കോട്ടയം: മോഷ്ടിച്ചതൊന്നും ചേക്കുവിട്ട് പോയിട്ടില്ലെന്ന് മീശമാധവൻ അഭിമാനത്തോടെ പറഞ്ഞതു തന്നെയാണ് തൃക്കൊടിത്താനത്തെ എക്സിക്യുട്ടീവ് കള്ളൻ പ്രിൻസിനും പറയാനുള്ളത്. താൻ മോഷ്ടിച്ചതൊന്നും നാടുവിട്ട് പോയിട്ടില്ല! കിണ്ടി, വിളക്ക്,വാഹനങ്ങളുടെ പാട്സ്, സ്വർണം എന്നുവേണ്ട് കണ്ണിൽ കണ്ടതെല്ലാം പ്രിൻസ് മോഷ്ടിക്കും. എന്നാൽ അതെല്ലാം സ്വന്തം വീടിന്റെ മൂന്നു കിലോമീറ്ററിനുള്ളിൽ നിന്ന് മാത്രം. മോഷ്ടിച്ചതെല്ലാം നാട്ടിൽ തന്നെ മറിച്ചു വിൽക്കും. സ്വർണം മാത്രമാണ് കോട്ടയം നഗരത്തിൽ വിറ്റിരുന്നത്.

ബ്രാൻഡഡ് ഷർട്ട് ധരിച്ച്, ഇൻ സർട്ട് ചെയ്ത്, കയ്യിൽ കൊക്കക്കോളാ കാനുമായി കറങ്ങി നടക്കുന്ന പ്രിൻസിനെക്കുറിച്ച് നാട്ടുകാർക്കു ലവലേശം സംശയം ഇല്ലായിരുന്നു, ആളൊരു മോഷ്ടാവാണെന്ന്. പലനാൾ കള്ളൻ ഒരു നാൾ പിടിയിലെന്ന് പറയും പോലെ മുക്കുപണ്ടം വിൽക്കാനുള്ള പ്രിൻസിന്റെ ശ്രമം പാളിയപ്പോൾ തെളിഞ്ഞത് തൃക്കൊടിത്താനത്തെ ഇരുപതോളം വീടുകളിലെ വമ്പൻ കവർച്ചയായിരുന്നു.

ചെറിയ ചെറിയ മോഷണങ്ങളായതിനാൽ പല വീട്ടുകാരും ഇക്കാര്യം പോലും അറിഞ്ഞിരുന്നില്ല. ഒരില പോലും അനങ്ങാതെ അതി വിദഗ്ദ്ധമായി മോഷണം നടത്താനുള്ള പ്രിൻസിന്റെ കഴിവ് കണ്ട് പൊലീസും അമ്പരന്നു. നഗരമധ്യത്തിലെ ജുവലറിയിൽ മുക്കുപണ്ടം വിൽക്കാൻ ശ്രമിക്കുന്നതിനിടെ ചങ്ങനാശേരി മാടപ്പള്ളി താഴത്തുവല്യാനാൽ വീട്ടിൽ പ്രിൻസ് ആന്റണിയെ (34) ഷാഡോ പൊലീസ് സംഘം പിടികൂടിയതോടെയാണ് നാട്ടിലെ ചെറുതും വലുതുമായ മോഷണപരമ്പരയുടെ ചുരുളഴിഞ്ഞത്.

ചെറുപ്രായത്തിൽ തന്നെ പിതാവും മാതാവും മരിച്ച പ്രിൻസ് നയിച്ചിരുന്നത് ആർഭാട ജീവിതമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ച പ്രിൻസ്, തുടർന്ന് ചങ്ങനാശേരിയിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഗ്രാഫിക് ഡിസൈനിങ് പഠിച്ചു. തുടർന്നു 2004 ൽ ജോലിക്കായി മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്നു. ഇവിടെ ഏഴു വർഷം ജോലി ചെയ്ത പ്രിൻസ് 2011 ൽ ദുബായിയിലേയ്ക്കു പോയി. ഓരോ വർഷവും നാട്ടിൽ മടങ്ങിയെത്തിയിരുന്ന പ്രിൻസ് മൂന്നു വർഷം കൊണ്ട് അഞ്ചു ലക്ഷത്തോളം രൂപ സമ്പാദിച്ചു.

