കോഴിക്കോട്: കവിതകൊണ്ട് ജീവിതത്തിലെ എല്ലാ ദുരിതങ്ങളോടും മധുരമായ പ്രതികാരം വീട്ടിയ ഒരാളാണ് പവിത്രൻ തീക്കുനി. ദാരിദ്ര്യത്തിന്റെ കയ്പേറിയ ബാല്യവും, ഒമ്പതാം വയസ്സിലെ നാടുവിട്ടുപോകലും, പാതി വഴിയിലുപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസവും പിന്നിട്ട് തൃശൂരിലെ സാഹിത്യ അക്കാദമിക്ക് മുന്നിൽ ടെലഫോൺ കേബിളിന് കുഴിയെടുത്തും മീൻ വിൽപന നടത്തിയും ജീവിതം മുന്നോട്ട് കൊണ്ട് പോയ മലയാളത്തിന്റെ പ്രിയ കവി അനുഭവങ്ങളാൽ സമ്പന്നനാണ്. അറ്റകൈക്ക് കുടുംബവുമൊത്ത് റെയിൽവെ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ജീവിതാവസ്ഥയും പിന്നിട്ട,് സാഹിത്യ അക്കാദമിയുടെ അംഗവും അതേ അക്കാദമിയുടെ അവാർഡ് ജേതാവുമായാണ് പവിത്രൻ തീക്കുനി ജീവിതത്തോട് മധുരപ്രതികാരം വീട്ടിയത്. പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്ന് മലയാളകവിതയുടെ ജീവാത്മാവായി മാറിയ പവിത്രൻ തീക്കുനി, തന്റെ ജീവിതത്തിലെ കയ്പും മധുരവും മറുനാടൻ മലയാളിയോട് പങ്ക് വെക്കുകയാണ് .

ഒമ്പതാം വയസ്സിലെ നാടുവിടൽ

പലരുടെയും ജീവിതത്തിലെ മധുരമുള്ളതും എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്നതുമായ കാലഘട്ടമാണ് ബാല്യം. ഒരു പക്ഷെ സാധ്യമെങ്കിൽ ഒരിക്കൽ കൂടി തങ്ങളുടെ ബാല്യകാലത്തിലേക്ക് തിരിച്ച് പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പവിത്രൻ തീക്കുനിയെ സംബന്ധിച്ച് ഗൃഹാതുരത്വത്തിന്റെ ഊഷ്മളതയല്ല മറിച്ച് ദാരിദ്ര്യത്തിന്റെ ചവർപ്പും കയ്‌പ്പുമാണ് ബാല്യകാല ഓർമ്മകൾ സമ്മാനിക്കുന്നത്. ഓർമിക്കാൻ ആഗ്രഹിക്കാത്ത വിധം ബുദ്ധിമുട്ടേറിയതായിരുന്നു അക്കാലം. എന്നാൽ കുട്ടിക്കാലത്തെ കയ്പേറിയ ഈ അനുഭവങ്ങൾ തന്നെയാകാം പവിത്രന്റെ കവിതകളെ ജീവസ്സുറ്റതാക്കിയതും. നാലാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെയാണ് ഒമ്പതു വയസ്സുകാരനായ പവിത്രനെന്ന ബാലൻ ജോലി തേടി വീടു വിട്ടിറങ്ങുന്നത്. വീട്ടിലെ പ്രയാസങ്ങൾ കാരണം പഠനം പാതിവഴിയിൽ മുടങ്ങുമെന്നായതോടെയാണ് ജീവിക്കാനുള്ള മാർഗങ്ങൾ തേടി കണ്ണൂരിലെത്തുന്നത്. തുടർന്ന് രണ്ട് വർഷത്തോളം ഒരു ഹോട്ടലിലെ ജോലിക്കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന് ജീവിതം നൽകിയത്. 11 വയസ്സു വരെയുള്ള ആ കാലഘട്ടം പവിത്രനെ സംബന്ധിച്ചിടത്തോളം നരകയാതന തന്നെയായിരുന്നു. ജീവിതത്തിന്റെ ക്രൂരമുഖത്തിനു മുന്നിൽ പകച്ചു നിൽക്കാതെ, തോൽക്കാൻ മനസ്സില്ലാതെ, ദുരനുഭവങ്ങളെ പോരാട്ടത്തിനുള്ള ഊർജമാക്കി മാറ്റിയാണ് അദ്ദേഹം മുന്നേറിയത്.

