- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ സംഘർഷങ്ങൾ പതിവ്; കോടതിയും ആശുപത്രിയും കയറിയിറങ്ങി നിരവധി പേർ; ഓരോ വിഭാഗത്തിനും പ്രത്യേകം പള്ളിയും പള്ളിക്കൂടവും മദ്രസയും; ഒരേ കുടുംബത്തിൽപ്പോലും ചേരിതിരിഞ്ഞ് അടി; ഉണ്ണിയാലിന്റെ ദുർഗതി ഇങ്ങനെ
മലപ്പുറം: താനൂർ- തിരൂർ നിയോജകമണ്ഡലങ്ങളുടെ അതിർത്തിപ്രദേശവും മലപ്പുറം ജില്ലയുടെ കടലോരഗ്രാമവുമാണ് ഉണ്ണിയാൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തോളമായി സ്വൈര്യവും സമാധാനവും നിറഞ്ഞ ജീവിതം ഇവിടത്തുകാർക്ക് അന്യമാണ്. രാഷ്ടീയ സംഘട്ടനങ്ങൾ കൊണ്ട് അശാന്തി പരന്നിരിക്കുകയാണിവിടെ. പിറന്നുവീഴുന്ന കുഞ്ഞിനു പോലും രാഷ്ട്രീയവിഷം കുത്തിവെയ്ക്കപ്പെടുന്നു. നാദാപുരത്തെയും കണ്ണൂരിലെയും രാഷ്ട്രീയ ലഹളകൾക്കപ്പുറമാണ് ഇവിടത്തെ സമൂഹ്യ അന്തരീക്ഷം. ബോംബും ഗ്രനേഡും ഇല്ലെന്നു മാത്രം. എന്നാൽ നിരന്തരമായ രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് കൃത്യമായ മാദ്ധ്യമ ഇടമോ വേണ്ട പരിഹാരമോ ഉണ്ടാവുന്നില്ലെന്നതാണ് വസ്തുത. ഗർഭിണിയായ യുവതിയെ ചവിട്ടി കുഞ്ഞിനെ കൊലപ്പെടുത്തുന്നു, ആടുമാടുകളെ ചുട്ടെരിക്കുന്നു, വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നു ഇതെല്ലാം നിത്യസംഭവവും ഇവിടത്തെ പ്രാദേശിക പത്രത്താളുകളിൽ മാത്രം സ്ഥിരമായി ഇടം പിടിക്കുന്ന സംഭവങ്ങളുമാണ്. എല്ലാ സംഘട്ടനങ്ങളും കലാപങ്ങളും ലീഗ്-സിപിഐ എം ലേബലിലായിരുന്നു നടന്നിരുന്നത്. 1990 കളിലായിരുന്നു കൃത്യമായി പറഞ്
മലപ്പുറം: താനൂർ- തിരൂർ നിയോജകമണ്ഡലങ്ങളുടെ അതിർത്തിപ്രദേശവും മലപ്പുറം ജില്ലയുടെ കടലോരഗ്രാമവുമാണ് ഉണ്ണിയാൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തോളമായി സ്വൈര്യവും സമാധാനവും നിറഞ്ഞ ജീവിതം ഇവിടത്തുകാർക്ക് അന്യമാണ്. രാഷ്ടീയ സംഘട്ടനങ്ങൾ കൊണ്ട് അശാന്തി പരന്നിരിക്കുകയാണിവിടെ.
