തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സിഡ്‌കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സ്ഥലംമാറ്റപ്പെട്ട മാനേജിങ് ഡയറക്ടർ സജി ബഷീർ പുതിയ സ്ഥാപനത്തിലും നടത്തിയത് നിരവധി ക്രമക്കേടുകൾ. സിഡ്‌കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലൻസ് ശിപാർശ ചെയ്ത സജി ബഷീറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മറ്റൊരു സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിലേക്ക് (കെ.എസ്.ഐ.ഇ) മാറ്റിയത്.

സംസ്ഥാനത്തെ കാർഗോയുടെ ഗതാഗത ചുമതലയുള്ള സ്ഥാപനമാണ് കെ.എസ്.ഐ.ഇ. എന്നാൽ ഇപ്പോൾ നഷ്ടത്തിന്റെ പടുകുഴിയിലാണ് ഈ സ്ഥാപനം. അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്നു. കാർഗോ ഗതാഗതത്തിലുണ്ടായ കുറവല്ല, പുതുതായി സ്ഥാനമേറ്റ മാനേജിങ് ഡയറക്ടറായ സജി ബഷീറിന്റെ വഴിവിട്ട നടപടികളാണ് കെ.എസ്.ഐ.ഇയെ നശിപ്പിച്ചത്. സാമ്പത്തിക ബാധ്യത താങ്ങാനാവാതെ കമ്പനി അകാല ചരമം അടയുകയാണ്.

കഴിഞ്ഞ സെപ്റ്റംബറിലാണ് സജിബഷീർ കെ.എസ്.ഐ.ഇയുടെ മാനേജിങ് ഡയറക്ടർ ആകുന്നത്. ചുമതലയേറ്റശേഷം സജി പഴയ പണി തുടങ്ങി. അനധികൃതമായി നിയമനം നടത്തുകയായിരുന്നു ആദ്യഘട്ടം. ആറുമാസത്തിനുള്ളിൽ നാല് സ്ഥിരം നിയമനങ്ങളും 27 നേരിട്ടുള്ള നിയമനങ്ങളും 84 പുറം കരാർ നിയമനങ്ങളും നടത്തി. കെ.എസ്.ഐ.ഇയിലെ ചട്ടങ്ങളും വ്യവസായ വകുപ്പ് രൂപീകരിച്ച ആർ.ഐ.എ.ബിയും മറികടന്നാണ് ഈ നിയമനങ്ങളെല്ലാം നടത്തിയത്. ചട്ടങ്ങൾ ലംഘിച്ച് ഇവർക്ക് ശമ്പളവും നിശ്ചയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്ക് പോലും കെ.എസ്.ഐ.ഇയിൽ ജോലി ലഭിച്ചുവെന്നതാണ് വിചിത്രമായ വസ്തുത. സെക്രട്ടേറിയറ്റ്, പൊതുമരാമത്ത്, ആരോഗ്യവകുപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിരമിച്ചവർക്ക് പോലും കെ.എസ്.ഐ.ഇയിൽ ജോലി ലഭിച്ചു.

സജി ബഷീറിന്റെ ഈ നിയമന നടപടികളെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നത്. ഇതോടെ അന്വേഷണം വന്നു. വ്യവസായ വകുപ്പ് കമ്പനിയിൽ പരിശോധന നടത്തി. അനധികൃത നിയമനങ്ങളുണ്ടായെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതുമൂലം കമ്പനിക്ക് പ്രതിമാസം 10 ലക്ഷം രൂപയിലധികം അധിക ചെലവുണ്ടാകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ സാമ്പത്തിക ബാധ്യത കമ്പനിയെ അടച്ചുപൂട്ടലിലേക്ക് നയിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർന്ന് ഈ നിയമനങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു.

ഇത് മാത്രമല്ല, സജി ബഷീർ ചെയ്ത് വച്ച പരിപാടി. കെ.എസ്.ഐ.ഇ നഷ്ടത്തിലായപ്പോഴും സജി ബഷീർ പുതിയ അഞ്ച് ബിസിനസ്സ് സെന്ററുകൾ തുടങ്ങി അവിടങ്ങളിലെല്ലാം സ്വന്തം താൽപര്യക്കാരെ ക്രമംവിട്ട് നിയമിച്ചു. എം.ഡിയോട് അടുപ്പമുള്ള ജീവനക്കാർക്ക് ഇൻക്രിമെന്റും പ്രമോഷനും നൽകി. മറ്റുള്ളവരെ അവഗണിച്ചു.

സിഡ്‌കോ എം.ഡി ആയിരിക്കേ സ്ഥാപനത്തിന്റെ ഷെഡുകൾ വാടകയ്ക്ക് നൽകിയതും മണൽ കച്ചവടം നടത്തിയതുമായും ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സജിയെ സസ്‌പെന്റ് ചെയ്യണമെന്ന് അന്നത്തെ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ ശിപാർശ ചെയ്തിരുന്നതാണ്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും സമാനമായ നിർദ്ദേശം സർക്കാരിന് സമർപ്പിച്ചു. എന്നാൽ ഈ ഫയലിൽ സജിയെ സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് എഴുതിവെയ്ക്കുകയാണ് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചെയ്തത്.

ഈ വിവരങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സസ്‌പെൻഷനിൽ നിന്ന് സജിയെ സംരക്ഷിക്കാൻ വേണ്ടിയാണ് സിഡ്‌കോയിൽ നിന്ന് കെ.എസ്.ഐ.ഇയിലേക്ക് മാറ്റിയത്. എന്നാൽ അവിടെയും സജി വില്ലനാവുകയായിരുന്നു. സജിയുടെ നടപടികൾ മൂലം ഒരു സ്ഥാപനം തന്നെ അടച്ചുപൂട്ടേണ്ട സാഹചര്യമാണ് ഉണ്ടായത്. കെ.എസ്.ഐ.ഇയിലെ ക്രമക്കേടുകളിൽ വ്യവസായ വകുപ്പ് ഇടപെട്ടതോടെ ഈ സ്ഥാപനത്തിലെ സജിയുടെ നിലനിൽപ്പും പ്രതിസന്ധിയിലായി. തുടർന്ന് ഇയാളെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു. ചട്ടങ്ങൾ പാലിക്കാതെ നിയമനങ്ങൾ നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സജി ബഷീറിനെ കെ.എസ്.ഐ.ഇ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു.

അനധികൃത നിയമനം നേടിയവരെ പുറത്താക്കണമെന്ന വ്യവസായ വകുപ്പിന്റെ ഉത്തരവും സജി പാലിച്ചില്ല. ഏത് സ്ഥാപനത്തിൽപോയാലും ക്രമക്കേടും അഴിമതിയും നടത്തുക എന്ന ദുഷ്‌പേര് ഇതോടെ സജിബഷീറിന് ചാർത്തിക്കിട്ടുകയും ചെയ്തു.