കാസർഗോഡ്: മംഗളൂരുവിലെ മുംബൈ മോഡൽ അധോലോക സംഘത്തിൽ കാലിയാ റഫീഖും കസായി അലിയും പ്രവർത്തിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു. ഉപ്പളയിലെ ഗുണ്ടാ മേധാവിത്വത്തിനു വേണ്ടി മത്സരിക്കുന്ന റഫീക്കും അലിയും കാസർഗോഡ് ജില്ലയിൽ തങ്ങളെ അനുകൂലിക്കുന്ന സംഘങ്ങളെ വ്യാപിപ്പിച്ചിട്ടുണ്ട്.

മംഗളൂരു കേന്ദ്രീകരിച്ച് ദക്ഷിണ കന്നഡ ജില്ലയിലും ഉത്തര കന്നഡ ജില്ലയിലും കാസർഗോഡും ഇവർ ഇതു വഴി പ്രവർത്തന മേഖല വിപുലീകരിച്ചിരിക്കയാണ്. ഇരു സംഘങ്ങളുമായി ഇരുപതോളം പേരുടെ കയ്യിൽ തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘത്തിൽപ്പെട്ട എട്ടുപേർ കാസർഗോഡു നിന്നും ഒളിവിൽ പോയിരിക്കുകയാണ്. മംഗളൂരു അധോലോകം മുഖേനയാണ് ഇവർക്ക് ആയുധങ്ങൾ ലഭിച്ചു പോന്നത്.

ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചെങ്കിലും നടപടി എത്രത്തോളം എടുക്കാമെന്നതിനെക്കുറിച്ച് പൊലീസിനു തന്നെ ഉറപ്പില്ല. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കസായി അലിക്കും കാലിയാ റഫീഖിനും എതിരെ കാപ്പ ചുമത്താൻ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തിലും കർണ്ണാടകത്തിലും കൊലപാതകങ്ങൾ ഉൾപ്പെടെ ഇരുപതോളം കേസിൽ പ്രതിയാണ് കാലിയാ റഫീഖ്.

കസായി അലിയുടെ സഹോദരൻ മുത്തലീബിനെ കൊലപ്പെടുത്തിയ കേസ്്്, ഹിദായത്ത്്്്്് നഗർ സ്വദേശി അസുറുദ്ദീനെ ഉപ്പള ടൗണിൽ വച്ചും പട്ടാപ്പകൽ വെട്ടികൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ ഒട്ടേറെ കുറ്റ കൃത്യങ്ങൾ കാലിയാ റഫീഖിന്റെ പേരിലുണ്ട്്. കർണ്ണാടകത്തിൽ അബ്ദുൾ ഹമീദ് എന്നയാളെ കത്തിച്ചു കൊന്ന കേസിൽ പ്രതിയാണ് കസായി അലി. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിലെത്തിയാൽ എല്ലാ കേസുകളിലും ജാമ്യം ലഭിക്കാറുള്ളതിനാൽ കസായി അലിയും കാലിയാ റഫീഖും കുറ്റകൃത്യങ്ങളുടെ നിര തന്നെ തീർത്തിരിക്കയാണ്.

വധക്കേസുകൾക്ക് പുറമേ കവർച്ച, വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നീ കുറ്റ കൃത്യങ്ങൾ പതിവാക്കിയിരിക്കയാണ് കാലിയാ റഫീഖ്. കാപ്പ നിയമം പ്രാവർത്തികമാക്കുന്നതോടെ ഇവരെ നിലനിർത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞാഴ്ച ഈ രണ്ട് അധോലോക സംഘങ്ങളും ഉപ്പള ടൗണിൽ ഏറ്റു മുട്ടിയതോടെയാണ് പൊലീസ് ഇവരെ ഗൗരവത്തോടെ കണ്ടത്്. നഗരത്തിൽ ഇരു വാഹനങ്ങളിലുമായെത്തിയ കാലിയാ റഫീഖിന്റെ സംഘവും കസായി അലിയുടെ സംഘവും പരസ്പരം വാഹനങ്ങൾക്ക് നേരെ വെടി ഉതിർത്തതോടെ ജനങ്ങൾ ഭയവിഹ്വലരായി കഴിയുകയായിരുന്നു.

