കണ്ണൂർ: കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലെ പൊതുസ്വഭാവം ഇങ്ങനെയാണ്. തങ്ങളുടെ ആശയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആദ്യം അവരെ താക്കീത് ചെയ്യും. ഇത് ഞങ്ങളുടെ പാർട്ടി ഗ്രാമം. ഇവിടെ നിങ്ങളുടെ നയം നടപ്പില്ല. ഒന്നുകിൽ ഞങ്ങൾക്കൊപ്പം നിൽക്കുക അല്ലെങ്കിൽ പ്രവർത്തനം നിർത്തുക. അനുസരിച്ചാൽ കുഴപ്പമൊന്നുമില്ല. അല്ലാത്ത പക്ഷം ആ കുടുംബത്തിന്റെ കാര്യം തലശ്ശേരി കുട്ടിമാക്കൂലിലെ സംഭവത്തിന് സമാനമായിരിക്കും.ദളിത് പെൺകുട്ടികളുടെ അറസ്റ്റിലും ആത്മഹത്യാ ശ്രമത്തിലേക്കുമെല്ലാം കാര്യങ്ങളെത്തിച്ചത് ഈ കൈക്കരുത്ത് തന്നെയാണെന്നാണ് വിമർശനം.

എൺപതുകളിൽ എം വി രാഘവനെന്ന സിപിഐ.(എം) നേതാവിനു പോലും പാർട്ടി വിട്ടപ്പോഴുള്ള അനുഭവം അതിനു തെളിവാണ്. രാഘവനേയും കുടുംബത്തേയും പാപ്പിനിശ്ശേരി എന്ന ഗ്രാമത്തിൽ നിന്നും ആട്ടിയോടിക്കുകയായിരുന്നു. പാപ്പിനിശ്ശേരിയിലെ വീട് നിലം പരിശാക്കിയും കിണറ്റിൽ മാലിന്യം നിക്ഷേപിച്ചും ഒരു സംഘം സിപിഐ.(എം)കാർ താണ്ഡവമാടുകയായിരുന്നു. ഒടുവിൽ അഭയം തേടി കണ്ണൂർ കന്റോൺമെന്റിൽ വീട് വാങ്ങി താമസിക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെക്കാലം രാഘവനും കുടുംബവും നേരിട്ടത് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. എം വി രാഘവൻ മരിക്കുന്നതു വരെ സ്വന്തം വീട്ടിൽ മടങ്ങിപ്പോയിട്ടില്ല.

സിപിഐ.(എം) അക്രമത്തിന്റെ ശേഷിപ്പെന്ന നിലയിൽ പാപ്പിനിശ്ശേരിയിൽ തകർന്ന വീടും കിണറും ഇന്നും കാണാം. അത് പുനർനിർമ്മിക്കാൻ പോലും എം. വി. രാഘവന്റെ പിന്മുറക്കാരാരും തയ്യാറായിട്ടുമില്ല. സമാനരീതിയിൽ ഒരു ഡസനിലേറെ സി.എംപി. പ്രവർത്തകർ പാപ്പിനിശ്ശേരിയിൽ അക്രമത്തിന് ഇരയായിട്ടുണ്ട്. വീട് നിർമ്മാണത്തിന് ഒരുക്കിവച്ച സിമന്റു ചാക്കുകൾ മുഴുവൻ കിണറ്റിലിട്ടുമൂടിയ സംഭവവും സി.എം. പി. പ്രവർത്തകൻ നാണുവിന്റേതായിട്ടുണ്ട്. ഇങ്ങനെ വ്യത്യസ്തരീതിയിൽ ജില്ല മുഴുവൻ സി.എംപി. പ്രവർത്തകരെ നോട്ടമിട്ട് ആക്രമിച്ചിരുന്നു.

പാർട്ടി വിട്ടവരുടെ കഥ ഇതാണെങ്കിൽ എതിരാളികളായവരെ നിലയ്ക്കുനിർത്തുക എന്ന സമീപനമാണ് സിപിഐ.(എം.) ഗ്രാമങ്ങളിൽ കാലാകാലങ്ങളിൽ നടന്നു വരുന്നത്. 75 ശതമാനത്തിലേറെ പാർട്ടിയുള്ള ഗ്രാമങ്ങളിൽ മറ്റുള്ളവർക്ക് കൊടികളുയർത്താനോ മറ്റു പ്രവർത്തനത്തിനോ അനുവാദമില്ല. വെറും അനുഭാവികളായി നിന്നാൽ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിയാം. രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ടുപോയാൽ പിന്നെ പ്രശ്‌നങ്ങളായി. ആദ്യം ഭീഷണി. അതിനും വഴങ്ങിയില്ലെങ്കിൽ ചെറിയ അക്രമങ്ങൾ. ഭൂരിഭാഗം പേരും അതോടെ രാഷ്ട്രീയം മതിയാക്കും. കോൺഗ്രസ്സുകാരെങ്കിൽ നേതൃത്വത്തോട് കാര്യങ്ങൾ ധരിപ്പിക്കും.

നേതൃത്വത്തിന്റെ ഇടപെടൽ ഏശിയില്ലെങ്കിൽ സ്വയം രക്ഷക്കായി ബിജെപി.യിൽ ചേരും. കണ്ണൂർ ജില്ലയിൽ ബിജെപി.ക്ക് ഇത്രയും അടിത്തറയുണ്ടായതും സിപിഎമ്മിന്റെ നയം മൂലമാണ്. സിപിഐ.(എം) മർദ്ദനമേറ്റ കോൺഗ്രസ്സുകാർക്ക് നേതൃത്വം സംരക്ഷണം നൽകാത്തതിനാൽ നേരെ ചെന്നെത്തുന്നത് ബിജെപി.യിലേക്കാണ്. സിപിഐ.(എം)യെ ചെറുത്തുനിൽക്കാൻ കഴിയുന്ന സംഘടന ബിജെപി. മാത്രമാണെന്ന വിശ്വാസം ശക്തിപ്പെടുകയാണ്. കോൺഗ്രസ്സ് മനസ്സുള്ള ബിജെപി.ക്കാർ ബിജെപി.യിൽ ഇന്നും അവശേഷിക്കുന്നുണ്ടെന്നുള്ളതും വസ്തുതയാണ്.

