നകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന് അൽപം വികലമായ ഉച്ചാരണത്തോടെ പറഞ്ഞുകൊണ്ടാണ് എം.എം. രാമചന്ദ്രൻ എന്ന അറ്റ്‌ലസ് രാമചന്ദ്രൻ മലയാളി മനസ്സിൽ ഇടം നേടുന്നത്. ആദ്യം അരോചകമെന്ന് തോന്നിയ ഈ പരസ്യവാചകം, പിന്നീട് ഹൃദയങ്ങൾ കീഴടക്കി. 'വിസ്വസ്ഥ' സ്ഥാപനത്തിലേക്ക് മലയാളികൾ സ്വർണമോഹവുമായി ഒഴുകിയെത്തിയതോടെ, അറ്റ്‌ലസും രാമചന്ദ്രനും തടിച്ചുകൊഴുക്കുകയായിരുന്നു. 'എം.എം.ആർ' എന്ന ചുരുക്കപേരിൽ അറിയപ്പെട്ട രാമചന്ദ്രൻ തുടക്കത്തിൽ ഫിനാൻസ് സ്ഥാപനം തുടങ്ങി പച്ചപിടിച്ചതോടെ 1989-90 കളിലാണ് സ്വർണകച്ചവടത്തിലേക്ക് തിരിയുന്നത്. ആദ്യ ഷോറൂം കുവൈറ്റിലാണ് സ്ഥാപിച്ചത്. രണ്ടാമത്തെ ഷോറൂം ദുബായിലും. സ്വർണകച്ചവടത്തിൽ പച്ചപിടിച്ചതോടെ റിയൽ എസ്‌റ്റേറ്റിലേക്കും ഹെൽത്ത്‌കെയർ മേഖലകളിലേക്കും ബിസിനസ് വ്യാപിച്ചു.

സംശുദ്ധ സ്വർണം നൽകി ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ അറ്റ്‌ലസ് ബഹ്‌റിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലായി 50 ഷോറൂമുകളാണ് കുറഞ്ഞ കാലത്തിനുള്ളിൽ കെട്ടിയുയർത്തിയത്. തിരുവനന്തപുരത്തും, കൊച്ചിയിലും, കോയമ്പത്തൂരും അറ്റലസിന്റെ മെഗാഷോറൂമുകൾ സ്ഥാപിച്ചും ഒമാനിൽ അറ്റലസ് സ്റ്റാർ എന്ന പേരിൽ ആശുപത്രിയും ദുബായിൽ മകൾ നടത്തുന്ന ക്ലിനികും അറ്റലസ് സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. സ്വർണത്തിന്റെ വില നിലവാരം എല്ലാ ദിവസവും പത്രങ്ങളിലൂടെ അറിയിച്ചും 22 കാരറ്റ്, 24 കാരറ്റ് സ്വർണങ്ങളുടെ വില വെവ്വേറെ പ്രഖ്യാപിച്ചുമൊക്കെ സംശുദ്ധ വ്യാപാരത്തിലൂടെ മാതൃകയായ അറ്റലസിന്റെ തകർച്ച ജീവനക്കാർക്ക് പോലും വിശ്വസിക്കാനായിട്ടില്ല. കരാമയിലെ ഷോറൂമകളിൽ 18 കാരറ്റ് സ്വർണത്തിന് 50 മുതൽ 60 ശതമാനം വരെ വിലക്കുറവിലാണ് വിൽപന നടന്നു കൊണ്ടിരുന്നത്. ബാങ്കുകളുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് മനസിലായതോടെ ബർ ദുബായ് ഔട്ട്‌ലറ്റിലെ സ്വർണം മൊത്ത വ്യാപാരികൾക്ക് തന്നെ മടക്കി നൽകിയാതായി ജീവനക്കാർ അറിയിച്ചു.

'നിലവിൽ 20 ബാങ്കുകളാണ് അറ്റ്‌ലസിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. അറ്റലസ് ജൂവലറി ഇന്ത്യാ ലിമിറ്റഡിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത് അറ്റ്‌ലസ് രാമചന്ദ്രനാണ്. അദ്ദേഹം നോൺ-എക്‌സിക്യൂട്ടിവ് ചെയർമാൻ കൂടിയാണ്. ബിസിനസ് സംബന്ധമായ എല്ലാ കാര്യങ്ങളും എല്ലാ ദിവസവും ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല ' അറ്റലസ് ജൂവലറി ഇന്ത്യ മാനേജിങ് ഡയറക്ടർ നന്ദകുമാർ പുത്തേഴത്ത് പറയുന്നു.

അറ്റ്‌ലസ് തകർന്നുവെന്നും രാമചന്ദ്രൻ മുങ്ങിയെന്നുമുള്ള വാർ്ത്തകളെ അവിശ്വസനീയതയോടെ മാത്രം കാണുന്നതും സ്വർണത്തിലൂടെ അദ്ദേഹമുണ്ടാക്കിയെടുത്ത വിശ്വസ്തതയാണ്. മറ്റ് ജൂവലറികൾ പലതവണ വിവാദങ്ങളിൽപ്പെട്ടപ്പോഴും അറ്റ്‌ലസിനെ അതൊന്നും ബാധിച്ചിരുന്നില്ല. ഗൾഫിലാകമാനമുള്ള ജൂവലറി ഷോറൂമുകളിൽ പലതും ഇപ്പോൾ പൂട്ടിയ നിലയിലാണ്. റിയൽ എസ്‌റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു.

ആരോഗ്യമേഖലയിൽ അറ്റ്‌ലസ് ഹെൽത്ത് കെയറും റിയൽ എസ്‌റ്റേറ്റ് മേഖലയിൽ അറ്റ്‌ലസ് ഗോൾഡ് ടൗൺഷിപ്‌സുമാണ് സ്ഥാപിച്ചത്. അറ്റ്‌ലസിന്റെ ഉടമസ്ഥതയിലുള്ള ഒമാനിലെ ആശുപത്രി ഇപ്പോഴും നല്ലനിലയിൽ പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, റിയൽ എസ്റ്റേറ്റ് മേഖലയിലെയും സിനിമാ മേഖലയിലെയും ചില തകർച്ചകൾ രാമചന്ദ്രനെ കടപുഴക്കിയെന്നാണ് റിപ്പോർട്ടുകൾ.

ഗൾഫ് മേഖലയിലെ മലയാളി വ്യവസായികൾ തമ്മിലുള്ള കുടിപ്പകയ്ക്ക് രാമചന്ദ്രൻ ഇരയാവുകയായിരുന്നുവെന്നും സൂചനകളുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ മത്സരമാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു. തന്റെ സമ്പത്ത് മുഴുവൻ രാമചന്ദ്രൻ കാനഡയിലേക്ക് മാറ്റിയെന്നും അദ്ദേഹം അവിടേക്ക് രക്ഷപ്പെട്ടുവെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, ഇതിനൊന്നും സ്ഥിരീകരണമില്ല.

എന്നാൽ, കേരളത്തിലെ അറ്റ്‌ലസ് ഷോറൂമുകളെ ഇപ്പോഴത്തെ തകർച്ച ബാധിക്കില്ലെന്നാണ് സൂചന. നല്ല നിലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഷോറൂമുകൾക്ക് സ്വന്തമായ നിലനിൽപ്പുണ്ട്.