തിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടാൽ അഹിന്ദുക്കൾ ക്ഷേത്രത്തിൽ ജോലിക്കെത്തുമെന്ന സംഘപരിവാർ പ്രചരണം പൊളിയുന്നു. ശാന്തി, കഴകം തുടങ്ങിയ തസ്തികളിലെ നിയമനച്ചുമതല ദേവസ്വം ബോർഡിന് തന്നെയായിരിക്കും. ക്ലർക്ക്, എഞ്ചിനീയർ, തുടങ്ങിയ മറ്റ് തസ്തികകളിലെ നിയമനമാണ് പിഎസ്‌സിക്ക് വിടുന്നത്. ഈ നിയമനങ്ങളിൽ പോലും ഹിന്ദുക്കൾക്ക് മാത്രമെന്ന വ്യവസ്ഥ ചട്ടത്തിൽ കൊണ്ടു വന്ന് ഹിന്ദുക്കൾക്ക് മാത്രമായി നിയമനം നടത്താൻ പി എസ് സിക്ക് കഴിയും. ഇതിലൂടെ ദേവസ്വം ബോർഡിൽ നടക്കുന്ന വലിയ അഴിമതിക്കും അവസാനമാകും. എന്നാൽ സത്യം മറച്ചുവച്ചാണ് ഹൈന്ദവ വികാരം ഉയർത്തുന്ന തരത്തിൽ തെറ്റായ പ്രചരണം നടക്കുന്നത്. ദേവസം നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതിലൂടെ വലിയ ലാഭം സംസ്ഥാന ഖജനാവിനും ഉണ്ടാകുമെന്നതാണ് യാഥാർത്ഥ്യം.

നിയനത്തിന് പി എസ് സിക്ക് സുശക്തമായ സംവിധാനമുണ്ട്. അതിനൊപ്പം രണ്ട് ജീവനക്കാരെ കൂടി നിയമിച്ചാൽ പി എസ് സിയിലെ നിയമനങ്ങളും നിർവ്വഹിക്കാനാകും. എന്നാൽ ദേവസം റിക്രൂട്ട്‌മെന്റെ ബോർഡിന്റെ അവസ്ഥ അതല്ല. ഡിജിപിയായി വിരമിച്ച ചന്ദ്രശേഖരനാണ് ബോർഡ് ചെയർമാൻ. ചീഫ് സെക്രട്ടറി റാങ്കിലെ പദവിയാണ് ഇത്. അതുകൊണ്ട് തന്നെ ശമ്പളം അടക്കം പ്രതിമാസം രണ്ട് ലക്ഷത്തിലധികം രൂപ ചന്ദ്രശേഖരന് വേണ്ടി മാത്രം ചെലവാക്കുന്നു. അഞ്ച് അംഗങ്ങളും ഇതിന് പുറമേയുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലാണ് ഇവരുടെ പ്രവർത്തനം. ഇവരിൽ ഒരോരുത്തർക്കും ഏതാണ്ട് രണ്ട് ലക്ഷം രൂപയോളം ചെലവുണ്ട്. ഇതിന് പുറമേ ബോർഡിലെ മറ്റ് ജീവനക്കാരും. അങ്ങനെ എല്ലാം കോടി കാൽ ലക്ഷത്തോളം രൂപ പ്രതിമാസം സർക്കാർ റിക്രൂട്ട്‌മെന്റ് ബോർഡിനായി ചെലവിടുന്നു. എന്നാൽ നിയമനത്തിൽ സുതാര്യത ഉണ്ടാകാൻ സാധ്യതയുമില്ല. അഴിമതിയുടെ സംശയങ്ങൾ ഇവിടെ തുടരുന്നുമുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്രമക്കേട് അന്വേഷിച്ച ജസ്റ്റിസ് പരിപൂർണൻ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു യുഡിഎഫ് സർക്കാർ റിക്രൂട്ട്‌മെന്റ് ബോർഡുമായെത്തിയത്. സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകൾക്കും പൊതുവായ റിക്രൂട്ട്‌മെന്റ് നടപടികൾ സ്വീകരിക്കുകയായിരുന്നു ബോർഡിന്റെ ലക്ഷ്യം. തിരുവിതാംകൂർ, മലബാർ, കൊച്ചി ദേവസം ബോർഡുകൾ, കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മറ്റികൾ എന്നിവയിലെ നിയമനം നടത്തുകയായിരുന്നു ബോർഡിന്റെ ചുമതല. ദേവസ്വം ബോർഡിന് കീഴിലുള്ള പരമ്പരാഗത തസ്തികകൾ ഒഴികെയുള്ള തസ്തികകളിലായിരിക്കും ബോർഡിന് നിയമനാധികാരം നൽകിയത്. എന്നാൽ സ്‌പെഷ്യൽ റൂൾ ഉണ്ടാക്കത്തതു കൊണ്ട് നിയമനത്തിന് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് ബദൽ സംവിധാനമെന്ന നിലയിൽ പി എസ് സി എന്ന ചർച്ച ഇടതു സർക്കാർ സജീവമാക്കിയത്. ഇതോടെയാണ് എതിർപ്പുമായി ഹൈന്ദവ സംഘടനകളെത്തിയത്. എല്ലാ മതസ്ഥരേയും ക്ഷേത്രങ്ങളിൽ നിയമിക്കാനാണിതെന്നായിരുന്നു പ്രചരണം. ഇതാണ് പി എസ് സി ചെയർമാന്റെ വിശദീകരണത്തിലൂടെ അപ്രസക്തമാകുന്നത്.

കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് തന്നെ ഈ വിഷയം പി എസ് സിക്ക് മുന്നിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സർക്കാരിന് പ്രത്യേക ചട്ടങ്ങൾ തയാറാക്കി നൽകിയതായും പിഎസ്‌സി ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. ദേവസ്വം ബോർഡിലെ നിയമനം ഏറ്റെടുക്കണമെന്ന് ഇതുവരെ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ പിഎസ്‌സി പൂർണമായും തയാറാണെന്നും ദേവസ്വം ബോർഡ് നിയമനം ഏറ്റെടുക്കുന്നത് ഹിന്ദുമതാചരത്തിന് ഒരുതരത്തിലും എതിരാകില്ലെന്നും പിഎസ്‌സി ചെയർമാൻ അറിയിച്ചു. ഇതാണ് വസ്തുതയും സത്യവും. ദേവസം ബോർഡിലെ നിയമനങ്ങൾ ഹിന്ദുക്കൾക്ക് മാത്രമെന്ന ചട്ടം എഴുതിയാൽ തന്നെ മറ്റ് മതസ്ഥർക്ക് പി എസ് സി വഴി ജോലിക്ക് പ്രവേശിക്കാൻ കഴിയും. ഇതിൽ മറ്റ് നിയമപ്രശ്‌നങ്ങൾ ഉണ്ടാവുകയുമില്ല. നിയമനങ്ങൾ പി എസ് സിക്ക് വിടുമ്പോൾ അർഹതപ്പെട്ടവർക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. സുസ്ഥിരമായ പി എസ് സി എന്ന സംവിധാനമുള്ളപ്പോൾ എന്തിനാണ് ക്ഷേത്ര നിയമനത്തിന് കോടികൾ മുടക്കുന്ന പ്രത്യേക സംവിധാനമെന്ന ചോദ്യം പ്രസക്തവുമാണ്.