സിപിഐ.(എം)യുടെ എതിർപ്പ് വകവെക്കാതെ രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ടുപോയാൽ ആ കുടുംബത്തിന് പിന്നീട് നഷ്ടങ്ങളുടെ കഥ മാത്രമേ പറയാനാകൂ. ഗ്രാമപഞ്ചായത്ത് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ, കാർഷിക ആനുകൂല്യങ്ങൾ, ബി.പി.എൽ. ലിസ്റ്റ്, എന്നിവയൊക്കെ നഷ്ടപ്പെടും. പാർട്ടിയുടെ കണ്ണിലെ കരടായി വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ അപമാനിക്കലും അപവാദപ്രചരണവും സജീവമാകും. ചുറ്റുപാടും സിപിഐ. (എം) ക്കാരാണെങ്കിൽ അവരെക്കൊണ്ട് പരാതി നൽകിക്കും. ഒടുവിൽ എതിരാളിയെ നാട്ടിലെ ശല്യക്കാരനായി പ്രഖ്യാപിക്കും. ഇതാണ് പാർട്ടിയുടെ ശൈലി.

പഞ്ചായത്ത് ഭരണവും പാർട്ടിയുടെ കയ്യിലാകയാൽ ആരും പ്രതികരിക്കാറില്ല. പാർട്ടി പറഞ്ഞത് അക്ഷരാർത്ഥത്തിൽ വിഴുങ്ങുന്ന അണികൾ എതിരാളിയെ ദ്രോഹിക്കാനും അപമാനിക്കാനും മുന്നിട്ടിറങ്ങും. വ്യാജ പരാതികളുണ്ടാക്കി പൊലീസ് സ്‌റ്റേഷൻ കയറിക്കും. ആസൂത്രിതമായ പ്രചാരണത്തിലൂടെ പുറത്തുനിന്നുള്ള ആർക്കും ഒറ്റപ്പെട്ടവൻ ശല്യക്കാരനായി തന്നെ തോന്നും. ഇത്തരം പ്രവൃത്തികളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് കല്ല്യാശ്ശേരിയിലെ ആയുർവേദ ഡോക്ടർ നീതി.പി. നമ്പ്യാരുടെ ക്ലിനിക്ക് അടച്ചു പൂട്ടേണ്ടി വന്നത്. ഇപ്പോൾ, ഡോ. നീതിക്കെതിരേയും പാർട്ടി അപവാദപ്രചാരണവുമായി രംഗത്തെത്തിയിരിക്കയാണ്.

സ്ഥലത്തെ കുടുംബശ്രീ നടത്തുന്ന ഹോട്ടൽ അടച്ചുപൂട്ടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഐ(എം) ഇന്നു പ്രതിഷേധ മാർച്ച് നടത്താനിരിക്കുകയാണ്. ഹോട്ടലുകാർ പുറത്തേക്കു മാലിന്യമൊഴുക്കിയതിനെതിരേ ഡോ നീതി പരാതി നൽകിയെന്നതാണു കാരണം. അവരേയും പാർട്ടി ശല്യക്കാരായി പ്രഖ്യാപിച്ചാൽ അതംഗീകരിക്കുന്ന ശൈലിയാണ് അണികൾക്കുള്ളത്. ഇതൊക്കെ ചോദ്യം ചെയ്യാൻ ഈ കുടുംബങ്ങളിൽ ഒരാൺതരി ഉണ്ടെങ്കിൽ അയാളെ സ്ത്രീ വിഷയക്കാരനായി മാറ്റും. ഈ പ്രചാരണം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന നേതാക്കൾ വരെ ഉന്നയിച്ചാൽ ആ കുടുംബത്തിന് പിടിച്ചു നിൽക്കാനാവില്ല.

അപൂർവം പാർട്ടിഗ്രാമങ്ങളിലെങ്കിലും ബിജെപി. പിടിമുറുക്കുന്നതോടെ കാര്യങ്ങൾ മാറിമറിയുകയാണ്. കേന്ദ്രഭരണത്തിന്റെ ലഹരിയിൽ അവർ പതിയെയെങ്കിലും ശക്തിപ്രാപിക്കുന്നുണ്ടെന്നതാണ് സത്യം. എന്നാൽ ബിജെപി.യുടെ കടന്നു കയറ്റം കോൺഗ്രസ്സിന് ആശ്വാസകരമല്ല. സിപിഐ.(എം)യെപ്പോലെ തന്നെ അവരും കോൺഗ്രസ്സിനെ നേരിട്ടുതുടങ്ങി. ബിജെപി. ആർ.എസ്. എസ്. ഗ്രാമങ്ങളും പടുത്തുയർത്താനുള്ള ശ്രമമാണ് അവരുടേത്. അടിത്തട്ടിൽ കാര്യമായ പ്രവർത്തനമില്ലാത്ത കോൺഗ്രസ്സിന് സിപിഐ.(എം)യുടെയും ബിജെപി.യുടേയും ഇടയിൽ ഗ്രാമങ്ങളിൽ പിടിച്ചു നിൽക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരും.