കൊച്ചി: ആലുവ ഏലൂക്കരയിൽ വെള്ളത്തിൽ മുങ്ങിത്താണ ഒരു കുടുംബത്തിലെ രണ്ടുപേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ +2ക്കാരിയെ തേടി അഭിനന്ദന പ്രവാഹം.

വെള്ളിത്തിരയിലെ സൂപ്പർ താരം മുകേഷും ഏലൂക്കര പതുവനവീട്ടിൽ അലിക്കുഞ്ഞിന്റെ മകൾ അനീഷയെ നേരിട്ട് അഭിനന്ദിക്കാനെത്തി. മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പഌ് ടു സയൻസ് വിദ്യാർത്ഥിനിയാണ് അനീഷ. ഏലൂക്കരയിൽ അടുത്തിടെ താമസമാക്കിയ പാനായിക്കുളം കരുവേലിപ്പറമ്പ് നമാസുദ്ദീൻ, ഭാര്യ സീനത്ത്, മക്കളായ ഫാഹിമ, സഹിൽസമാൻ എന്നിവരെയാണ് ഈ പതിനേഴ്കാരിയുടെ ആത്മധൈര്യം ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്.

പെരിയാറിലെ മരണക്കയങ്ങളിലകപ്പെട്ടവരെ അനീഷ രക്ഷിച്ചത് സ്വന്തം രക്ഷ പോലും നോക്കാതെയാണ്. മുപ്പത്തടം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി അനീഷ അതോടെ നാട്ടിലെ താരമായി. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഏലൂക്കര കരുവേലിപറമ്പിൽ നമാസുദ്ദീൻ, മകൾ ഫാത്തിമ ഫഹീമ എന്നിവരെയാണ് അനീഷ രക്ഷപ്പെടുത്തിയത്. നമാസുദ്ദീന്റെ ഭാര്യ സീനത്തും മക്കളും കടവിൽ തുണി അലക്കാനെത്തിയതായിരുന്നു. ഇതിനിടെ മകൻ മൂന്നാം ക്ലാസുകാരൻ സാഹിർ സമാൻ വെള്ളത്തിൽ വീണു. സാഹിറിനെ രക്ഷിക്കാനായി വെള്ളത്തിലേക്കു ചാടിയ സഹോദരി എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സഹീമയും വെള്ളത്തിൽ മുങ്ങി.

സീനത്തിന്റെ നിലവിളി കേട്ടെത്തിയ നമാസുദ്ദീൻ വെള്ളത്തിൽ ചാടിയെങ്കിലും ചെളിയിൽ കാലുറച്ചു. സാഹിദിനെ രക്ഷിക്കാനാണ് ഫാത്തിമ വെള്ളത്തിലിറങ്ങിയത്. കുട്ടികൾ മുങ്ങിത്താഴുന്നത് കരയിൽനിന്ന് കണ്ട നമാസുദ്ദീൻ ചാടി മകനെ കരക്കത്തെിച്ചശേഷം മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിത്താഴുകയായിരുന്നു. സീനത്തിന്റെ നിലവിളി കേട്ട് സമീപവാസിയായ അനീഷ ഓടിയത്തെി പുഴയിലേക്ക് ചാടി ഫാത്തിമയെ കരക്കത്തെിച്ചു. പിന്നെ ചളിയിൽ പൂണ്ട നമാസുദ്ദീനെ കൈപിടിച്ചുകയറ്റി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും സഹായത്തിനത്തെി. രണ്ടു ജീവൻ രക്ഷിക്കാനായതിന്റെ ചാരിതാർഥ്യമുണ്ടെങ്കിലും അനീഷയും കുടുംബവും വിവരം മറ്റാരെയും അറിയിച്ചുമില്ല. എന്നാൽ സ്‌കൂളിൽ കാര്യങ്ങൾ എങ്ങനെയോ അറിഞ്ഞു.

അനീഷ പഠിക്കുന്ന മുപ്പത്തടം ഗവ. എച്ച്എസ്എസിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിച്ചപ്പോഴാണ് ഇക്കാര്യം നാട്ടുകാരും അറിഞ്ഞത്. ഇതോടെ വാർത്തയുമായി. അങ്ങനെയാണ് നടൻ മുകേഷ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നത്. ജീവൻ പണയപ്പെടുത്തിയുള്ള അനീഷയുടെ ധീരതക്ക് അഭിനന്ദനം പ്രവഹിക്കുകയാണ് ഇപ്പോഴും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഷാജഹാൻ അനീഷയുടെ വീട്ടിലെത്തി പുരസ്‌കാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് പുരസ്‌കാരം നൽകി.