കോഴിക്കോട് : തയ്യൽ ജോലിയിൽ മുഴുകി കുടുംബം പോറ്റുന്നതിനിടയിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് വേണ്ടി പോരാടണമെന്നും അതിന് പരിഹാരം കണ്ടെത്തണമെന്നുള്ള വാശി ഇപ്പോൾ ചെന്ന് നിൽക്കുന്നത് ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിൽ. കോഴിക്കോടെ പി. വിജി ഇപ്പോൾ ഓരോ വനിതകൾക്കും പ്രചോദനമായി മാറുകയാണ്. ബിബിസി അംഗീകാരം നൽകുന്നതിന് മുൻപേ തന്നെ ജനമനസുകളിൽ വിജിക്ക് പ്രഥമ സ്ഥാനം കൈവന്നു കഴിഞ്ഞിരുന്നു.

2018ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വനിതകളുടെ പട്ടിക അടുത്തിടെ ബിബിസി പുറത്ത് വിട്ടപ്പോൾ 73ാം സ്ഥാനമാണ് വിജിയെ കാത്തിരുന്നത്. തളരാതെയുള്ള പോരാട്ടത്തിലൂടെ വനിതകൾക്ക് മാതൃകയാകുകയാണ് ഈ 55കാരി. വിജിയുടെ ജീവിതത്തെ അറിയാനുള്ള ആഗ്രഹത്തിലാണ് ഇപ്പോൾ ഏവരും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കിടയിൽ ഏറെ നാളായി ഈ കോഴിക്കോട് സ്വദേശിനി പ്രവർത്തിക്കുന്നുണ്ട്. പെൺകൂട്ട് എന്ന സംഘടനയ്ക്ക് രൂപം നൽകി തന്റെ പ്രവർത്തനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും വിജി സാധിച്ചെടുത്തു. കഴിഞ്ഞ പത്തു വർഷത്തിലേറെയായി അസംഘടിത മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ് വിജി.

മിഠായി തെരുവിൽ തയ്യൽ കട നടത്തുന്നതിനിടെയാണ് വനിതകൾക്കായി പ്രവർത്തിക്കാൻ വിജി രംഗത്തിറങ്ങുന്നത്. പത്താം ക്ലാസ് വരെ മാത്രം പഠിച്ച വിജി പ്രതിസന്ധികൾക്ക് മുന്നിൽ തളരാൻ തയാറല്ലായിരുന്നു. മിഠായി തെരുവിലെ വനിതാ ജീവനക്കാർക്ക് മൂത്രപ്പുര നിർമ്മിക്കണമെന്ന ആവശ്യവുമായാണ് വിജി സമര രംഗത്തേക്ക് ഇറങ്ങുന്നത്. ശക്തമായി ഇതിനായി പോരാടിയപ്പോൾ ഇവിടത്തെ പല കെട്ടിടങ്ങളിലും മൂത്രപ്പുരകൾ വന്നു. തുണക്കടകളിൽ സെയിൽസിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശം നേടിയെടുക്കാൻ 2014 മുതൽ പോരാട്ടം ആരംഭിച്ചു.

കസേരകൾ തലയിൽ ചുമന്ന് മിഠായി തെരുവിലൂടെ വിജിയും സംഘവും നടത്തിയ സമരം ഏറെ ജനശ്രദ്ധയാണ് നേടിയത്. വൈകാതെ തന്നെ മറ്റു ജില്ലകളിലേക്ക് വിജിയുടെ ഇരിപ്പ് സമരം എന്ന ആശയം പ്രചരിച്ചു. തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന് നിവേദനം നൽകിയതിന് പിന്നാലെ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ സർക്കാർ ഭേദഗതി കൊണ്ടുവരികയും തൊഴിലിടങ്ങളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അനുവാദം നൽകുകയും ചെയ്തു. 2013ൽ കോഴിക്കോട്ടെ കൂപ്പൺ മാൾ പൂട്ടുന്നതിനെതിരെ വിജി നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

വനിതാ തൊഴിലാളികൾക്ക് തുല്യ ജോലിക്ക് തുല്യ കൂലി എന്ന ആശയം മുന്നോട്ട് വച്ച് പോരാടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വിജി. സംസ്ഥാനത്തെ തൊഴിൽ അവകാശ പോരാട്ടങ്ങളിൽ പങ്കെടുത്ത മുഴുവൻ പേർക്കുമുള്ള അംഗീകാരമായാണ് ബിബിസി തനിക്ക് നൽകിയ സ്ഥാനത്തെ കാണുന്നതെന്നും താനടക്കമുള്ള സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ കാണാൻ ബിബിസി പോലെ വലിയൊരു മാധ്യമത്തിന് സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പെൺകരുത്തിന്റെ പര്യായമായ വിജി പറയുന്നു. പാലാഴി കളത്തിൽ തൊടി മീത്തലിലാണ് വിജി താമസിക്കുന്നത്. വിജിയുടെ പ്രവർത്തനങ്ങൾക്ക് കൂട്ടായി ഭർത്താവ് സുരേഷും മക്കൾ അമൃതയും അനന്തുവും സദാ കൂടെയുണ്ട്.

ബിബിസിയുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ

ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാരാണുള്ളത്. സുന്ദർബൻ മേഖലയിലെ ഗ്രാമത്തിലേക്ക് ഇഷ്ടികകൾ കൊണ്ട് വഴിയുണ്ടാക്കിയ മീന ഗായൻ എന്ന 36കാരിയാണ് പട്ടികയിൽ 33ാം സ്ഥാനം നേടിയത്.

മഹാരാഷ്ട്രയിലെ കാർഷിക മേഖലകളിൽ വിത്ത് സംരക്ഷിച്ചു സൂക്ഷിക്കുന്ന റാഹിബി സോമ പൊപെരെ എന്ന 55കാരി 76ാം സ്ഥാനത്തെത്തി രാജ്യത്തിന്റെ അഭിമാനമായി. 'വിത്ത്മാതാവ്' എന്നാണ് റാഹിബി അറിയപ്പെടുന്നത്.

റാഹിബി സോമ 

അറുപത് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ബിബിസിയുടെ പട്ടികയിൽ ഇടം നേടിയത്. നെജീരിയയിലെ സോഷ്യൽ ഇംപാക്ട് എന്റർപ്രട്നറായ അബിസോയെ അജായി അകിൻഫൊലാരിനാണ് പട്ടികയിലെ ആദ്യ വനിത.

വെബ്സൈറ്റുകളുടെ കോഡിങ്ങും ഡിസൈനും നിർമ്മാണവും പെൺകുട്ടികളെ പഠിപ്പിക്കുന്ന ഗേൾസ് കോഡിങ് എന്ന എൻ.ജി.ഒയുടെ സ്ഥാപകയാണ് അബിസോയെ എന്ന 33കാരി