ഇരു സംഘവും 20 മിനുട്ടോളം നഗരത്തിൽ യുദ്ധത്തിന്റെ പ്രതീതി ഉളവാക്കി. പരസ്പരമുണ്ടായ വെടി വെപ്പിൽ ഇരു വിഭാഗത്തിന്റേയും വാഹനങ്ങൾക്ക്് വെടിയുണ്ട തുളഞ്ഞു കയറി. പൊലീസ് എത്തുമ്പോഴേക്കും ഇരു സംഘവും രക്ഷപ്പെട്ടിരുന്നു. ഒടുവിൽ രണ്ട് ഗുണ്ടാ നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉപ്പളയിൽ സമാധാന ജീവിതം നിലനിർത്തണമെന്ന ആവശ്യവുമായി ജനങ്ങൾ രാഷ്ട്രീയ പാർട്ടികളെ സമീപിച്ചരിക്കയാണ്. എന്നാൽ ഗുണ്ടാ നേതാക്കളുടെ കണ്ണിലെ കരടാകാൻ ആരും തയ്യാറാകുന്നില്ല.

രണ്ട് വർഷം മുമ്പ് ഉപ്പള മണ്ണംകുഴിയിലെ ഫൽറ്റിന് മുന്നിൽവച്ച് ഭാര്യയുടേയും മക്കളുടേയും കൺമുന്നിൽ ഗുണ്ടാ സംഘത്തിൽപെട്ട മുത്തലിബിനെ (38) കാലിയാ റഫീഖും സംഘവും വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയതോടെയാണ് ഇരുസംഘങ്ങളും തമ്മിലുള്ള കുടിപ്പക മൂർച്ഛിച്ചത്. ഈകേസിൽ രണ്ട് മാസം മുമ്പ് കാലിയാ റഫീഖ് ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് വീണ്ടും ഗുണ്ടാസംഘങ്ങൾ കൊലവിളി തുടങ്ങിയിരിക്കുന്നത്. അതിനിടെ കാലിയാ റഫീഖിനെ വധിക്കാൻ ഏതാനും ദിവസം മുമ്പ് തോക്കുമായി ഉപ്പള കൊടിവയലിലെ മുഹമ്മദ് അഷ്ഫാഖ് (32) എന്ന യുവാവെത്തിയതായും പിന്നീട് കാലിയാ റഫീഖും സംഘവും അഷ്ഫാഖിനെ കീഴടക്കിയതായും റിപോർട്ടുണ്ടായിരുന്നു.

ക്വട്ടേഷൻ ഏൽപിച്ച അഷ്ഫാഖ് തന്നെ പിന്നീട് പൊലീസിൽ ഹാജരായി കാലിയാ റഫീഖിനെ കൊല്ലാൻ ഉപ്പള ഹിദായത്ത് നഗറിലെ കസായി ഷരീഫും മുഹമ്മദ് സഹീറും ആവശ്യപ്പെട്ടിരുന്നതായി മൊഴി നൽകുകയും തോക്ക് പൊലീസിൽ ഏൽപിക്കുകയും ചെയ്തിരുന്നു.
പൊലീസ് സംഭവത്തിൽ ആംസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം കുമ്പള സി ഐ കെ.പി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയപ്പോൾ ഈ സംഭവം കാലിയ റഫീഖിന്റെ നാടകമാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നതാണ് വിവരം.

പൊലീസിനേയും നിയമത്തേയും വെല്ലു വിളിച്ചു കൊണ്ട് ഉപ്പളയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ തേർവാഴ്ച നടത്തുന്നത് വലിയ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ജനങ്ങൾ ഇപ്പോൾ വലിയ ഭീതിയിലാണ് കഴിയുന്നത്. നേരത്തെ ഗുണ്ടാ സംഘത്തിൽപെട്ട ഒരാളെ കണ്ടാലുടൻ വെടിവെക്കാൻ പൊലീസ് ഉത്തരവിട്ടിരുന്നുവെങ്കിലും ഇപ്പോൾ ഗുണ്ടാ സംഘങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ അക്രമം കാരണം രാത്രി ഒമ്പത് മണിക്ക് മുമ്പ് തന്നെ വ്യാപാര സ്ഥാപനങ്ങൾ അടക്കുകയും നഗരം വിജനമാവുകയുമാണ്.