൽ ചുമന്നുകൊണ്ടുപോവുന്നതിനിടെ സഹായം അഭ്യർത്ഥിച്ച തിരുപ്പൂർ കോളജ് റോഡ് റെയിൽപാളത്തിന് സമീപം കല്ലംപാളയത്തെ വീട്ടുകാരോട് പെൺകുട്ടി ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നാണ് അഭിരാം അറിയിച്ചിരുന്നത്.

മുഖംകഴുകാൻ പോയ ഹനിഷ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണെന്നാണ് അഭിരാം പൊലീസിനും നൽകിയ മൊഴി. കഞ്ചാവ് ഉപയോഗിക്കുന്ന അഭിറാമിനെതിരെ പൊതുനിരത്തിൽ ശല്യം ചെയ്തതിനും മറ്റും കേസുകൾ നിലവിലുണ്ടെന്നിരിക്കെ ഇയാളുടെ മൊഴി പൂർണമായും മുഖവിലയ്ക്കെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. പെൺകുട്ടിയെ ഒഴിവാക്കാൻ വേണ്ടി യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ടതാണോയെന്ന അന്വേഷണത്തിലാണിപ്പോൾ തിരുപ്പൂർ നോർത്ത് പൊലീസും കസബ പൊലീസും.

സംഭവം നടന്നത് തിരുപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാണെങ്കിലും ട്രെയിനിൽ നിന്നുമുള്ള മരണമായതിനാൽ ആർ പി എഫിനാണ് അന്വേഷണച്ചുമതലയെന്ന നിലപാടിലാണ് തിരുപ്പൂർ പൊലീസ്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കേസ് പിന്നീട് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറുമെന്നാണ് തിരുപ്പൂർ നോർത്ത് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ഹൻഷയെ കാണാതായതിന് കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് കസബ പൊലീസ് സംഭവത്തിൽ സമാന്തരഅന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

കസബ എസ് എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘം തിരിപ്പൂരിലെത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിനുശേഷം മൊബൈൽ സ്വിച്ച്ഓഫാക്കി ഒളിവിൽ പോയ അഭിറാമിനെ ചാത്തമംഗലം പെരിങ്ങളം പെരുവഴിക്കടവ് ക്ഷേത്രപറമ്പിൽവച്ച് കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ റസാഖ്, കസബ പ്രിൻസിപ്പൽ എസ് ഐ എസ് സജീവ് എന്നിവരുടെ നേതൃത്വത്തിൽ അഭിരാമിനെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഹൻഷ ഷെറിന്റെ മൃതദേഹം ഇന്നലെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.

കോഴിക്കോട് നിന്നും രണ്ടാഴ്ച മുമ്പ് കാണാതായ ഹൻഷ ഷെറിനെ ഇക്കഴിഞ്ഞ 18 ന് പുലർച്ചെ മൂന്നുമണിയോടെയാണ് തിരുപ്പൂരിലെ റെയിൽവെ ട്രാക്കിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഹൻഷ വീടുവിട്ടിറങ്ങിയത്. പല തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മകൾ തിരിച്ചുവരാതിരുന്നതിനെത്തുടർന്ന് പിതാവ് കസബ പൊലീസിൽ ഇക്കഴിഞ്ഞ 17 ന് പരാതി നൽകിയിരുന്നു.