ഇടുക്കി : കുടുംബ ബന്ധങ്ങൾ നിമിഷനേരം കൊണ്ട് പൊട്ടിച്ചെറിയുന്ന കാലഘട്ടത്തിൽ വിജയകരമായ 83 വർഷം പിന്നിട്ട ദമ്പതികൾ സമൂഹത്തിന് മാതൃകയാവുന്നു. മാതാപിതാക്കളുടെ വിവാഹവാർഷികം ഒരു ആഘോഷമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് മക്കളും മരുമക്കളും കൊച്ചുമക്കളും ചെറുമക്കളുമടങ്ങുന്ന കുടുംബം.

മുതലക്കോടം കുന്നുമ്മേൽ തോമസ്-ഏലി ദമ്പതികൾക്കാണ് ഇങ്ങനെയൊരു ഭാഗ്യം. എല്ലാം ദൈവാനുഗ്രഹം എന്ന ഒറ്റവാക്കിൽ ഇവർ സന്തോഷം പങ്കിടുന്നു. നാലാം ക്ലാസ്സിൽ പുസ്തകം ഉപേക്ഷിച്ച് കൃഷിപണിയിലേക്ക് ഇറങ്ങിയതാണ് തോമസ് ചേട്ടന്റെ തുടക്കം. ബാല്യത്തിലെ നല്ല സ്വഭാവം കൊണ്ട് കേഡി എന്ന ഒരു വിളിപ്പേരും പള്ളിക്കൂടത്തിൽ വീണിരുന്നു. പുള്ളൻ കടുവ എന്ന കൊച്ചാപ്പു സായിപ്പ് എന്ന മറ്റൊരു കൊച്ചാപ്പുമായിരുന്നു പള്ളിക്കൂടം കൂട്ടുകാർ.

എന്നാൽ കരിമണ്ണൂർ സ്‌കൂളിൽ പഠനത്തിൽ ഒന്നാമതായിരുന്നു ഏലി. പക്ഷേ വീട്ടുകാരുടെ സമ്മർദ്ദം മൂലം നാലാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച് വീട്ടുജോലികളിൽ വ്യാപൃതയാകേണ്ടിവന്നു. കൃഷിപ്പണിയിലേക്ക് തിരിഞ്ഞ തോമസിന്റെ പ്രധാന ചുമതല കന്നുകാലി നോട്ടമായിരുന്നു. ഒഴിവുസമയത്ത് പന്ത് കളി, വെള്ളത്തിൽചാട്ടം തുടങ്ങിയവയായിരുന്നു പ്രധാന വിനോദം. പതിനെട്ടാം വയസിൽ ചീമ്പാറയിൽ പേരമ്മയാണ് കരിമണ്ണൂർ അത്തിക്കൽ കുടുംബാംഗമായ പതിനഞ്ചുകാരി ഏലിയുമായി ആലോചന കൊണ്ടുവന്നത്.

വധൂവരന്മാർ പരസ്പരം കണ്ടില്ലെങ്കിലും മാതാപിതാക്കൾ ആലോചിച്ച് വിവാഹം ഉറപ്പിച്ചു. കാൽനടയായി കരിമണ്ണൂർ പള്ളിയിലെത്തി ഇരുവരും വിവാഹത്തിന് സമ്മതം പറഞ്ഞ് ഒത്തുകല്യാണത്തിനാണ് ആദ്യകണ്ടുമുട്ടൽ. 1932 ഫെബ്രുവരി 13ന് മുതലക്കോടം പള്ളിയിൽ വച്ചായിരുന്നു വിവാഹം. ജീവിതത്തിൽ ആദ്യമായി വെള്ളമുണ്ട് ഉടുത്തത് വിവാഹദിവസമായിരുന്നുവെന്ന് തൊമ്മൻചേട്ടൻ പറഞ്ഞു. ചട്ടയും മുണ്ടുമായിരുന്നു വധുവിന്റെ വേഷം.

സ്‌നേഹവും സഹനവും ഉണ്ടായാൽ മാത്രമേ വിജയകരമായ ദാമ്പത്യം ഉണ്ടാകുകയുള്ളുവെന്ന് ഈ ദമ്പതികൾ പറയുന്നു. സ്ത്രീയെ ബഹുമാനിക്കണം. ശാരീരികവും മാനസികവുമായി ഒരിക്കലും അവളെ ബുദ്ധിമുട്ടിക്കരുതെന്ന പക്ഷക്കാരനാണ് തൊമ്മൻചേട്ടൻ. പ്രിയതമ ഏലി നല്ല ഭാര്യയും നല്ല അമ്മയുമാണെന്ന് തൊമ്മൻ ചേട്ടൻ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ ഞങ്ങൾ സംതൃപ്തരാണ്. ഇതൊരു പോരാട്ടമായിരുന്നു. ഞങ്ങൾ രണ്ടുപേരും പോരാടി, കഠിനമായി ജോലി ചെയ്തു, ജീവിത വിജയം കൈവരിച്ചു-ഇരുവരും ഒരുമിച്ച് പറയുന്നു.

ഇവർക്ക് എട്ട് മക്കളാണുള്ളത്. ജോർജ്ജ് (റിട്ട. റവന്യൂ ഇൻസ്‌പെക്ടർ), ചിന്നമ്മ (റിട്ട. ടീച്ചർ), മേരി (റിട്ട. ബാങ്ക്), ജോസ് (റിട്ട. ഡി.ഇ.റ്റി.), ബേബി (റിട്ട. ടീച്ചർ), അലോഷ്യസ് (കർഷകൻ), ജെയിംസ് (വനം വകുപ്പ് ഉദ്യോഗസ്ഥൻ), ഷാന്റി. മാതാപിതാക്കളുടെ വിവാഹ വാർഷികം ജനുവരി 31ന് ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ് മക്കൾ. രാവിലെ 8.30ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വി. കുർബാന, തുടർന്ന് വസതിയിൽ അനുമോദനയോഗവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.