തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാനാണ് തിരുവനന്തപുരം ബസ് ടെർമിനലിന്റെ മുഖം മാറ്റാൻ തീരുമാനിച്ചത്. അത്യാധുനിക പ്ലാനും തയ്യാറാക്കി. ഇതോടെ എല്ലാ പ്രശ്‌നവും തീരുമെന്ന് ജീവനക്കാരും തുടങ്ങി. എന്നാൽ അഞ്ച് കൊല്ലമായിട്ടും ഒന്നുമായില്ല. വല്ലതും നടക്കുമോ എന്ന് ഇനിയും അറിയുകയുമില്ല. ഏതായാലും കോടികളുടെ ലാഭം മോഹിച്ച കെഎസ്ആർടിസിക്ക് തമ്പാനൂരിലെ പ്രോജക്ടിൽ പറയാനുള്ള നഷ്ടക്കണക്കാണ്. കിട്ടിയിരുന്ന ഒന്നരക്കോടിയുടെ വരുമാനവും പോയി. ബസുകൾ നേരെചൊവ്വെ പാർക്ക് ചെയ്യാനുള്ള സ്ഥലവുമില്ല. തമ്പാനൂരിലാകെ യാത്രാ ദുരിതം കൂട്ടി ബസുകളെല്ലാം നടുറോഡിലാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും. ഇതിനായിരുന്നോ വികസനമെന്ന ചോദ്യമാണ് ജീവനക്കാരും കോർപ്പറേഷനും ഉയർത്തുന്നത്.

തിരുവനന്തപുരം കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണത്തിൽ ഗുരുതര പാളിച്ചയാണ് ഉണ്ടായത്. ആസൂത്രണമില്ലാത്ത പണിയ്‌ക്കൊടുവിൽ ബസ് സ്റ്റേഷനിൽ, ബസ് കയറ്റാൻ സ്ഥലമില്ലാതായെന്ന് മുൻപെ ഉയർന്ന ആരോപണം സിഎജി ശരിവയ്ക്കുന്നു. പണിതീരും മുൻപ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയതിനും രൂക്ഷവിമർശനമുണ്ട്. കടക്കെണയിൽ നിന്ന് കരകയറാൻ ബസ് സ്റ്റേഷനുകളോട് ചേർന്ന് ഷോപ്പിങ് കോംപ്ലക്‌സുകൾ പണിത് വാടകക്ക് നൽകാൻ പദ്ധതിയിട്ട കെഎസ്ആർടിസിയുടെ നീക്കം പാളുകയാണെന്ന വ്യക്തമായ സൂചനയാണ് തിരുവനന്തപുരത്തെ അനുഭവം നൽകുന്നത്. പണിതീരും മുൻപ് നടത്തിയ ഉദ്ഘാടനത്തിനായി ചെലവിട്ടത് 34ലക്ഷം രൂപ. 12 നില കെട്ടിടത്തിന്റെ 90 ശതമാനവും വാടകക്ക് നൽകാനാണെങ്കിലും അതിനും ഇപ്പോൾ തിരിച്ചടി നേരിടുകയാണ്. ആസൂത്രണത്തിലെ പാളിച്ച തന്നെ കാരണം. 330കാറുകളും 500 ബൈക്കുകളും വയ്ക്കാൻ ഇപ്പോൾ നീക്കിവച്ചിട്ടുള്ള പാർക്കിങ് സ്ഥലം അപര്യാപ്തമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വൈവിധ്യവൽക്കണത്തിലൂടെ കെഎസ്ആർടിസിയെ മുന്നോട്ട് നയിക്കാനാണ് ഷോപ്പിങ്ങ് മാൾ വിപ്ലവം ആരംഭിച്ചത്. തിരുവനന്തപുരത്തെ കണ്ണായ സ്ഥലത്ത് ഷോപ്പിങ്ങ് കോംപ്ലസ് കെട്ടിയാൽ കോടികൾ ഒഴുകിയെത്തുമെന്ന വിലയിരുത്തലുണ്ടായി. അങ്ങനെ ഒന്നരക്കോടി രൂപ മാസവരുമാനം വാടയിനത്തിൽ കിട്ടിയിരുന്ന കെട്ടിടം പൊളിച്ചു. സ്ഥലത്തിന്റെ നിയന്ത്രണം കെടിഡിഎഫ്‌സിക്ക് കൈമാറി. വലിയ സ്വപ്‌നങ്ങളായിരുന്നു അന്ന്. മൂന്ന് വർഷത്തിനകം പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ ഉദ്ഘാടനം മാത്രം നടന്നു. ചില്ലിക്കാശു പോലും കെഎസ്ആർടിസിക്ക് വരുമാനമായി ലഭിച്ചില്ല. കിട്ടികൊണ്ടിരുന്ന ഒന്നരക്കോടി നഷ്ടമാവുകയും ചെയ്തു. ഷോപ്പിങ് കോപ്ലക്‌സിലെ കടമുറികൾ വാടകയ്ക്ക് നൽകാനുള്ള നീക്കങ്ങളും പൊളിയുകയാണ്. ഫലത്തിൽ വലിയ നഷ്ടത്തിലേക്ക് കാര്യങ്ങളെത്തിക്കും.

