- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ യോഗ്യത പ്രിഡിഗ്രി ഫെയിൽ; അറിവ് പകർന്ന് നൽകുന്നത് എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കും; കണ്ടുപിടിത്തങ്ങൾക്ക് കണക്കുമില്ല; എല്ലാം അറിഞ്ഞിട്ടും കണ്ണുതുറക്കാതെ ബ്യൂറോക്രസിയും: ഋഷികേശിന്റെ ജീവതം ആകുലതകളിൽ
ആലപ്പുഴ: 'ഋഷികേശ്' എന്നു കേട്ടാൽ ഇന്ത്യയിലെ പുരാതനവും പുണ്യവുമായ ഒരു സ്ഥലത്തെകുറിച്ചാണ് നമ്മളുടെ ഓർമ്മയിൽ എത്തുന്നത്. എന്നാൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിലെ ഒരു ചെറുപ്പക്കാരന്റെ പേരും ഋഷികേശ് എന്നാണ്. പേരിനെ അന്വർത്ഥമാക്കുന്ന ഒട്ടേറെ സവിശേഷതകൾ ഉള്ള പ്രതിഭധനനായ ഒരു യുവാവ്. രാഷ്ട്രപതിയിൽ നിന്ന് നാഷണൽ ഇന്നോവേഷൻ കൗൺസിൽ അവാർഡ് ഏറ്റുവ
ആലപ്പുഴ: 'ഋഷികേശ്' എന്നു കേട്ടാൽ ഇന്ത്യയിലെ പുരാതനവും പുണ്യവുമായ ഒരു സ്ഥലത്തെകുറിച്ചാണ് നമ്മളുടെ ഓർമ്മയിൽ എത്തുന്നത്. എന്നാൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിലെ ഒരു ചെറുപ്പക്കാരന്റെ പേരും ഋഷികേശ് എന്നാണ്. പേരിനെ അന്വർത്ഥമാക്കുന്ന ഒട്ടേറെ സവിശേഷതകൾ ഉള്ള പ്രതിഭധനനായ ഒരു യുവാവ്. രാഷ്ട്രപതിയിൽ നിന്ന് നാഷണൽ ഇന്നോവേഷൻ കൗൺസിൽ അവാർഡ് ഏറ്റുവാങ്ങിയതിനുശേഷമാണ് ആളുകൾ അദ്ദേഹത്തെ അറിയാൻ തുടങ്ങിയത്.
പ്രീ-ഡിഗ്രി പാസ്സായിട്ടില്ലെങ്കിലും ഋഷികേശ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ അസാമാന്യമായ പാടവമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. എഞ്ചിനീയറിങ് ബിരുദ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേർ 'പ്രോജക്ടുവർക്കിന്' ഈ പത്താം ക്ലാസ്സുകാരന്റെ സഹായം തേടി എത്താറുണ്ട്. അവർക്ക് പ്രായോഗിക പരിജ്ഞാനം ഉൾപ്പെടെ പരിശീലനം നൽകുമ്പോൾ ഋഷികേശ് ഈ സമൂഹത്തോട് ചോദിക്കുന്ന ഒരു ചോദ്യം വളരെ പ്രസക്തമാണ്. എന്തിനാണ് ഇത്ര എഞ്ചിനീയറിങ് വിദ്യാർത്ഥികളെ പടച്ചുവിടുന്നത്. ചുക്കിനും, ചുണ്ണാമ്പിനും കൊള്ളാത്തവരാണ് ഭൂരിപക്ഷം പേരും എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. തിയറിയിലും പ്രായോഗിക പരിജ്ഞാനത്തിലും ഇവർ വളരെ പിന്നിലാണെന്നാണ് ഋഷികേശിന്റെ പക്ഷം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിന്റെ ഒട്ടു മിക്ക പുസ്തകങ്ങളും സെക്കന്റ് ഹാന്റ് വിൽപനശാലകളിൽ നിന്ന് വാങ്ങി ഋഷികേശ് സ്വയം പഠിച്ചു. അങ്ങനെ അക്കാദമിക് വിദ്യാഭ്യാസത്തിന്റെ അഭാവവും സ്വയം പരിഹരിച്ചു.
സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഋഷികേശ് കണ്ടുപിടുത്തങ്ങളിലും, പരീക്ഷണങ്ങളിലും അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഹൈ വാൾട്ടേജ് ലൈനുകളിൽ വൈദ്യുതി ഉണ്ടോ എന്ന് 15 മീറ്റർ അകലെ നിന്ന് തന്നെ ഇലക്‌ട്രോ മാഗ്നറ്റിക് സംവിധാനം വഴി തിരിച്ചറിയാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്തതിനാണ് ഇപ്പോൾ ദേശീയ അംഗീകാരം തേടി വന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാരായ നിരവധിപേരാണ് വർഷം തോറും ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു വീഴുന്നത്. പത്രങ്ങളിൽ ഇത് ഒരു നിത്യ സംഭവമായി മാറിയിട്ടുണ്ട് മുഹമ്മയിലും അടുത്തിടെ രണ്ടു പേർ മരിച്ചു വീണു. അതാണ് ഈ ഉപകരണം കണ്ടുപിടിക്കാനുള്ള പ്രേരണ ഉണ്ടായത്. ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായും ഋഷികേശ് പറഞ്ഞു.