ഒന്നര വർഷം മുമ്പാണ് ചന്ദ്രശേഖരനെ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനാക്കിയത്. പ്രത്യേക ഓർഡിനൻസിലൂടെയായിരുന്നു ഇത്. പിന്നീട് നിയമസഭ ബിൽ അംഗീകരിച്ചു. പക്ഷേ നിയമനത്തിന് വേണ്ട സ്‌പെഷ്യൽ റൂൾ ഉണ്ടാക്കാൻ വേണ്ട നടപടികൾ സർക്കാർ ചെയ്തതുമില്ല. അതുകൊണ്ട് തന്നെ വിവിധ ദേവസങ്ങൾ ഒഴിവുകൾ അറിയിച്ചെങ്കിൽ ഒരിഞ്ചു മുന്നോട്ട് പോകാൻ റിക്രൂട്ട്‌മെന്റ് ബോർഡിന് കഴിഞ്ഞില്ല. നാളിതുവരെ ഒരു നിയമനവും റിക്രൂട്ട്‌മെന്റ് ബോർഡിലൂടെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നടന്നിട്ടില്ല. എന്നാൽ സർക്കാർ നിയോഗിച്ച ചെയർമാനും ബോർഡ് അംഗങ്ങൾക്കും അവരുടെ ജീവനക്കാർ ഖജനാവിൽ നിന്ന് കാശ് ഒഴുകുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും ഖജനാവിനെ സംബന്ധിച്ചിടത്തോളം വെള്ളാനയായിരുന്നു ഇതുവരെ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ്. ഇതു മനസ്സിലാക്കിയാണ് മാറ്റത്തിന് പിണറായി സർക്കാർ തയ്യാറെടുക്കുന്നത്. വെറുമൊരു സർക്കാർ വിജ്ഞാപനത്തിലൂടെ ദേവസം നിയമനങ്ങൾ പിഎസ് സിക്ക് വിടാം. സ്‌പെഷ്യൽ റൂൾ പി എസ് സി രൂപീകരിച്ചതിനാൽ നിയമന നടപടികളും ഉടൻ തുടങ്ങാം. ഇതിലൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ സുതാര്യതയും വരും.

ക്ഷേത്രങ്ങളിൽ നിയമനം ദേവസം ബോർഡ് അംഗങ്ങളുടെ കീശ വീർപ്പിക്കുന്ന കഥകൾ കേട്ട് മടുത്താണ് കഴിഞ്ഞ ഇടത് സർക്കാർ ബദൽ മാർഗ്ഗത്തെ പറ്റി ചിന്തിച്ചത്. അഴിമതിക്ക് ഒരു സാധ്യതയും നൽകാതെ നിയമനങ്ങളെല്ലാം പിഎസ്എസിക്ക് വിടാൻ മന്ത്രിസഭ തീരുമാനിച്ചു. എല്ലാവരും കൈയടിച്ച സ്വാഗതം ചെയ്ത് പ്രതീക്ഷയോടെ കാത്തിരുന്നു. ദേവസം ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും അടുപ്പക്കാരും ക്ഷേത്രങ്ങളിൽ ജോലിക്കാരായെത്തുന്നതിന് അവസാനമാകുമെന്ന് കരുതി. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ എൻഎസ്എസും എസ്എൻഡിപിയും എതിർപ്പുമായെത്തി. ദേവസം റിക്രൂട്ട്‌മെന്റ് ബോർഡെന്ന പുതിയ സംവിധാനം മുന്നോട്ട് വച്ചു. സമുദായ സംഘടനകളുടെ ഈ ആവശ്യം ഉമ്മൻ ചാണ്ടി സർക്കാർ അംഗീകരിക്കുകയും അങ്ങനെ ദേവസം നിയമനങ്ങൾ പിഎസ്എസിക്ക് വിടുകയെന്ന നിർദ്ദേശം അട്ടിമറിക്കുകയുമായിരുന്നു. സമുദായ സംഘടനകളുടെ നോമിനികളായി ബോർഡിൽ ആളുകളെ തിരുകി കയറ്റുകയായിരുന്നു ഈ ആശയത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. അതു തന്നെയാണ് സംഭവിച്ചത്.

