കണ്ണൂർ: വർഗീയ പ്രചരണം നടത്തിയെന്ന പേരിൽ മുസ്ലീലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ എം ഷാജിയെ കോടതി അയോഗ്യനാക്കുമ്പോൾ അത് ചരിത്രത്തിന്റെ കാവ്യനീതിയെന്ന് വേണമെങ്കിൽ പറയാം. കാരണം എക്കാലവും ഇസ്ലാമിക വർഗീയതയെ അതിശക്തമായി എതിർത്ത വ്യക്തയായിരുന്നു കെ എം ഷാജി. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ മാത്രമല്ല ലീഗിനോട് ചേർന്ന് നിൽക്കുന്ന സമസ്തയുടെ മതമൗലിക വാദികളായ ഒരു വിഭാഗംപോലും ഷാജിയോട് കടുത്ത എതിർപ്പ് ഉള്ളവർ ആയിരുന്നു.

കിട്ടാവുന്ന വേദികളിലൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ മത രാഷ്ട്രവാദത്തെയും, പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദത്തെയും പൊളിച്ചടുക്കാൻ ഷാജി എക്കാലവും മുൻപന്തിയിൽ നിന്നിരുന്നു. ഈ സംഘടനകൾ ഒക്കെയും ഷാജിക്കെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിലും അണി നിരന്നിരുന്നു. അതുകൊണ്ടാണ് അങ്ങനെ ഒരാൾ ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരു പറഞ്ഞ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന രീതയിൽ വോട്ടുപിടിക്കുമോ എന്ന് സംശയം ഉയർന്നത്. കേസ് കോടതിയിൽ എത്തിയ ആദ്യഘട്ടത്തിൽ കെ എം ഷാജി പറഞ്ഞിരുന്നത് വിവാദ ലഘുലേഖ യുഡിഎഫ് ഇറക്കിയത് അല്ലെന്നായിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

അതേസമയം സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറിയും പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചാണക്യനുമായ പി ജയരാജൻ പറയുന്നത് ഇതെല്ലാം ഷാജിയുടെ തന്ത്രങ്ങൾ മാത്രമായിരുന്നുവെന്നാണ്. ഇസ്ലാമിക മൗലികവാദികളായ സംഘടനകളെ നിരന്തരം ആക്രമിക്കുക വഴി ഷാജിക്ക് എന്നും സംഘപരിവാറിന്റെ വോട്ട് കിട്ടുന്നുണ്ട്. ഷാജി മൽസരിക്കുമ്പോഴൊക്കെ ബിജെപിയുടെ വോട്ട് കുറയാറുണ്ട്.നരേന്ദ്ര മോദിയെയും പിജെപിയെയും ആക്രമിക്കാൻ ഷാജിക്ക് നാവുപൊന്താറില്ല.

ഇങ്ങനെ ഒരുവശത്ത് സംഘപരിവാർ വോട്ടുകൾ ചാക്കിലാക്കുമ്പോളും മറുഭാഗത്ത്, ഇത്തരം ലഘുലേഖകൾ അടിച്ച് സ്വന്തം മതക്കാരുടെ വോട്ടുകൾ പെട്ടിയിലാക്കാനും ഷാജി മടിച്ചില്ലെന്നാണ് സിപിഎം ആരോപണം.ബിജെപിയാട് ഷാജി മൃദുസമീപനം എടുക്കുന്നുവെന്ന ആരോപണത്തിന് തെളിവായി ഗുജറാത്തിലെ നരേന്ദ്ര മോദിയുടെ വ്ികസനത്തെ പൊക്കിക്കൊണ്ടുള്ള ഷാജിയുടെ പ്രസംഗമാണ് സിപിഎം ഉയർത്തിക്കാട്ടുന്നു.

