കോട്ടയം: മോഷണത്തിന് പിടിയിലായപ്പോൾ വിവിധ കുറ്റകൃത്യങ്ങളിലായി രണ്ടായിരാമാണ്ടിൽ കോടതി വിധിച്ചത് 24 വർഷത്തെ തടവിന്. ജയിലിൽ മര്യാദക്കാരനായി നിന്നതോടെ നല്ലനടപ്പിന് ശിക്ഷാ ഇളവുനേടി എട്ടരക്കൊല്ലത്തിന് ശേഷം പുറത്തിറങ്ങിയ കാമാക്ഷി ബിജുവെന്ന കുറ്റവാളി പിന്നീട് തുടരെത്തുടരെ മോഷണം നടത്തി വിലസി. ഒന്നരക്കോടിയിലേറെ രൂപയുടെ സ്വത്തും ഒമ്പത് കാറുകളും സ്വന്തമാക്കി മോഷണം നടത്തി പൊലീസിനെ വെട്ടിച്ചു നടന്ന ബിജു കഴിഞ്ഞദിവസം കോട്ടയത്ത് പിടിയിലാകുമ്പോൾ ഇയാളുടെ വളർച്ച കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും അമ്പരന്നുപോയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തിയത് കാമാക്ഷി നടത്തിയത് നൂറിലേറെ മോഷണങ്ങളാണ്. കാമാക്ഷി പിടിയിലായതോടെ പൊലീസിന്റെ വലിയ തലവേദനയാണ് ഇല്ലാതാകുന്നത്. ഇടുക്കി തങ്കമണി കാമാക്ഷി വലിയപറമ്പിൽ ബിജുവാണ് മോഷ്ടാക്കളുടെയും പൊലീസിന്റെയും ഇടയിൽ കാമാക്ഷിയെന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നത്.

മോഷണ കേസുകളിൽ അന്വേഷണ സംഘങ്ങളെ കുഴക്കിയ ബിജു കോട്ടയത്ത് പിടിയിലാകുമ്പോൾ മോഷണം മുതൽ കൊണ്ടു മാത്രം ഒൻപതു കാറുകളാണ് സ്വന്തം പേരിൽ വാങ്ങിയിരുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ബിജു പൊലീസ് സംവിധാനങ്ങളെയോ അധികാരികളെയോ തെല്ലും ഭയപ്പെട്ടിരുന്നില്ല. കോടതിക്കുള്ളിൽ പോലും വെല്ലുവിളികൾ നടത്തിയിട്ടുള്ള ചരിത്രവുമുണ്ട് ബിജുവിന്.

ഏറെക്കാലം തിരഞ്ഞെങ്കിലും കിട്ടാത്ത ബിജു ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ

കഴിഞ്ഞ മാസം ചുങ്കത്ത് അളില്ലാത്ത വീട്ടിൽ നടന്ന മോഷണമാണ് ബിജുവിനെ പിടികൂടാൻ സഹായകരമായത്. ഈ സ്ഥലത്തു നിന്നും ലഭിച്ച വിരലടയാളമാണ് ബിജുവിലേയ്ക്ക് പൊലീസ് അന്വേഷണം എത്തിച്ചത്. വിവിധ ജില്ലകളിലെ പൊലീസ് സംഘം തിരയുന്ന ബിജുവിനെ കണ്ടെത്താൻ ഡിവൈ.എസ്‌പി സഖറിയ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോൺ നമ്പർ കണ്ടെത്തി. ഇതോടെയാണ് പ്രതി സേലത്തുണ്ടെന്നു ഉറപ്പിച്ചത്. തുടർന്നു തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കേരളപൊലീസ് ബിജുവിനെ പിടികൂടുകയായിരുന്നു.

കേരളത്തിൽ മോഷണം നടത്തിയ ശേഷം തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ അത്തൂരിനടുത്ത് ഇടയപ്പട്ടി ഭാഗത്തുള്ള കരുമാന്തുറയിലേയ്ക്കാണ് ഇയാൾ ഒളിവിൽ പോയിരുന്നത്. മോഷ്ടിച്ച ശേഷം വിൽക്കാനായി കയ്യിൽ സൂക്ഷിച്ചിരുന്ന സ്വർണ ഉരുപ്പടികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണ- അടിപിടിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ശേഷം പുറത്തിറങ്ങിയ പ്രതി നാലു വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ഇടിച്ചിട്ട ശേഷം കാറിൽ രക്ഷപെടാൻ ശ്രമിച്ചതിനു ഇയാൾക്കെതിരെ പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാമ്പാടി, കട്ടപ്പന, വണ്ടന്മേട്, വണ്ടിപ്പെരിയാർ, ഉപ്പുതറ, മുരിക്കാശ്ശേരി എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.

