- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറ്റ്നസില്ലാതെ കെഎസ്ആർടിസി; പോരായ്മ പരിഹരിക്കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ ആരുമില്ല; ബസിന്റെ കാര്യക്ഷമത ഉറപ്പാക്കേണ്ടവർ വീഴ്ച വരുത്തുമ്പോൾ പൊലിയുന്നത് മനുഷ്യജീവനുകൾ
ഇടുക്കി: തേഞ്ഞുതീർന്നു കാലാവധി കഴിഞ്ഞിട്ടും മാറാത്ത ടയറുകളും ചവിട്ടിയാൽ നിൽക്കാത്ത ബ്രേക്കുമായി മത്സരയോട്ടം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് അപകടമുണ്ടാക്കിയാൽ ആരാണ് ഉത്തരവാദി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനൊപ്പം ബസിന്റെ പോരായ്മകൾ പരിഹരിക്കേണ്ട ഉദ്യോഗസ്ഥരുടെ വീഴ്ചയും പ്രധാനമാണ്. ഇവരെല്ലാം നിയമത്തിന് മുന്നിലെത്തിയാലേ റോഡുകളിൽ
ഇടുക്കി: തേഞ്ഞുതീർന്നു കാലാവധി കഴിഞ്ഞിട്ടും മാറാത്ത ടയറുകളും ചവിട്ടിയാൽ നിൽക്കാത്ത ബ്രേക്കുമായി മത്സരയോട്ടം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് അപകടമുണ്ടാക്കിയാൽ ആരാണ് ഉത്തരവാദി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനൊപ്പം ബസിന്റെ പോരായ്മകൾ പരിഹരിക്കേണ്ട ഉദ്യോഗസ്ഥരുടെ വീഴ്ചയും പ്രധാനമാണ്. ഇവരെല്ലാം നിയമത്തിന് മുന്നിലെത്തിയാലേ റോഡുകളിൽ സുരക്ഷിത യാത്രയെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകൂ.
ഇടുക്കി കരിമ്പനു സമീപം അട്ടിക്കളത്താണ് സർക്കാർ ബസിന്റെ മരണപ്പാച്ചിലും ഡ്രൈവറുടെ അശ്രദ്ധയും ഒരു കുടുംബത്തെ നിത്യദുഃഖത്തിലാക്കിയത്. ചേലച്ചുവടിനു സമീപം കട്ടിങ്ങിൽ താമസിക്കുന്ന ചേമാംകുളം ബേബി(65)യാണ് റോഡിൽ മരിച്ചുവീണത്. പെട്ടി ഓട്ടോയുടെ ഡ്രൈവർ പേയ്ക്കൽ സന്തോഷി(45)നെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ ആരും ശ്രമിക്കുന്നില്ല. പൊലീസും കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇടുക്കി - നേര്യമംഗലം സംസ്ഥാന പാതയിൽ അട്ടിക്കളം ബസ് സ്റ്റോപ്പിൽ വച്ചാണ് അപകടമുണ്ടായത്. കോതമംഗലത്തുനിന്നും കുമളിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇതേ റൂട്ടിൽ ഓടുന്ന അൽഫോൻസ എന്ന സ്വകാര്യ ബസുമായി മത്സരിച്ചോടിയതാണ് അപകടത്തിന് വഴിവച്ചത്. അട്ടിക്കളം ജംഗ്ഷനിൽ സ്വകാര്യ ബസ് നിർത്തി ആളിറക്കുമ്പോൾ പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് അമിതവേഗത്തിൽ മറികടക്കാൻ ശ്രമിച്ചു.
