കണ്ണൂർ: ഗണിത ശാസ്ത്രശാഖയിൽ ഇന്ത്യൻഭാഷകളിൽ ഏറ്റവും കൂടുതൽ രചനകൾ നടത്തിയ ഒരാൾ കണ്ണൂരിൽ ജീവിക്കുന്നു. അർഹതപ്പെട്ട അംഗീകാരം ലഭിച്ചില്ലെങ്കിലും 113 ാം മത്തെ പുസ്ത രചനയിലാണ് അദ്ദേഹം. പൂജ്യത്തിന്റെ കഥയെഴുതി നിരവധി വിദ്യാർത്ഥികളെ കണക്കിലേക്കാകർഷിപ്പിച്ച പള്ളിയറ ശ്രീധരനാണ് വേണ്ടത്ര പരിഗണനയില്ലാതെ രചനാ ലോകത്ത് നിലകൊള്ളുന്നത്.

കവിതയും കഥയും നാടകവും ഹാസ്യവുമായി കണക്കിനെ കോർത്തിണക്കിയ പള്ളിയറയുടെ പുസ്തകങ്ങൾ ഗണിത സാഹിത്യശാഖയെ രൂപാന്തരപ്പെടുത്തുന്നതായിരുന്നു. കണക്കെന്ന് കേൾക്കുമ്പോൾ അറച്ചു നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കണക്കെത്ര രസകരം, ഗണിത മിഠായി, എന്നിവ വായിച്ചു തീർക്കുന്നതോടെ കണക്കിനോടടുക്കുന്നു. കണ്ണൂർ കൂടാളി ഹൈസ്‌ക്കൂളിൽ ഗണിത ശാസ്ത്ര അദ്ധ്യാപകനായിരിക്കേ സ്വയം വിരമിച്ചാണ് പള്ളിയറ ശ്രീധരൻ ഗണിത ശാസ്ത്ര രചനക്കിറങ്ങിയത്. 6 വർഷം ബാക്കിയിരിക്കേയാണ് കണക്കിന്റെ രചനാ ലോകത്തേക്ക് ശ്രീധരൻ മാസ്റ്റർ എടുത്തു ചാടിയത്.

'സംഖ്യാ ദൈവങ്ങളെ ഞങ്ങളെ അനുഗ്രഹിക്കേണമേ. മനുഷ്യരേയും ദേവന്മാരേയും നിങ്ങളാണ് സൃഷ്ടിക്കുന്നത്. വിശുദ്ധ സംഖ്യകളേ ! ആദ്യന്തമില്ലാത്ത ഈ സൃഷ്ടി പ്രവാഹത്തിന്റെ ആധാരവും അന്തസത്തയും നിങ്ങളാണെന്ന് ഞങ്ങൾക്കറിയാം. സംഖ്യാ ദൈവങ്ങളോ? നിങ്ങളത്ഭുതപ്പെടുന്നുണ്ടാകും. മനുഷ്യർ ആരാധിക്കുന്ന ' 'മുപ്പത്തു മുക്കോടി' ദൈവങ്ങളെപ്പറ്റി നിങ്ങൾ കേട്ടിരിക്കും. വായു, അഗ്‌നി, നാഗം, ദേവന്മാർ, ദേവിമാർ തുടങ്ങി എത്രയോ ആരാധനാ മൂർത്തികളെപ്പറ്റി നിങ്ങൾക്കറിയാം. പക്ഷേ സംഖ്യാ ദൈവങ്ങളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? പൗരാണികർക്ക് സംഖ്യകളും ആരാധനാ പാത്രങ്ങളായിരുന്നു. സംഖ്യകളെ അവർ ദൈവങ്ങളായി ആരാധിച്ചിരുന്നു. സംഖ്യകളുടെ അത്ഭുത പ്രപഞ്ചം എന്ന ഗ്രന്ഥത്തിൽ പൈത്തഗോറസ് എന്ന ഗണിത ശാസ്ത്രജ്ഞനെക്കുറിച്ച് പള്ളിയറ കുട്ടികളെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. കണക്കിന് പാൽപ്പായസത്തിന്റെ മാധുര്യം നൽകി രചിക്കുന്ന ശൈലിയാണ് പള്ളിയറയുടെ ഗ്രന്ഥങ്ങളിൽ കാണുന്നത്. കണക്കെഴുത്ത് നടത്തുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ പുതിയ തലമുറയെ രോമാഞ്ചമണിയിക്കുന്ന ഭാഷയാണ് വരുന്നതെന്ന് വാരത്തെ വസതിയിൽ വച്ച് പള്ളിയറ പ്രതികരിച്ചു.

