കണ്ണൂർ: രണ്ടാഴ്ച മുമ്പ് സിപിഐ(എം).പ്രവർത്തകനായ വടക്കേ പൊയിലൂരിലെ വിനോദിനെ ബിജെപി.ക്കാർ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു ശേഷം നടന്ന ചടങ്ങിൽ സിപിഐ(എം).നേതാവ് ഇ.പി.ജയരാജൻ പ്രസംഗിച്ചിരുന്നു; ആർഎസ്എസ്- ബിജെപി.ക്കാർ ഇതിനു കനത്ത വില നൽകേണ്ടിവരുമെന്ന്.

അന്നു മുതൽ സാധാരണ ജനങ്ങൾ കടുത്ത ഭയപ്പാടിലായിരുന്നു. നേതാക്കൾ ഇങ്ങനെ വെല്ലുവിളിച്ചിട്ടു പോയപ്പോഴൊക്കെ ഞെട്ടിക്കുന്ന സംഭവങ്ങൾ പിന്നാലെ അരങ്ങേറുന്നതു കണ്ണൂരിലെ സ്ഥിരം കാഴ്ചയാണ്. ഇക്കുറി കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഇന്നലത്തെ ബോംബു സ്‌ഫോടനവും രണ്ടുപേരുടെ മരണവും അരങ്ങേറുന്നത്്. പക്ഷേ, ഇവിടെ കനത്തവില നല്‌കേണ്ടി വന്നത് സിപിഐ(എം) ക്കുതന്നെയാണ്. കണ്ണൂർ ജില്ലയിൽ ആർഎസ്എസുകാർ മാർക്‌സിസ്റ്റ് പാർട്ടിയിലേക്കും മാർക്‌സിസ്റ്റുകാർ ആർ എസ് എസിലേക്കും മാറിക്കൊണ്ടിരിക്കുന്ന സമയമായതിനാൽ പരസ്പരം ഏറ്റുമുട്ടാനൊരുങ്ങിയാണ് മത്സരിച്ച് ബോംബ് നിർമ്മാണം നടത്തുന്നത്.

ജില്ലയിലെ പാനൂർ കല്ലിക്കണ്ടിയിൽ നടന്ന ബോംബുസ്‌ഫോടനം കുടിപ്പകയുടെ തുടർക്കഥയാണ്. നാലു പതിറ്റാണ്ടോളമായി തുടർന്നുവരുന്ന ഈ കുടിപ്പക ആവർത്തിക്കപ്പെടുന്നതിന്റെ തെളിവാണ് ഇന്നലെ നടന്ന ബോംബുസ്‌ഫോടനവും ജീവഹാനിയും. പാനൂർ മേഖലയിൽ സിപിഎമ്മും ബിജെപി.യും ബോംബുകൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ നിർമ്മിക്കുന്നുണ്ടെന്നതു പകൽ വെളിച്ചം പോലെ അറിയാവുന്നതാണ്. എന്നാൽ പൊലീസ് കൈയും കെട്ടി നോക്കിനിൽക്കുന്നു. സ്‌ഫോടനവും മരണവും നടന്നാൽ മാത്രം ഡ്യൂട്ടി ചെയ്യുന്ന ഒരു പൊലീസ് സംവിധാനമാണ് ഈ മേഖലയിൽ ഏറെക്കാലമായുള്ളത്.

ബോംബു നിർമ്മിക്കുന്ന സമയത്തും ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് നീക്കുന്ന സമയത്തുമാണ് അപകടം സംഭവിക്കാറുള്ളത്. നിർമ്മിക്കുന്ന സമയത്ത് സ്‌ഫോടകശേഷി കൂട്ടാൻ കല്ലുകൾ, കുപ്പിച്ചില്ല്, ഇരുമ്പാണി തുടങ്ങിയവ ചേർക്കും. അശ്രദ്ധയോടെ കെട്ടിയാൽ ഇവ തമ്മിലുണ്ടാകുന്ന ഘർഷണം സ്‌ഫോടനത്തിന് കാരണമാകും. മദ്യപിച്ച് കെട്ടുമ്പോഴുള്ള ശ്രദ്ധക്കുറവും സ്‌ഫോടനത്തിനും മരണത്തിനും മുൻ കാലങ്ങളിൽ കാരണമായിട്ടുണ്ട്.

സാധാരണയായി ബെഞ്ചിൽ കമഴ്ന്നുകിടന്നാണ് ബോംബുകളുടെ കെട്ടലും മറ്റു പ്രധാന പ്രവർത്തനങ്ങളും നടത്തുന്നത്. ഒരാൾ ബെഞ്ചിൽ കമഴ്ന്നു കിടന്നിട്ടു രണ്ടു കൈകൊണ്ടും ബെഞ്ചിന്റെ അടിയിൽവച്ചു ബോംബ് നിർമ്മിക്കും. എന്തെങ്കിലും ഘർഷണമുണ്ടായി ബോംബ് പൊട്ടിയാലും നെഞ്ചുൾപ്പെടെയുള്ള പ്രധാനശരീരഭാഗങ്ങളിലേൽക്കാതിരിക്കാനാണിത്. ചിലപ്പോൾ മേശയിൽ രണ്ടുദ്വാരമുണ്ടാക്കി അതിലൂടെ കൈകൾ കടത്തി കമഴ്ന്നുകിടന്നാണു ബോംബ് നിർമ്മാണം. അപ്പോഴും കൈകൾക്ക് അപകടം സംഭവിക്കാം.