തുടർന്നുള്ള വിദ്യാഭ്യാസം

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സ്‌കൂൾ ജീവിതം പുനരാരംഭിക്കുന്നതോടു കൂടിയാണ് പവിത്രൻ തീക്കുനി കവിതയിലേക്ക് ആകൃഷ്ടനാകുന്നതും തന്നിലുള്ള കവിയെ തിരിച്ചറിയുന്നതും. ഏഴാം ക്ലാസ് മുതലാണ് പവിത്രൻ തീക്കുനിയെന്ന കവി ജനിക്കുന്നത്. പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെങ്കിലും പവിത്രന്റെ നോട്ട്പുസ്തകങ്ങളിൽ കവിതകൾ വിരിയാൻ തുടങ്ങി. അന്നത്തെ മലയാളം അദ്ധ്യാപകരാണ് മാർഗനിർദ്ദേശങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നത്. പിന്നീട് വട്ടോളി നാഷണൽ ഹൈസ്‌കൂളിൽ എത്തിയതിനുശേഷം മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തതോടെ കവിയെന്ന നിലയിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു തുടങ്ങി. മൊകേരി ഗവൺമെന്റ് കോളേജ്, മാഹി ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് പഠനം. എന്നാൽ ബിഎ മലയാളം പൂർത്തിയാക്കാനാകാതെ രണ്ടാം വർഷത്തിൽ കോളേജ് വിദ്യാഭ്യാസത്തിന് വിരാമമിടേണ്ടി വന്നു. കോളേജ് മുറികളിൽ നിന്ന് കിട്ടുന്നതിനേക്കാൾ വലിയ പാഠങ്ങളാണ് ജീവിതം അദ്ദേഹത്തിനായി കാത്തുവെച്ചിരുന്നത്.

പ്രസിദ്ധീകരിച്ച എഴുത്തുകളുടെ തുടക്കം

കോളേജ് പഠനകാലത്ത് ബാലപംക്തികളിൽ കഥകളെഴുതിയാണ് പവിത്രൻ തീക്കുനി പ്രസിദ്ധീകരണ രംഗത്തേക്ക് പ്രവേശിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും, കലാകൗമുദിയിലും ചന്ദ്രികയിലും മറ്റു ആനുകാലികങ്ങളിലെ ബാലപംക്തികളിലുമെല്ലാം കഥകൾ പ്രസിദ്ധികരിച്ചുവന്നു. പിന്നീടാണ് കവിതകൾ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. ആ സമയത്ത് അയ്യപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടും കുരീപ്പുഴ ശ്രീകുമാറുമെല്ലാം ജീവിതത്തിലും കവിതയിലും വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വാധീനം എന്നതിലുപരി അവരെയൊക്കെ അനുകരിക്കാനുള്ള ശ്രമമായിരുന്നു അന്ന്. പിന്നീടാണ് പതുക്കെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുക്കുന്നത്. പ്രസിദ്ധീകരണരംഗത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പാണ് ജീവിത്തിലേറ്റവും കൂടുതൽ പ്രോത്സാഹനം നൽകി അദ്ദേഹത്തിന് കൂടെ നിന്നത്. പവിത്രൻ തീക്കുനിയെന്ന കവിയെ ആദ്യമായി മലയാള സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്നത് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'റോസാപ്പൂവും മെഴുകുതിരി'യുമെന്ന കവിതയിലൂടെയാണ്. എന്നാൽ നിലവിൽ പി സുരേന്ദ്രൻ പത്രാധിപരായി വന്നതിന് ശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ തന്റെ ഒരു കവിത പോലും പ്രസിദ്ധീകരിച്ച് വന്നിട്ടില്ല എന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് അയച്ച കവിതപോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്താണ് കാരണമെന്ന് അറിയിച്ചിട്ടുമില്ല.