പിറന്നുവീഴുന്ന കുഞ്ഞിനു പോലും രാഷ്ട്രീയവിഷം കുത്തിവെയ്ക്കപ്പെടുന്നു. നാദാപുരത്തെയും കണ്ണൂരിലെയും രാഷ്ട്രീയ ലഹളകൾക്കപ്പുറമാണ് ഇവിടത്തെ സമൂഹ്യ അന്തരീക്ഷം. ബോംബും ഗ്രനേഡും ഇല്ലെന്നു മാത്രം. എന്നാൽ നിരന്തരമായ രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് കൃത്യമായ മാദ്ധ്യമ ഇടമോ വേണ്ട പരിഹാരമോ ഉണ്ടാവുന്നില്ലെന്നതാണ് വസ്തുത. ഗർഭിണിയായ യുവതിയെ ചവിട്ടി കുഞ്ഞിനെ കൊലപ്പെടുത്തുന്നു, ആടുമാടുകളെ ചുട്ടെരിക്കുന്നു, വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നു ഇതെല്ലാം നിത്യസംഭവവും ഇവിടത്തെ പ്രാദേശിക പത്രത്താളുകളിൽ മാത്രം സ്ഥിരമായി ഇടം പിടിക്കുന്ന സംഭവങ്ങളുമാണ്. എല്ലാ സംഘട്ടനങ്ങളും കലാപങ്ങളും ലീഗ്-സിപിഐ എം ലേബലിലായിരുന്നു നടന്നിരുന്നത്.
1990 കളിലായിരുന്നു കൃത്യമായി പറഞ്ഞാൽ ഇവിടെ രാഷ്ട്രീയമായ ചേരിതിരിവ് രൂപപ്പെടുന്നത്. 90 ശതമാനം മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന പ്രദേശത്ത് ആദ്യകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. തൊണ്ണൂറുകളുടെ അവസാനത്തിലായിരുന്നു ഉണ്ണിയാലിൽ സിപിഐ(എം) വേരോട്ടമുണ്ടാകുന്നത്. മുസ്ലിംലീഗ് മാത്രം പ്രതിനിധീകരിച്ച താനൂർ മണ്ഡലത്തിന്റെ പ്രധാന ഭാഗമായിരുന്നു ഉണ്ണിയാൽ. ഇക്കാലയളവിൽ മലപ്പുറത്തിന്റെ കടലോര മേഖലയിൽ കമ്മ്യൂണിസം പച്ചപിടിക്കുന്നത് ലീഗ് കേന്ദ്രങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പിന്നീട് ചെറിയ വിഷയങ്ങളും കാരണങ്ങളുമായിരുന്നു വലിയ സംഘട്ടനങ്ങൾക്ക് വഴിവച്ചത്. ഇരുപാർട്ടി നേതൃത്വവും സംഘർഷങ്ങളെല്ലാം രാഷ്രീയമായും വോട്ടുകളായും ഉപയോഗപ്പെടുത്തി. എന്നാൽ നഷ്ടങ്ങളും യാതനകളും പേറി അക്രമിക്കപ്പെട്ടവരും, ജയിലും കോടതിയുമായി അക്രമികളും ദുരിതം പേറേണ്ടി വന്നു.
രാഷ്ട്രീയ സംഘർഷങ്ങൾക്കപ്പുറം മത സംഘടനകൾ തമ്മിലുള്ള സംഘട്ടനങ്ങൾക്കും ഉണ്ണിയാൽ സാക്ഷിയാകേണ്ടി വന്നു. 1989 ൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയിലുണ്ടായ പിളർപ്പ് എ.പി - ഇ.കെ സുന്നികൾ എന്ന വേർതിരിവുണ്ടാക്കി. കേരളത്തിലെ ഏറ്റവും പ്രബല മുസ്ലിം വിഭാഗമായ സുന്നികൾക്കിടയിലെ പിളർപ്പ് മലബാറിലെ ഗ്രാമങ്ങളിലും ശക്തമായ പോരിന് ഇടയാക്കി. എ.പി-ഇ.കെ പോര് സംഘട്ടനമായും രാഷ്ട്രീയ കലഹമായും മാറിയതു സംസ്ഥാനത്ത് ഉണ്ണിയാൽ എന്ന പ്രദേശത്ത് മാത്രമായിരിക്കും. സമസ്തയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ച് സമസ്ത ലീഗിന് അടിയറ വച്ചുകൊണ്ട് പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചായിരുന്നു കാന്തപുരവും സമസ്തയിലെ ഏതാനും പണ്ഡിതരും മറ്റൊരു സമസ്തക്ക് രൂപം നൽകിയത്. ഇതോടെ ലീഗുകാരും ഇ.കെ സമസ്തക്കാരും എ.പി വിഭാഗത്തിനെതിരെ തിരിഞ്ഞു. അവസരം പാഴാക്കാതെ സിപിഐ(എം), എപി വിഭാഗത്തോടൊപ്പം നിന്ന് ലീഗിനെതിരെ പോരടിച്ച് ഗ്രാമങ്ങളിൽ രാഷ്ട്രീയ ഇടം കണ്ടെത്തി. എന്നാൽ ഉണ്ണിയാലിലെ എ.പി-ഇ.കെ സംഘട്ടനം വലിയ രാഷ്ട്രീയ കലാപത്തിനു കൂടി വഴിവെയ്ക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.
