തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി പ്രതിരോധ വകുപ്പിനെ പറ്റിച്ച മാധ്യമ പ്രവർത്തകനാണ് അമൃതാ ടിവിയിലെ ദീപക് ധർമ്മടം. പാസ്‌പോർട്ടിൽ ഇസിഎൻആർ പതിക്കാനും വ്യാജ ഡിഗ്ര സർട്ടിഫിക്കറ്റ് തന്നെയാണ് നൽകിയത്. ഈ രണ്ട് വിഷയത്തിലും ദീപക്കിനെതിരെ ഒരു അന്വേഷണവും കേരളാ പൊലീസോ പ്രതിരോധ വകുപ്പോ നടത്തിയില്ല. എല്ലാ തെളിവും ഉണ്ടായിട്ടും വെറുതെ വിട്ടു. പത്രക്കാരനെന്ന ലേബലിൽ ഉണ്ടാക്കിയ രാഷ്ട്രീയ-സിനിമാ ബന്ധങ്ങളാണ് ഇതിന് കാരണം. ഇന്നലെ കൊച്ചി പ്രസ് ക്ലബ്ബിൽ സിനിമയിലെ വനിതാ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ചപ്പോൾ അവരെ അപമാനിക്കാൻ ശ്രമിച്ചതും ദീപക് ധർമ്മടമായിരുന്നു. ഇതോടെ മാധ്യമ ലോകത്തും അമൃതാ ടിവിയുടെ മാധ്യമ പ്രവർത്തകനെതിരെ പ്രതിഷേധം അലയടിക്കുകയായിരുന്നു.

രേവതിയും പത്മപ്രിയയും പാർവ്വതിയും രമ്യാനമ്പീശനും റീമാ കല്ലിങ്കലും നടത്തിയ വാർത്താ സമ്മേളനത്തെ പൊളിക്കുകയായിരുന്നു ദീപക്കിന്റെ ശ്രമം. നടന്മാരെ ബ്ലാക് മെയിൽ ചെയ്യാനാണ് ശ്രമമെന്ന ആരോപണവും ദീപക് ഉയർത്തി. ഉത്തരം പറയാതെ പോകാനാവില്ലെന്നും ദീപക് ബഹളം വച്ചു. നടിമാരെ തീർത്തും അപമാനിക്കുന്ന തരത്തിലായിരുന്നു ദീപക്കിന്റെ ഇടപെടൽ. നേരത്തെ സിപിഎം റിപ്പോർട്ടിങ് സമയത്ത് പാർട്ടി രേഖകൾ താൻ നേരത്തെ കണ്ടിരുന്നുവെന്ന വിവാദ പരമാർശം നടത്തിയ ദീപക്കിനെ മാധ്യമ ലോകം ഒന്നടങ്കം ഒറ്റപ്പെടുത്തിയിരുന്നു. അതിന് ശേഷം മോഹൻലാലിന്റെ അടുപ്പക്കാരനായി മാറി വീണ്ടും മാധ്യമ ലോകത്ത് നിറയുകയായിരുന്നു ദീപക്. മോഹൻ ലാൽ നായകനായ ലൂസിഫറിൽ അഭിനയിക്കുകയും ചെയ്തുവെന്നാണ് സൂചന. ഒടിയന്റെ ടീസർ ആദ്യം കണ്ടത് താനാണെന്ന അവകാശവാദവും ഈയിടെ നടത്തി. ഇങ്ങനെ സിനിമാക്കരുടെ പണിയാളായി മാറാനുള്ള ദീപക്കിന്റെ ശ്രമാണ് കൊച്ചി പ്രസ് ക്ലബ്ബിൽ ഇന്നലെ കണ്ടത്.

