ന്യൂഡൽഹി: ഇന്ത്യയുടെ അതിരുകൾ ഈ വളയിട്ട കൈകളിൽ സുരക്ഷിതം സുഭദ്രം. മോദി സർക്കാരിന്റ മന്ത്രിസഭാ പുനസ്സംഘടന ചരിത്രം കുറിക്കുന്നത് ഈ തീരുമാനത്തിലാണ്. ലോകത്തിലെ വൻ ശക്തികളിലൊന്നായ ഇന്ത്യയുടെ അതിർത്തികൾ എപ്പോഴും അസ്വസ്ഥമാണ്. ഈ അസ്വാരസ്യങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യാൻ ഒരു വനിത എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. പ്രധാനമന്ത്രി പദത്തിനൊപ്പം ഇന്ദിരാഗാന്ധി ഈ വകുപ്പു കൈകാര്യം ചെയ്തിരുന്നു. സ്വതന്ത്ര ചുമതലയുള്ള ആദ്യ വനിതാ പ്രതിരോധമന്ത്രിയാണ് നിർമ്മല സീതാരാമൻ

അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്നതാണ് മോദി- അമിത്ഷാ കൂട്ടുകെട്ടിന്റ തീരുമാനങ്ങളെ പറ്റി വിലയിരുത്തുന്നത്. ഇത്തവണയും അതുതന്നെ സംഭവിച്ചു. പല പേരുകളും ഈ സ്ഥാനത്തേയ്ക്ക് പലരും പറഞ്ഞുവെച്ചെങ്കിലും നിർമ്മലയുട നിശ്ശബ്ദവ്യക്തിത്വം അതിലൊന്നും തെളിഞ്ഞിരുന്നില്ല. കടന്നു ചിന്തിച്ചവർ സുഷമാസ്വരാജ് വരെ എത്തിയിരുന്നു. സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടു പിന്നിട്ടപ്പോഴാണ് ഒരു പെൺകരുത്ത് ലോകത്തിലെ അഞ്ചാം സ്ഥാനത്തുള്ള സൈനിക ശക്തിയെ നയിക്കാൻ എത്തുന്നത്.

തമിഴ്‌നാട്ടിലെ മധുരയിലാണ് നിർമല സീതാരാമന്റെ ജനനം. റെയിൽവേയിൽ ഉദ്യോഗസ്ഥനായ നാരായൺ സീതാറാമിന്റെയും വീട്ടമ്മയായ സാവിത്രിയുടെയും മകളായി ജനനം. വളരെ കണിശ സ്വഭാവക്കാരനായിരുന്നു നിർമലയുടെ അച്ഛൻ. ചിട്ടവട്ടങ്ങൾക്കനുസരിച്ച് മകളെ വളർത്തിയപ്പോൾ സാഹിത്യകുതുകിയായ അമ്മ കുട്ടികൾക്ക് കൂട്ടായി പുസ്തകങ്ങൾ നൽകി. കുട്ടിക്കാലത്ത ഈ ശീലങ്ങളും അറിവുമാണ് ഇന്ത്യയുടെ സുപ്രധാന സ്ഥാനം വരെ നിർമ്മലയെ എത്തിച്ചത്. റയിൽവേയിലെ അച്ഛന്റ ജോലി കാരണം അടിക്കടിയുള്ള സ്ഥലംമാറ്റം നിർമ്മലയ്ക്ക് സമ്മാനിച്ചത് ഒട്ടേറെ ജീവിതാനുഭവങ്ങളാണ്. പിന്നീടുള്ള ആത്മവിശ്വാസത്തിന് അത് അടിത്തറയായി.

തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദം നേടിയ മികവ് ഡൽഹിയില ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിർമ്മലയെ എത്തിച്ചു. അവിടെ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് എംഎഫിലും ഡോക്ടറേറ്റും നേടി. വികസ്വര രാജ്യങ്ങളിൽ ആഗോള വത്കരണം വരുത്തിയ പ്രതിഫലമായിരുന്നു നിർമലയുടെ പ്രിയപ്പെട്ട വിഷയം. ഇതാണ് ഇന്ത്യയുടെ വാണിജ്യമന്ത്രി പദത്തിലേക്ക് അവരെയെത്തിച്ചതിന് പിന്നിലെ പ്രധാന കാരണം.ഇടതു ബുദ്ധിജീവികളുട പഠനക്കളരിയായ ജെഎൻയു വിലെ കാമ്പസിൽ പോലും രാഷ്ട്രീയ മോഹങ്ങൾ ഒന്നും നിർമ്മലയ്ക്ക് ഉണ്ടായിരുന്നില്ല എന്നത് ഇപ്പോൾ ഒരു വൈരുദ്ധ്യമായി കാണാം.

കുറച്ചു കാലം മാധ്യമപ്രവർത്തനം നടത്തിയ ചരിത്രവും നിർമ്മലയ്ക്കുണ്ട്. പഠനത്തിനു ശേഷം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിലും ബിബിസിയിലും ജോലി ചെയ്തുകൊണ്ടാണ് നിർമല തന്റെ കരിയർ ആരംഭിക്കുന്നത്. 1986ലാണ് ആന്ധ്രാ സ്വദേശിയായ പരകാലാ പ്രഭാകറിനെ നിർമല വിവാഹം കഴിക്കുന്നത്. തുടർന്ന് ഭർത്താവിന്റ ഗവേഷണ പഠനത്തിനായി ലണ്ടനിലേക്ക് പറിച്ചു നട്ട ജീവിതം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത് 1991ലാണ് .കോർപ്പറേറ്റ് വിദഗ്ദ്ധനായിരുന്നു ഭർത്താവിനൊപ്പം ആന്ധ്രയിലെ നർസാപുരത്താണ് സ്ഥിരതാമസമാക്കിയത്.

1991ൽ ഗർഭിണിയായിരുന്ന നിർമ്മല , ആന്ധ്രയിലെ ചൂടു സഹിക്കാനാവാതെ ചെന്നെയിലേയ്ക്കു പോകുന്നു. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് ലോക്‌സഭാ പ്രചരണം നടക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധി പെരുംപതൂരിൽ കൊല്ലപ്പെട്ടു. തുടർന്ന് ചൈന്നെയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ നിർമ്മലാ സീതാരാമൻ മൂന്നു ദിവസമാണ് ചെന്നെയിലെ ആശുപത്രിയിൽ കുട്ടിയുമായി കുടുങ്ങിയത്. തുടർന്ന് സമാധാനത്തിന്റെ വെള്ളക്കൊടി കെട്ടിയ കാറിൽ ഡോക്ടറാണ് നിർമ്മലയെ വീട്ടിലെത്തിക്കുന്നത്.

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് നിർമ്മല സജീവ രാഷ്ട്രീയവുമായി ബന്ധപ്പടുന്നത്്. ഭർത്താവ് പ്രഭാകറിന്റ കുടുംബത്തിന്റ രാഷ്ട്രീയ പാരമ്പര്യം നിർമ്മല ഏറ്റടുക്കുകയായിരുന്നു. 1970കളിൽ ആന്ധ്രയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രധാനികളായിരുന്നു ഭർത്താവിന്റെ അച്ഛനും അമ്മയും. പ്രഭാകറും കോൺഗ്രസ് അനുഭാവി ആയിരുന്നു. എന്നാൽ ചിരംജീവി പ്രജാരാജ്യം രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു. എന്നാൽ തുടർന്ന് അവിടെ നിന്നും ബിജെപിയിലും പ്രഭാകർ എത്തി. ഭാരവാഹി പട്ടികയിൽ മൂന്നിലൊന്നു ഭാഗം വനിതകൾക്കായി ബി ജെപി മാറ്റിവച്ചപ്പോൾ നിർമ്മലയും അതിൽ ചേർന്നു. അതായിരുന്നു തുടക്കം.

