തിരുവനന്തപുരം: 'അമ്മ പേടിക്കല്ലേ...ഒന്നും സംഭവിക്കില്ല'. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സനയുടെ വാക്കുകൾ കേൾക്കുമ്പോൾ മഞ്ജുഷയുടെ ഉള്ളു പിടയും. അസുഖത്തിന്റെ മുൻപിൽ നിസ്സഹായയായി നോക്കി നിൽക്കാനേ ആ പാവത്തിന് സാധിക്കുന്നുള്ളൂ. താൻ പോയാൽ തന്റെ പൊന്നോമനയ്ക്ക് ആരുണ്ട്. അവളുടെ ഭാവി എന്തായി തീരും. അവൾ എങ്ങനെ ജീവിക്കും എന്നത് മാത്രമാണ് ഇപ്പോൾ മഞ്ജുഷയുടെ മനസിലുള്ളത്. ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്ത് ജീവിതം മുന്നോട്ട് നീക്കുന്ന മഞ്ജുഷയുടെ കണ്ണീർ ദൈവം കാണുന്നുണ്ടാകാം.

ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കട്ടച്ചൽകുഴി സിസിലിപുരം പൊറ്റവിളവീട്ടിൽ മഞ്ജുഷ (39). 10 വയസുകാരി മകളെ പട്ടിണിക്കിടാതെ പഠിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കണം. വിവാഹം കഴിപ്പിച്ചയയ്ക്കണം. ഏതൊരു അമ്മയുടെയും ആഗ്രഹം മാത്രമേ ഇപ്പോൾ മഞ്ജുഷയ്ക്കും ഉള്ളൂ. പക്ഷേ, അതുവരെ തന്റെ ജീവൻ നിലനിറുത്താൻ കഴിയുമോ? ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോഴുണ്ടായതിനെക്കാൾ വേദനയാണ് ഇപ്പോൾ മഞ്ജുഷയ്ക്ക്.

ആറു മാസം മുമ്പാണ് വൃക്കകൾ പണിമുടക്കിത്തുടങ്ങിയെന്ന കാര്യം മഞ്ജുഷ അറിയുന്നത്. ആകെയുണ്ടായിരുന്ന 21 സെന്റ് സ്ഥലം മൂത്തമകൾ സൂര്യയുടെ വിവാഹച്ചെലവിനും മറ്റുമായി ഉപയോഗിച്ചു. അമ്മ നന്ദിനി രോഗിയാണ്. വല്യമ്മ സരസ്വതി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കു പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് മഞ്ജുഷയ്ക്കും മകൾക്കുമുള്ള അന്നത്തിനുള്ള വകകൂടി കണ്ടെത്തുന്നത്. മകൾക്കായി തന്റെ വൃക്ക നൽകാൻ നന്ദിനി തയ്യാറാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്കുവേണ്ട തുക എങ്ങനെ സ്വരൂപിക്കും?

സർക്കാർ ആശുപത്രിയിൽ മഞ്ജുഷയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം കണ്ണു നിറയ്ക്കുന്നത്

ആഴ്ചയിൽ രണ്ടു ദിവസം മഞ്ജുഷ ഡയാലിസിസിന് വിധേയയാകണം. സ്വകാര്യ ആശുപത്രിയിൽ 2500, 4000 എന്നീ നിരക്കുകളിൽ ചെലവാകും. കൈയിൽ ട്യൂബിറക്കിയാൽ 15000 രൂപയാകും. നെയ്യാറ്റിൻകര ഗവ. താലൂക്ക് ആശുപത്രിയിലും പാറശാല ഗവ. ആശുപത്രിയിലും ഡയാലിസിസിനായി എത്തിയപ്പോൾ നിലവിൽ കുറച്ച് രോഗികൾക്ക് ഇവിടങ്ങളിൽ ഡയാലിസിസ് നൽകുന്നതിനാൽ പറ്റില്ലെന്നായിരുന്നു മറുപടി. ബന്ധുക്കളും നാട്ടുകാരുമെല്ലാം സഹായിച്ചാണ് ഇപ്പോൾ കഴിയുന്നത്. കോട്ടുകാൽ ഉച്ചക്കട എസ്.ബി.ഐയിൽ മഞ്ജുഷയുടെ പേരിൽ 67310653280 (ഐ.എഫ്.എസ്.സി കോഡ് SBIN0071075) എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.