കണ്ണൂർ: കലയും പ്രതിഷേധവും സമന്വയിപ്പിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് കണ്ണൂരിലെ ശശികലയെന്ന വി.പി. ശശിധരൻ. ചീകിയൊതുക്കാത്ത നീളൻ തലമുടി തടവി ഒറ്റയാനായി നീതിനിഷേധത്തിനെതിരെ പൊരുതുന്നത് ചില്ലറക്കാരനൊന്നുമല്ല. കേരളത്തിലെ ലളിത കലാ അക്കാദമി, ഫോക്ക് ലോർ അക്കാദമി, എന്നിവയുടെ നിർവ്വാഹക സമിതി അംഗവും നിരവധി കലാ സാംസ്‌കാരിക സംഘടനകളുടെ ചുമതലക്കാരനുമാണ് ഈ ശശി. അനീതി എവിടെക്കണ്ടാലും പ്രതികരിച്ചില്ലെങ്കിൽ തനിക്ക് പിന്നീട് ഉറക്കമുണ്ടാകില്ലെന്നാണ് ആർട്ടിസ്റ്റ് ശശി പറയുന്നത്. നീതി നിഷേധത്തിനെതിരെ അവസാന അറ്റം വരെ പോയി വിജയിച്ചു വരുന്നത് പുതുതലമുറ പാഠമാക്കണമെന്നും ശശിക്ക് അഭിപ്രായമുണ്ട്. 

2008 ൽ കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടർക്കെതിരെയാണ് ശശിയുടെ പ്രതിഷേധത്തിന്റെ പ്രധാന തുടക്കം. തലശേരിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്ര ചെയ്യാൻ കണ്ടക്ടറുടെ തൊട്ടടുത്ത സീറ്റിൽ ശശി ഇരുന്നു. എണ്ണതേക്കാത്ത നീളൻ മുടിയും രൂപവും കണ്ട കണ്ടക്ടർ സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. താൻ യാത്രക്കാർക്ക് അവകാശപ്പെട്ട സീറ്റിലാണിരിക്കുന്നതെന്ന് ശശിയുടെ തിരിച്ചടി. കണ്ടക്ടർക്ക് ഈ സീറ്റിലെ ഒരു സീറ്റിനു മാത്രമേ അവകാശമുള്ളൂ.

പിന്നീട് ഇരുവരും മിണ്ടാട്ടമില്ല. ബസ്സ് കണ്ണൂരിലെത്തി. മുണ്ട് മടക്കിക്കുത്താൻ നേരമാണ് ശശി ശ്രദ്ധിച്ചത്. തന്റെ മുണ്ടിൽ കണ്ടക്ടർ കറുത്ത മഷികൊണ്ട് ചിത്രരചന നടത്തിയിരിക്കുന്നു. കണ്ടക്ടർക്കെതിരെ പരാതിയുമായി ഡി.ടി.ഒ.ക്കടുത്ത് ഉടൻ ശശിയെത്തി. പൊലീസിലും പരാതി നൽകി. പരാതിയുടെ പകർപ്പ് വകുപ്പുമന്ത്രിക്കും കെ.എസ്.ആർ.ടി.സി. എം.ഡിക്കും അയച്ചു. ഈരാറ്റുപേട്ടക്കാരനായ കണ്ടക്ടറെ പൊലീസ് പൊക്കി കണ്ണൂരിലെത്തിച്ചു. ബസ്സിൽ ക്രൂരനായ കണ്ടക്ടർ ശശിയുടെ മുന്നിൽ പൂച്ചയായി. ആശ്രിത നിയമനത്തിൽ ജോലി നേടിയ കണ്ടക്ടറും യൂണിയൻകാരും ശശിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. വികൃതമാക്കിയ മുണ്ടിനു പകരം മുണ്ട് കണ്ടക്ടർ വാങ്ങിത്തരണം എന്ന കരാറിൽ 288 രൂപ വിലവരുന്ന മുണ്ടിന് 300 രൂപ ശശിക്ക് നൽകാൻ തീരുമാനിച്ചു. പൊലീസ് കേസ് ശശി തന്നെ പിൻവലിച്ചു. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് പെരുമാറ്റച്ചട്ടം കൂടി നടപ്പാക്കപ്പെട്ടതും ഇതോടെയാണ്.

