പാലക്കാട്: ചെർപ്പുളശ്ശേരി മുന്നൂർക്കോട്ടെ തന്റെ വീട്ടിൽ എ.കെ വെങ്കിടകൃഷ്ണൻ എന്ന ശാസ്ത്രജ്ഞൻ ഇപ്പോഴും ജോലിത്തിരക്കിലാണ്. പ്രായം 72 കഴിഞ്ഞതോ ശരീരത്തിന്റെ അവശതകളോ അദ്ദേഹത്തെ അലട്ടുന്നില്ല.

ഇന്ത്യയിൽനിന്ന് ആകാശത്തേക്ക് കുതിക്കുന്ന എല്ലാ വിക്ഷേപണദൗത്യത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ കൈകളുണ്ടെന്നത് അധികമാർക്കുമറിയില്ല. ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയർത്തിയ മംഗൾയാനു പിന്നിലും ഈ ശാസ്ത്രജ്ഞന്റെ കരങ്ങളുണ്ട്. മംഗൾയാനു ശേഷം ഐ.എസ്.ആർ.ഒ യുടെ അടുത്ത ദൗത്യമായ എൽ.എം വി എന്ന ഇന്ത്യയുടെ സുപ്രധാന ടെലികമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപണത്തിനുള്ള ഇന്ധനത്തിനുള്ള ജ്വലനസഹായി നിർമ്മിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം.

മംഗൾയാൻ ചൊവ്വയിലേക്കു കുതിച്ചത് ഇതിലെ ഇന്ധനം ശരിയായി കത്താൻ ഇദ്ദേഹം നിർമ്മിച്ച ക്രോപ്പർ ക്രോമൈറ്റ് എന്ന ജ്വലനസഹായി ഉപയോഗിച്ചായിരുന്നു. മംഗൾയാനിലെ പരീക്ഷണഘട്ടം മുതൽ അവസാനവിജയ വിക്ഷേപണം വരെ ഇദ്ദേഹം നിർമ്മിച്ച ജ്വലനസഹായിയാണ് ഉപയോഗിച്ചത്. മംഗൾയാൻ ദൗത്യത്തിനു ചെലവായത് ഏകദേശം 450 കോടി രൂപയാണ്. ഇത്തരം മറ്റു ദൗത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവു കുറവാണിത്. അതിനു പ്രധാനകാരണം ഈ ശാസ്തജ്ഞന്റെ ഇന്ധനച്ചെലവു കുറവാണെന്നതുതന്നെയാണ്.

മംഗൾയാൻ മാത്രമല്ല 1987 മുതൽ ഇന്ത്യയുടെ എല്ലാ വിക്ഷേപണദൗത്യത്തിനും ഇദ്ദേഹം നിർമ്മിച്ച ഇന്ധനസഹായി തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽ ഈ ജോലി ചെയ്യുന്നത് ഇദ്ദേഹം മാത്രമാണ്. പുതിയ ഒരാൾക്ക് ഇതിന്റെ സാങ്കേതികവിദ്യ പഠിപ്പിച്ച് നിർമ്മിക്കാൻ ഐ.എസ്.ആർ. ഒ അനുമതി നൽകിയിരുന്നുവെങ്കിലും അയാൾ നിർമ്മിച്ച സാമ്പിൾ ഐ.എസ്.ആർ. ഒ അംഗീകരിച്ചതായി അറിവില്ല. നമ്മുടെ പ്രതിരോധമേഖലയിലും ഇദ്ദേഹത്തിന്റെ ജ്വലനസഹായി ഉപയോഗിക്കുന്നുണ്ട്. അഗ്നി പോലുള്ള മിസൈലുകൾ തൊടുക്കാനുള്ള ഇന്ധനസഹായിയും വെങ്കിടകൃഷ്ണൻ നിർമ്മിക്കുന്ന ക്രോപ്പർ ക്രോമൈറ്റാണ്.

