മുംബൈ : ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് പേരുടെ പട്ടികയിൽ മലയാളി തിളക്കം. സാമൂഹിക പ്രവർത്തകയായ സിസ്റ്റർ ലൂസി കുര്യനാണ് ന്യൂയോർക്ക് ആസ്ഥാനമായ 'ഊം 100' മാഗസിൻ തയ്യാറാക്കിയ പട്ടികയിൽ ഇടം നേടി കേരളത്തിന്റെ അഭിമാനമായത്. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഹേർ ട്രസ്റ്റ് സ്ഥാപക ഡയറക്ടറാണ് സിസ്റ്റർ ലൂസി. രാജ്യാന്തരതലത്തിൽ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.

നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 21 വർഷമായി അഭയമേകുന്ന സന്നദ്ധ സംഘടനയാണ് മാഹേർ. നിലവിൽ 1400 പേർക്ക് അഭയമൊരുക്കുന്നു. മുളന്തുരുത്തിയാണ് മാഹേറിന്റെ കേരളത്തിലെ സെന്റർ. കണ്ണൂർ കോളയാട് സ്വദേശിയായ സിസ്റ്റർ ലൂസി കുര്യൻ വനിത വുമൺ ഓഫ് ദ് ഇയർ പുരസ്‌കാര ജേതാവാണ്. ദേശീയ, രാജ്യാന്തരതലത്തിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

മാഹേർ എന്നാൽ അമ്മയുടെ ഭവനം

'മാഹേർ' എന്ന മറാത്തി പദത്തിന്റെ അർത്ഥം 'അമ്മയുടെ ഭവനം' എന്നാണ്. അതിരുകളില്ലാത്ത മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ആ പ്രസ്ഥാനം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.മദർ തെരേസയുടെ ജീവിതവും ഉപവി പ്രവർത്തികളും സിസ്റ്റർ ലൂസി കുര്യന് ഉത്തമമായ മാതൃകയായിരുന്നു. പടിപടിയായ സിസ്റ്റർ ലൂസിയുടെ ജീവകാരുണ്യ പ്രവർത്തന മേഖലകൾ വിസ്തൃതമായി വ്യാപിച്ചു. ജാതിമതഭേദമില്ലാതെ അശരണരേയും ആലംബഹീനരേയും അവർ കൈപിടിച്ച് ജീവിതത്തിലേക്ക് ആനയിച്ചു.

ചേരി പ്രദേശങ്ങളിലും, തെരുവിലും അന്തി ഉറങ്ങിയിരിക്കുന്ന അനാഥ ബാലകരേയും, രോഗികളും, ദുർബലരുമായവരെ കണ്ടെത്തി അവർക്ക് അഭയവും, കിടപ്പാടവും, ആശ്രയവും നൽകി. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട അബലകളായ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകി. അവർക്കെല്ലാം മരുന്നും വസ്ത്രവും ഭക്ഷണവും കൊടുത്തു. അതോടൊപ്പം വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും പ്രദാനം ചെയ്തു. അനേകർക്ക് പുതുതായി ജീവിതമാർഗ്ഗവും കുടുംബ ജീവിതവും നൽകി.

പല കമ്പനികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും കിട്ടിയ സംഭാവനകൾ മുഴുവനായി ഈ വക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 'മാഹേർ' എന്ന പ്രസ്ഥാനം ചെലവാക്കുന്നു. സിസ്റ്റർ ലൂസി കുര്യന്റെ മഹത്തായ സേവനങ്ങളുടെ അംഗീകാരമായി ഇന്ത്യൻ പ്രസിഡന്റിന്റെ ഉൾപ്പെടെ സ്വദേശത്തു നിന്നും വിദേശത്തു നിന്നും അനേകം പുരസ്‌കാരങ്ങൾ അവരെ തേടിയെത്തി.

പുരസ്‌ക്കാരത്തോടൊപ്പം ലഭിച്ച തുക മുഴുവനായി സിസ്റ്റർ 'മാഹേർ' സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തിനാണ് ഉപയോഗിച്ചു വരുന്നത്. ആദിവാസി മേഖലകളിലും, ദാരിദ്ര്യമനുഭവിക്കുന്ന ഗ്രാമങ്ങളിലും 'മാഹേർ' സംഘടനയിലെ സന്നദ്ധ സേവാംഗങ്ങൾ പ്രവർത്തിക്കുന്നു.

നാരി ശക്തിപുരസ്‌കാർ, പോൾഹാരിസ് ഇന്റർനാഷണൽ അവാർഡ്, വനിതയുടെ, വുമൻ ഓഫ് ദ ഇയർ 2016, ഗ്ലോബൽ വുമൻസ് ലീഡർഷിപ്പ് അവാർഡ് തുടങ്ങിയവ സിസ്റ്റർ ലൂസിക്കു ലഭ്യമായ അനേകം ബഹുമതികളിൽ ചില മുഖ്യമായവ മാത്രം. സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടേയും മനുഷ്യാവകാശങ്ങളുടേയും ഒരു സജീവ വക്താവു കൂടിയാണ് സിസ്റ്റർ ലൂസി കുര്യൻ.

കേരളത്തിൽ കണ്ണൂരിൽ വാകച്ചാലിൽ കുര്യൻ- മറിയക്കുട്ടി ദമ്പതികളാണ് സിസ്റ്റർ ലൂസിയുടെ മാതാപിതാക്കൾ. സ്വീകരണത്തിനു നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് സിസ്റ്റർ ലൂസി കുര്യൻ പ്രസംഗമാരംഭിച്ചത്. താൻ ഒരു ക്രിസ്ത്യൻ കോൺഗ്രികേഷന്റെ ഭാഗമാണെങ്കിലും തന്റെ പ്രവർത്തനമേഖലയും 'മാഹേർ' എന്ന പ്രസ്ഥാനവും സകല മതസ്ഥർക്കും വേണ്ടിയുള്ളതാണ്. ഇവിടെ ചേരിതിരിവുകളില്ല. ഇവിടെ അവരവരുടെ മതവും വിശ്വാസവും അനുസരിച്ചു ജീവിക്കാം.

സർവ്വമത പ്രാർത്ഥനകളും ഉത്സവങ്ങളുമാണ് 'മാഹേറിലെ' അന്തേവാസികൾ ഉരുവിടുന്നതും, ആചരിക്കുന്നതും. ഈ പ്രസ്ഥാനത്തിന്റെ നടത്തിപ്പിനായി യാതൊരു നിർബന്ധിത പിരിവും നടത്താറില്ല. ഉദാരമതികൾ സ്വമനസ്സാലെ തരുന്നതു മാത്രം വാങ്ങും ആ തുക കൃത്യമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാത്രം വിനിയോഗിക്കും