ഗണിത ശാസ്ത്ര രചന തുടങ്ങിയ കാലം തൊട്ട് വിദ്യാർത്ഥികളും ഗണിതാധ്യാപക വിദ്യാർത്ഥികളും ഗണിതാദ്ധ്യാപകരും നൂറുകൂട്ടം സംശയങ്ങളുമായി ശ്രീധരൻ മാഷെ തേടി എത്താറുണ്ട്. ചിലർ കത്തുകളിലൂടെ സംശയ നിവൃത്തി വരുത്തിയിരുന്നു. പൂജ്യത്തിന്റെ കഥയും ഗണിത കഥകൾ, ഗണിതഫലിതം, കളികളിലൂടെ ഗണിതം, എന്നിവ എൽ.പി, യു.പി, വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ്. കണക്ക് വിരസമായ വിഷയമാണെന്ന് ധാരണ തിരുത്തിയെഴുതുകയായിരുന്നു പള്ളിയറ. കുട്ടികൾക്ക് പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നുതന്നെ കണക്ക് രസകരമായി പകർന്നു നൽകണം. കണക്ക് രസകരമായി പഠിക്കുന്നതിന്റെ അഭാവമാണ് അതുൾക്കൊള്ളാനാവാത്തത്. അദ്ധ്യാപകനാകും മുമ്പേ കഥകളും ലേഖനങ്ങളും എഴുതിയ പള്ളിയറ ശ്രീധരൻ കുട്ടികളിൽ കണക്കിനെ ആകർഷിക്കാനായിരുന്നു ഗണിത സംബന്ധമായ ലേഖനങ്ങൾ എഴുതിത്ത്തുടങ്ങിയത്. 1978 ൽ പ്രകൃതിയിലെ ഗണിതമെന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് പ്രശസ്ത ഗ്രന്ഥകാരൻ ഡോക്ടർ കെ.ഭാസ്‌കരൻ നായർ അഭിനന്ദിക്കുകയും രചനകൾ തുടരണമെന്നും ആവശ്യപ്പെടുകയുമുണ്ടായി.

പ്രകൃതിയിലെ ഗണിതത്തിന്നുവിദ്യാർത്ഥികളിൽനിന്നും അദ്ധ്യാപകരിൽ നിന്നും ലഭിച്ച പ്രോത്സാഹനം വീണ്ടും ഗണിത ശാസ്ത്ര രചനയിലേക്ക് സമയം കണ്ടെത്താൻ പ്രേരിപ്പിച്ചു. അതിനിടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ട് പാഠപുസ്തക കമ്മിറ്റിയാൽ ഉൾപ്പെടുത്തുകയുണ്ടായി. പുതിയ പാഠപുസ്തകത്തെക്കുറിച്ച് അദ്ധ്യാപകർക്ക് ക്ലാസ് എടുക്കാൻ കേരളം മുഴുവൻ തലങ്ങും വിലങ്ങും പള്ളിയറ സഞ്ചരിച്ചു. നിലവിലുള്ള കണക്ക് പുസ്തകത്തെ കുട്ടികൾ വെറുക്കുമെന്ന് പള്ളിയറ മനസ്സിലാക്കി. അങ്ങനെ കഥയും കവിതയും നാടകവും കണക്കുമായി ബന്ധിപ്പിച്ച് രചനകൾ നടത്തി. മലയാളി വായന സമൂഹം പള്ളിയറയുടെ പുസ്തകങ്ങൾക്ക് നല്ല സ്വീകരണമാണ് നൽകിയത്. പ്രത്യേകിച്ച് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഭൂരിഭാഗം പുസ്തകങ്ങളും ഔട്ട് ഓഫ് പ്രിന്റാണ്.

ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച കണ്ടു പിടുത്തം പൂജ്യമാണെന്ന് പള്ളിയറ പറയുന്നു. ആധുനിക കമ്പ്യൂട്ടിന്റെ ജീവാത്മാവും പരമാത്മാവുമാണിത്. ഈ കണ്ടുപിടുത്തങ്ങൾക്കൊണ്ടാണ് ലോകത്തിന് ഇത്രയും പുരോഗതി നേടാൻ സാധിച്ചത്. ഇത്തരം മഹത്തായ പൈതൃകത്തെ വേദഗണിതം, ഗണിത ശാസ്ത്ര പ്രതിഭകൾ എന്നീ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം പ്രചരിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ ബാക്കിവച്ചിട്ടുപോയ സിലബസ് പ്രകാരമാണ് ഇവിടെ ഗണിതം പഠിപ്പിക്കുന്നത്. അതിൽ കാതലായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഭാരത് എക്‌സലൻസ് വാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വൈഞ്ജാനിക ്‌വാർഡ്, ( സംഖ്യകളുടെ കഥ ) സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മികച്ച ശാസ്ത ഗ്രന്ഥത്തിനുള്ള അവാർഡ്, ഗണിത ശാസ്ത്ര പ്രതിഭകൾ, കേരള സാഹിത്യ അക്കാദമി എന്റോവ് മെന്റ്്് അവാർഡ്, (പൂജ്യത്തിന്റെ കഥ) 1992 ൽ സംസ്ഥാന അദ്ധ്യാപക അവാർഡും ഉൾപ്പെടെ അമ്പതോളം പുരസ്‌കാരങ്ങൾ പള്ളിയറക്ക് ലഭിച്ചിട്ടുണ്ട്.

ഇത്രയേറെ ഗ്രന്ഥരചന നടത്തിയിട്ടും അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകമാക്കിയിട്ടില്ല. കാലുപിടിച്ച് ഒന്നും നേടുന്ന ശീലവും പള്ളിയറക്കില്ല. കണക്കിനോട് നാം കാട്ടുന്ന അവഗണന പോലെ ഈ ഗ്രന്ഥകാരനും അവഗണിക്കപ്പെടുകയാണ്.