കുട്ടനാട്: സംസ്ഥാനത്തെ കായലോര ജില്ലകളിൽ വ്യാജമദ്യക്കാരെയും വാറ്റുകാരെയും തുരത്താൻ സർക്കാർ വാങ്ങിക്കൂട്ടിയ ബോട്ടുകളെയാണ് ജാഗ്രതായാനങ്ങളെന്നുവിളിക്കുന്നത്.

ആലപ്പുഴ , കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കോടികൾ ചെലവിട്ട് ബോട്ടുകൾ വാങ്ങിയത്. ഏകദേശം 40 ലക്ഷം രൂപയാണ് ബോട്ട് ഒന്നിന് സർക്കാർ നൽകിയത്. വാങ്ങിക്കൂട്ടാൻ കാട്ടിയ ആവേശം പിന്നീടുണ്ടായിട്ടില്ല്. ബോട്ടുകൾ എങ്ങനെ ഉപയോഗിക്കുമെന്ന് അധികൃതർക്കു തിരിച്ചറിയാനുമായില്ല. ഭീമാകരനായ ഈ ബോട്ട് കായൽ മേഖലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ എത്തിപ്പെടാത്തതാണ് പദ്ധതി പാളിയത്. എക്‌സൈസ് അധികൃതർക്ക് നൽകിയ ബോട്ടുകളിപ്പോൾ അവിടെയുമിവിടെയുമൊക്കെ ഒതുക്കി കെട്ടിയിട്ടിരിക്കുകയാണ്.

ജില്ലകളുടെ ഭൂപ്രകൃതിയനുസരിച്ച് ഉൾപ്രദേശങ്ങളിലാണ് പ്രധാനമായും വാറ്റുകേന്ദ്രങ്ങളുള്ളത്. എന്നാൽ ജാഗ്രതായാനം ഇവിടങ്ങളിൽ എത്തുന്നതിനു മുമ്പേ വിവരം നേരത്തെ എത്തിക്കാൻ വകുപ്പിൽതന്നെ ചാരന്മാർ ഉള്ളതായാണ് അറിയാൻ കഴിഞ്ഞത്. ബോട്ടിന്റെ വലിപ്പക്കൂടുതൽമൂലം ഉൾപ്രദേശങ്ങളിലേക്കു ബോട്ടിനു സഞ്ചരിക്കാനാവുന്നില്ല. തോടിനു കുറുകെ പാലങ്ങളുള്ളതിനാൽ ബോട്ടിനു പ്രതിബന്ധമാകുന്നുണ്ട്. അതുപോലെതന്നെ ബോട്ടിന്റെ ഇന്ധനച്ചെലവ് വകുപ്പിനു താങ്ങാവുന്നതിലുമധികമാണെന്ന് അധികൃതർ പറയുന്നു.

നിലവിൽ കായൽതീരത്തെ ഷാപ്പുകളിൽ മാത്രമാണ് പരിശോധന നടക്കുന്നത്. ഇവിടങ്ങളിൽ പരിശോധന നടത്തി ക്ലീൻചീട്ട് നൽകലാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ പണി. ടൂറിസവുമായി ബന്ധപ്പെട്ട് സ്വദേശികളും വിദേശികളുമായ നൂറുകണക്കിനു സഞ്ചാരികളാണ് ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ ദിനംപ്രതി എത്തുന്നത്. പ്രധാനമായും ഇവരെ ലക്ഷ്യമിട്ടാണ് വാറ്റ് നിർമ്മാണവും നടക്കുന്നത്.

കുറഞ്ഞ നിരക്കിൽ ഭക്ഷണവും താമസവും സഞ്ചാരികൾക്കു നൽകി അമിത വിലയ്ക്ക് മദ്യം വിൽക്കലാണ് ഇവിടങ്ങളിൽ പ്രധാന തൊഴിൽ. ഇവിടങ്ങളിലെ അനുമതിയുള്ള ഷാപ്പുകളിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവിന്റെ മൂന്നിരട്ടിയാണ് ഈ പ്രദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്നത്. ശരിയായ പരിശോധനയോ മറ്റു നിരീക്ഷണമോ നടക്കാത്തതാണ് മദ്യലോബി തഴച്ചുവളരാൻ കാരണമാകുന്നത്.

ലോബിക്കാകട്ടെ കായൽപരപ്പിലൂടെ കുതിച്ചുപായാൻ സഹായകമായ ആധുനിക സ്പീഡ്‌ബോട്ടുകളാണുള്ളത്. എന്നാൽ വകുപ്പിനെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകൾ പിന്നിട്ട വാഹനങ്ങൾ മാത്രമാണുള്ളത്. ഇതേ അവസ്ഥതന്നെയാണ് പൊലീസിന്റെയും. രണ്ടു വകുപ്പുകളുടേയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതും മദ്യലോബിക്ക് സഹായകമാകുന്നുണ്ട്.

കുട്ടനാട്ടിലെ അനുമതിയുള്ള ഷാപ്പുകളിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവിന്റെ മൂന്നിരട്ടിയാണ് ഈ പ്രദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്നത്. ശരിയായ പരിശോധനയോ മറ്റ് നിരീക്ഷണമോ നടക്കാത്തതാണ് മദ്യലോബി തഴച്ചുവളരാൻ കാരണമാകുന്നത്. ലോബിക്കാകട്ടെ കായൽപരപ്പിലൂടെ കുതിച്ചുപായാൻ സഹായകമായ ആധുനിക സ്പീഡ്‌ബോട്ടുകളാണുള്ളത്. എന്നാൽ വകുപ്പിനെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകൾ പിന്നിട്ട വാഹനങ്ങൾ മാത്രമാണുള്ളത്. ഇതേ അവസ്ഥതന്നെയാണ് പൊലിസിന്റെയും. രണ്ടു വകുപ്പുകളുടേയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതും മദ്യലോബിക്ക് സഹായകമാകുന്നുണ്ട്.

1998ൽ കുട്ടനാട്ടിലുണ്ടായ മദ്യദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശപ്രകാരം കായൽപ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നതിന് നിർമ്മിച്ച ബോട്ടാണ് ജാഗ്രതായാനം. കഴിഞ്ഞ വർഷം ആദ്യമാണ് ബോട്ട് ഇറക്കിയത്.