26 വർഷം കോടതി തടവ് ശിക്ഷ വിധിച്ച കുറ്റവാളി

രണ്ടായിരം മുതൽ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ആയിരുന്നു കഴിഞ്ഞ ദിവസം പിടിയിലായ കാമാക്ഷി ബിജു. നിരവധി മോഷണ കേസുകളിലെ ശിക്ഷയായി കോടതി വിധിച്ചത് 26 വർഷം തടവ്. എന്നാൽ എട്ടരവർഷം കഴിഞ്ഞപ്പോൾ നല്ല നടപ്പിന്റെ ആനുകുല്യത്തിൽ ബിജു പുറത്തിറങ്ങി. വീണ്ടും മോഷണത്തിൽ സജീവമായി. ബിജുവിന്റെ പേരിൽ നിരവധി കേസുകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വാതിൽ പൊളിച്ച് അകത്തു കയറുന്നതാണ് കാമാക്ഷിയുടെ ശൈലി. ആൾ താമസം ഇല്ലാത്ത വീടുകളിൽ പകൽ സമയത്താണ് മോഷണം നടത്തുന്നത്. വെട്ടുക്കിളിയേപ്പോലെയാണ് കാമാക്ഷിയെന്ന് പൊലീസ് പറയുന്നു. ഒരിക്കൽ ഒരു വീട്ടിൽ കയറിയാൽ സമീപത്തെ വീടുകളിൽ തുർച്ചയായി മോഷണം നടത്തുന്നതും ഇയാളുടെ ശൈലിയാണ്. നിരവധി തവണ പിടിയിലായിട്ടുള്ള ബിജു രണ്ടു വട്ടം പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ ചരിത്രവുമുണ്ട്.

ചോദ്യം ചോദിക്കുന്ന അവസരങ്ങളിൽ വയലന്റാകുന്ന ബിജു തല ഭിത്തിയിൽ സ്വയം ഇടിച്ച് പൊട്ടിക്കുമെന്നും നാക്ക് കടിച്ച് മുറിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിനോട് ഒട്ടും തന്നെ സഹകരിക്കാത്ത ഇയാൾ ആഹാരം കഴിക്കാൻ പോലും കൂട്ടാക്കാറില്ല. പൊലീസിനെതിരെ ലോക്കപ്പ് മർദ്ദനക്കുറ്റം ആരോപിക്കാനായാണ് ഇത്തരം ചെയ്തികളെന്നും ഉദ്യോഗസ്ഥർ പറയുന്നു.

കോടതി മുറിക്കുള്ളിൽ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ ചരിത്രവുമുണ്ട് ബിജുവിന് . ബിജുവിന്റെ മകൻ ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ കുറ്റത്തിന് ഇപ്പോൾ ജയിലിലാണ്. അടുത്ത ദിവസം ബിജുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.

കാമാക്ഷി മരിച്ചുപോയെന്ന് പ്രചരിപ്പിച്ച് വീട്ടുകാരും നാട്ടുകാരും

ഒരു മാസം മുമ്പാണ് ബിജു ചുങ്കത്തെ ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയത്. അവിടെ നിന്നും ലഭിച്ച വിരടയാളം ബിജുവിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇടുക്കിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വീട്ടുകാരോട് ഇയാളെപ്പറ്റി ചോദിച്ച പൊലീസ് സംഘത്തിന് കിട്ടിയ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. കാമാക്ഷി ബിജു മരിച്ചുപോയെന്ന് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറഞ്ഞതോടെ പൊലീസും കുഴങ്ങി. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സേലത്തുണ്ട് ഇയാളെന്ന് വിവരം ലഭിച്ചു. ഒടുവിൽ മോബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടിയിലായി. പിടിയിലാകുമ്പോൾ ബിജുവിന്റെ മടിക്കുത്തിൽ മോഷ്ടിച്ച സ്വർണ്ണ ഉരുപ്പടികൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു.

തല മൊട്ടയടിച്ച് രൂപമാറ്റം വരുത്തിയ കാമാക്ഷി സേലത്ത് ജീവിച്ചത് തമിഴനായിത്തന്നെയാണ്. തടിക്കച്ചവടക്കാരനും മുതലാളിയുമായി അവിടെ വിലസി ജീവിച്ച ബിജുവിനെ ആരും മനസ്സിലാക്കിയിരുന്നില്ല. മോഷണ മുതലുകൊണ്ട് വാഹനങ്ങൾ വാങ്ങിയിരുന്ന ബിജു സേലത്ത് വാങ്ങിയത് ഇന്നോവാ ഉൾപ്പെടെയുള്ള വാഹനങ്ങളാണ്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ബിജുവിന്റെ നിരവധി വാഹനങ്ങൾ തൊണ്ടിമുതലായി കിടപ്പുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും കാമാക്ഷി ബിജുവിന്റെ പേരിൽ കേസുകൾ നിലവിലുണ്ട്. പല കേസുകളിലും കാമാക്ഷി പിടികിട്ടാപുള്ളിയുമാണ്. ദേവികുളത്തെ ഒരു വീട്ടിൽ നിന്നും കാമാക്ഷി മോഷ്ടിച്ചത് 140 പവൻ സ്വർണ്ണമായിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ 2014ൽ കോട്ടയം പാമ്പാടിയിൽ എത്തി ഒളിച്ചു താമസിച്ചു. തുടർന്ന് കോട്ടയം ജില്ലയായി കാമാക്ഷിയുടെ മേച്ചിൽപ്പുറം. കല്യാണക്കാര്യത്തിലും ബിജു വ്യത്യസ്തനാണ്. ഇതു വരെ മൂന്ന് വിവാഹങ്ങൾ. ആദ്യ ഭാര്യ സഹതടവുകാരന്റെ ഒപ്പം ഒളിച്ചോടുകയായിരുന്നു. രണ്ടാം ഭാര്യയും പിണങ്ങിപ്പോയതോടെയാണ് ബിജു മൂന്നാമതും വിവാഹിതനായത്.