- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയം പ്രഖ്യാപിത മെത്രാന്റെ തോട്ടത്തിന് കുഞ്ഞാലിക്കുട്ടിയും അനുകൂലം; ഹാരിസൺ തോട്ടങ്ങൾ ഏറ്റെടുക്കുമെന്ന വാദം പൊള്ള; അണിറയിൽ ഒരുങ്ങുന്നത് ഭൂമി തീറെഴുതി നൽകാനുള്ള നാടകം
പാലക്കാട്: ഹാരിസൺ ഭൂമിയേറ്റെടുക്കലിന്റെയും ഒഴിപ്പിക്കലിന്റെയും പേരിൽ ഇപ്പോൾ നടക്കുന്ന ബഹളങ്ങളൊക്കെ വെറും നാടകം. ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഒരു തോട്ടവും സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ല. അഥവാ ഏറ്റെടുത്താൽ തന്നെ അവിടേക്ക് പ്രവേശിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുകയുമില്ല. അതേസമയം, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നെല്ല
പാലക്കാട്: ഹാരിസൺ ഭൂമിയേറ്റെടുക്കലിന്റെയും ഒഴിപ്പിക്കലിന്റെയും പേരിൽ ഇപ്പോൾ നടക്കുന്ന ബഹളങ്ങളൊക്കെ വെറും നാടകം. ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഒരു തോട്ടവും സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ല. അഥവാ ഏറ്റെടുത്താൽ തന്നെ അവിടേക്ക് പ്രവേശിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുകയുമില്ല. അതേസമയം, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നെല്ലിയാമ്പതിയിൽ ഏറ്റെടുത്ത തോട്ടങ്ങൾ തിരിഞ്ഞു നോക്കാനാളില്ലാതെ കാടുകയറിയും അന്യാധീനപ്പെട്ടും നശിക്കുകയാണ്.
ഹാരിസൺ തോട്ടങ്ങളിൽ അഞ്ചെണ്ണം ഏറ്റെടുത്തു കൊണ്ടുള്ള ഉത്തരവിലാണ് സ്‌പെഷൽ ഓഫീസർ രാജമാണിക്യം ഒപ്പിട്ടത്. കേരള ഭൂസംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി. തോട്ടങ്ങൾ ഏറ്റെടുത്തുവെന്ന് സാങ്കേതികമായി പറയുകയും പത്രങ്ങളിൽ തലക്കെട്ടാവുകയും ചെയ്തു എന്നതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഭൂപരിഷ്‌കരണ നിയമത്തിന് ശേഷം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ നടപടി എന്നൊക്കെ പറഞ്ഞ് റവന്യൂമന്ത്രി അടൂർ പ്രകാശിനെ പുകഴ്‌ത്തുന്നവരും കുറവല്ല. എന്നാൽ, ഇതൊക്കെ വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള വെറും ഗിമ്മിക്കുകൾ മാത്രമാണ്.
നേരത്തേ ബോയ്‌സ് എസ്റ്റേറ്റ് ഒഴികെ ഹാരിസൺ വിറ്റ തോട്ടങ്ങൾക്ക് എതിരേയായിരുന്നു സർക്കാർ. പരിസ്ഥിതി വാദികളും ഭൂസമരക്കാരുമൊക്കെ ലക്ഷ്യമിട്ടത് 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റായിരുന്നു. 62 കോടി(യഥാർത്ഥ വില നൂറു കോടിക്കു മുകളിൽ) ക്ക് ബിഷപ്പ് യോഹന്നാന്റെ ഗോസ്പൽ ഫോർ ഏഷ്യ വാങ്ങിയ ഈ എസ്റ്റേറ്റിൽ മിച്ചഭൂമിയുണ്ടെന്ന് വന്നാൽ അവിടെ കൈയേറാമെന്ന് കരുതിയിരുന്നവരാണ് ഹൈക്കോടതിയിൽ അപ്പീലുമായി പോയത്. എന്നാൽ, പണം വാരിയെറിഞ്ഞ് ഗോസ്പൽ ഫോർ ഏഷ്യ കേസ് കളിച്ചു.
