തിരുവനന്തപുരം: സംസ്ഥാന ഖജനാവിൽനിന്നുള്ള കോടികൾ തിന്നുമുടിക്കുന്ന വെള്ളാനയായി മാറിയ പി എസ് സിയിൽ സർക്കാർ തീറ്റിപ്പോറ്റുന്നത് 21 പ്രസ്ഥാനങ്ങളെ. കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി നിർണയിക്കുന്ന ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്ത്, രാഷ്ട്രീയക്കാരുടെ ഔദാര്യത്തിൽ കയറി ഇരിക്കുന്നവർ കാട്ടിക്കൂട്ടുന്നത് പുറത്തറിഞ്ഞാൽ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങൾ.

ആറ് അംഗങ്ങളാണ് മുമ്പ് പി എസ് സി യിൽ ഉണ്ടായിരുന്നത്. ഇപ്പോഴത് 21 ആക്കി. എഴുത്തുകാരും വിദ്യാഭ്യാസവിദഗ്ധരും ഉൾപ്പെടെ എല്ലാവരും സർവ്വഗുണ സമ്പന്നർതന്നെ. പക്ഷേ ആഴ്ചതോറുമുള്ള പി എസ് സി യോഗങ്ങളിൽ വരാറില്ല. വന്നാൽത്തന്നെ പരസ്പരം തെറിവിളിച്ച് പിരിയുകയാണ് പതിവ്. ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലിനായി പ്രാർത്ഥിച്ചു കഴിയുമ്പോഴാണ് പി എസ് സി അംഗങ്ങൾ 'കാട്ടിലെ തടി തേവരുടെ ആന' എന്നപോലെ കുത്തഴിഞ്ഞു നടക്കുന്നത്.

കഴിഞ്ഞമാസം അവസാനവും ഈ മാസവും ചേർന്ന യോഗത്തിൽ പങ്കെടുത്തത് വെറും 12 പേർ. അതിൽ ചിലർ പരസ്പരം തെറിവിളിയും കൈയാങ്കളിയുംവരെ നടത്തി. 'എഴുന്നേറ്റു പോടാ നായേ' എന്നു വിളിച്ചാണ് ഒരു മാന്യൻ മറ്റൊരു അംഗത്തിനെ നേരിട്ടത്. പി എസ് സി യുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയായിരുന്നു നായ പ്രയോഗം. തുടർന്നു നടന്ന ചില യോഗങ്ങളിലും അംഗങ്ങൾ പരസ്പരം പോർവിളിച്ച് അടിച്ചു പിരിഞ്ഞു.

പ്രതിമാസം സർക്കാർ ഖജനാവിലെ ഒന്നരലക്ഷത്തോളം രൂപ തിന്നുമുടിക്കുന്ന ഈ മഹാന്മാർ സമൂഹത്തോടുള്ള കടമ മറന്ന് ഉല്ലസിക്കുകയാണ്. അമേരിക്കയിൽ ടൂർ പോയ ഒരു അംഗം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. സർക്കാർ അതിഥി മന്ദിരങ്ങളിൽ ഓസ്സിനു താമസിക്കുക, ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നീ കലാപരിപാടികളും കഴിഞ്ഞ ഏതാനും വർഷമായി യഥേഷ്ടം നടക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി കാരണം പരീക്ഷാനടത്തിപ്പുപോലും മുടങ്ങുന്ന സാഹചര്യത്തിലാണ് 21 അംഗത്തിന്റെ ഈ അഴിഞ്ഞാട്ടമെന്ന് പൊതുജനം അറിയണം. ചരിത്രത്തിൽ ഇതുവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പി എസ് സി യെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പി എസ് സിയിൽ എന്താണ് നടക്കുന്നതെന്നുപോലും അറിഞ്ഞുകൂടാത്ത അംഗങ്ങൾ ഉണ്ടെന്നതാണ് മറ്റൊരു സത്യം.
പി എസ് സിയിൽ നിലവിലുള്ള ഭൂരിപക്ഷം അംഗങ്ങളും എൽഡിഎഫ് അനുകൂലികളാണ്. അതിൽ പലരും സിപിഐ എമ്മുകാരും. എന്നാൽ ഇവരിൽ പലരും ചെയർമാന്റെ സിൽബന്ധികളാണെന്നതാണ് തർക്കത്തിന് കാരണം.

ചെയർമാൻ പക്ഷം, എതിർക്കുന്ന പക്ഷം, രണ്ടിലും പെടാത്ത പക്ഷം അങ്ങനെ നിരവധി പക്ഷങ്ങളായാണ് അംഗങ്ങൾ നിലകൊള്ളുന്നത്.പി എസ് സിക്ക് പി എസ് സിയുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴി എന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിക്കുന്നത്. ആഴ്ചയിൽ ഒരുദിവസം ബോർഡ് യോഗം ചേരണം. എല്ലാ തിങ്കളാഴ്ചയുമാണ് സാധാരണ ചേരാറുള്ളത്. എന്നാൽ തിങ്കളാഴ്ച അവധിയാണെങ്കിൽ ആ ആഴ്ച യോഗം ചേരാതെ അംഗങ്ങൾ മുങ്ങും. അടുത്തദിവസം ചേരുകയുമില്ല. പിഎസ് സി നടത്തുന്ന അഭിമുഖങ്ങൾക്ക് രണ്ട് അംഗങ്ങൾ പോകണം എന്നാണ് നിയമം. എന്നാൽ പല അഭിമുഖങ്ങൾക്കും ഒരാൾ മാത്രമേ പങ്കെടുക്കാറുള്ളു.

മറ്റ് സംസ്ഥാനങ്ങളിൽ ആറ് അംഗങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിൽ ഓരോ രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ ആളുകളെ കുത്തിനിറച്ചാണ് 21 അംഗങ്ങൾ ആക്കിയത്. ആഴ്ചയിൽ ഒരുതവണ മാത്രം കൂടുന്ന യോഗത്തിൽപോലും കൃത്യമായി പങ്കെടുക്കാത്ത അംഗങ്ങളുടെ ചെയ്തികൾക്ക് സർക്കാർ കുടപിടിക്കുകയാണ്. പിഎസ് സി യോഗത്തിലെ ഹാജർനില പരിശോധിച്ചാൽ അറിയാം അംഗങ്ങൾക്ക് സർക്കാരിനോടും സമൂഹത്തോടുമുള്ള പ്രതിജ്ഞാബദ്ധത. പി എസ് സി അഭിമുഖങ്ങളിൽപോലും പങ്കെടുക്കാതെ മുങ്ങുന്നതും പതിവാണ്.