ഓരോ കലാപത്തിലും വീടു നഷ്ടമാകുന്നവരുടെയും തൊഴിൽ ഉപകരണങ്ങളും വാഹനങ്ങളും നഷ്ടമാകുന്നവരുടെയും എണ്ണം വർധിച്ചു. പരസ്പര പോര് ശക്തി പ്രാപിക്കുകയല്ലാതെ യാതൊരു അയവും സംഭവിച്ചില്ല. പുതിയ പാർട്ടി ഗ്രാമങ്ങൾ കെട്ടിപ്പടുക്കാനായി പാർട്ടികൾ പരസ്പരം ആയുധങ്ങൾ ശേഖരിച്ചും ശേഖരിച്ച ആയുധം മൂർച്ചകൂട്ടിയും അടുത്ത എതിരാളിയെ വകുവരുത്താനായി കാത്തിരുന്നു. സർക്കാർ ആശുപത്രികൾ വെട്ടേറ്റവരാലും ആക്രമിക്കപ്പെട്ടവരാലും നിറഞ്ഞു. 2001ൽ മുസ്ലിം ലീഗ് പ്രവർത്തകൻ 23 വയസ് പ്രായമുള്ള റാസിഖിനെ സിപിഎമ്മുകാർ അതിക്രൂരമായി കൊലപ്പെടുത്തിയതോടെ പ്രദേശമാകെ കലാപത്തിൽ മുങ്ങി. കേന്ദ്ര സംസ്ഥാന പൊലീസ് സേനകളെ സ്ഥലത്ത് വിന്യസിച്ചെങ്കിലും സംഘർഷത്തിനു ശമനമുണ്ടായില്ല. കൊലപാതക കേസിൽ അമ്പതോളം സിപിഐ(എം) പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. തുടർന്ന് മഞ്ചേരി സെഷൻസ് കോടതി 17 സിപിഎമ്മുകാരെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. ശിക്ഷക്ക് വിധേയമായവരിൽ സിപിഎമ്മിന്റെ പ്രദേശിക നേതാക്കളടക്കം ഉണ്ടായിരുന്നു.
പ്രതികളെ രക്ഷിക്കാനായി സിപിഐ(എം) സംസ്ഥാന നേതാക്കൾ വരെ ഇടപെട്ടു. പാർട്ടി ചെലവിൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ സുപ്രീം കോടതിയിൽ നിന്നും മൂന്ന് വർഷം മുമ്പ് പ്രതികൾക്ക് ജാമ്യമനുവദിച്ചതോടെ കേസിലുൾപ്പട്ടവരെല്ലാം പുറത്തിറങ്ങി. വലിയ സ്വീകരണവും ആരവത്തോടെയും കൂടുതൽ ശക്തിയോടെ ഇവരെ പാർട്ടിക്കാർ വരവേറ്റു. എന്നാൽ ഇത് പുതിയ കലാപത്തിലേക്കുള്ള തുടക്കമായിരുന്നു. വീണ്ടും ഉണ്ണിയാൽ പ്രദേശം അശാന്തിയുടെ വിളനിലമായി മാറിയിരിക്കുകയാണ്. അക്രമത്തിലും അക്രമിക്കപ്പെടുന്നവരിലും ഇരു പാർട്ടികൾക്കും തുല്യ പങ്കു തന്നെയായിരുന്നു. കഴിഞ്ഞ മാസം ലീഗ് പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും വലിയതോതിൽ അഗ്നിക്കിരയാക്കുകയും തകർക്കുകയും ചെയ്തിരുന്നെങ്കിൽ കഴിഞ്ഞ രാത്രിയിൽ പതിനെഞ്ചോളം വീടുകളും കച്ചവട സ്ഥാപനങ്ങളും തകർന്നത് സിപിഎമ്മുകാരുടെതായിരുന്നു. അക്രമത്തിൽ വെട്ടേറ്റ് ആശുപത്രിയിലെത്തുന്നവരുടെ കണക്ക് വേറെയും. പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും അക്രമികൾ വെറുതെ വിടുന്നില്ലെന്നതും ഗൗരവതരമാണ്. അരക്ഷിതമായ സാമൂഹിക അന്തരീക്ഷം രൂപപ്പെട്ടിട്ടും ഇരുപാർട്ടിയിലെയും നേതാക്കൾ പരസ്പരമിരുന്ന് പ്രശ്‌ന പരിഹാരത്തിന് ഫലപ്രദമായ ശ്രമം നടത്തുന്നില്ലെന്നതാണ് ഖേദകരം.
