തിരുവനന്തപുരം: എല്ലാം അറിയാവുന്ന സരിതാ എസ് നായർ. സംസ്ഥാന രാഷ്ട്രീയത്തെ വിരൽതുമ്പിൽ നിറുത്തിയ സരിതയ്ക്ക് ഇന്നലെ സംഭവിച്ചത് അബന്ധമായിരുന്നോ? അല്ലെന്ന സൂചന തന്നെയാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്നത്.

സോളാർ കത്തിൽ ചില നിർണ്ണായക വിവരങ്ങൾ സരിത പുറത്തുവിട്ടിട്ടുണ്ട്. ഗണേശ് കുമാറിന്റെ പിഎയ്ക്കാണ് അത് നൽകിയതെന്നും പറയുന്നു. ആർ ബാലകൃഷ്ണ പിള്ളയും അത് വായിച്ചിട്ടുണ്ട്. അതായത് സോളാറിലെ ആ ബോംബ് ഗണേശ് കുമാറിന്റെ കൈയിലുണ്ടെന്ന് പറയാതെ പറയുകയാണ് സരിത. ഈ വിവാദങ്ങൾ പുകയുന്നതിനിടെയാണ് പുറത്തുവന്ന പേരുകൾ ചർച്ചയാകുന്നത്.

ജോസ് കെ മാണിയെ മാത്രമേ സരിത വെറുതെ വിട്ടിട്ടുള്ളൂ. കെസി വേണുഗോപാലിനേയും കുറ്റവിമക്തമാക്കുന്ന സൂചന നൽകി. മറ്റാരും പറയുന്നതൊന്നും ചെയ്തില്ലെന്ന് സരിത പറയുന്നില്ല. പത്രസമ്മേളനത്തിനിടെ കത്ത് ഉയർത്തിക്കാട്ടുമ്പോൾ ക്യാമറകളുടെ ഫ്ളാഷ് മിന്നിമറഞ്ഞു. ഇങ്ങനേയും കത്തിലെ വിവരങ്ങൾ ചോർത്തുമെന്ന് സരിതയ്ക്കും അറിയാമായിരുന്നു. സ്റ്റിൽ ഫോട്ടോയിലൂടെ വിവരങ്ങൾ പുറത്തുവന്നു.

ജയിലിൽ വച്ചെഴുതിയ കുറിപ്പാണ് താൻ ഉയർത്തിക്കാട്ടിയതെന്നും ഫോട്ടോയിൽ പതിഞ്ഞതൊന്നും ആരോപണമല്ലെന്നും പിന്നീട് പറയുകയും ചെയ്തു. ജോസ് കെ മാണിയെ രക്ഷപ്പെടുത്താനാണ് ഈ വാദമെന്നാണ് വിലയിരുത്തൽ. അതിലെല്ലാം ഉപരി യഥാർത്ഥ കത്തിൽ ജോസ് കെ മാണിയുടെ പേരില്ലെന്നും വ്യക്തമാക്കി. പന്ത് ഇനി ഗണേശ് കുമാറിന്റെ കോർട്ടിലാണ്. ഗണേശ് ആ കത്ത് പുറത്തുവിടുമോ? ഏതായാലും ഗണേശിനെ സൂക്ഷിക്കാൻ തന്നെ പീഡിപ്പിച്ചവരോട് പറയാതെ പറയുകയാണ് സരിത.

തന്റെ കൈയിൽ ബോംബുണ്ടെന്ന് ബാലകൃഷ്ണപിള്ള നേരത്തെ പറഞ്ഞിരുന്നു. സരിതയുടെ കത്ത് വായിച്ചിട്ടുണ്ടെന്നും സൂചന നൽകി. ഇത് സ്ഥിരീകരിക്കുകയാണ് സരിത. അതുകൊണ്ട് തന്നെ ഗണേശോ പിള്ളയോ പരസ്യമായി കത്ത് മാദ്ധ്യമങ്ങൾക്ക് നൽകിയാൽ അത് ഒർജിനലാണെന്ന വ്യഖ്യാനമെത്തും. അതിനെ താനും പിന്തുണയ്ക്കുമെന്ന് സരിത പരോക്ഷമായി സൂചന നൽകുകയാണ്. എല്ലാത്തിനും പിന്നിൽ ജോർജാണെന്ന് പറയുന്ന സരിത പലപ്പോഴും ഗണേശിന്റെ കുടുംബ തകർത്ത കാര്യം സൂചിപ്പിക്കുകയും ചെയ്തു.

പക തീർക്കാൻ ഗണേശ് കത്തുമായി എത്തുമെന്ന ഭയം മന്ത്രിമാരുൾപ്പെടുയുള്ള നേതാക്കൾക്ക് വന്ന് കഴിഞ്ഞു. എങ്ങനേയും ഗണേശിനെ സ്വാധീനിക്കാനാണ് ശ്രമം. പക്ഷേ യുഡിഎഫിൽ നിന്ന് അപമാനിച്ചിറക്കിവിട്ട ഗണേശ് മൗനത്തിലാണ്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ ഒരു ആയുധവും കളയില്ലെന്ന് ഗണേശ് ബന്ധപ്പെട്ടവരോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് യുഡിഎഫിന് മുന്നിലുള്ള പ്രതിസന്ധി.

സരിതയെ കൊണ്ട് ജോർജിനെ പ്രകോപിപ്പിക്കുന്നതിലും മറ്റൊരു തന്ത്രമുണ്ട്. ചീഫ് വിപ്പ് സ്ഥാനം പോയാൽ കൂടുതൽ കരുത്തോടെ സർക്കാരിനെതിരെ ജോർജ് രംഗത്ത് വരണമെന്ന മനപ്പൂർവ്വമായ ആഗ്രഹവും അതിലുണ്ട്. സരിതയുമായി ബന്ധപ്പെട്ട്് പ്രചരിച്ച വാട്‌സ് ആപ്പ് ദൃശ്യങ്ങളിൽ ഇനിയും പലതും പുറത്തുവരാനുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കാൻ ആ വീഡിയോ പുറത്തുവരുമോ എന്നതാണ് പ്രസക്തം. ആ ദൃശ്യങ്ങളുടെ ചെറിയൊരു ഭാഗം പുറത്തുവന്നിരുന്നു.

അതിന് പിന്നാലെയാണ് ബാർ കോഴ ആരോപണവും കെഎം മാണിക്കെതിരെ ബാറുടമാ നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തലുകളും എത്തിയത്. ഇത് തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ സോളാർ കത്തിലെ ഒർജിനൽ തന്നെ മാദ്ധ്യമങ്ങൾക്ക് ലഭിക്കാൻ ഇടയുണ്ട്. ഇന്ന് ഈ കത്തിൽ സരിതയെടുക്കുന്ന നിലപാടും നിർണ്ണായകമാകും.