അമൃതാ ടിവിയിലെ പ്രധാന മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ് ധർമ്മടം പൊലീസ് എഴുതി തള്ളിയത് കള്ളക്കളികളിലൂടെയാണ്. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലെ ഉന്നതന്റെ അതിസമർത്ഥമായി നീക്കമാണ് ദീപക്കിനെ രക്ഷിക്കാൻ ധർമ്മടം പൊലീസിന് സഹായകമായത് എന്നാണ് സൂചന. വർഷങ്ങളായി കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്. പ്രതിരോധ വകുപ്പിന്റെ മാധ്യമ കോഴ്സിൽ പങ്കെടുക്കാനും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണ് ദീപക്ക് ഉപയോഗിച്ചത്. എന്നാൽ ഇതൊന്നും പൊലീസും പ്രതിരോധ വകുപ്പും വേണ്ട രീതിയിൽ അന്വേഷിച്ചില്ല. സിപിഎമ്മിലും കോൺഗ്രസിലും ഉന്നത ബന്ധങ്ങൾ ഉണ്ട്. ഇതുപയോഗിച്ച് പല ഉന്നത സ്ഥാനങ്ങളിലും ദീപക് എത്തി. സിനിമാ ലോകത്ത് ചുവടുറപ്പിച്ച് പുതിയ ഇടപെടൽ നടത്താനുള്ള നീക്കത്തിനിടെയാണ് പുതിയ വിവാദമെത്തുന്നത്. പ്രസ് അക്കാദമിയിലെ പ്രധാന സ്ഥാനത്ത് പോലും വ്യജ സർട്ടിഫിക്കറ്റുമായി ദീപക് എത്തിയെന്നതാണ് വസ്തുത. ഈ കേസെല്ലാം പൊലീസ് എഴുതി തള്ളിക്കൊടുത്തതിന്റെ ആവേശമാണ് ദീപക്കിന്റെ കരുത്തിന് കാരണം.

നടിമാരായ പാർവ്വതി, പത്മപ്രിയ, രേവതി എന്നിവരാണ് മാധ്യമ സമ്മേളനത്തിൽ കൂടുതൽ സംസാരിച്ചത്. എഎംഎംഎയിൽ നിന്നും പ്രസിഡന്റ് മോഹൻലാലിൽ നിന്നുമുണ്ടായ അനീതികൾ ഇവർ തുറന്നു പറഞ്ഞു. കാറിൽ ആക്രമിക്കപ്പെട്ട നടി നേരിടുന്ന അനീതികൾ പറഞ്ഞു. വളരെ വിശദമായാണ് ഇവർ എല്ലാവരും സംസാരിച്ചത്. ഇവരോടുള്ള ചോദ്യത്തിന്റെ ഘട്ടം എത്തിയപ്പോഴാണ്, വാർത്തകൾക്ക് അത്രയൊന്നും പ്രാധാന്യമില്ലാത്ത അമൃത ചാനലിന്റെ കൊച്ചി ലേഖകനായ ദീപക് ധർമ്മടം ആക്രമണ സ്വഭാവത്തോടെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. മറ്റു മാധ്യമ പ്രവർത്തകർക്കൊന്നും അവസരം കൊടുക്കാതെ ഇയാൾ വിചാരണ ആരംഭിച്ചു. മറ്റു മാധ്യമ പ്രവർകരെല്ലാം വനിതകളുടെ തീരുമാനത്തിന് ഒപ്പം നിൽക്കാനും ചോദ്യാക്രമണം ഒഴിവാക്കാനും ശ്രമിച്ചു. വനിതാ മാധ്യമ പ്രവർത്തകർ ഏറെപ്പേർ ഉണ്ടായിരുന്നുവെങ്കിലും ദീപകിന്റെ ആക്രമണത്തിനിടയിൽ അവരുടെ ചോദ്യങ്ങൾ ഉയർന്നു കേട്ടില്ല.

മാധ്യമ പ്രവർത്തകർ നടിക്കൊപ്പം നിലപാടെടുത്തതിന് പാർവ്വതി പലവട്ടം നന്ദി പറയുന്നുണ്ടായിരുന്നു. ചോദ്യങ്ങളുടെ മര്യാദകേട് അവഗണിച്ച് ഏറെ സംയമനത്തടെയാണ് വനിതാ സിനിമാ പ്രവർത്തകർ പ്രതികരിച്ചത്. മമ്മൂട്ടി സിനിമയിൽ നേരിട്ട അനുഭവം പറയാനെത്തിയ അർച്ചന പത്മിനിയോട് ''കണ്ടിട്ടില്ലല്ലോ... സിനിമയിൽ ഉള്ളതാണോ'' എന്ന നിലയ്ക്ക് അപമാനിക്കാനും ശ്രമിച്ചു. മുഖത്തടിക്കുന്ന മറുപടിയാണ് അർച്ചന ഇയാൾക്ക് നൽകിയത്. കഴിഞ്ഞ ദിവസം മോഹൻലാലിനെ അതിഥിയായി ഇയാളുടെ നേതൃത്വത്തിൽ പ്രസ്‌ക്ലബിൽ മുഖാമുഖത്തിന് കൊണ്ടുവന്നിരുന്നു. നഷ്ടപ്പെടുത്തിയ ഇമേജ് വീണ്ടെടുക്കാൻ നടത്തിയ ആ പബ്ലിക് റിലേഷൻ പരിപാടി ദീപകിന്റെ നേതൃത്വത്തിലാണ് നടത്തിയത്. അന്ന് മോഹൻലാൽ പ്രസ് ക്ലബിന്റെ അതിഥിയാണെന്നും 'അനാവശ്യ ചോദ്യങ്ങൾ' ചോദിക്കരുതെന്നും നിർദ്ദേശം ഉണ്ടായി. ഇതേ വ്യക്തിയാണ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിന് എത്തിയ നടികളെ കടന്നാക്രമിച്ചത്.

കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള പരാതിയെ തുടർന്ന് ഇതേ ദീപക്കിനെതിരെ കേസെടുത്തിട്ടുണ്ട്. ബാംഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് എമിഗ്രേഷൻ ക്ലിയറൻസിന് സമർപ്പിച്ചു എന്നതായിരുന്നു കേസ്. സിപിഐഎം നേതൃത്വവുമായി ഏറെ അടുപ്പമുണ്ടെന്ന് പ്രചരിപ്പിക്കുന്ന ആളുമാണ് ഇയാൾ. കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തിൽ, തനിക്കു മാത്രം പാർട്ടിക്ക് അകത്തു നിന്നും വിവരങ്ങൾ ചോർത്തി ലഭിച്ചിരുന്നു എന്ന ഇയാളുടെ അവകാശവാദം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പ്രതിരോധ മന്ത്രാലയത്തിന്റെ കോഴ്സിൽ കടന്നുപറ്റാനായിരുന്നു എന്നതും പുറത്തു വന്നിരുന്നു. 2013 നവംബറിലാണ് ദീപക്കിന്റെ പാസ്പോർട്ടിലെ വ്യാജ സർട്ടിഫിക്കറ്റ് സാന്നിധ്യം തിരിച്ചറിയുന്നത്. പാസ്പോർട്ട് ഓഫീസർക്ക് നേരിട്ട് നൽകിയ പരാതിയിൽ ദീപക്കിനെതിരെ നടപടിയും എടുത്തു. അടിയന്തരമായി പാസ്പോർട്ട് റദ്ദാക്കി. കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പരാതിയും കിട്ടി. എന്നാൽ പൊലീസിലെ ഗൂഢാലോചന അന്നു തന്നെ തുടങ്ങി. ബാഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് പാസ്പോർട്ടിൽ ദീപക് എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിപ്പിച്ചത്. ഇത് പരിശോധിച്ച കണ്ണൂർ എസ്്പിക്ക് ഗൗരവം പിടികിട്ടി. ദീപക്ക് പ്രിഡിഗ്രീ പാസായിട്ടില്ലെന്ന മറ്റൊരു വ്യാജ പരാതിയും കണ്ണൂർ എസ്‌പിക്ക് കിട്ടിയിരുന്നു.

