കണ്ണൂർ: അനാചാരങ്ങൾക്കെതിരെ ശ്രീനാരായണ ഗുരുവിന്റെ പോരാട്ടങ്ങൾക്ക് ഏറെ ഫലം കണ്ട പ്രദേശങ്ങളാണ് കണ്ണൂരും തലശ്ശേരിയും. ഗുരുപ്രതിഷ്ഠാ കർമ്മം നടത്തിയ കണ്ണൂരിലെ സുന്ദരേശ്വര ക്ഷേത്രവും തലശ്ശേരി ജഗന്നാഥ ക്ഷേത്രവും അക്കാലത്തുള്ള അനാചാരങ്ങളെ മാറ്റി നിർത്താൻ ഉപകരിക്കുകയും ചെയ്തു. ജഗന്നാഥ ക്ഷേത്രം പൂർത്തീകരിച്ച് ആദ്യ ഉത്സവം നടക്കുന്നവേളയിൽ ശ്രീനാരായണഗുരു അവിടെ സന്ദർശിക്കാനെത്തി. ക്ഷേത്രവഴിയിൽ ആയിരങ്ങൾക്കൊപ്പം ഉറഞ്ഞു തുള്ളിയെത്തിയ മാടൻ ഗുരുവിനടുത്തെത്തി. മാടനെക്കണ്ട ഗുരുവിനു ചിരിയടക്കാൻ കഴിഞ്ഞില്ല. ഗുരുവിന്റെ പരിഹാസത്തിൽ ക്ഷോഭിച്ച മാടൻ പരീക്ഷ വല്ലതും വേണോ എന്ന ചോദ്യമുയർത്തി.

താങ്കളുടെ പല്ലില്ലാത്ത വായിൽ പല്ല് മുളച്ചുകണ്ടാൽ കൊള്ളാമെന്നായിരുന്നു ഗുരുവിന്റെ മറുപടി. മാടന്റെ വീര്യമെല്ലാം തണുത്തു. ഇരു കൈയിലും തെങ്ങിൻ പൂക്കുലയേന്തിയായിരുന്നു മാടന്റെ തുള്ളൽ. പ്രമാണിമാരേയും നാട്ടുകാരേയും സാക്ഷി നിർത്തി, തേങ്ങയായി മാറേണ്ട ഈ പൂക്കുല അനാചാരത്തിന്റെ പേരിൽ വെട്ടിക്കളയരുതെന്ന് ഗുരു ഉപദേശിച്ചു. അതോടെ പിന്നീടിങ്ങോട്ട് ഈ ദേശത്ത് മാടൻ തുള്ളലോ പൂക്കുല നശിപ്പിക്കലോ ഉണ്ടായിട്ടില്ല. ഈ അനാചാരവും.

അനാചാരങ്ങൾ മെല്ലെയാണെങ്കിലും തലശ്ശേരിയിലും കടന്നു വരികയാണോ എന്ന ആശങ്കയാണ് അടുത്ത കാലത്തെ സാഹചര്യം വ്യക്തമാക്കുന്നത്്. ആൾദൈവങ്ങൾ ഇവിടേയും സ്വാധീനം ഉറപ്പിക്കുന്നതിന്റെ ലക്ഷണവും കണ്ടു തുടങ്ങിയിട്ടുണ്ട്. അങ്ങനെയൊരു അമ്മ ദൈവത്തെത്തേടിയായിരുന്നു യാത്ര. മണിമലർക്കാവിലമ്മ എന്നു സ്വയം പ്രഖ്യാപിച്ച് ഇവിടെയും ഒരാൾദൈവം അവതരിച്ചിട്ടുണ്ട്. തലശ്ശേരിയിൽ ബസ്സിറങ്ങി ആദ്യം കണ്ട ഓട്ടോക്കാരനോട് സ്ഥലം ചോദിച്ചു മനസ്സിലാക്കി. അതിൽ തന്നെ യാത്രയും തുടർന്നു. അമ്മ ദൈവത്തെക്കുറിച്ച് യാത്രാമദ്ധ്യേ വിവരങ്ങൾ ആരാഞ്ഞു.