ഒരേ കുടുംബത്തിൽപ്പെട്ടവർ പോലും പാർട്ടികളുടെ പേരിൽ മുഖം തിരിക്കുന്ന പ്രത്യേക സാമൂഹ്യ അന്തരീക്ഷമാണ് ഉണ്ണിയാലിൽ രൂപപ്പെട്ടിരിക്കുന്നത്. വിവാഹമോ മറ്റിടപാടുകളോ ഈ പ്രദേശത്തുള്ളവരുമായി നടത്താൻ പുറംനാട്ടുകാർക്ക് താൽപര്യമില്ലാതായിരിക്കുന്നു. ലീഗുകാർക്കും സിപിഎമ്മുകാർക്കും പ്രത്യേകം പള്ളിയും പള്ളിക്കൂടവും മദ്രസയുമാണിവിടെയെന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. നൂറ് മീറ്റർ മാത്രം അകലത്തിൽ ലീഗുകാർക്കും സിപിഎമ്മുകാർക്കും വെവ്വേറെ നിലകൊള്ളുന്ന മസ്ജിദുകളാണിവിടെ. ഇവരുടെ കുട്ടികൾക്ക് പഠിക്കാൻ പ്രത്യേക മദ്രസയും സ്‌കൂളും ഉണ്ടിവിടെ. പഴയ എ.പി-ഇ.കെ സംഘട്ടനത്തിന്റെ ബാക്കി പത്രം കൂടിയാണിത്.
വിവാഹമോ വിശേഷ ചടങ്ങുകളോ ഉണ്ടായാൽ എതിർപാർട്ടിക്കാരെ വിളിക്കാറില്ല, വിളിച്ചാൽ കൊടി വ്യത്യാസത്തിന്റെ പേരിൽ പങ്കെടുക്കാത്ത പ്രത്യേക ചുറ്റുപാടുമുണ്ടിവിടെ. ആർക്കുവേണ്ടിയാണ് ഇതെല്ലാമെന്നു ചോദിച്ചാൽ ഇവർക്കും ഉത്തരമില്ല. എന്നാൽ ഇതെല്ലാം കൊണ്ട് ഇരുപാർട്ടികൾക്കും പ്രത്യേകം നേട്ടമുണ്ടോയെന്ന് നേതൃത്വത്തോട് ചോദിച്ചാൽ ഇല്ലെന്നു തന്നെയാണ് മറുപടി. മത്സ്യബന്ധനവും ഗൾഫുമാണ് ഇവിടത്തെ പ്രധാന വരുമാന മാർഗം. സംഘർഷ കേസുകളിൽപ്പെട്ട് ഡസൻകണക്കിന് യുവാക്കൾക്ക് പാസ്‌പോർട്ടു പോലും കൈവശപ്പെടുത്താനാവാത്ത സ്ഥിതിയാണുള്ളത്.
നഷ്ടങ്ങൾ പേറി, അസ്വസ്ഥമായ സാമൂഹ്യ ചുറ്റുപാടിൽ ഒരു ജനത ജീവിതം തള്ളിനീക്കുമ്പോൾ ശാന്തിയും സൗഹൃദവും തിരിച്ചുകൊണ്ടുവരണമെന്നാണ് ഇവിടത്തെ ജനങ്ങളുടെ ആവശ്യം.