സാഹിത്യ അക്കാദമി ഓർമകൾ

കവിത സ്വപ്നം കണ്ടാണ് പവിത്രൻ തീക്കുനി സാഹിത്യ അക്കാദമിയിലേക്കും തൃശൂരിലേക്കും എത്തുന്നത്. പലപ്പോഴും സാഹിത്യ അക്കാദമിക്ക് മുന്നിലൂടെ പോകുമ്പോൾ അവിടെ വരുന്ന കവികളെ ആരാധനാപൂർവ്വം നോക്കിയിരുന്ന ഒരു ഘട്ടവും പവിത്രൻ തീക്കുനിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിനപ്പുറം സാഹിത്യ അക്കാദമിക്ക് മുന്നിൽ കേബിളിടാൻ കുഴിയെടുക്കുന്ന ജോലിയും പവിത്രൻ ചെയ്തു. എന്നാൽ ഇന്ന് അതേ അക്കാദമിയുടെ ബോർഡ് അംഗവും അക്കാദമി അവാർഡ് ജേതാവുമാണ് പവിത്രൻ തീക്കുനി. എന്നാൽ ഈ അഭിമുഖം നടക്കുന്ന സമയത്ത് പവിത്രൻ തീക്കുനിയെ സംബന്ധിച്ച് സാഹിത്യ അക്കാദമിയിലെ അംഗങ്ങളിൽ നിന്ന് നേരിട്ട വിവേചനത്തിന്റെ ഓർമകൾ കൂടിയുണ്ട്. പവിത്രൻ തീക്കുനി ഇപ്പോഴും കേരള സാഹിത്യ അക്കാദമിയിലെ അംഗമാണ്.

മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ഏക മകളുടെ വിവാഹം നടന്നത്. എന്നാൽ അക്കാദമി അംഗമെന്ന നിലയിൽ ഒരാൾപോലും അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയോ ആശംസ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇത് അദ്ദേഹത്തെ നന്നായി സങ്കടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അക്കാദമി ഔദ്യോഗികമായി പറയുന്നതാകട്ടെ സുനിൽ പി ഇളയിടവും ഖദീജ മുംതാസും പങ്കെടുത്തിട്ടുണ്ടല്ലോ എന്നാണ്. ഇവർ രണ്ട് പേരും പങ്കെടുത്തത് താനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ്. സുനിൽ പി ഇളയിടം വന്നതാകട്ടെ എംഎ ബേബിയോടൊപ്പൊവുമാണ്. അക്കാദമിയിൽ നിന്ന് ഒരാൾ പോലും ഔദ്യോഗികമായി ഈ വിവാഹത്തിൽ പങ്കെടുക്കുകയോ ആശംസ അറിയിക്കുകയോ ചെയ്തിട്ടില്ല. പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിൽ നിന്നുള്ളൊരു കവി എന്ന നിലയിൽ തനിക്ക് യാതൊരു പിന്തുണയും അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതിന് ശേഷം പിന്നീട് ഇതുവരെ അക്കാദമിയുടെ യോഗങ്ങളിൽ പങ്കെടുത്തിട്ടുമില്ല.