അയാൾക്ക് അതിൽ വലിയ താത്പര്യമില്ലെന്നും വർഷത്തിലൊരിക്കൽ അമ്പലത്തിൽ ഉത്സവത്തിന് പോകുന്നതു മാത്രമാണ് തന്റെ വിശ്വാസമെന്നും പറഞ്ഞു. എന്നാൽ മണിമലർ കാവിലമ്മയെക്കാണാൻ അന്യജില്ലകളിൽ നിന്നാണ് ആളുകൾ എത്തുന്നതെന്നും ഇവിടെ, സ്വന്തം നാട്ടിൽ അവർക്ക് വിശ്വാസികൾ കാര്യമായി ഇല്ലെന്നും അയാൾ പറഞ്ഞു. നാങ്ങാരത്ത് പീടിക എന്ന സ്ഥലത്തെത്തിയപ്പോൾ എളുപ്പത്തിൽ പോകാനുള്ള വഴി അയാൾ കാട്ടിത്തന്നു. അവിടെയിറങ്ങി ഒരു വയൽ കടന്ന് വേണം സന്നിധിയിലെത്താൻ. വഴിയിൽ പച്ചക്കറിക്ക് വെള്ളമൊഴിക്കുന്ന കർഷകനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അയാൾക്കും ഈ ആശ്രമത്തിനോട് താത്പര്യമേ ഉണ്ടായില്ല.

വയൽ കടന്ന് മണിമലർ കാവിലമ്മയുടെ ആശ്രമം മനസ്സിലാക്കാൻ അന്വേഷിക്കേണ്ടി വന്നില്ല. കാഷായ വസ്ത്രങ്ങൾ ഒരു അയൽ മുഴുവൻ ഉണക്കാനിട്ടതായിക്കണ്ടു. മുറ്റത്ത് കൂറ്റൻ ഒരു അരയാൽ. കൊച്ചു കൊച്ചു കെട്ടിടങ്ങൾ. ഗെയിറ്റ് തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ചപ്പോൾ ചെരിപ്പ് പുറത്തുവക്കണമെന്ന് ആവശ്യവുമായി ഒരു സ്ത്രീ. ഞാൻ അത് അനുസരിച്ചു. മുറ്റത്ത് പ്രവേശിച്ചതോടെ അമ്മയെക്കാണാൻ വന്നതാണെന്ന് പറഞ്ഞു. താ്ംബൂല പ്രശ്‌നത്തിന് ഇന്ന് സമയമില്ല എന്നുപറഞ്ഞ് വിലക്കി. ഞാൻ മാദ്ധ്യമ പ്രവർത്തകനാണെന്നും അല്പം കാര്യങ്ങൾ സംസാരിക്കാൻ സമയം അനുവദിക്കണമെന്നും അപേക്ഷിച്ചു. അവർ അകത്തു പോയതോടെ ഒരു യുവാവ് ചങ്ങലയിൽ തളച്ച ഒരു പട്ടിയുമായി പുറത്തുവന്നു. തിരിച്ചറിയൽ കാർഡ് ഉണ്ടോ എന്ന് ചോദിച്ചു. എടുത്തില്ലെന്ന് ഞാനും. അതോടെ അയാൾ അകത്തുപോയി തിരിച്ചു വന്നു. എനിക്ക് അനുമതി തന്നു.

ആശ്രമമുറ്റത്തുനിന്നും അല്പം ഉയരത്തിൽ പണിത ഗസ്റ്റ് റൂമിന് സമാനമായ ഒരിടത്തേക്കാണ് എന്നെ കൊണ്ടുപോയത്. കൂപ്പു കൈകളോടെ അവർ എന്നെ സ്വീകരിച്ചു. ആർഭാടം അതിരു കവിഞ്ഞ മുറിയിൽ ഹൈന്ദവദൈവങ്ങളുടെ ഒരു നിര ചിത്രങ്ങൾ തന്നെ പ്രദർശിപ്പിച്ചിരുന്നു. സമീപത്തായി മറ്റൊരു മുറിയും. അതിൽ മണിമലർ കാവിലമ്മയുടെ ഗുരുവായ സിദ്ധാനന്ദ സ്വാമിയുടെ പ്രതിമയുണ്ടായിരുന്നു. ആർഭാടത്തിലുള്ള ഒരു കട്ടിലും കിടക്കയും അതിൽ കാണപ്പെട്ടു. ഇവിടെ വരുന്നവർക്കെല്ലാം ഉപദേശം നല്കുക എന്നതാണ് തന്റെ കർത്തവ്യമെന്ന് അമ്മ പറഞ്ഞു. എന്നാൽ താംബൂല പ്രശ്‌നമാണ് ഇവരുടെ പ്രധാന വരുമാനം. അതിനു മേമ്പൊടിയായി പൂജയും ഹോമങ്ങളും. അതിന്റെ ചെലവ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. താംബൂല പ്രശ്‌നത്തിൽ ഭൂതവും ഭാവിയും വർത്തമാനവും അറിയാൻ ആളുകളെത്തുന്നു. വെള്ളിയാഴ്ചകളാണ് ഇവിടെ പ്രധാനം. അന്നെത്തുന്നവർക്ക് അന്നദാനവുമുണ്ട്. എന്നാൽ ഈ സ്വയം പ്രഖ്യാപിത ദൈവത്തെ അംഗീകരിക്കാൻ നാട്ടുകാരിൽ ആർക്കും താത്പര്യമില്ല. കാവിലമ്മയുടെ ഗുരു സിദ്ധാനന്ദസ്വാമികളേയും അദ്ദേഹത്തിന്റെ ജീവിതകാലത്ത് അധികമാരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സ്വാമിയുടെ സഹായിയായും അടിച്ചു തളിക്കാരിയായും എത്തിയതാണ് ദീപയെന്ന മണിമലർക്കാവിലമ്മയെന്ന് നാട്ടുകാർ പറയുന്നു.

