കൊച്ചി: ചിലതെല്ലാം സംഭവിക്കുന്നതുവരെ തീർത്തും അസംഭവ്യമെന്നു നാം പറയാറില്ലെ. അത്തരത്തിൽ ഒന്നാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള 68ാമത് ദേശീയ അവാർഡ് ലഭിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്. കാടിന്റെ മടിത്തട്ടിൽ ഊരിന്റെ സ്വച്ഛതയിൽ ജീവിച്ചിരുന്ന ഒരു സ്ത്രീ. കാട്ടുവഴികളിൽ കായ്ക്കനികൾ പെറുക്കിനടന്നു പുറംലോകത്തിന്റെ, പ്രത്യേകിച്ചും പാട്ടിന്റെയും സിനിമയുടെയുമൊന്നും മായികക്കാഴ്ചകളിലേക്കു ഒരിക്കൽപോലും എത്താൻ സാധ്യതയില്ലാത്ത ഒരു സ്ത്രീ.

മലയാള സിനിമകളെക്കുറിച്ചോ, ആ പടങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന താരങ്ങളെക്കുറിച്ചോ, പുത്തൻ താരോദയങ്ങളോക്കുറിച്ചോ ഒന്നും അറിവില്ലാത്തതിനാൽ തന്റെ മുറുക്കാൻ പാടുവീഴ്‌ത്തിയ വാതുറന്നു വെളുക്കേ ചിരിക്കുന്ന ഒരു സ്ത്രീ. ആ ചിരിയിൽ ആദിവാസി മനസിന്റെ ഹൃദയനൈർമല്യവും പരിധികളില്ലാത്ത സ്നേഹത്തിന്റെ ആഴവും കാണാം.

കുലത്തൊഴിലായ കൃഷിപ്പണിയും ആടുമാടുകളുമായി അട്ടപ്പാടിയിലെ കുന്നും മലയും കയറിയിറങ്ങി ജീവിതത്തിന് അർഥം കണ്ടെത്താൻ ശ്രമിച്ച ഒരു സാധാരണ ആദിവാസി സ്ത്രീയെന്നതിൽ നിന്ന് ഇന്ത്യൻ സംഗീതത്തിന്റെ ഉന്നതങ്ങളിലേക്കു അവർ എത്തിയിരിക്കയാണ്. നഞ്ചിയമ്മക്കു നൽകപ്പെട്ടതിലൂടെ ഈ മഹത്തായ പുരസ്‌കാരത്തിന് തിളക്കം ഏറിയിരിക്കയാണെന്നു ഇനി പറയേണ്ടതില്ലല്ലോ. ഇവിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ദേശീയ പുരസ്‌കാരത്തോടുള്ള പ്രതികരണവും കൂട്ടിവായിക്കാവുന്നതാണ്.

ജീവിതത്തിന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും നഞ്ചിയമ്മയുടെ ചുണ്ടുകളിൽ പാട്ടിന്റെ ഈരടികൾ തത്തിക്കളിച്ചിരുന്നു. ഊണിലും ഉറക്കിലുമെല്ലാം സംഗീതമുള്ള ഒരു സ്ത്രീ. ആളും ആരവവും മാലോകരറിയുന്ന സാധനയുമൊന്നും അവർക്കുണ്ടായിട്ടുണ്ടാകില്ലെങ്കിലും ആ ഹൃദയത്തിൽ അത്രമേൽ സംഗീതം കുടികൊണ്ടതിന്റെ നേർസാക്ഷ്യമാണ് ഈ പുരസ്‌കാര ലബ്ധി. സച്ചി സംവിധാനം നിർവഹിച്ച അയ്യപ്പനും കോശിയുമെന്ന ചലച്ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മ ദേശീയ പുരസ്‌ക്കാരത്തിലേക്കു ഉയർത്തപ്പെട്ടത്.

കലക്കാത്ത സന്തനമേറാ
വെഗുവേഗ പൂത്തിരിക്കും
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പാക്കിലാമോ

കലക്കാത്ത സന്തനമേറാ
വെഗുവേഗ പൂത്തിരിക്കും
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പാക്കിലാമോ

ലാല ലെ ലാലേ ലാലേ
ലാലേ ലാലേ ല ല ലെ
ലാല ലെ ലാലേ ലാലേ
ലാലേ ലാലേ ല ല ലെ

തേക്കാത്ത സന്തനമേറാ
വെഗുവേഗ പൂത്തിരിക്കും
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പാക്കിലാമോ