ജോലികൾ

ജീവിക്കാൻ വേണ്ടി ഒരുപാട് ജോലികൾ ചെയ്തൊരാളാണ് പവിത്രൻ തീക്കുനി. ഒമ്പതാം വയസ്സിൽ കണ്ണൂരിലെ ഹോട്ടലിൽ ജോലി ചെയ്താണ് തുടക്കം. രണ്ട് വർഷം ആ ജോലി പൂർത്തിയാക്കിയതിന് ശേഷമാണ് വീണ്ടും സ്‌കൂൾ ജീവിതം തുടർന്നത്. അതിന് ശേഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴും പഠനത്തിന് ശേഷവും പല ജോലികൾ ചെയ്തു. വാർക്കപ്പണിക്കാരനായി, മീൻവിൽപനക്കാരനായി, ടെലഫോൺ കേബിളുകളിടാൻ കുഴിയെടുക്കുന്ന ജോലികൾ ചെയ്തു. അതിനിടക്ക് അക്കാദമി അവാർഡ് ലഭിച്ചതിന് ശേഷം ഫിഷറീസ് വകുപ്പിൽ താത്കാലിക ജോലി ലഭിക്കുകയും ചെയ്തു. എന്നാൽ ദിവസം 300 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത് വണ്ടിക്കൂലിക്ക് പോലും തികയാതെ വന്ന സാഹചര്യത്തിൽ അത് നിർത്തുകയായിരുന്നു. ഇനി വീണ്ടും അതിന് തന്നെ പോയിത്തുടങ്ങണമെന്ന തീരുമാനത്തിലാണ് പവിത്രൻ.

'പർദ്ദ'യും വിവാദങ്ങളും

ഈയടുത്ത് പവിത്രൻ തീക്കുനി വാർത്തകളിൽ നിറഞ്ഞുനിന്നത് 'പർദ്ദ'യെന്ന കവിതയുടെ പേരിലായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് പവിത്രൻ തീക്കുനിയും മതമൗലികവാദികളുടെ സൈബർ ആക്രമത്തിന് ഇരയാകുകയായിരുന്നു. രാത്രി ഏഴരയോടെ സ്വന്തം ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കവിത മതമൗലികവാദികളുടെ ഭീഷണിയെത്തുടർന്ന് അദ്ദേഹത്തിന് പിൻവലിക്കേണ്ടതായി വന്നു. കവിത പിൻവലിച്ചതിനെ ചൊല്ലിയും ഏറെ വിവാദങ്ങളുണ്ടായി. ഒരാഴ്ച മുമ്പ് എഴുതിയ 'സീത' പിൻവലിക്കാതെ 'പർദ്ദ' പിൻവലിച്ചതായിരുന്നു കാരണം. വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കെ രണ്ടുകവിതകളും ഡി സി ബുക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പർദ്ദയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമർശം വംശീയതയായി വായിക്കപ്പെടാമെന്നതിനാൽ അത് ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചത്. വിവാദങ്ങൾക്കിടയായെങ്കിലും സോഷ്യൽ മീഡിയയിൽ എഴുതുന്നത് തിരുത്തലുകൾക്ക് സഹായകമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പുതിയ കാലത്ത് വായനക്കാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കവിതകൾ എഡിറ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്.

പുതിയ പുസ്തകങ്ങൾ

തന്റേതായി മികച്ച ഒരു കവിതപോലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെടുന്ന പവിത്രൻ തീക്കുനി അത്തരമൊരു എണ്ണമറ്റ കവിത ഭാവിയിൽ പിറവിയെടുക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. മികച്ചൊരു കലാസൃഷ്ടി വായനക്കാർക്കുമുന്നിൽ ഉടൻ പിറവിയെടുക്കുമെന്ന് പ്രതീക്ഷ തന്നെ മധുരമായൊരു കവിതയോളം സുന്ദരമാണല്ലോ. അദ്ദേഹത്തിന്റെ ആയിരം പ്രണയം കവിതകളുടെ സമാഹാരം അധികം വൈകാതെ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നുണ്ട്. ധ്വനി ബുക്സിനായുള്ള പ്രണയക്കുറിപ്പുകളും പണിപ്പുരയിലാണ്. ഇതുവരെ താൻ എഴുതിയ കാവ്യാത്മകമായ അവതാരികകളെല്ലാം ചേർത്തുകൊണ്ടുള്ള ഒരു സമാഹാരവും അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൊന്നാണ്. ചിന്തോദ്ദീപകമായ ഒരുപിടി കവിതകൾ സമ്മാനിച്ച ആ തൂലിക ഇനിയും ചലിച്ചുകൊണ്ടേയിരിക്കട്ടെ എന്നതുതന്നെയാണ് മലയാളകവിത ആസ്വാദകരും ആഗ്രഹിക്കുന്നത്.