കേരള ട്രാൻസ്‌പോർട്ട് ഡവലപ്പ്‌മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ബിഒടി അടിസ്ഥാനത്തിൽ കെഎസ്ആർടിസിക്കുവേണ്ടി നിർമ്മിച്ച ടെർമിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചിട്ട് ഒന്നര വർഷമായി. ഏതാനും മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ മികച്ച ഷോപ്പിങ് കോപ്‌ളക്‌സ് കൂടിയായി ടെർമിനൽ മാറുമെന്നായിരുന്നു ഉദ്ഘാടന ദിവസത്തെ പ്രഖ്യാപനം. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. നിർമ്മാണത്തിനിടെയും തൊഴിൽ പ്രശ്‌നങ്ങളും ലേബർ വകുപ്പിന്റെ ഇടപെടലും നടന്നു. എല്ലാത്തിനും ഒടുവിൽ പണി പൂർത്തിയായപ്പോൾ ടെൻഡറും നൽകി. കടമുറികൾ എടുക്കാൻ ആരും വന്നില്ല. സുരക്ഷാ തുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വ്യവസ്ഥകളുമായിരുന്നു കാരണം. ഇതോടെ ഏതെങ്കിലും കരാറുകാരന് ഒറ്റടെൻഡർ നൽകാനും ശ്രമിച്ചു. അപ്പോഴും തടസ്സങ്ങളാണ്. കഴിഞ്ഞ മാസത്തെ ടെൻഡറിൽ പങ്കടുക്കാൻ ആരുമെത്തിയില്ല. ഇനി ടെൻഡർ വ്യവസ്ഥകൾ ലഘൂകരിച്ച് വീണ്ടും ടെൻഡറിനാണ് നീക്കം. അങ്ങനെ ടെൻഡറുകൾ മാത്രമായി കാര്യങ്ങൾ ഒതുങ്ങുന്നു.

മൂന്നരലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള ഈ കോംപ്‌ളക്‌സിന് 65 കോടി രൂപയാണ് നിർമ്മാണചെലവ്. ബഹുനില പാർക്കിങ് സംവിധാനം, ഷോപ്പിങ്മാൾ, മൾട്ടിപ്‌ളക്‌സ് തീയറ്ററുകൾ, ഫുഡ് കോർട്ടുകൾ എന്നിവയെല്ലാം 12 നിലകളുള്ള ബസ്‌ടെർമിനൽ കോപ്‌ളക്‌സിലുണ്ട. 12 നിലകളിലേയ്ക്കുമായി എസ്‌കലേറ്ററുകൾ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ചെലവഴിച്ച കോടികളുടെ കണക്ക് മാത്രമാണ് കെടിഡിഎഫ്‌സിക്കുള്ളത്. 25 ബസുകൾ ഒരേ സമയം നിറുത്തിയിട്ട് യാത്രക്കാരെ കയറ്റാനുള്ള സൗകര്യമുണ്ട്. പ്രധാന കെട്ടിടത്തിന്റെ പിൻഭാഗത്തായിട്ടാണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ തമ്പാനൂരിലെ ആവശ്യത്തിന് അനുസരിച്ചുള്ള സൗക്യം ഇല്ല. ഒരേ സമയം 50 ബസുകളെങ്കിലും പാർക്ക് ചെയ്യണം.