ശശിയുടെ സുപ്രധാനമായ രണ്ടാമങ്കത്തിനു കാരണം ഇന്നു പ്രാബല്യത്തിലില്ലാത്ത 25 പൈസയാണ്. 2012 ജനുവരിയിലെ ഒരു പ്രഭാതം. കണ്ണൂരിൽനിന്നും മാഹിയിലേക്ക് പാസഞ്ചർ ട്രെയിനിൽ യാത്രചെയ്യാൻ അഞ്ചു രൂപ കണക്കാക്കി ടിക്കറ്റ് കൗണ്ടറിലെത്തി. രണ്ടു രൂപയുടെ രണ്ടു നോട്ടും 50 പൈസയുടെ ഒന്നും 25 പൈസയുടെ രണ്ടു നാണയങ്ങളും നൽകി. കൗണ്ടറിലെ ജീവനക്കാരിയോട് ടിക്കറ്റ് ആവശ്യപ്പെട്ടു. 25 പൈസ നാണയങ്ങൾ കണ്ടതോടെ കൗണ്ടറിലെ ജീവനക്കാരി കലിയിളകിയ പോലെയായി. 25 പൈസ എടുക്കില്ലെന്ന് ജീവനക്കാരി ശഠിച്ചു. ശശിയും വിട്ടില്ല. ഒടുവിൽ നാണയങ്ങൾ അവർ തട്ടിമാറ്റി.

ക്ഷുഭിതനായ ശശി പോരാട്ടത്തിന് തുടക്കമിട്ടു. സ്‌റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി. പാലക്കാട്ടെ ഡിവിഷണൽ ഓഫീസിൽനിന്നും അഞ്ചാം ദിവസം ആർട്ടിസ്റ്റ് ശശിക്ക് മറുപടി വന്നു. 25 പൈസ സർക്കാർ നിരോധിച്ചതാണെന്നും ജീവനക്കാരിയെ ന്യായീകരിച്ചുമാണ് റയിൽവെയുടെ മറുപടി. ഗസറ്റ് അരിച്ചു പെറുക്കി പരിശോധിച്ചപ്പോൾ 25 പൈസ നാണയം നിരോധിച്ചിട്ടില്ല. തുടർന്ന് സ്‌റ്റേഷൻ മാസ്റ്റർ, സ്‌റ്റേഷൻ മാനേജർ, റവന്യൂ ഡിവിഷണൽ മാനേജർ, എന്നിവരെ പ്രതിചേർത്ത് കണ്ണൂർ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. കേസ് സ്വയം വാദിച്ചു. എന്നാൽ കേസ് കണ്ണൂരിൽ തള്ളപ്പെട്ടു. സംസ്ഥാന ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. അവിടേയും സ്വന്തമായി വാദിച്ചു. ശശി ടിക്കറ്റെടുത്ത സമയത്ത്് 25 പൈസ നിരോധിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. തിരക്കിൽ 25 പൈസ നാണയം എണ്ണാൻ പറ്റാത്തതിനാലാണ് എടുക്കാതിരുന്നതെന്ന റെയിൽവെയുടെ വാദം ഫോറം അംഗീകരിച്ചില്ല. പരാതിക്കാരനായ ശശിക്ക് റെയിൽവെ നഷ്ടപരിഹാരമായി 3000 രൂപ നൽകാൻ വിധിച്ചു. തുക കൈപ്പറ്റിയശേഷം ഇത് റയിൽവെയുടെ പണമല്ലെന്നും സ്റ്റേഷന്മാസ്റ്റർ, ബുക്കിങ്ങ് കഌർക്ക് എന്നിവരിൽ നിന്നാണ് ഈടാക്കിയതെന്നും വിവരാവകാശ രേഖപ്രകാരം ശശി ഉറപ്പാക്കുകയും ചെയ്തു.