എതിരെയെത്തിയ പെട്ടി ഓട്ടോ കണ്ട് ബ്രേക്ക് ചവുട്ടിയെങ്കിലും ഓട്ടോയിലിടിച്ചു. മുമ്പിൽ കുരുങ്ങിയ ഓട്ടോയുമായി അൻപതുമീറ്ററോളം നിരങ്ങിപ്പോയ ബസ് തിട്ടയിൽ ഇടിച്ചാണ് നിന്നത്. ഓടിയെത്തിയ നാട്ടുകാരും സ്വകാര്യ ബസിലെ യാത്രക്കാരും ചേർന്ന് ബസിനടിയിൽ അകപ്പെട്ട ഓട്ടോയിലുള്ളവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്നു ബസ് പിന്നോട്ടെടുത്തശേഷം ഇരുവരെയും പുറത്തെടുത്തെങ്കിലും ബേബി മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു. സന്തോഷിനുവേണ്ടി കട്ടപ്പനയിൽനിന്നു പശുവിനെ വാങ്ങി വരികയായിരുന്നു ഇരുവരും. പരുക്കേറ്റ് ഓട്ടോയ്ക്കുള്ളിൽ കുരുങ്ങിക്കിടന്ന പശുവിന്റെ കയർ നാട്ടുകാർ ഊരിമാറ്റിയപ്പോഴേയ്ക്കും അത് സമീപത്തെ കാട്ടിലേയ്ക്ക് ഓടിപ്പോയി.
കെ.എസ്.ആർ.ടി.സി കട്ടപ്പന ഡിപ്പോയിലെ കെ. എൽ 15 -7146 നമ്പരിലുള്ള ബസാണ് ഫിറ്റ്‌നെസ് ഇല്ലാതെ ഓടിച്ച് മരണദുതനായത്. പഴകിയ ബസ് ഒറ്റനോട്ടത്തിൽത്തന്നെ കട്ടപ്പുറത്തിരിക്കുന്ന ബസിനു സമാനമാണ്. പിന്നിലെ നാലുചക്രങ്ങളും തേഞ്ഞുതീർന്നു കട്ടയില്ലാത്ത അവസ്ഥയിലുമാണ്. ബസ് ഡ്രൈവറുടെ അനാസ്ഥയും സംഭവത്തിൽ വ്യക്തമാണ്. നിർത്തിയിട്ട് ആളെ ഇറക്കിയ സ്വകാര്യ ബസിനെ മറികടക്കുമ്പാൾ സ്പീഡ് കുറയ്ക്കുകയോ, എതിരെ വാഹനം വരാനുള്ള സാധ്യത കണക്കിലെടുക്കുകയോ ചെയ്തില്ലെന്നു ദൃക്‌സാക്ഷികൾ പറയുന്നു.
ബ്രേക്ക് ഇല്ലാത്തതല്ല, വാഹനത്തിന്റെ ഫിറ്റ്‌നെസ് കുറവാണ് ബസ് നിർത്താൻ കഴിയാതിരുന്നതിനു കാരണമെന്നു മുൻചക്രങ്ങൾ നിലത്തുരഞ്ഞുണ്ടായ അടയാളത്തിൽനിന്ന് വ്യക്തം. മുൻചക്രങ്ങൾ രണ്ടും 50 മീറ്ററോളം നിലത്തുരസിയതിന്റെ അടയാളം റോഡിലുണ്ട്. പിൻചക്രങ്ങളിൽ ബ്രേക്ക് ഉണ്ടായിരുന്നില്ലെന്നോ, കാര്യക്ഷമമമല്ലായിരുന്നെന്നോ ഉറപ്പാണ്. ബ്രേക്കിലെ ഈ കുറവ് കട്ടപ്പന ഡിപ്പോയിൽനിന്നും പുറപ്പെട്ടു തിരിച്ചുവരുന്നവഴി അപകടമുണ്ടാകും വരെ ഡ്രൈവർ അറിഞ്ഞില്ലെന്നു പറഞ്ഞൊഴിയാനാവില്ല. അപകടത്തിൽ കെ.എസ്.ആർ.ടി.സി അധികൃതരുടെയും ഡ്രൈവറുടെയും പിഴവ് ശ്രദ്ധേയമാണ്.
