കണ്ണൂർ: ജനിതകമാറ്റം വരുത്തിയ ഭക്ഷ്യധാന്യങ്ങൾ വരുംതലമുറക്ക് ഹാനികരമാകുമോ? കാർഷിക ശാസ്ത്രലോകം തന്നെ പകച്ചു നിൽക്കുന്ന ജി.എം. വിളയുത്പാദനത്തിന് ഡൽഹി സർവ്വകലാശാല കുടപിടിക്കുന്നു.

സർവ്വകലാശാല വികസിപ്പിച്ചെടുത്ത ജി.എം(ജനറ്റിക്കലി മോദിഫൈഡ്) വിളയായ ധാരാ മസ്റ്റാർഡ് ഹൈബ്രിഡ് 11 എന്ന കടുകിനത്തിന് അനുമതി തേടിയുള്ള അപേക്ഷ ജനറ്റിക് എഞ്ചിനീയറിങ് അപ്രൂവൽ കമ്മിറ്റി ് അംഗീകാരം നൽകണമെന്ന അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ കടുകില്ലാത്ത ഒരു കറിയും ഉണ്ടാക്കാനാവില്ലെന്ന അവസ്ഥയാണ്. ദക്ഷിണേന്ത്യക്കാർക്ക് പ്രിയപ്പെട്ട സാമ്പാറും പച്ചടിയും അച്ചാറുമെല്ലാം കടുകു മയമാണ്. അതുകൊണ്ടുതന്നെ കടുകുൽപ്പാദന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

ബാസില്ലത് തുറിഞ്ചിയൻസിസ് എന്ന ബാക്ടീരിയയിൽനിന്നെടുക്കുന്ന പ്രോട്ടീൻ ഉപയോഗിച്ചാണ് ജി.എം. കടുക് ഉത്പാദിപ്പിക്കുന്നത്. ഈ പ്രോട്ടീൻ കീടങ്ങളേയും പുഴുക്കളേയും കൊതുകുകളേയും വണ്ടുകളേയും കൊല്ലും. ഒപ്പം മിത്രകീടങ്ങളേയും ഈ പ്രോട്ടീൻ നശിപ്പിക്കുമെന്നതു വേറേ കാര്യം. മനുഷ്യർക്ക് ഇതിന്റെ ഫലം എന്താണ് ഉണ്ടാക്കുന്നതെന്ന് പൂർണമായും വ്യക്തമാക്കപ്പെട്ടിട്ടില്ല. സാമ്പാറും പച്ചടിയും തോരനും കഴിക്കുമ്പോൾ ഉപഭോക്താക്കൾ ഇതിനു വല്ല ആരോഗ്യപ്രശ്‌നവും ഭാവിയിൽ ഉണ്ടാകുമോ എന്നു ശ്രദ്ധിക്കുന്നില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജി.എം. കടുകിനെ വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള അനുമതി സംബന്ധിച്ചു പരിഗണിച്ചു വരികയാണ്.

ജനിതക മാറ്റം വരുത്തിയ ഭക്ഷ്യവിളകൾ ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുമെന്ന് ഡോ.വന്ദന ശിവ ഉൾപ്പെടെയുള്ള പ്രകൃതിസ്‌നേഹികൾ അഭിപ്രായപ്പെട്ടിരിക്കയാണ്. കേരളത്തിനകത്തും പുറത്തും ബി.ടി. കടുകിനം ഉത്പ്പാദിപ്പിക്കാൻ അനുമതി നൽകുന്നതിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നുണ്ട്.
പ്രകൃതിയോടുള്ള അനാവശ്യ ഇടപെടലാണ് ബി.ടി.കടുകുൽപ്പാദനത്തിന്റെ പേരിൽ നടക്കുന്നതെന്നും കൃഷിയുടേയോ കർഷകന്റേയോ ഇംഗിതമല്ല ഇതെന്നും ഡോ.വന്ദന ശിവ പറയുന്നു. ഭാവിയിൽ വിത്തിനു വേണ്ടി കുത്തകകളെ കർഷകർ അന്വേഷിച്ചു തേടേണ്ടിവരും, അവർ പറയുന്നു.

ജനിതകമാറ്റം വഴി ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിലൂടെ മനുഷ്യർക്ക് എന്തെല്ലാം രോഗങ്ങളാണ് ഉണ്ടാവുക എന്ന് പറയാൻ വയ്യ. ചെടികൾക്ക് ദോഷകരമായി ബാധിക്കുന്ന കീടങ്ങളെ കൊല്ലുക വഴി മിത്രകീടങ്ങളും നശിക്കും. തേനീച്ച പോലും വംശനാശത്തിലേക്ക് കുതിക്കും. ഇത് മാനവരാശിയെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.

ആരോഗ്യപ്രദമായ ഭക്ഷ്യ എണ്ണയാണ് കടുകെണ്ണ. ഏറ്റവും കുറഞ്ഞ ഫാറ്റി ആസിഡാണ് അതിലുള്ളത്. കടുകെണ്ണ ശുദ്ധമായി ലഭിക്കണമെങ്കിൽ അത് കർഷകർ പ്രകൃതി ദത്തമായി ഉത്പ്പാദിപ്പിച്ചതാകണം. ജി.എം. പ്രക്രിയവഴി ഉത്പ്പാദനം കൂടുമെന്നു പറയുന്നുണ്ടെങ്കിലും അത്തരമൊരു ഇനം ഇതുവരേയും ലഭ്യമായിട്ടില്ലെന്ന് ശാസ്ത്ര ലോകം പറയുന്നു. ഇന്ത്യയിൽ പ്രതിവർഷം 60,000 കോടി രൂപയുടെ കടുകെണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ജി.എം.കടുക് ഉത്പ്പാദിപ്പിച്ചാൽ ഇറക്കുമതി കുറയ്ക്കാൻ കഴിയുമെന്ന് ആധികാരികമായി ആരും വ്യക്തമാക്കിയിട്ടില്ല.

മോൺസാന്റോ പോലുള്ള ബഹുരാഷ്ട കുത്തകകൾക്ക് വിത്ത് വിൽപ്പന നടത്താനുള്ള ഉപാധിയായി ജി.എം. സാങ്കോതിക വിദ്യ മാറരുതെന്നാണ് പരിസ്ഥിതി വാദികളുടേയും കൃഷി ശാസ്ത്രജ്ഞന്മാരുടേയും അഭിപ്രായം. രാസകീടനാശിനികളുടെ ഉപയോഗം കുറക്കാമെന്നും പോഷകമൂല്യം കൂട്ടാമെന്നും കൃഷി ലാഭകരമാക്കാമെന്നും പറഞ്ഞാണ് ജി.എം. കടുകിന് അംഗീകാരം നൽകാനുള്ള ശ്രമം നടക്കുന്നത്. എന്നാൽ ആരോഗ്യമുള്ളതും സുരക്ഷിതത്വമുള്ളതുമായ ഭക്ഷണമെന്നത് ഇവിടെ ഹനിക്കപ്പെടുന്നതിന്റെ സൂചനയാണ് കണ്ടു വരുന്നത്. ജി.എം. കടുകിനങ്ങൾ വന്നാൽ കഴിക്കുന്നവർക്ക് എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന വ്യക്തമാക്കിയിട്ടില്ല. അണിയറയിൽ ഡി.എം.എച്ച്.11 കടുകിന് അംഗീകാരം നൽകാനുള്ള നീക്കം സജീവമാണ്. മലയാളിക്ക് സാമ്പാറും പച്ചടിയും ആശങ്കയോടെ കഴിക്കേണ്ട അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.