പ്രിഡിഗ്രി പാസായില്ലാത്ത വ്യക്തി ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിലെ കുറ്റകൃത്യം തിരിച്ചറിഞ്ഞ് തന്നെയായിരുന്നു കണ്ണൂർ എസ് പിയുടെ നടപടി. എന്നാൽ രാഹുൽ ആർ നായരെന്ന കണ്ണൂർ എസ്‌പിയുടെ കേസ് എടുക്കാനുള്ള നിർദ്ദേശം ധർമ്മടം പൊലീസ് സ്റ്റേഷനിൽ കിട്ടിയില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ രാഹുൽ ആർ നായരുടെ ഓഫീസിൽ തന്നെ ഫയൽ പൂഴ്‌ത്തി വച്ചതായി കണ്ടെത്തി. ഉന്നത സമ്മർദ്ദത്തെ തുടർന്ന് ഫയൽ ധർമ്മടം പൊലീസ് സ്റ്റേഷനിലുമെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും ചെയ്തു. എന്നാൽ ദീപക്കിനെതിരെ അതിനപ്പുറം ഒന്നും പൊലീസ് ചെയ്യേണ്ടി വന്നില്ല. പൊലീസിന്റെ തന്നെ ഉപദേശത്തിന്റെ ഫലമായി വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണം അട്ടിമറിക്കാനും കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ സമ്മർദ്ദങ്ങൾക്ക് കോഴിക്കോട് പാസ് പോർട്ട് ഓഫീസർ വഴങ്ങിയില്ല. ഇതേ തുടർന്ന് പരാതിയുമായി ദീപക് ഹൈക്കോടതിയിൽ എത്തി. പതിനെട്ടോളം മാധ്യമ അവാർഡ് വാങ്ങിയ തന്നെ അപമാനിക്കാനാണ് കോഴിക്കോട് പാസ്പോർട്ട് ഓഫീസറുടെ നീക്കമെന്നായിരുന്നു ആരോപണം. സാമാന്യ നീതി നിഷേധിച്ചെന്നും ആരോപിച്ചു.

പാസ്പോർട്ടിന്റെ ആധികാരികതയിൽ പരാതി കിട്ടിയ അന്നു തന്നെ ദീപക്കിന്റെ പാസ്പോർട്ട് റദ്ദാക്കിയത് സാമാന്യ നീതിക്ക് നിരക്കാത്തതാണെന്നായിരുന്നു വാദം. വിശദീകരണം പോലും കേൾക്കാതെ നടപടിയെടുത്ത പാസ്പോർട്ട് ഓഫീസറുടെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ദീപക് വിദേശത്തേക്ക് കടക്കുമെന്ന സാഹചര്യം മുൻനിർത്തിയാണ് റദ്ദാക്കിയത് എന്ന് പാസ്പോർട്ട് ഓഫീസർ വിശദീകരിച്ചു. രാജ്യതാൽപ്പര്യത്തിന് ഇത് അനിവാര്യമാണെന്നും പറഞ്ഞു. ഇതിനൊപ്പം ദീപക്കിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ കിട്ടിയെന്ന തരത്തിലെ പരാമർശവും പാസ്പോർട്ട് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ഉണ്ടായിരുന്നു. ഇതോടെ ദീപക്കിന്റെ സർട്ടിഫിക്കറ്റിലെ ആധികാരികത കണ്ടെത്താൻ ഹൈക്കോടതി നീക്കവും തുടങ്ങി.

ഇതോടെയാണ് ഉന്നത പൊലീസ് ഇടപെടൽ വരുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിൻതുണയിൽ പാസ്പോർട് ഓഫീസറെ വരുതിയിലാക്കി. ഹൈക്കോടതിയിൽ ഹർജി നൽകിയ ദീപക്, പ്രത്യേക അധികാരം ഉപയോഗിച്ച് അത് പിൻവലിച്ചു. ഇതോടെ ഹൈക്കോടതിയുടെ അന്വേഷണം അട്ടിമറിക്കാനുമായി. പാസ്പോർട്ട് പരാതികൾ സ്വീകരിക്കുന്ന അപ്പലേറ്റ് അധികാരിയെ സമീപിക്കാൻ എന്ന വാദമുയർത്തിയാണ് ഹൈക്കോടതിയെ കബളിപ്പിച്ചത്. എന്നാൽ അതൊന്നുമല്ല സംഭവിച്ചത്. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലെ ഉന്നതനെ സ്വാധീനിച്ച് കാര്യങ്ങൾ വരുതിയിലാക്കി. ഹൈക്കോടതിയിൽ ദീപക്കിനെ കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് സത്യവാങ്ങ്മൂലം നൽകിയ അതേ ഓഫീസ് നിലപാട് മാറ്റി. ഇന്ത്യൻ പാസ്പോർട്ട് ആക്ടിലെ പഴുത് ഉപയോഗിച്ചായിരുന്നു അത്.