സിപിഐ(എം) ജില്ലാസെക്രട്ടറി പി ജയരാജന്റെ പുത്രന്റെ കൈപ്പത്തി തകർന്ന സംഭവം സംബന്ധിച്ചു വിവാദമുണ്ടായിരുന്നു. ഒരു കലുങ്കിനുള്ളിൽ വച്ചു ബോംബുണ്ടാക്കാൻ ശ്രമിച്ചപ്പോഴാണു സ്‌ഫോടനമുണ്ടായതെന്നു പറയുന്നു. കൂത്തുപറമ്പ് വായനശാലയ്ക്കു സമീപം വർഷങ്ങൾക്കു മുമ്പു ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായതിനെത്തുടർന്നു ചിലർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നും അംഗഭംഗം സംഭവിച്ച ആ യുവാക്കൾ അതിലേ നടപ്പുണ്ട്.

ഇന്നലത്തെ സ്‌ഫോടനത്തിൽ ഷൈജുവും സുബീഷും കൊല്ലപ്പെടുകയും നിധീഷും രതീഷും ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ പാർട്ടികളെപ്പോലെതന്നെ പൊലീസും ഉത്തരവാദികളാണ്. സ്റ്റീൽ ബോംബ് ഉണ്ടാക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ തേടി ബോംബ് നിർമ്മാതാക്കൾ കടകളിൽ കയറിയിറങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. പൊലീസിന്റെ ശ്രദ്ധമാറ്റി മറ്റിടങ്ങളിൽനിന്ന് പാത്രങ്ങൾ വാങ്ങി ബോംബ് നിർമ്മിച്ചത്.

ആളോഴിഞ്ഞ കുന്നിൻപ്രദേശമാണ് സ്‌ഫോടനം നടന്ന കാക്രോട്ട് മേഖല. സ്‌ഫോടനം നടന്നശേഷം ചിന്നിച്ചിതറിയ മൃതദേഹങ്ങൾ കാണാൻ നാട്ടുകാരെയോ പൊലീസിനേയോ അനുവദിച്ചില്ല. ഈ പ്രദേശം പാർട്ടി ഗ്രാമമാണ്. സ്‌ഫോടനം നടന്ന് എല്ലാ തെളിവുകളും മാറ്റിയ ശേഷമാണ് അവിടെ പുറത്തുനിന്നുള്ളവരെ ആ ഭാഗത്തേക്കടുപ്പിച്ചത്. അഞ്ചു വർഷം മുൻപ് കുടിയാന്മലയിൽ ഒരു സിപിഐ(എം).നേതാവിന്റെ വീട്ടിൽ സ്‌ഫോടനം നടന്ന് രണ്ടു പേർ മരിച്ചിരുന്നു. അടുത്ത കാലത്ത് സിപിഎമ്മിൽചേർന്ന ബിജെപി. നേതാവിന്റെ ബന്ധുവീട്ടിലെ സ്‌ഫോടനത്തിലും രണ്ട് ആർ. എസ്. എസ്. പ്രവർത്തകർ മരിക്കുകയുണ്ടായി.

കതിരൂർ പുല്യോട്ട് രണ്ടു സിപിഎമ്മുകാരും ചെറുവഞ്ചേരിയിൽ രണ്ട് ആർ. എസ്.എസുകാരും സമാന സ്‌ഫോടന സംഭവങ്ങളിൽ മരിച്ചവരാണ്. സ്‌ഫോടനങ്ങൾ നടക്കുമ്പോഴെല്ലാം സിപിഎമ്മും ബി.ജെ. പി.യും എതിരാളികൾ ബോംബ് എറിഞ്ഞതാണെന്ന് പരസ്പരം പഴിചാരും. മരിച്ചവരെക്കാൾ ഏറെ പേർ ജീവിക്കുന്ന രക്തസാക്ഷികളായി കൂത്തുപറമ്പ,് പാനൂർ, തലശ്ശേരി മേഖലകളിൽ കഴിയുന്നുണ്ട്. സിപിഐ(എം) നേതാവ് പി. ജയരാജനും അക്രമത്തിൽ പരിക്കേറ്റയാളാണ്. അക്രമങ്ങൾ തുടർക്കഥയാകുമ്പോൾ എത്രയെത്ര യൗവനങ്ങളാണ് കൊഴിഞ്ഞു പോകുന്നത്.

ജില്ലയിലെ രാഷ്ട്രീയ കക്ഷികൾക്ക് ബോംബ് ഉണ്ടാക്കാനുള്ള വെടിമരുന്ന് യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇതേക്കുറിച്ച് കാര്യമായ പൊലീസന്വേഷണം ഇപ്പോഴും കാര്യമായി നടക്കുന്നില്ല. പൊട്ടാസ്യം ക്‌ളോറേറ്റ് ഉപയോഗിച്ചാണ് ബോംബുകൾ നിർമ്മിക്കുന്നത്. ക്വാറികളിലാണ് സാധാരണ ഇതുപയോഗിക്കുക. ഇവരെ ആര് സഹായിക്കുന്നുവെന്ന് പൊലീസിന് വ്യക്തമായ മറുപടിയില്ല. അതുകൊണ്ടുതന്നെ ബോംബ് നിർമ്മാണം യഥേഷ്ഠം തുടരുന്നു.