ആശ്രമത്തിലെ കെട്ടിടങ്ങളിലൊന്ന് സിദ്ധാനന്ദ സ്വാമികളുടെ സമാധിയാണ്. മറ്റൊന്ന് ദുർഗ്ഗാദേവി കോവിൽ. പിന്നേയും രണ്ടുകെട്ടിടങ്ങളിലായി സ്ഥാനങ്ങളുണ്ട്. ക്ഷേത്രങ്ങൾ പോലെതന്നെ വിവിധ പൂജകളും ഹോമങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ജനങ്ങളുടെ ആകാംക്ഷ തന്ത്രപരമായി മുതലെടുത്ത് പണം പറ്റുകയാണ് ഇവിടേയും നടക്കുന്നത്. ദക്ഷിണയെന്ന പേരിൽ താംബൂല പ്രശ്‌നം നടത്തിയും പണം കൊയ്യുന്നുണ്ട്. ആശ്രമത്തിലെ പ്രധാന ചുമതലകളൊക്കെ കുടുംബാംഗങ്ങൾക്ക് നൽകിയിരിക്കയാണ് ഈ അമ്മ. സ്വന്തം മാതാവിനെ പ്രധാന സഹായിയാക്കി, മാതൃ സഹോദരീ പുത്രൻ കാര്യസ്ഥനും. ആശ്രമ വരാന്തയിൽ തെക്കു പടിഞ്ഞാറ് ഭാഗത്തായി നാലു പട്ടികളെ ചങ്ങലക്കിട്ടിട്ടുണ്ട്. മണിമലർക്കാവിലമ്മയുടെ സുരക്ഷ ദൈവത്തിന്റെ കൈകളിലല്ലെന്ന് ഇത് തെളിയിക്കുന്നു.

സ്വന്തം ജന്മദിനം തന്നെയാണ് ഇവിടുത്തെ പ്രധാനആഘോഷവും. അടുത്ത മാസം 16,17, 18 തീയ്യതികളിൽ മഹാഗണപതിഹോമത്തോടെ ജന്മദിനാഘോഷം നടക്കും. ചണ്ഡികാ ഹോമവും പാദപൂജയും മറ്റു പൂജകളും അരങ്ങേറും. അതു വഴി സാമ്പത്തിക നേട്ടം കൈവരിക്കുകയാണ് നാട്ടുകാർക്ക് വേണ്ടാത്ത ഈ കാവിലമ്മ. തിരിച്ചിറങ്ങിയപ്പോൾ നങ്ങാറത്ത് കവലയിൽ കണ്ട ഒരു മധ്യവയസ്‌ക്കൻ എന്നെ ഒരു പുച്ഛത്തോടെ നോക്കി. ആശ്രമം വിട്ടുവരുന്നത് അയാൾ കണ്ടിരുന്നു. കുശലം പറയാൻ അടുത്തപ്പോൾ അയാൾ തെന്നിമാറാൻ ശ്രമിച്ചു. ഞാൻ അടുത്തു പരിചയപ്പെട്ടു. കാര്യങ്ങൾ ധരിപ്പിച്ചു. ഇതൊന്നും അംഗീകരിക്കാൻ എന്നെക്കിട്ടില്ല. സാക്ഷാൽ തലശ്ശേരി ഭാഷയിൽ ഒരു കൂട്ടം തെറിയും.