തില്ലേ ലെ ലെലെ ലെലെ
ലെ ലെ ലെലെ ലോ
തില്ലേ ലെ ലെലെ ലെലെ
ലെലെ ലെലെ ലെലേലോ

വടക്കാത്ത പുങ്കമേര
പൂപറിക്കാ പോകിലാമോ
വടക്കാത്ത പുങ്കമേരാ
വെഗുവേഗ പൂത്തിരിക്കും
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പാക്കിലാമോ

തില്ലേ ലെ ലെലെ ലെലെ
ലെ ലെ ലെലെ ലോ
തില്ലേ ലെ ലെലെ ലെലെ
ലെലെ ലെലെ ലെലേലോ

മൊഗാത്തെ നേരമേര
വെഗുവേഗ പൂത്തിരിക്കും
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പാക്കിലാമോ

തില്ലേ ലെ ലെലെ ലെലെ
ലെ ലെ ലെലെ ലോ
തില്ലേ ലെ ലെലെ ലെലെ
ലെലെ ലെലെ ലെലേലോ

ശുദ്ധ സംഗീതം ലളിതമായിരിക്കണമെന്ന അറിവ് ഇരുള ഭാഷയുടെ ആചാര്യന്മാർക്കും ഉണ്ടായിരുന്നെന്നതിന്റെ തെളിവാണ് നഞ്ചിയമ്മ എഴുതിയ ഈ ഗാനം. ജേക്സ് ബിജോയിയാണ് സംഗീത സംവിധായകൻ. മലയാളത്തിലേക്കു ഇതുപോലെ ഒരു പുരസ്‌കാരം ഇനിയെന്നെങ്കിലും കടന്നുവരുമോയെന്നു സംശയമാണ്.

അയ്യപ്പനും കോശിയിലും എക്സൈസ് ഇൻസ്പെക്ടറായി വേഷമിട്ട ആദിവാസി കലാകാരനായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘമാണ് നഞ്ചിയമ്മയിലെ ഗായികക്ക് വിത്തും വളവുമായത്. ഒരുപക്ഷേ ആസാദ് കലാസംഘത്തിലേക്കു നഞ്ചിയമ്മ എത്തിയില്ലായിരുന്നെങ്കിൽ അട്ടപ്പാടിയിലെ കാടകങ്ങളിൽ അവർ ആരോരുമറിയാതെ എന്നും രാവുപുലരും മുൻപേയിറങ്ങി ഇരുളുന്നതുവരെ തന്റെ കാലികളെയും മേച്ച് വൃക്ഷച്ചോലകളിൽ പാട്ടുമൂളിയും കാട്ടുകനികൾ ഭക്ഷിച്ചും അരുവിലെ തെളിനീരു കുടിച്ചും ജീവിച്ചുപോന്നേനെ.

അട്ടപ്പാടിയിൽ താമസിച്ച് കഥയുടെ അകക്കാമ്പ് ബലപ്പെടുത്തിക്കൊണ്ടിരിക്കേ തന്റെ ചിത്രത്തിൽ അട്ടപ്പാടിയുടെ ഗന്ധമുള്ള സംഗീതം ഉൾച്ചേർന്നിരിക്കണമെന്ന സച്ചിയുടെ നിർബന്ധബുദ്ധിയായിരുന്നു നഞ്ചിയമ്മയുടെ തലവര മാറ്റിയെഴുതിയതും പുരസ്‌കാര ലബ്ധിയിലേക്കു എത്തിച്ചതും. തന്നെ ഗായിക പാടിക്കേൾപ്പിച്ച പാട്ടുകളിൽ രണ്ടെണ്ണമായിരുന്നു അയ്യപ്പനും കോശിയുമെന്ന ചിത്രത്തിനായി സച്ചി തെരഞ്ഞെടുത്തത്. ഗായികയും അഭിനേത്രിയുമെന്നതിനൊപ്പം കവയത്രികൂടിയാണ് ഈ അപൂർവ പ്രതിഭ.

അവാർഡ് വിവരം ടെലിവിഷനിൽ കണ്ട് തന്റെ പല്ലില്ലാത്ത മോണകാട്ടി നിഷ്‌കളങ്കമായി ചിരിക്കുന്ന നഞ്ചിയമ്മയുടെ ചിത്രം കെ.കെ രമ എംഎ‍ൽഎ പങ്കിട്ടിരുന്നു. അതിപ്പോൾ വൈറലായി മാറിയിരിക്കയാണ്. തന്റെ പൂർവികർ തന്നെ ഏൽപ്പിച്ചുപോയ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുളരുടെ പരമ്പരാഗത പാട്ടുകളാണ് നഞ്ചിയമ്മ പാടുന്നവയിൽ ഏറെയുമെന്നതും ഈ ഗായികയെ വ്യത്യസ്തമാക്കുന്നു.

