തിരുവനന്തപുരം: 2017 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഉണ്ടായത്. കേരളത്തിൽ നിന്ന് 26 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. വടയമ്പാടി സ്വദേശിനി ശിഖ സുരേന്ദ്രന്റെ 16ാം റാങ്കാണ് കേരളത്തിന് ഇത്തവണ ലഭിച്ച ഏറ്റവും ഉയർന്ന റാങ്ക്. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നും മിടുക്കോടെ പഠിച്ചാണ് ശിഖ സിവിൽ സർവീസ് ഉറപ്പിച്ചത്. കോലഞ്ചേരിയിലെ ഈ കൊച്ചുവീട്ടിൽ നിന്നാണ് ശിഖ പഠനം തുടങ്ങിയത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് സ്വപ്നം സാക്ഷാത്ക്കാരം. മലയാളക്കരയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ശിഖയുടെ വിജയം. കാരണം മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുതത്തായിരുന്നു ശിഖ സിവിൽ സർവീസ് പരീക്ഷ എഴുതിയത്.

പ്ലസ് ടൂവിൽ മലയാളത്തിൽ നൂറിൽ നൂറിൽ മാർക്ക് നേടിയ ശിഖ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തതും മലയാളം തന്നെ. ആത്മവിശ്വാസവും കഠിനപരിശീലനവും കൂടിയായപ്പോൾ ഐഎഎസ് സ്വപ്നം യാഥാർത്ഥ്യമായി. സ്‌കൂൾ തലത്തിലേ പഠനത്തിൽ മികവ് പുലർത്തിയ ശിഖക്ക് പുസ്തകൾ എക്കാലവും അടുത്ത അടുത്ത കൂട്ടുകാരായിരുന്നു. കോതമംഗലം എംഎ എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക്ക് പാസായ ശേഷമാണ് ശിഖ സിവിൽ സർവീസിന് തയ്യാറെടുത്ത് തുടങ്ങിയത്.

ശിഖയെ അനുമോദിച്ച് സന്തോഷത്തിന്റെ മധുരം പങ്കുവയ്ക്കാൻ അഭിമാനത്തോടെ നാട്ടുകാരും വീട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക പരിമിതികളിൽ നിന്നുകൊണ്ടാണ് ശിഖ പഠിച്ചതും വളർന്നതും. പഠനകാര്യങ്ങളിൽ എല്ലാവിധ പ്രോത്സാഹനവും നൽകി തന്നെ ഇതുവരെ എത്തിച്ചത് അച്ഛനും അമ്മയുമാണെന്ന് അഭിമാനത്തോടെയാണ് ശിഖ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് ശിഖ വിജയത്തിന്റെ വാർത്തയറിഞ്ഞത്. മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും പിന്നെ തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം വിളിച്ച് നന്ദിപറഞ്ഞു. ഓരോ മിനിറ്റും ശിഖയ്ക്ക് തിരക്കേറിവന്നു. ഡൽഹി സങ്കൽപ്പ ഭവൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടത്തിയത്. ആദ്യ ചാൻസിൽത്തന്നെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും റാങ്കിൽ ഇത്രയും മുമ്പിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശിഖ പറയുന്നു

ഒന്നാംക്ലാസു മുതൽ ഏഴാംക്ലാസുവരെ സെയ്ന്റ് പോൾസ് ജൂനിയർ സ്‌കൂളിലും എട്ടുമുതൽ പത്തുവരെ കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് ശിഖ പഠിച്ചത്. പ്ലസ്ടുവിന് കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിലും പഠിച്ചു. എസ്.എസ്.എൽ.സി. മുതൽ എല്ലാ വിഷയങ്ങൾക്കും ശിഖയ്ക്ക് എ പ്ലസുണ്ട്. കോതമംഗംലം എം.എ. എൻജിനീയറിങ് കോളേജിൽ ബി.ടെക്കിന് മികച്ച വിദ്യാർത്ഥിക്കുള്ള സമ്മാനവും നേടിയിട്ടുണ്ട്.

സിവിൽ സർവീസിന്റെ പരിശീലന സമയങ്ങളിൽ ശിഖ എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയതായി അമ്മ സിലോ പറഞ്ഞു. സഹോദരി നിവ സുനിൽ ദുബായിലാണ്. അച്ഛൻ സുരേന്ദ്രനും അമ്മയും തിരുവാണിയൂരിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. സാമ്പത്തിക പരിമിതികൾക്കിടയിലും പഠിക്കാൻ എല്ലാസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന തിരക്കിലായിരുന്നു ഇരുവരും.