ഹൗസ്‌ബോട്ടുകളുടെ നാടാണ് ആലപ്പുഴ. ഓട്ടോമാറ്റിക് സംവിധാനത്തോടുകൂടി ബോട്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഒരു സാങ്കേതിക വിദ്യ ഋഷികേശ് വികസിപ്പിക്കുകയുണ്ടായി. വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുന്ന ഒരു സമ്പൂർണ്ണ അലാറാം സംവിധാനത്തോടുകൂടിയ ഉപകരണമാണ് മറ്റൊരു കണ്ടുപിടുത്തം. കള്ളന്മാർ വീടുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ തന്നെ എല്ലാ ലൈറ്റുകളും കത്തുകയും അലാറാം മുഴങ്ങാൻ സഹായിക്കുന്ന ഉപകരണമാണിത്. ഇതുപോലുള്ള നിരവധി കണ്ടുപിടുത്തങ്ങളുടെ വഴിയിലാണ് ഇപ്പോഴും ഋഷികേശ്.
സാങ്കേതിക വിദ്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഋഷികേശിന്റെ കഴിവുകൾ. ഒരു കലാകാരൻ കൂടിയാണ് അദ്ദേഹം .മൃദംഗം, വയലിൻ എന്നിവയിലും പ്രാഗത്ഭ്യം ഉണ്ട്. ഗാനമേളകളിൽ ഹിന്ദി പാട്ടുകൾ പാടും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യും. കവിതയും കഥയും എഴുതും. ഗൃഹാതുരത സ്ഫുരിക്കുന്ന 'എവിടെയാണ് കണികൊന്ന' എന്ന കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഡിസംബറിലെ പെൺകുട്ടി' എന്ന ഒരു റൊമാന്റിക് കഥയുടെ പണിപുരയിലാണ് ഇപ്പോൾ. കണ്ടുപിടുത്തങ്ങളുടെ ഉത്തേജനത്തിനിടയിൽ ഉണ്ടാകുന്ന ഇടവേളകൾ എഴുത്തിനായി മാറ്റിവയ്ക്കുന്നു. പാചകത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . ഒരു ഹോബി എന്ന നിലയിൽ ഒട്ടു മിക്ക വിഭവങ്ങളും തയ്യാറാക്കാൻ അറിയാം .കുടുബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിച്ച് ചേരുമ്പോൾ പാചകത്തിന്റെ നിയന്ത്രണം ഋഷികേശ് ഏറ്റെടുക്കും
പുതിയ ചിന്തകളും ഭാവനകളുമായി കഴിയുമ്പോഴും സാമ്പത്തിക പ്രതിസന്ധികൾ ഋഷികേശിനെ വിഷമിപ്പിക്കുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് ഒരു പ്രോൽസാഹനവും ലഭിക്കാത്തതിൽ ഋഷികേശിന് പരിഭവമുണ്ട് . മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ചുവെങ്കിലും പ്രയോജനം കണ്ടില്ല. ഡോ. തോമസ് ഐസക് എംഎൽഎ യുടെ പ്രോൽസാഹനവും സഹായവും ഉണ്ടാകുന്നത് മാത്രമാണ് ഏക ആശ്വാസം. ഐസക് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഋഷികേശിനെ കുറിച്ച് എഴുതിയത് വലിയ അംഗീകാരമായി. ജീർണ്ണിച്ച വീട്ടിൽ ഇലക്ട്രിക് ഉപകരണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും നടുവിൽ ഋഷികേശ് പുതിയ ചിന്തകളും ഭാവനകളുമായി ഇരിക്കുന്നു. കണ്ടുപിടുത്തങ്ങൾക്കായി ഒരുപാട് കടം വാങ്ങേണ്ടി വന്നു. അതൊന്നും കൃത്യമായി തിരിച്ചുകൊടുക്കാൻ നിവർത്തിയില്ലാതെ വിഷമാവസ്ഥയിലാണ് ഈ യുവ പ്രതിഭ.
38 വയസ്സായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. അമ്മയാണ് ഏക ആശ്രയം. വലിയ അക്കാദമിക് വിദ്യാഭ്യാസമുള്ളവരെ മാത്രമേ സർക്കാർ അംഗീകരിക്കൂ. കേവലം ഒരു ഡിഗ്രി ഉണ്ടായാൽ മാത്രമേ അറിവും കഴിവും വികലമായ കാഴ്ചപ്പാടുമായി ഇരിക്കുന്ന ബ്യൂറോക്രസിക്കുമുമ്പിൽ ഡിഗ്രിയില്ലാത്ത ഈ യുവ പ്രതിഭ നിസ്സഹായനാകുന്നു.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