അദ്ധ്യാപികയും ആക്ടിവിസ്റ്റും, ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ എന്ന ഡോക്യുമെന്ററിയായിരുന്നു നഞ്ചിയമ്മയെന്ന കലാകാരിയെ അട്ടപ്പാടിയുടെ പുറംലോകത്തേക്കു എത്തിച്ചത്. മാതൃമൊഴിയെന്നാണ് അഗ്ഗെദ് നയാഗ എന്ന ഇരുള ഭാഷയിലെ വാക്കിന്റെ അർഥം. ഈ ഡോക്യുമെന്ററിയിലായിരുന്നു ആദ്യമായി നഞ്ചിയമ്മ പാടി അഭിനയിച്ചത്.

അട്ടപ്പാടിക്കും തന്റെ സമുദായത്തിനും പുറത്തേക്കുള്ള നഞ്ചിയമ്മയുടെ യാത്ര ആരംഭിക്കുന്നത് ഇതോടെയായിരുന്നു. ആദിവാസി വിഭാഗത്തിന് പുറത്തുള്ളവരുടെയെല്ലാം ശ്രദ്ധയിലേക്കു ഇതോടെ ഈ ഗായികയെത്തി. അവർ യഥാർഥത്തിൽ എത്തിയത് മലയാളികളായ സംഗീത പ്രേമികളുടെ ഹൃദയതന്ത്രകളിലേക്കായിരുന്നുവെന്നു പറയാം. ഛായാഗ്രാഹകയായ ഫൗസിയ ഫാത്തിമക്കു 2015ൽ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചതും അഗ്ഗെദ് നയാഗയുടെ ചിത്രീകരണത്തിനായിരുന്നു.

പാട്ടായിരുന്നു എന്നും നഞ്ചിയമ്മക്കു സ്വാന്തനം. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോടു പടവെട്ടിത്തളരുമ്പോഴും അവർ പാടിക്കൊണ്ടേയിരുന്നു. ഇരുളരുടെ ഭാഷയിൽ അവർ അനേകം പാട്ടുകൾ ഹൃദയത്തിലിട്ടു താരാട്ടി മൂപ്പെത്തിച്ച് വായ്ത്താരിയായി തന്റെ സമുദായാങ്ങൾക്കായി പാടിക്കൊണ്ടേയിരുന്നു. ഇവയിൽ പലതും തലമുറകൾ കൈമാറി കൈമാറി നാഞ്ചിയമ്മയിലേക്കു എത്തിയവയുമായിരുന്നു.

അയ്യപ്പനും കോശിയുമെന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അർഹനായ സച്ചി എന്ന സച്ചിദാനന്ദനായിരുന്നു തന്റെ സിനിമക്കായുള്ള അട്ടപ്പാടിയിലെ അലച്ചലുകൾക്കിടയിൽ നഞ്ചിയമ്മയെ കണ്ടെത്തിയത്. പക്ഷേ തനിക്കു ലഭിച്ച മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങാനോ, താൻ വെള്ളിത്തിരയിലേക്കു കൊണ്ടുവന്ന നഞ്ചിയമ്മയെന്ന വയോധികക്കു ലഭിക്കുന്ന പുരസ്‌കാര ലബ്ദിയിൽ ആത്മനിർവൃതിയടയാനോ കാലം സച്ചിക്ക് അവസരം നൽകിയില്ലെന്നത് ഈ അവാർഡുകളുടെ വെള്ളിത്തിളക്കത്തിലും അദ്ദേഹത്തിന്റെ ഉറ്റവർക്കും സുഹൃത്തുക്കൾക്കും മലയാള സിനിമയുടെ അഭിമാന നിമിഷങ്ങളിൽ ഉള്ളറിഞ്ഞു സന്തോഷിക്കുന്ന കോടിക്കണക്കിന് മലയാളികൾക്കും എന്നും നോവായി ഒപ്പമുണ്ടാവുമെന്നു തീർച്ച.

അൻപത്തിയഞ്ചിൽ പെൻഷൻ പറ്റി ഇനിയൊന്നും തനിക്കു ചെയ്യാനില്ല, താൻ ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നുവെന്ന ഉത്തമബോധ്യത്തിൽ വീടിന്റെ ഉമ്മറത്തു കാലും നീട്ടിയിരുന്നു പത്രം വായിച്ചും ചുറ്റും നടക്കുന്നതിൽ ഉത്കണ്ഠപ്പെട്ടും കഴിയുന്ന പെൻഷൻപറ്റിയ വയോധികർക്കെല്ലാമുള്ള ഒരു സന്ദേശം കൂടിയാണ് 62ാം വയസ്സിൽ 2020ലെ ദേശീയ പുരസ്‌ക്കാര നിറവിൽ മിന്നിത്തിളങ്ങുന്ന നഞ്ചിയമ്മ.