1956ലെ ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പാസ്പോർട്ട് സംഘടിപ്പിച്ചാൽ 5000 രൂപയാണ് പരമാവധി പിഴ. നിയമമുണ്ടായതിന് ശേഷം ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരാത്തതിനാൽ വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ആര് പാസ്പോർട്ട് എടുത്താലും 5000 രൂപ പിഴയടച്ചാൽ വീണ്ടും പാസ്പോർട്ട് പുതുക്കി നൽകുകയും വേണം. ദീപക്കുമായി ഒത്തു തീർപ്പിലെത്തിയതോടെ 5000 രൂപ പിഴവാങ്ങി ദീപക്കിന്റെ കേസ് പാസ്പോർട്ട് ഓഫീസർ അവസാനിപ്പിച്ചു. ഒപ്പം വിചിത്രമായ മറ്റൊരു കാര്യവും ചെയ്തു. ദീപക്കിന് എതിരെ പൊലീസ് നടപടി വേണ്ടെന്ന് കണ്ണൂർ എസ് പിക്ക് പാസ്പോർട്ട് ഓഫീസർ കത്തും നൽകി. ഇത് വഴിവിട്ട സഹായമാണെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ ഉന്നത പൊലീസ്രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.

ഇതോടെ പാസ്പോർട്ട് ഓഫീസറുടെ കത്ത് ഫയലിലാക്കി ധർമ്മടം പൊലീസ് കേസ് എഴുതി തള്ളി. മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒന്നും അറിയാതെ തന്നെ എങ്ങനെ ഒരു കേസ് എഴുതി തള്ളാമെന്നതിന് ഉത്തമോദാഹരണമാണ് ദീപക്കിന് ചെയ്തു കൊടുത്ത സഹായം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എന്ന ക്രിമിനൽ കുറ്റമാണ് ധർമ്മടം പൊലീസിന് മുന്നിൽ എത്തിയത്. പാസ്പോർട്ട് ആക്ട് പ്രകാരം പിഴയടച്ചതോടെ തന്റെ കൈയിൽ വ്യാജനാണ് ഉള്ളതെന്ന് ദീപക് നിയമപരമായി സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ദീപക്കിന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ച് പൊലീസ് പരിശോധിച്ചില്ല. എവിടെ നിന്നാണ് ദീപക്കിന് വ്യാജൻ കിട്ടിയതെന്നും അന്വേഷിച്ചില്ല. ധർമ്മടം പൊലീസ് സ്റ്റേഷനിലെ പ്രാദേശിക പൊലീസുകാരുടെ കുബുദ്ധയാണ് ദീപക്കിനെ രക്ഷിച്ചത്. ഇതിനായി ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തതായി സൂചനയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു പരത്തി പ്രാദേശിക സിപിഎം നേതാക്കളിലെ ചിലരെ സ്വാധീനിച്ചാണ് ധർമ്മടത്തെ ഓപ്പറേഷൻ വിജയകരമാക്കിയതെന്നാണ് സൂചന. കേസ് നടക്കുമ്പോൾ യുഡിഎഫ് ഭരണമായിരുന്നു. അന്ന് പിണറായി സിപിഎം സെക്രട്ടറിയും. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലേക്ക് പല പ്രമുഖരും ദീപക്കിനായി വിളച്ചത്രേ. അതിന്റെ പ്രതിഫലനമാണ് നടന്നത്. ജ്യുഡീഷ്യറിയെ കബളിപ്പിച്ചാണ് ഇതെല്ലാം സാധ്യമാക്കിയത്. അപ്പലേറ്റ് അഥോറിട്ടിയിൽ അപ്പീൽ നൽകാമെന്ന് പറഞ്ഞാണ് ദീപക് കേസ് പിൻവലിച്ചതെന്ന് കോടതി ഉത്തരവിലും വ്യക്തമാണ്. എന്തുകൊണ്ട് അതു ചെയ്തില്ലെന്നതാണ് വിരോധാഭാസം. ഹൈക്കോടതി സർട്ടിഫിക്കറ്റിന്റെ ആധികാരികത ബാഗ്ലൂർ യൂണിവേഴ്സിറ്റിയിൽ തിരക്കാൻ തുടങ്ങിയപ്പോഴാണ് കേസ് പിൻവലിക്കൽ എന്ന കുബുദ്ധി നടന്നത്. ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ളയാണ് ദീപക്കിനായി നിയമപോരാട്ടം നടത്തിയതെന്നതാണ് മറ്റൊരു വസ്തുത. അമൃതാ ടിവിയും മഠവും എല്ലാ പിന്തുണയും എപ്പോഴും ദീപക്കിന് നൽകിയെന്നതാണ് വസ്തുത.