ഹാരിസണിന്റെ ചില ഭൂമിവിൽപനകൾ മാത്രം സർക്കാർ എതിർക്കുന്നതിനെതിരേ മറ്റു തോട്ടങ്ങൾ ഹൈക്കോടതിയെ സമീപിച്ചതോടെ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് വേണ്ടപ്പെട്ട ബോയ്‌സ് എസ്റ്റേറ്റിലും തൊടാൻ സർക്കാർ നിർബന്ധിതരായി. അതുവരെ ബോയ്‌സ് എസ്റ്റേറ്റിനെതിരെ ഒരു ചെറുവിരൽ പോലും ചലിപ്പിക്കാത്തവർ, അതും ഏറ്റെടുക്കാൻ നോട്ടീസ് നൽകി. ഇതോടെ ഏറ്റവുമധികം സന്തോഷിച്ചത് ഹാരിസണിൽനിന്ന് തോട്ടം വാങ്ങിയ മറ്റുള്ളവരാണ്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടപ്പെട്ട ബോയ്‌സ് ഒരിക്കലും ഒഴിപ്പിക്കില്ലെന്ന് ഇവർക്ക് അറിയാമായിരുന്നു. അത് ഏറ്റെടുക്കാതെ തങ്ങളുടെ മാത്രം ഏറ്റെടുക്കാൻ വന്നാൽ കോടതിയിൽ ചോദ്യം ചെയ്യാനും കഴിയും. ഇതോടെ വെട്ടിലായത് സർക്കാരാണ്.
എന്നാലും മുഖം രക്ഷിക്കലിന്റെ ഭാഗമായി ബോയ്‌സ് എസ്റ്റേറ്റ് അധികൃതർക്കും നോട്ടീസ് നൽകിയിരുന്നു. സ്‌പെഷൽ ഓഫീസർ ഉത്തരവുകളിൽ ഒപ്പുവച്ചതു കൊണ്ടു മാത്രം തോട്ടം ഏറ്റെടുക്കാൻ കഴിയില്ല. ഇതു സംബന്ധിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കുകയോ നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിക്കുകയോ വേണം. എന്നിരുന്നാലും ചെറുവള്ളി പോലുള്ള തോട്ടങ്ങൾ ഏറ്റെടുക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. തോട്ടം ഉടമയായ ബിലിവേഴ്‌സ് ചർച്ച് അവകാശപ്പെടുന്നതിങ്ങനെ: ഹൈക്കോടതിയിൽനിന്നും സുപ്രീംകോടതിയിൽനിന്നും തങ്ങൾ അനുകൂലവിധി സമ്പാദിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അന്തിമവിധി പ്രകാരം ചെറുവള്ളിത്തോട്ടത്തിൽ മിച്ചഭൂമിയില്ല, അത് പാട്ടഭൂമിയുമല്ല. സുപ്രീംകോടതി വിധി മലയാളം പ്ലാന്റേഷന് ജന്മാവകാശം ഉള്ളതാണ് തോട്ടം എന്നാണ്. അത് പിന്നീട് ഹാരിസണിന് കൈമാറ്റം ചെയ്തതു കൊണ്ട് ജന്മാവകാശത്തിന് മാറ്റം വരികയില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
ഈ വിധിയെല്ലാം മറികടന്ന് തോട്ടം സർക്കാർ ഏറ്റെടുത്താൽ ഉടമകൾ വീണ്ടും കോടതിയെ സമീപിക്കും. അതോടെ ഏറ്റെടുക്കൽ അവിടെ അവസാനിക്കും. ഇനി മറ്റൊരു രീതിയിലും ഏറ്റെടുക്കലിന് തടയിടാൻ കഴിയും. പാട്ടക്കാരിൽ സർക്കാർ ഭൂമി തിരികെ എടുക്കുമ്പോൾ ഡെവലപ്‌മെന്റൽ കോമ്പൻസേഷൻ നൽകണം എന്നൊരു ചട്ടം നിലവിലുണ്ട്. അതെത്രയാണെന്ന് പാട്ടത്തിന് എടുത്തവർക്ക് ആവശ്യപ്പെടാം. ഉദാഹരണത്തിന് പാട്ടം ഉടമ 200 കോടി ഡവലപ്‌മെന്റ് കോമ്പൻസേഷൻ ആവശ്യപ്പെടുന്നുവെന്ന് കരുതുക. സർക്കാർ അത്രയും നൽകാൻ തയാറല്ല. ഇതോടെ പാട്ടക്കാർക്ക് കോടതിയെ സമീപിക്കാം. അപ്പീലും കൗണ്ടറുമൊക്കെയായി അതു പിന്നെയും നീണ്ടു പോകും.
ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ സർക്കാർ തുടങ്ങിയിരിക്കുന്ന നടപടി നിയമത്തിന്റെ നൂലമാലകളിൽ കുടുങ്ങി അനന്തമായി നീണ്ടു പോകും. ഇനി ഏറ്റെടുക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ എന്തു ചെയ്യും എന്ന ചോദ്യം അവശേഷിക്കുന്നു. ചെറുവള്ളിത്തോട്ടത്തിൽ ആയിരം തൊഴിലാളികളുണ്ട്. ഇവർ ഒറ്റക്കെട്ടായി മാനേജ്‌മെന്റിനൊപ്പം നിൽക്കുന്നവരാണ്. അതു കൊണ്ടാണ് ചെങ്ങറ മോഡൽ കൈയേറ്റശ്രമം പല തവണ ഉണ്ടായിട്ടും അവിടെ വിജയിക്കാതെ പോയത്. ഇപ്പോഴുള്ള മാനേജ്‌മെന്റ് അവർക്കാവശ്യമുള്ള തൊഴിലും വേതനവും അടിസ്ഥാനസൗകര്യവും ആരോഗ്യപരിരക്ഷയും ഒരുക്കുന്നുണ്ട്. സർക്കാർ ഏറ്റെടുത്താൽ ഇതൊന്നും നേരാംവണ്ണം ലഭിക്കില്ലെന്ന് തൊഴിലാളികൾക്കും അറിയാം.
നേരത്തേ സർക്കാർ ഏറ്റെടുത്ത തോട്ടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാൽ ഇക്കാര്യം അറിയാം. നെല്ലിയാമ്പതിയിൽ പോബ്‌സൺ ഗ്രൂപ്പിന്റെ കൈവശമായിരുന്ന തുത്തമ്പാറ അടക്കം മൂന്നു തോട്ടങ്ങളാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ തിരിച്ചുപിടിച്ചത്. കോടികൾ മുടക്കി ജൈവകാപ്പി, കുരുമുളക് കൃഷി നടത്തിയിരുന്ന ഇവിടം കാടുകയറി നശിച്ചിരിക്കുയാണ് ഇപ്പോൾ. വനംവകുപ്പിനാണ് തോട്ടം കൈമാറിയത്. കാപ്പിക്കുരുവും മറ്റും വിളഞ്ഞ് പഴുത്ത് നിലം പതിക്കുകയാണ്. കുറെയൊക്കെ വനംവകുപ്പ് അധികൃതർ എടുത്താലായി. പാട്ടക്കാരുടെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനുള്ള നീക്കം നല്ലതു തന്നെ. പക്ഷേ, ചുമ്മാ വെടിയും പുകയും വിടാതെ അത് ഏറ്റെടുക്കാനുള്ള ആർജവമാണ് കാണിക്കണ്ടത്. അത് ഈ യു.ഡി.എഫ് സർക്കാരിനില്ല.