വിദ്യാഭ്യാസ രംഗമായിരുന്നു നിർമ്മലയുടെ ആദ്യതട്ടകം. ലണ്ടനിൽ നിന്നു മടങ്ങിയതിനു ശേഷം പാവപ്പെട്ട കുട്ടികൾക്കായി ഒരു സ്‌ക്കൂൾ സ്്ഥാപിച്ച് അതിന്റ പ്രവർത്തനങ്ങളിലായിരുന്നു നിർമ്മല മുഴുകിയിരുന്നത്. അദ്വാനിയുട രഥയാത്രയും അതേതുടർന്ന് രാജ്യമെമ്പാടും ബിജപിക്കനുകൂല തരംഗവും ഉണ്ടായ കാലം. ആന്ധ്രയിലെ രാ്ഷ്ട്രീയ മാറ്റങ്ങൾ തെലുങ്കുദേശം എൻഡിഎയിൽ ശക്തമായ കക്ഷിയായപ്പോൾ രഘുശങ്കർ പ്രസാദിന്റ നേതൃത്വത്തിൽ ബി ജെപിയും സമാന്തരമായി ആന്ധ്രയിൽ വളർന്നുവന്നു. നിർമ്മലയുടെ പ്രവർത്തനം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടപ്പോൾ ദേശീയ വനിതാ കമ്മിഷനിലേയ്ക്ക് നിർമ്മല 2003ൽ എത്തി. അങ്ങിന സുഷമാ സ്വരാജുമായി നിർമ്മല സൗഹൃദം സ്ഥാപിക്കുന്നു.

2006 ൽ ബിജെപിയിൽ ചേർന്ന നിർമല കർണാടകത്തിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. ഒഴുക്കുള്ള ഇംഗ്‌ളീഷും സൗമ്യവ്യക്തിത്വവും മൂലം ബിജെപിയുടെ വക്താക്കളിൽ ഒരാളായിട്ടായിരുന്നു നിർമ്മലയുടെ ദേശീയ അരങ്ങേറ്റം. പിന്നീട് 2010 ൽ നിഥിൻ ഗഡ്കരിയുടെ പ്രത്യേക താൽപര്യ പ്രകാരം നിർമല ബിജെപിയുടെ ഔദ്യോഗിക വക്താവായി. പാർട്ടിയുടെ സമ്മർദ്ദ ഘട്ടങ്ങളിലെല്ലാം നിർമ്മലയുടെ വാക്ക് പ്രതിരോധ കവചം തീർത്തു. നരേന്ദ്ര മോദിയെ ദേശീയ നേതാവെന്ന പ്രതിഛായയിലേക്കുയർത്താൻ നിർമല വഹിച്ച പങ്ക് ചെറുതല്ല.

'സമചിത്തതയോടെ എല്ലാകാര്യങ്ങളേയും സമീപിക്കുക എന്നതാണ് എനിക്കു കിട്ടിയ ഏറ്റവും നല്ല ഉപദേശം. ഞാൻ എപ്പോഴും അങ്ങിനെയാണ്. സമവായത്തിന്റ വഴിയാണ് തെരഞ്ഞെടുക്കുക. അതിരൂക്ഷമായ പ്രതികരണം ഒരിക്കലും എന്നിൽ നിന്നുണ്ടാവില്ല.' - ഈ വാക്കുകളിൽ നിർമ്മലാ സീതാരാമന്റ ജീവിതവുമുണ്ട്.

മാധ്യമരംഗത്ത ജോലി നല്കിയ പരിചയം മൂലം പത്രക്കുറിപ്പുകൾ സ്വന്തമായി തയ്യാറാക്കുന്ന പതിവും നിർമ്മലയ്ക്കുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന പുസ്തകപ്രേമി, കർണ്ണാടക സംഗീതത്തെുയും കൃഷ്ണ ആരാധനയും ഇഷ്്ടപ്പടുന്ന ദക്ഷിണേന്ത്യക്കാരി, സർവ്വോപരി കുടുംബ ബന്ധങ്ങൾക്ക് വലിയ വില നല്കുന്ന കുടുംബിനി. നിർമ്മല സീതാരാമൻ മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്.

 (തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)