ശശികലയുടെ ഇപ്പോഴത്തെ അങ്കം തപ്പാൽ വകുപ്പിനെതിരെയാണ് നടന്നു വരുന്നത്. ഒരുപക്ഷേ ദേശീയ പ്രാധാന്യമർഹിക്കുന്ന കേസായിരിക്കുമിത്. കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റാഫീസിൽനിന്നും ചിറക്കലിലേക്കയച്ച രജിസ്റ്റേഡ് കത്തു പോസ്റ്റ്മാൻ പൊട്ടിച്ച് ഉള്ളടക്കം ചോർത്തി നൽകിയെന്നാണ് കേസ്. ഭൂമിവാങ്ങാൻ 2 ലക്ഷം രൂപ ശശി അഡ്വാൻസ് നൽകിയതുമായി ബന്ധപ്പെട്ട വ്യവഹാരത്തിന് അയച്ചതായിരുന്നു രജിസ്റ്റർ കത്ത്. മേൽവിലാസക്കാരന് കത്തിലെ വിവരങ്ങൾ വായിക്കാൻ നൽകിയശേഷം കൈപ്പറ്റാതെ തിരിച്ചെത്തി. സ്റ്റാപ്പിൾ ചെയ്ത കത്തിലെ പിൻ ഇളക്കിയ നിലയിലാണു കാണപ്പെട്ടത്. വിവരങ്ങൾ ചോർത്തുകയും ചെയ്തതിനാൽ സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾ തുടരാനാവാതെ നഷ്ടം സംഭവിച്ചു എന്നാണ് കേസ്. പോസ്റ്റ്മാനെതിരായ പരാതി പോസ്റ്റ് മാസ്റ്റർ സ്വീകരിക്കാതെ മടക്കി.

കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് മുമ്പാകെ ശശി പരാതിയുമായെത്തി. പിന്നിളക്കിയതും കത്തിലെ വിവരം ചോർത്തിയതും കത്ത് മടക്കുമ്പോൾ മുദ്ര അകത്തായതും സൂപ്രണ്ടിനെ കാണിച്ചു. കത്ത് ചോർത്തി നൽകി വീണ്ടും കവറിലാക്കിയപ്പോൾ പോസ്്റ്റ്മാന് പറ്റിയ അബദ്ധം തെളിവായി. പരാതി സൂപ്രണ്ടിന് അംഗീകരിക്കേണ്ടതായും വന്നു. സൂപ്രണ്ടിന്റെ അന്വേഷണ പ്രകാരം പോസ്റ്റ്മാനെ സ്ഥലം മാറ്റി. രണ്ട് ഇൻക്രിമെന്റുകൾ തടഞ്ഞു. കത്ത് ചോർന്നതുമൂലം ലക്ഷക്കണക്കിന് രൂപയുടെ വ്യവഹാരം നഷ്ടപ്പെട്ടതിനാൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകി. ഫോറം കേസ് തള്ളി. സംസ്ഥാന ഫോറത്തിൽ പരാതിയുമായി എത്തിയപ്പോൾ കേസ് എടുക്കാൻ ഉത്തരവായി. കത്ത് ചോർത്തിയ പോസ്റ്റ്മാന് കൂട്ടുനിന്ന തപാൽ വകുപ്പിനെതിരെ സംസ്ഥാന- ദേശീയ തലത്തിൽ കേസ് എത്തിക്കാൻ ശ്രമിക്കുകയാണ് ശശി. യൂനിയൻ ഓഫ് ഇന്ത്യാ സെക്രട്ടറി, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവരെ പ്രതിചേർക്കാൻ നോട്ടീസ് നൽകി കാത്തിരിക്കയാണ് ഇദ്ദേഹം. അടുത്ത മാസം കേസ് പരിഗണിക്കുമ്പോൾ ദേശീയ തലത്തിലേക്ക് ആർട്ടിസ്റ്റ് ശശിയുടെ കേസ് എത്തും.

കേവലം ഒരു ശശിയല്ല ഈ ആർട്ടിസ്റ്റ് ശശി. സംസ്ഥാന ദേശീയ കലോത്സവങ്ങൾക്കുൾപ്പെടെ അഞ്ഞൂറോളം ലോഗോകൾ രൂപ കൽപ്പന ചെയ്ത കരവിരുതിനുടമയാണ്. അരുവിപ്പുറം ക്ഷേത്രമാതൃകയുടെ രഥവും നിരവധി ടാബ്ലോകളും നിർമ്മിച്ച ശശി പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയിൽ നിന്നും ബഹുമതി ഏറ്റുവാങ്ങിയിരുന്നു. അനീതിക്കെതിരെ ഒറ്റയാനായി പൊരുതാൻ ഈ പെരുന്തച്ചന് എങ്ങനെ സമയമെന്ന് ചോദിക്കുന്നവരോട് ശശിയുടെ ഉത്തരം ഇങ്ങനെ, സമയമുണ്ടാവുകയല്ല, ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് ശശികലയുടെ മറുപടി.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