10 ബസ് ബേകളാണ് തയാറായത്. 150 ബസുകൾ ഒരേസമയം ഇവിടെ പാർക്ക് ചെയ്യാനാകും. പുറത്തുനിന്നുള്ള ബസുകൾ എത്തുന്ന സ്ഥലത്ത് ഓട്ടോകളും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം ഉണ്ടാകും. ബസിൽ നിന്നിറങ്ങുന്ന യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇത്. 25 പ്‌ളാറ്റ്‌ഫോമിൽ അഞ്ചെണ്ണം ഗാരിജിൽ പോകാതെ തമ്പാനുരിൽ വന്നുപോകുന്ന ബസുകൾക്കുള്ളതാണ്. 10 മിനിട്ടു വരെയാണ് ബസ് നിർത്തിയിടാനുള്ള പരമാവധി സമയം. 25,00 മുതൽ 34,00 വരെ ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനുള്ള ശേഷി പുതിയ ടെർമിനലിനുണ്ട്. എന്നാൽ ടെർമിനലിൽ നിന്ന് ബസുകളൊന്നും ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്നില്ല. പ്രധാന സ്ഥലങ്ങളിലേക്കുള്ള ബസുകളെല്ലാം പുറത്താണ് പാർക്കിങ്ങ്. കൊല്ലം, കൊട്ടാരക്കര റൂട്ടിലേക്കുള്ള ബസുകൾ മാത്രമേ ബസ് ബേയിൽ കയറ്റാൻ കഴിയുന്നുള്ളൂ. പാർക്കിങ്ങിനും പൊതുജനങ്ങൾക്ക് അവസരം ഒരുങ്ങിയിട്ടില്ല.

കെട്ടിടത്തിന്റെ നാല് നിലകളിൽ കെഎസ്ആർടിസിയുടെ ഭരണകാര്യാലം പ്രവർത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതും നടന്നില്ല. മൂന്നാം നിലയിലാണ് മൾട്ടിപ്‌ളക്‌സ് തിയേറ്റർ. 200 കാറുകൾക്കും 500 ഇരുചക്രവാഹനങ്ങൾക്കും പാർക്കു ചെയ്യുന്നതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മൂന്നാം നിലയിലേക്ക് വാഹനം കടത്താനായി പ്രത്യേക റാമ്പ് ഉണ്ട്. താഴത്തെ നിലയിലാണു സൂപ്പർമാർക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുക. ഫുഡ് കോർട്ടുകളും ഇവിടെയാണ്. ടാറിങ് പൂർണമായി ഒഴിവാക്കി ഇന്റർലോക്ക് ടെയിലുകളാണ് ടെർമിനലിൽ പാകിയിരിക്കുന്നത. റിപ്പയർ ഗ്യാരേജിനുള്ളിൽ ബസുകളിൽ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനവും ഉണ്ടാകും. കാൽനട യാത്രക്കാർക്ക് കൂടുതൽ പരിഗണന നൽകുന്ന രീതിയിലാണ് ടെർമിനൽ രൂപകൽപന ചെയ്തത്. ഇത്രയും സൗകര്യമുണ്ടായിട്ടും ആരും ടെൻഡറിൽ പങ്കെടുക്കുന്നില്ല.

സംസ്ഥാന ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തില് പ്രവര്ത്തിക്കുന്ന കേരളാ ട്രാന്‌സ്‌പോര്ട്ട് ഡവലപ്‌മെന്റ് ഫിനാന്‌സ് കോര്പ്പറേഷന്റെയും കെ.എസ്.ആര്.ടി.സി.യുടെയും സംയുക്ത സംരംഭമായ ഈ പദ്ധതി കെ.എസ്.ആര്.ടി.സി.ക്ക് കൂടുതല് സൗകര്യങ്ങള് ഒരുക്കുക, പുതിയ വരുമാന സ്രോതസ്സുകള് കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് നടപ്പാക്കുന്നത്. വരുമാനം പരസ്പരം വിഭജിക്കുകയെന്നതായിരുന്നു കരാർ. നിശ്ചിത കാലത്തിന് ശേഷം കെട്ടിടത്തിന്റെ അവകാശം പൂർണ്ണമായും കെഎസ്ആർടിസിക്ക് ലഭിക്കുകയും ചെയ്യും. എന്നാൽ വരുമാനം ഉണ്ടാകാൻ വൈകുന്നതു മൂലം ഈ കാലപരിധി ഉയരാനാണ് സാധ്യത.