അച്ഛന്റെ ആഗ്രഹമാണ് തന്നെ കളക്ടറാക്കിയതെന്നാണ് ശിഖ പറയുന്നത്. 2015 ജൂണിൽ ഡൽഹിയിലെ സങ്കൽപ് ഭവൻ എന്ന സിവിൽ സർവീസ് പഠനകേന്ദ്രത്തിൽ പോകനൊരുങ്ങുമ്പോൾ തനിക്ക് ഭയമോ പേടിയോ തോന്നിയില്ല. എല്ലാത്തിനും ധൈര്യമായത് സിവിൽ സർവീസ് എന്ന സ്വപ്നം തന്നെയാണ്. ഈ സമയത്ത് അച്ഛന് സുഖമില്ലായിരുന്നു. ഡയബറ്റീസ് രോഗിമായിരുന്നിട്ടും അച്ഛൻ പൂർണ മനസോടെ എനിക്ക് ധൈര്യം പകർന്നാണ് ഡൽഹിയിലേക്ക് അയച്ചത്. - ശിഖ പറയുന്നു.

ഐഛിക വിഷയമായ മലയയാളത്തിന്റെ കോച്ചിംഗിനായി പാലയിലുള്ള കേന്ദ്രത്തിലാണ് ശിഖ ചേർന്നത്. തന്റെ നേട്ടത്തിന് ഇവിടുത്തെ അദ്ധ്യാപകരായ ഡേവീസ് സേവ്യർ, ബേബി തോമസ് എന്നിവർ സഹായിച്ചിട്ടുണ്ടെന്ന് മിടുക്കി പറയുന്നു. ഐപിഎസ് നേടി കർണാടക പൊലീസ് ഫോഴ്‌സിൽ ഓഫീസറായ(ഡിഐജി) ഡി രൂപയുടെ വിജയമാണ് തനിക്ക് പ്രചോദനമായതെന്നും ശിഖ പറയുന്നു. ഡി രൂപ ഐപിഎസിന്റെ കഥയും അവരുടെ വാക്കുകളും സ്ത്രീക്ക് സാധ്യമല്ലാത്തതൊന്നുമില്ലെന്ന് കാണിച്ചു തന്നുവെന്നാണ് യുവതി പറയുന്നത്.

അതേസമയം മലയാളം ഐച്ഛിക വിഷയമാക്കി വിജയം കൊയ്തവരുടെ കൂട്ടത്തിൽ മറ്റൊരു യുവാവുമുണ്ട്. ആദ്യശ്രമത്തിലെ പരാജയത്തിൽ പതറാതെ രണ്ടാംവട്ടം പരീക്ഷയെഴുതി സിവിൽ സർവീസ് നേടിയ ഡോ. സദ്ദാം നവാസാണ് മലയാള ഭാഷയ്ക്ക് അഭിമാനമായത്. ചിതറ തലവരമ്പ് തെക്കുംകരവീട്ടിൽ ബദറുദ്ദീന്റെ മകനാണ് ഹോമിയോ ഡോക്ടറായ സദ്ദാംനവാസ്. ചിതറ ഗവ. എൽ.പി. സ്‌കൂളിലും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽനിന്ന് ഒന്നാംറാങ്കോടെ ഹോമിയോയിൽ ബിരുദം നേടി പ്രാക്ടീസ് തുടങ്ങി. എന്നാൽ കുട്ടിക്കാലത്തേയുള്ള സിവിൽ സർവീസ് മോഹം വിടാതെ പിൻതുടർന്നു.

സിവിൽ സർവസ് തിളക്കം ഗൾഫിലും

സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ ഗൾഫിലുമുണ്ട് വിജയത്തിന്റെ പൊൻതിളക്കം. ഷാർജ എമിറേറ്റ്‌സ് നാഷനൽ സ്‌കൂൾ പൂർവവിദ്യാർത്ഥി ഡോ. മെൽവിൻ വർഗീസിന് ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവീസ് 292-ാം റാങ്ക് ലഭിച്ചു. ബെംഗളൂരിവിൽ സ്ഥിരതാമസമാക്കിയ ചെങ്ങന്നൂർ മങ്ങലം കോയിക്കലേത്ത് ഡോ. ഷിബുവിന്റെയും ജിനിതയുടെയും മകനായ മെൽവിന്റെ സ്‌കൂൾ വിദ്യാഭ്യാസം അൽ ഐനിലും ഷാർജയിലുമായിരുന്നു.

അൽ ഐൻ ജൂനിയേഴ്‌സ് സ്‌കൂളിൽ കെജി ഒന്നുമുതൽ മൂന്നാം ക്ലാസ് വരെ പഠിച്ച മെൽവിൻ പത്തുവരെ ഷാർജ എമിറേറ്റ്‌സ് നാഷനൽ സ്‌കൂളിൽ പഠിച്ചു. 11, 12 ക്ലാസുകൾ ബെംഗളൂരുവിലെ ഡൽഹി പബ്ലിക് സ്‌കൂളിലായിരുന്നു. മൈസൂരൂ ഗവൺമെന്റ് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ഡൽഹിയിൽ കോച്ചിങ്ങിനും ചേർന്നു. ഐഎഎസ് തന്നെ ലക്ഷ്യമിടുന്നതിനാൽ അടുത്തവർഷം വീണ്ടും പരീക്ഷയെഴുതി റാങ്ക് മെച്ചപ്പെടുത്താനാണു തീരുമാനം.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)