ടയറിന്റെ കാര്യക്ഷമത ഉറപ്പാക്കി സർവീസിന് അനുമതി നൽകുന്ന ടയർ ഇൻസ്‌പെക്ടർ, വാഹനത്തിന്റെ പൂർണ ചുമതലയുള്ള ചാർജ്മാൻ എന്നിവരുടെ വീഴ്ചകളാണ് ഈ ബസ് സർവീസിന് അയച്ചതിലൂടെ ദൃശ്യമാകുന്നത്. ഫിറ്റ്‌നെസ് പരിശോധന ഇല്ലാതെയും വീഴ്ച വരുത്തിയും നടത്തുന്ന മരണക്കളിക്കു പിന്നിലെ കുറ്റക്കാരുടെ മേൽ വീഴ്ച വരുത്തുന്നവരെ തുടരെ സംരക്ഷിക്കുന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി അധികൃതർ സ്വീകരിക്കുന്നത്.
അധികൃതരുടെയും ഡ്രൈവറുടെയും അശ്രദ്ധയിൽ ഒരു കുടുംബത്തിനു നാഥനെ നഷ്ടമായിട്ടും അധികാരികൾക്ക് കുലുക്കമുണ്ടായില്ല. മരണപ്പാച്ചിലിൽ ഓട്ടോയെ ബസിനടിയിലാക്കിയശേഷം ബസിൽനിന്നിറങ്ങി ഓടി മിനിലോറിയിൽ കയറി രക്ഷപെടാനാണ് കട്ടപ്പന സ്വദേശിയായ ബസ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ നാട്ടുകാർ പിടികൂടി തടഞ്ഞുവച്ചു. എന്നാൽ സംഭവമറിഞ്ഞെത്തിയ ഇടുക്കി കഞ്ഞിക്കുഴി പൊലിസാകട്ടെ, ഡ്രൈവറെയും കണ്ടക്ടറെയും സ്റ്റേഷനിൽപോലും കൊണ്ടുപോകാതെ വിട്ടയച്ചു. ഡ്രൈവറെ കിട്ടിയില്ലെന്നും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തുവെന്നുമാണ് പൊലിസ് പറയുന്നത്.
അശ്രദ്ധമായി വാഹനം സർവീസിന് അയയ്ക്കുന്ന സംഭവം കട്ടപ്പന ഡിപ്പോയിൽ ഇത് പുത്തരിയല്ല. പിന്നിൽ ഓരോ ചക്രങ്ങൾ മാത്രമിട്ട് കട്ടപ്പനയിൽനിന്ന് തൊടുപുഴയിലേയ്ക്ക് നാൽപതോളം യാത്രക്കാരുമായി ബസ് ഓടിച്ചത് ഏതാനും മാസം മുമ്പുണ്ടായ സംഭവമാണ്. കൊടുംവളവുകൾ നിറഞ്ഞ വഴിയിലൂടെ പൂസായ വ്യക്തിയെപ്പോലെ ഓടിയ വാഹനത്തിന്റെ പോക്കിൽ സംശയം തോന്നിയ യാത്രക്കാർ ഇടപെട്ട് 15 കിലോമീറ്റർ പിന്നാലെ പോയി കാൽവരിമൗണ്ടിൽ ബസ് നിർത്തിച്ചപ്പോഴാണ് പിൻഭാഗത്ത് ഓരോ ചക്രങ്ങൾ മാത്രമേയുള്ളൂവെന്ന് മനസിലാക്കിയത്.
തുടർന്ന് യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കട്ടപ്പനയിൽനിന്ന് മറ്റൊരു ബസ് എത്തിച്ച് ഒരു മണിക്കൂറിനുശേഷമാണ് യാത്ര പുനരാരംഭിച്ചത്. തുടർച്ചയായി കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനു പിന്നിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ട്രേഡ് യൂണിയൻ കളികളാണ്്. ഒരു യാത്രക്കാരൻപോലുമില്ലാതെ കട്ടപ്പനയിലേയ്ക്ക് തൊടുപുഴയിൽനിന്നു സർവീസ് നടത്തിയ സംഭവവും കെ.എസ്.ആർ.ടി.സിയുടെ പേരുദോഷങ്ങളുടെ പട്ടികയിലുണ്ട്.