തുടർന്ന് 2014 ൽ നാട്ടിൽ തിരികെ എത്തി സഹോദരനൊപ്പം താമസിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് കയ്യിലുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപയും അടിച്ചുപൊളിച്ച പ്രിൻസ് ജോലിക്കൊന്നും പോകാതെയായി. ഇങ്ങനെ കയ്യിലെ പണം തീർന്നതോടെയാണ് ആർഭാട ജീവിതത്തിനായി മോഷണത്തിലേയ്ക്കു പ്രിൻസ് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു.

ഇടം കയ്യിൽ വിലകൂടിയ മൊബൈൽ ഫോണും വലം കയ്യിൽ കൊക്കക്കോളയും. പ്രിൻസിന്റെ ശരീരത്തിന്റെ ഭാഗങ്ങളായിരുന്നു ഇവ രണ്ടും. ഇവയില്ലാതെ പ്രിൻസിനെ നാട്ടിൽ കാണാൻ കിട്ടുമായിരുന്നില്ല. പ്രിൻസ് താമസിച്ചിരുന്ന മുറിയിൽ നിറയെ ദൈവങ്ങളുടെ ചിത്രങ്ങളാണ്. ശിവനും, കർത്താവും, അള്ളാഹുവും ഒരേ മുറിയിൽ തോളോടു തോൾ ചേർന്നിരിക്കുന്നു. വൃത്തിയായി അടുക്കിപ്പെറുക്കിയ മുറിയിലെ അലമാരയിൽ അഞ്ഞൂറോളം പാന്റും ഷർട്ടും ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്. മുറിയുടെ ഒരു മൂലയിൽ ഒഴിഞ്ഞ കോളാ കുപ്പികളും വിലകൂടിയ പെർഫ്യൂം ബോട്ടിലുകളും നിരത്തി വച്ചിരുന്നു. ഷർട്ടും പെർഫ്യൂമുകളും കോളയും വാങ്ങുന്നതിനു വേണ്ടിയാണ് പ്രതി തന്റെ കയ്യിലെ പണം മുഴുവൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തൃക്കൊടിത്താനത്തെ വീടുകളിൽ നിന്ന് മോഷ്ടിച്ച സ്വർണം നഗരത്തിലെ ഒരു ജുവലറികളിലാണ് പ്രിൻസ് വിറ്റിരുന്നത്. അങ്ങനെ സ്വർണം സുഖമായി വിറ്റ ഓർമ്മയിലാണ് കഴിഞ്ഞ ദിവസം ഇതേ ജുവലറിയിൽ എത്തിയത്. ഈ സ്വർണത്തിനൊപ്പം മറ്റൊരു വീട്ടിൽ നിന്ന് മോഷ്ടിച്ച മുക്കുപണ്ടവും ജുവലറിയിൽ കൊണ്ടു വന്നിരുന്നു. സ്വർണ്ണത്തോടൊപ്പമുള്ള മുക്കുപണ്ടം കണ്ടെത്തിയ ജുവലറിക്കാരൻ ഇത് വാങ്ങില്ലെന്ന് പറഞ്ഞു.

ഇതോടെ ജുവലറി ജീവനക്കാരുമായി പ്രിൻസ് തർക്കത്തിലായി. തർക്കം തെറിവിളിയിലേക്കും, കയ്യാങ്കളിയിലേക്കും കടക്കുമെന്ന നിലവന്നതോടെ പ്രിൻസ് ജുവലറിയിൽ നിന്ന് ഇറങ്ങിയോടി. ജീവനക്കാർ പിന്നാലെ ഓടി പ്രിൻസിനെ പിടികൂടി പൊലീസിനു കൈമാറി. ഇതോടെയാണ് തൃക്കൊടിത്താനം കേന്ദ്രീകരിച്ചു പ്രതി നടത്തിയ മോഷണത്തിന്റെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ ഇയാൾ അയൽവാസിയായ മാടപ്പള്ളി പിരളി ഇല്ലം ബാലകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിൽ നിന്ന് മൂന്ന് തവണകളായി 17 പവന്റെ ആഭരണവും മാടപ്പള്ളിയിലെ രാജു മാമ്പള്ളി എന്നയാളുടെ കടയോട് ചേർന്നിരിക്കുന്ന വീട്ടിന്റെ ഓടിളക്കിമാറ്റി അകത്തുകയറി 1500 രൂപയും പാലക്കുന്നേൽ കുഞ്ഞമ്മയുടെ വീട്ടിൽനിന്ന് ഒരു നെക്ലസ്, താഴത്തുവല്യാനാൽ തോമസിന്റെ വീട്ടിൽ നിന്ന് സ്വർണം എന്നിവയും മോഷ്ടിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവയിൽ ചിലത് മുക്കുപണ്ടമായിരുന്നു.

വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ചെടുക്കുന്ന പണവും സ്വർണ്ണവും പ്രതി ഒളിപ്പിച്ചിരുന്നത് ദിവാൻകോട്ടിന്റെ തലയണയിൽ. ദിവാൻ കോട്ടിന്റെ ഉരുണ്ട തലയണയുടെ ഒരു ഭാഗത്തെ കെട്ട് അഴിച്ച ശേഷം ഇതിനുള്ളിൽ സ്വർണം സൂക്ഷിക്കുകയാണ് പ്രതി ചെയ്തിരുന്നത്. ആരു പരിശോധിച്ചാലും സ്വർണം കണ്ടെത്താൻ സാധിക്കാത്ത രീതിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. സ്വർണം ഒഴികെയുള്ള മോഷണ മുതലുകളെല്ലാം സമീപത്തെ ആക്രിക്കടയിലാണ് പ്രതി വിറ്റിരുന്നത്. കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടിയിരുന്നതിനാൽ ആക്രിക്കടക്കാരൻ പ്രിൻസിനെ അളവറ്റ് പ്രോത്സാഹിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

പുലർച്ചെ മൂന്നു മണിക്കു അലാറം വച്ച് ഉണരുന്ന പ്രിൻസ് അതി രാവിലെ തന്നെ നടക്കാനിറങ്ങും. ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല, തരം കിട്ടിയാൽ എന്തും മോഷ്ടിക്കുക. നടക്കാൻ പോകുന്ന വഴിയിൽ വീടിന്റെ മുന്നിൽ വച്ചിരിക്കുന്ന വാഹനങ്ങളുടെ പാട്സുകൾ ഊരിയെടുക്കും. വീടിനു പുറത്തിരിക്കുന്ന അലങ്കാര വസ്തുക്കളും, ലൈറ്റും, ട്യൂബും വരെ പ്രിൻസ് കൈക്കലാക്കും. ചെറിയ വസ്തുക്കൾ മോഷണം പോകുന്നതിനാൽ ആരും പരാതിയുമായി പൊലീസ് സ്റ്റേഷനിലേയ്ക്കു പോകാറില്ലായിരുന്നു.

ആദ്യ മോഷണങ്ങൾ വിജയമായതോടെയാണ് പ്രിൻസ് പിന്നീട് വലിയ വേട്ടയിലേയ്ക്ക് തിരിഞ്ഞത്. ആദ്യം വീടുകളിലെ ചെറിയ മോഷണങ്ങൾ ആയിരുന്നുവെങ്കിൽ പിന്നീട് ഇത് പ്രദേശത്തെ കടകളിലേയ്ക്ക് തിരിഞ്ഞു. പകൽ സമയങ്ങളിൽ പോലും കടകളിലെത്തി മോഷണം നടത്തുന്നത് പ്രിൻസിന്റെ ശീലമായിരുന്നു. ചെറുകിട മോഷണം നടത്തുന്ന പണം ഒന്നിനു തികയാതെ വന്നതോടെയാണ് വീടുകളുടെ ഓടിളക്കി അകത്തു കയറി മോഷണം നടത്താനുമുള്ള പദ്ധതി പ്രിൻസ് തയ്യാറാക്കിയത്. ഈ പദ്ധതിയാണ് പ്രിൻസിന് ജയിലിലേക്കുള്ള വഴിയായി മാറിയത്.