കൊച്ചി: മോഡലിംഗും സിനിമയും ഇപ്പോഴും ഒരു മായാപ്രപഞ്ചമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ലൈംലൈറ്റിലേക്ക് എത്താനുള്ള ശ്രമത്തിനിടെയിൽ ചതിക്കുഴിയിൽ വീണ് ജീവിതം തകർന്നത് നിരവധി യുവതികൾക്കാണ്. പണത്തിന്റെയും ഗ്ലാമറിന്റെയും കുത്തൊഴുക്കുള്ള മേഖലയിൽ രക്ഷപെടുന്നവരുടെ എണ്ണവും കുറവാണ്. ഇങ്ങനെ മോഡലിംഗിനോടുള്ള അഭിനിവേശമാണ് കരുനാഗപ്പള്ളിയിലെ പാവാടക്കാരിയായ നാടൻ പെൺകുട്ടിയായ ടിൻസി ബാബുവിനെ മയക്കുമരുന്നു ലോബിയുടെ കണ്ണിയാക്കിയത്. നടൻ ഷൈൻ ടോമിനൊപ്പം കൊക്കൈനുമായി അറസ്റ്റിലായ യുവതിയാണ് ടിൻസി നാലാം പ്രതിയാണ്.

വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന പിതാവിന്റെയും കരുനാഗപ്പള്ളിയിലെ വീട്ടുകാരുടെയും മുന്നിൽ നാടൻ പെൺകുട്ടിയാണ് ടിൻസി. എന്നാൽ, നഗരത്തിലെത്തിയാൽ അടിമുടി മാറ്റമാണ് ടിൻസിക്ക്. കൊച്ചി നഗരത്തിന്റെ ചൂടും ചൂരും അറിയുന്ന എല്ലാം തികഞ്ഞ മോഡേൺ പെൺകുട്ടിയായി മാറുകയായിരുന്നു ടിൻസി. എൻജിനീയറിങ് പഠിച്ച് കൊച്ചിയിലെ ഇൻഫോപാർക്കിൽ ജോലി ചെയ്യുകയാണ് ടിൻസി എന്നായിരുന്നു നാട്ടുകാരുടെ ധാരണ. എന്നാൽ അടുത്തകാലത്ത് ചില പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവർ മോഡലാണെന്ന് അയൽവാസികൾ അറിയുന്നത് തന്നെ.

കരുനാഗപ്പള്ളി ടൗൺ യു.പി.ജി.എസിലും ഗേൾസ് എച്ച്.എസിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ടിൻസി പഠനത്തിൽ സമർത്ഥയായിരുന്നു. എല്ലാവരുമായി എളുപ്പത്തിൽ കമ്പനിയാകുന്ന പ്രകൃതമായിരുന്നു ഇവരുടേത്. അങ്ങനെയുള്ള ടിൻസി ഒരു സുപ്രഭാതത്തിൽ ലഹരി മരുന്ന് മാഫിയുടെ കൈയിൽ അകപ്പെട്ടുവെന്ന കാര്യം അറിഞ്ഞപ്പോൽ നാട്ടുകാർക്കൊപ്പം സഹപാഠികളും അന്തം വിടുകയാണ്.

കരുനാഗപ്പള്ളി ഹയർ സെക്കന്ററി സ്‌കൂളിൽ പ്‌ളസ് ടു പഠനത്തിനുശേഷം മംഗലാപുരത്ത് എഞ്ചിനീയറിങ് പഠനമാണ് ടിൻസിയെ മാറ്റിയത്. പഠനത്തിന് ശേഷം സ്വന്തം മേഖലയേക്കാൾ മോഡലിങ് എന്ന താൽപ്പര്യമായിരുന്നു ടിൻസിക്ക്. ചെങ്ങന്നൂർ സ്വദേശിയായ മാതാവിനൊപ്പം കരുനാഗപ്പള്ളിക്ക് അടുത്തുള്ള വീട്ടിൽ കഴിഞ്ഞുവന്ന ടിൻസിക്ക് നാട്ടുകാരുമായി അധികം അടുപ്പമില്ലെങ്കിലും അയൽവീടുകളുമായും സുഹൃത്തുക്കളുമായും സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു.

മോഡലിങ് രംഗത്തെത്തിയ ടിൻസി ചുരിങ്ങിയ കാലങ്ങൾ കൊണ്ടു തന്നെ പ്രമുഖരുമായി സൗഹൃദം സ്ഥാപിച്ചു. സിനിമാ രംഗത്തുള്ള പ്രമുഖരുമായുള്ള കൂട്ടാണ് ടിൻസിയെ മോഡലെന്ന നിലയിൽ കൂടുതൽ പ്രശസ്തയാക്കിയത്. ഈ സൗഹൃദം തന്നെയാണ് യുവതിയെ വഴിതെറ്റിച്ചതെന്നാണ് വീട്ടുകാരും കരുതുന്നത്. കേരളത്തിൽ നിന്നുള്ള മോഡലുകൾ കുറവാണെന്നിരിക്കെ ഈ രംഗത്തേക്ക് ചുടവുവച്ച ടിൻസി ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയങ്കരി ആകുകയും സാമ്പത്തിക നില ഭദ്രമാക്കുകയും ചെയ്തു.

കൊച്ചി നഗരത്തിലും കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നടക്കുന്ന നിശാപാർട്ടികളിലെ സജീവ സാന്നിദ്യമായും ഇവർ മാറിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഇങ്ങനെയുള്ള നിശാപാർട്ടികളിൽ നുരയുന്ന ലഹരിയുടെ ഭാഗമായി മാറിയ ടിൻസി മയക്കുമാരുന്നിന്റെ മായാലോകത്തേക്ക് പോകുകയായിരുന്നു. ഫേയ്‌സ് ബുക്കിലൂടെ മണിക്കൂറുകൾക്ക് മുമ്പ് മാത്രം അനൗൺസ് ചെയ്യപ്പെടുന്ന ഹൈ പ്രൊഫൈൽ കൂട്ടായ്മയിൽ അംഗത്വം നേടുന്നതിന് 3000 മുതൽ 5000 രൂപ വരെയാണ് നിരക്കെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

എന്നാൽ ടിൻസി മയക്കുമരുന്നിന്റെ കാരിയറാണെന്നാണ് പൊലീസ് പറയുന്നത്. ഗോവയിലും മംഗലാപുരത്തും ടിൻസിക്ക് ബന്ധങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ ടിൻസിക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ടിൻസിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസും നർക്കോട്ടിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. ടിൻസി പിടിയിലാകുകയും വീട്ടിൽ പൊലീസ് പരിശോധന നടക്കുകയും ചെയ്തതോടെ കുടുംബവും കടുത്ത മാനസിക പ്രയാസത്തിലാണ്. കോടതിയുടെ റിമാൻഡിൽ കഴിയുന്ന ഇവരെ ജാമ്യത്തിലിറക്കാൻ അടുത്ത ബന്ധുക്കൾ ശ്രമം നടത്തിവരികയാണ്.