ശ്രദ്ധേയനായത് തീപ്പൊരി പ്രസംഗങ്ങളിലൂടെ

വയനാട് സ്വദേശിയായ കെ എം ഷാജി യൂത്ത് ലീഗിന്റെ തീപ്പൊരി പ്രാസംഗികനായാണ് ശ്രദ്ധനേടുന്നത്. ഷാജി കെ വയനാട് പ്രസംഗിക്കുന്നു എന്ന ഒറ്റബോർഡുകൊണ്ട് കേരളത്തിൽ മലബാറിൽ ജനം കൂടുന്ന ഒരു കാലം ഉണ്ടായിരുന്നു. തുടക്കം മുതൽ വിവാദങ്ങളും ഷാജിയുടെ കൂടെയുണ്ടായിരുന്നു. പാണക്കാട് ശിഹാബ് തങ്ങൾ ആത്മീയ നേതാവല്ല പാർട്ടി നേതാവാണെന്ന് ഒരു പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞതിന്റെപേരിൽ അദ്ദേഹം പുലിവാല് പിടിച്ചിരുന്നു. അതുപോലെ തന്നെ നിലവിളക്ക് വിവാദത്തിൽ അത് ആവശ്യമുള്ളവർക്ക് കത്തിക്കാമെന്ന ഷാജിയുടെ പുരാഗമ നിലപാട് പാർട്ടിയിലും ഭിന്നതയുണ്ടാക്കി.

ഇങ്ങനെയാക്കെയാണെങ്കിലും ആൾക്കൂട്ടത്തെ കൂട്ടാൻ കഴിയുന്ന തീപ്പൊരി പ്രസംഗങ്ങൾ തന്നെയായിരുന്നു എക്കാലവും ഷാജിയുടെ കരുത്ത്. വയനാട് വിട്ട് കണ്ണൂരിലെ അഴീക്കോട്ടേക്ക് അദ്ദേഹത്തെ എത്തിച്ചതും ഈ ജനസ്സമിതി തന്നെ. ഒരു എംഎൽഎ എന്ന നിലയിലും നിയമസസഭാ സാമാജികൻ എന്ന നിലയിലും മി്കച്ച പ്രകടനാമണ് ഷാജി കാഴ്ചവെച്ചതും.

ഷാജി മാതൃഭൂമി ദിനപത്രത്തിൽ ഐ.എസ് വിഷയത്തിൽ എഴുതിയ ലേഖനവും വലിയ വിവാദമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും നിർത്തിപൊരിക്കുന്ന ലേഖനത്തിനെതിരെ അവസാനം സമസ്തയും രംഗത്ത് എത്തിയിരുന്നു. ഇ.കെ വിഭാഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം ദിനപത്രം സിഇഒയുമായ മുസ്തഫ മുണ്ടുപാറ അടക്കമുള്ളവർ ലേഖനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു.

സലഫിസത്തെ വെള്ളപൂശാൻ ഷാജി ഒട്ടകപ്പക്ഷി നയം സ്വീകരിക്കുന്നതായും ലേഖകന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും മുസ്തഫ ആരോപിക്കുന്നു. 'ഷാജി വിധേയനാകുമ്പോൾ' എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുന്നത് സലഫിസത്തെ വെള്ളപൂശാനാണെന്നും ലേഖകൻ സലഫിസത്തിന് വിധേയപ്പെട്ടുപോയോ എന്ന് ആരും ശങ്കിച്ചു പോകുമെന്നും പോസ്റ്റിൽ പറയുന്നു. നിലവിലെ ഐ.എസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രാദേശിക, ദേശീയ, അന്തർ ദേശീയ തലങ്ങളിൽ മൗദൂദിസത്തിന്റെ സാന്നിധ്യം പ്രകടമായി ദൃശ്യമല്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

അതുപോലെ ഇടക്കാലത്ത് രണ്ടു പാൻകാർഡ് കൈയിൽ വെച്ചെന്ന വിവാദവും ഷാജിയുടെപേരിൽ ഉണ്ടായിരുന്നെങ്കിലും വൈകാതെ അത് കെട്ടടങ്ങി.മന്ത്രി കെടി ജലീലിന്റെ എക്കാലത്തെയും വലിയ വിമർശകനായിരുന്നു ഷാജി പലപ്പോഴും ജലീലുമായി സഭയിലടക്കം നേരിട്ട് ഏറ്റുമുട്ടിയിട്ടുമുണ്ട്. ഇപ്പോൾ ബന്ധു നിയമ വിവാദത്തിൽ കെടി ജലീലിനെതിരെ ശക്തമായ നിലപാടി എടുത്തുവരുമ്പോഴാണ്, ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതിവിധി വരുന്നത്.

'ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവർ ഭാര്യയെ കൂട്ടിക്കൊടുക്കുവർ'

അതുപോലെ ഫാറൂഖ് കോളജ് വിഷയത്തിൽ ഷാജി എടുത്ത നിലപാടും വൻ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.ഫാറൂഖ് കോളേജിലെ ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവർ ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരാണെന്ന് പറഞ്ഞത് വൻ വിവാദമായ. അള്ളാഹുവിന്റെ സഹായത്താൽ അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയവൻ സമൂഹത്തിന് മുന്നിൽ നാറുന്നത് കാണാനായെന്നും കെഎം ഷാജി ദുബായിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പറഞ്ഞു.

'സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരായിട്ടുള്ള കുറെ ആളുകൾ വന്നിട്ടാണ് ഫാറൂഖ് കോളേജിൽ ആണും പെണ്ണും ഇടകലർന്നിരിക്കണമെന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ വലിയ ആക്ടിവിസ്റ്റുകളാണ്. സ്ത്രീകൾ ഇടകലർന്നിരിക്കണം, ലിംഗസമത്വം എന്നൊക്കെ പറയാൻ. അങ്ങനെ ലിംഗസമത്വം ആവശ്യമെങ്കിൽ അത് കോളേജിൽ മാത്രമല്ല, ബാത്ത്‌റൂമുകളിൽ വേണമെന്നും കെഎം ഷാജി പരിഹസിക്കുന്നു. കേരളത്തിലെ ഒരു രക്ഷിതാവും അംഗീകരിക്കാത്ത ഒരു പ്രശ്‌നം ഫാറൂഖ് കോളേജിന് മേൽ ആക്ഷേപിക്കുന്നതും അതിന്റെ മറവിൽ ഇവരൊക്കെ പിന്തിരിപ്പന്മാരാണ് എന്ന് പ്രചരിപ്പിക്കുന്നതും. പക്ഷെ അള്ളാഹുവിന്റെ സഹായമുണ്ടായി. ഈ പ്രചരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവൻ ദിവസങ്ങൾക്കുള്ളിൽ സമൂഹത്തിന് മുമ്പിൽ നാറിപ്പോകുന്നതും കാണാൻ കഴിഞ്ഞു.' ഷാജി പറയുന്നു.

'ഫാറൂഖ് കോളേജ് വിവാദം കത്തി നിൽക്കുമ്പോഴാണ് മദ്രസ വിവാദം കൊണ്ടുവരുന്നത്. അതും മാധ്യമത്തിലെ ഒരു എഴുത്തുകാരി. മദ്രസയ്ക്കകത്താണത്രേ സർവ പ്രശ്‌നങ്ങളും നടക്കുന്നത്. എവിടെയാണ് പ്രശ്‌നങ്ങളില്ലാത്തത്. അമ്പലങ്ങളിലെ പൂജാരിമാർ പിടിക്കപ്പെടുന്നില്ലേ? ചർച്ചുകളിലെ വൈദികന്മാർ പിടിക്കപ്പെടുന്നില്ലേ? മദ്രസകളിലെ ഉസ്താദുമാരും പിടിക്കപ്പെടാറുണ്ട്. അതുകൊണ്ട് പള്ളികളും അമ്പലങ്ങളും മദ്രസകളും പൂട്ടണമെന്നാണോ.'- കെ.എം ഷാജി ചോദിക്കുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ ഷാജി വല്ലാതെ മതേതര സർക്കിളിൽ പ്രതിരാധത്തിലായിരുന്നു. ഈ പ്രസംഗത്തിന്റെ സമാനമായ ഉള്ളടക്കമാണ് തെരഞ്ഞെടുപ്പ് കേസിന് ആധാരമായ വീഡിയോയിലും വന്നതെന്നാണ് സിപിഎം ആരോപണം.