പൊലീസ് സേനയിലെ സൗമ്യ പ്രകൃതക്കാരനായിരുന്നു ഐപിഎസുകാരനായ ചന്ദ്രശേഖരൻ. ഡിജിപി റാങ്ക് അനുവദിച്ച് സർക്കാർ ഫയർഫോഴ്‌സിന്റെ തലപ്പത്ത് നിയോഗിച്ചെങ്കിൽ അക്കൗണ്ട് ജനറലിന്റെ ഇടപെടൽ മൂലം ശമ്പളം മുടങ്ങുകയാണ് ഉണ്ടായത്. ഡിജിപി റാങ്കിലെ ശമ്പളം നൽകുന്നതിൽ നൂലാമാലകളും ഉണ്ടായി. എന്നാൽ സർക്കാരിനെതിരെ തിരിയാൻ ചന്ദ്രശേഖരൻ തയ്യാറായില്ല. സർക്കാരിനെ വെട്ടിലാക്കാതെ വിരമിക്കാനും തയ്യാറായി. ഇതിനുള്ള അംഗീകാരമെന്നോണമാണ് ചന്ദ്രശേഖരനെ ബോർഡിന്റെ തലപ്പത്ത് നിയോഗിച്ചത്. ബാക്കി നിയമനങ്ങളെല്ലാം രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു. ആഭ്യന്തരവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി എൻ. പരമേശ്വരകുമാർ, ഗുരുവായൂർ ദേവസ്വം ബോർഡംഗം അനിൽ തറനിലം, എൽ. ഗണേശ്, സി.ജി. ആശ, രുഗ്മിണി ഭാസ്‌കരൻ എന്നിവരാണു മറ്റംഗങ്ങൾ. ആഭ്യന്തരവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി എൻ. പരമേശ്വരകുമാർ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു.

പിഎസ് സി അംഗങ്ങളുടെ നിയമനവും രാഷ്ട്രീയ അടിസ്ഥാനത്തിലാണെങ്കിലും അവിടെ ഇടപെടലുകൾ നിയമനത്തിൽ ഒഴിവാക്കാൻ സുശക്തമയാ സംവിധാനമുണ്ട്. ഇതാണ് ദേവസം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഇല്ലാത്തതും. ഇത് അഴിമതിയുടെ വലിയ സാധ്യത തന്നെ സൃഷ്ടിക്കും. ദേവസ്വം ബോർഡ് നേരിട്ട് നിയമനം നടത്തുന്നതിന് സമാനമായ സാഹചര്യം തന്നെയാകും ദേവസം റിക്രൂട്ട്‌മെന്റ് ബോർഡും ഒരുക്കുക. ഇത് തിരിച്ചറിഞ്ഞാണ് വി എസ് സർക്കാരിന്റെ കാലത്തെ നയത്തിലേക്ക് തിരിച്ചു പോകാൻ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പച്ചക്കൊടി കാട്ടി. ഇതോടെ ദേവസ്വം നിയമന ബോർഡ് പിരിച്ചുവിടുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിക്കുകയും ചെയ്തു. ദേവസം നിയമനങ്ങൾ ഇനി പിഎസ് സിക്ക് വിടും. ബോർഡ് രൂപീകരിച്ചത് അഴിമതിക്കെന്ന് മന്ത്രി പറഞ്ഞു. ബോർഡ് പിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്.

നിയമനം പി.എസ്.സിക്ക് വിടുമ്പോൾ ഇന്റർവ്യു ബോർഡിൽ ഹൈന്ദവ വിശ്വാസികളെ ഉൾപ്പെടുത്തണമെന്ന വാദമാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ അപാകത എന്തായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പറയുന്നു. ഇതിനപ്പുറത്തേക്ക് ഒരു വിമർശനവും അവർക്ക് പോലും നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതിൽ ഉന്നയിക്കാനില്ലെന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഹൈന്ദവ സംഘടനാ പ്രവർത്തകർ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണെന്നതാണ് വസ്തുത.

ദേവസ്വം ബോർഡിലെ നിമയനങ്ങളിൽ വ്യാപകമായ കൈക്കൂലി ആരോപണമുയർന്നതിനെത്തുടർന്ന് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ തീരുമാനിച്ചിരുന്നു. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾക്കു കീഴിലെ ക്ഷേത്രങ്ങളിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും നിയമനം പ്രത്യേക ബോർഡിനു കീഴിലാക്കിയതാണ് റിക്രൂട്ട്‌മെന്റ് ബോർഡ്. ഇത് അനാവശ്യ ചെലവാണ്. അതുകൊണ്ട് തന്നെ സാമുദായിക സംഘടനകളുടെ ഭാഗത്ത് നിന്നുമുണ്ടായേക്കാവുന്ന എതിർപ്പിനെ അവഗണിച്ചും പി എസ് സിയെന്ന ആശയത്തിലേക്ക് കാര്യങ്ങളെത്തിക്കാൻ തന്നെയാണ് ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തീരുമാനം.