മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി വെട്ടിച്ചതിൽ മുഖ്യപങ്ക് ശതകോടീശ്വരനായ വജ്രവ്യാപാരി നീരവ് മോദിക്കും അദ്ദേഹത്തിന്റെ ചില ്‌സഥാപനങ്ങൾക്കുമാണെന്ന് സൂചന. 280 കോടിയുടെ വഞ്ചനാക്കേസിൽ പിഎൻബിയിൽ നിന്ന് പരാതി കിട്ടിയതിനെ തുടർന്ന് നീരവ് മോദി, ഭാര്യ അമി മോദി, സഹോദരൻ നിശാൽ മോദി, അമ്മാവൻ മെഹുൽ ചോക്‌സി എന്നിവരെ ഈ മാസം അഞ്ചിന് സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു.

11,544 കോടി രൂപയുടെ അനധികൃത ഇടപാടിന്മേലാണ് ഇത്തവണത്തെ പരാതി. ഒരു ജൂവലറിക്കെതിരെയും പരാതിയുണ്ട്. ഇത് നീരവിന്റെ ജൂവലറിയാണോ എന്നു വ്യക്തമായിട്ടില്ല. രാജ്യാന്തര തലത്തിൽ ആഭരണ വ്യവസായേമഖലയിൽ ശ്രദ്ധേയനാണ് നീരവ് മോദി. 'നീരവ് മോദി കലക്ഷൻസ്' എന്ന പേരിൽ ഇയാൾ വിപണിയിലെത്തിക്കുന്ന ആഭരണങ്ങൾക്ക് ചലച്ചിത്രലോകത്തു നിന്നുൾപ്പെടെ ഏറെ ആരാധകരുണ്ട്.

280.70 കോടി രൂപയുടെ തട്ടിപ്പ് നീരവിനും ഭാര്യ എമിക്കും സഹോദരൻ നിഷാലിനും ഒരു ബിസിനസ് പങ്കാളിക്കും എതിരെ നിലവിൽ സിബിഐ അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതിനിടെയാണ് ബുധനാഴ്ച മറ്റൊരു അനധികൃത ഇടപാടിന്റെയും സൂചനകൾ ബാങ്കിനു ലഭിച്ചത്.

ഏകദേശം 11,544 കോടി രൂപയുടെ അനധികൃത തട്ടിപ്പ് ഇടപാട് കണ്ടെത്തിയതായി ബാങ്ക് തന്നെയാണ് അറിയിച്ചത്. ചില പ്രത്യേക അക്കൗണ്ടുകളിലേക്കാണു പണമിടപാട് നടന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് തട്ടിപ്പെന്നാണു പ്രാഥമിക നിഗമനം. ബാങ്കിലുള്ള പണത്തിന്റെ ബലത്തിൽ അക്കൗണ്ട് ഉടമകൾക്ക് വിദേശബാങ്കുകൾ പണം കൈമാറാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കും. തട്ടിപ്പുസംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റിനും അധികൃതർ പരാതി നൽകിയിട്ടുണ്ട്.

ഇടപാട് വഴി ബാങ്കിന് ഏതെങ്കിലും വിധത്തിലുള്ള കടബാധ്യത വന്നതായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. 2011 മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെയുള്ളവരുടെ സഹായത്താലായിരുന്നു വിവിധ തട്ടിപ്പ് ഇടപാടുകൾ നടന്നത്. അതിനിടെ 280 കോടികളുടെ തട്ടിപ്പു വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ബാങ്ക് 10 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

ബോംബെ സ്റ്റോക് ഏസ്‌ക്‌ചേഞ്ചിലും (ബിഎസ്ഇ) ബാങ്കിലെ അനധികൃത ഇടപാടിനെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചനാപരമായ നീക്കം നടന്നു എന്നാണ് ബിഎസ്ഇയെ അറിയിച്ചിരിക്കുന്നത്. ബാങ്കിന്റെ ഓഹരിവിലയിൽ ഇടിവു രേഖപ്പെടുത്തി. ആറുശതമാനം വരെ ഇടിവാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടപാടുകൾ വഴിയുള്ള നഷ്ടം ബാങ്കാണോ ഉപഭോക്താവാണോ വഹിക്കേണ്ടതെന്ന് അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ. 3000 കോടി രൂപയോളം ഇടപാടുകാർക്ക് നഷ്ടപ്പെടുമെന്നാണു വിവരം. അതേസമയം, സുതാര്യമായ ഇടപാടുകൾ ഉറപ്പാക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് പിഎൻബി വ്യക്തമാക്കി.

രാജ്യത്തെ മുൻനിര വജ്രവ്യാപാരികളിൽ ഒരാളായ നീരവ് മോദിയുടെ വീടുകളിലും, അമ്പതിലേറെ ഓഫീസുകളിലും ആദായനികുതി വകുപ്പ് അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. പണം,സ്വർണം എന്നിവ കൂടാതെ നിരവധി നികുതി വെട്ടിപ്പ് രേഖകളും കണ്ടെടുത്തിരുന്നു. അടുത്ത കാലത്ത് ശതകോടീര്വരന്മാരുടെ ക്ലബ്ബിൽ ഇടം പിടിച്ച നീരവ് മോദി 2016 ലെ ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഉയർന്ന മൂല്യമുള്ള വജ്രവ്യാപാരത്തിലാണ് മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.2010 ൽ നടന്ന ക്രിസറ്റിയുടെ ലേലത്തിൽ ഗോൾകോണ്ട നെക്ലേസ് 16.29 കോടിക്കാണ് വിറ്റുപോയത്.