ഐ.എസ്.ആർ. ഒ യിൽ ശാസ്ത്രജ്ഞനായിരുന്ന വെങ്കിടകൃഷ്ണൻ 1990 ലാണ് അവിടെനിന്നു വിരമിച്ചത്. ജോലിയിൽനിന്ന് സാങ്കേതികമായി വിരമിച്ചെങ്കിലും പരിശീലിച്ചതും ചെയ്തുവന്നിരുന്നതുമായ ജോലി വീട്ടിൽ ആരംഭിക്കുകയായിരുന്നു. ഇതു നിർമ്മിച്ചുനൽകാൻ ഐ.എസ്.ആർ. ഒ അനുമതി നൽകിയിരുന്നു. നേരത്തെ ജോലിയിലുള്ള സമയത്തുതന്നെ വീട്ടിൽ നിർമ്മാണപ്രവർത്തനം തുടങ്ങിയിരുന്നു. അന്ന് ഇദ്ദേഹത്തിന്റെ അനിയൻ ഡോ രാമകൃഷ്ണൻ, ജ്യേഷ്ഠൻ എയർഫോഴ്‌സിൽനിന്നു റിട്ടയർ ചെയ്ത വൈദ്യനാഥൻ എന്നിവർ ചേർന്നാണ് നിർമ്മാണം തുടങ്ങിയത്. സ്ഥലത്തില്ലാതിരുന്ന വെങ്കിടകൃഷ്ണൻ ഫോണിലൂടെ വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. വളരെ കുറഞ്ഞ അളവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് അത് നിർമ്മിച്ചത്. പിന്നീട് ജോലിയിൽനിന്നു വിരമിച്ച ശേഷം നാട്ടിലെത്തി ഇദ്ദേഹം നിർമ്മാണം തുടങ്ങുകയായിരുന്നു.

ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കിയാണ് ഇദ്ദേഹത്തിന്റെ നിർമ്മാണം. ക്രോപ്പർ, ക്രോമിയം, ബേറിയം തുടങ്ങിയവയാണ് ഇതിനു വേണ്ട അസംസ്‌കൃത വസ്തുക്കൾ. നിർമ്മാണത്തിന് 12 ഘട്ടങ്ങളുണ്ട്. അവസാനഘട്ടം ഡിആക്റ്റിവേഷനാണ്. നിർമ്മിച്ചെടുക്കുന്നത് ക്രോപ്പർ ക്രോമൈറ്റ് എന്ന ഇന്ധന ജ്വലനസഹായിയാണ്. നിർമ്മാണം തുടങ്ങിയാൽ 4 മാസം പ്രവർത്തനം നിർത്തിവയ്ക്കാൻ പറ്റില്ല. രാത്രിയും ആൾ വേണം. എന്നാൽ രാത്രി പത്തിനു ശേഷം ഒരാൾ മതിയാകും. 18 ജോലിക്കാർ ഇദ്ദേഹത്തിന്റെ പ്ലാന്റിൽ ജോലിക്കാരായി ഇപ്പോളുണ്ട്. നിർമ്മാണത്തിനുശേഷം അറിയിച്ചാൽ ഉദ്യോഗസ്ഥരെത്തി പരിശോധനകൾ നടത്തി പായ്ക് ചെയത് അവരുടെ പ്രത്യേക വാഹനത്തിൽ കൊണ്ടുപോകുകയാണ് പതിവ്.

1964 ൽ രസതന്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയശേഷം വെങ്കിടകൃഷ്ണൻ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ചേർന്നു. ഇവിടത്തെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ ചേർന്നു.1969 ൽ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലായി. 1987 ൽത്തന്നെ ഇതു നിർമ്മിച്ചു നൽകാനുള്ള അവസരം ഇദ്ദേഹത്തിന് കിട്ടിയതുകൊണ്ടാണ് ജോലിയിരിക്കെ സഹോദരന്മാരുടെ സഹായത്തോടെ ഇതു നിർമ്മിച്ചത്. പിന്നീട് റിട്ടയർമെന്റിനു ശേഷം വീട്ടിലെത്തി വിപുലമായ തോതിൽ തുടങ്ങുകയായിരുന്നു. ഇദ്ദേഹം നിർമ്മിക്കുന്ന ഇന്ധന ജ്വലനസഹായിയായ ക്രോപ്പർ ക്രോമൈറ്റ് നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാൻ രണ്ടുതവണ പത്രപ്പരസ്യം വരെ നടത്തിയതാണ്.

പക്ഷേ പഠിക്കാൻ ആരും വന്നില്ല. ഈ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ അറിവു വേണം, ചെലവു വേണം, ത്യാഗമനോഭാവവും വേണം. അതിനു തയാറായി ആരും മുന്നോട്ടു വരുന്നില്ലെന്നതാണു പ്രശ്‌നം. ബഹിരാകാശരംഗത്തു നമ്മുടെ യശസ് വാനോളമുയർത്താൻ രാജ്യം ആഗ്രഹിക്കുമ്പോൾ ഭാവിയിൽ ഇന്ധനസഹായി നൽകാൻ ആരുണ്ടാവുമെന്നതാണു ചോദ്യം. മുന്നൂർക്കോട് മപ്പാട്ടകളത്തിൽ എന്ന വീട്ടിൽ താമസിക്കുന്ന വെങ്കിടകൃഷ്ണന്റെ ഭാര്യ അന്നപൂർണ്ണിയാണ്. മകൾ റാണി പാർവ്വതി