- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരം നൽകിയാൽ പാരിതോഷികം മാഫിയയുടെ അടി; പൊലീസിനുള്ളിലെ ചാരന്മാർ യുവാവിന് പണികൊടുത്തു; മയക്കുമരുന്ന് കടത്തിൽ സൂചന നൽകിയത് വിനയായി; സമ്മാനത്തിന് പകരം ലഭിച്ചത് തെങ്ങിൽ കെട്ടിയിട്ടു ക്രൂരമർദനം
ആലപ്പുഴ : കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ വിൽപ്പനയോ വിതരണമോ ഉൽപാദനമോ എന്നുവേണ്ട ഏതുതരത്തിലുള്ള വ്യാപനത്തെപ്പറ്റിയും വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് സർക്കാരും ആഭ്യന്തര വകുപ്പും പ്രഖ്യാപിച്ചിട്ടുള്ളത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവരം ന
ആലപ്പുഴ : കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ വിൽപ്പനയോ വിതരണമോ ഉൽപാദനമോ എന്നുവേണ്ട ഏതുതരത്തിലുള്ള വ്യാപനത്തെപ്പറ്റിയും വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് സർക്കാരും ആഭ്യന്തര വകുപ്പും പ്രഖ്യാപിച്ചിട്ടുള്ളത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ വിവരം നൽകിയ ആളിന്റെ സ്ഥിതിയാണ് ദയനീയമായത്. കായംകുളം എരുവ വലിയവീട്ടിൽ കിഴക്കതിൽ സുജിത്ത് (23) ആണ് കഞ്ചാവ് വിൽപ്പനക്കാരെ കുറിച്ച് വിവരം നൽകിയതിന്റെ പേരിൽ മർദ്ദനത്തിനിരയായത്. സുഹൃത്തുമായി ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇയാളെ നാലംഗസംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
രണ്ടാംകുറ്റി സ്വദേശി ബുനാസ്ഖാൻ, മാവിലേത്ത് സ്വദേശികളായ അമൽചന്ദ്രൻ, സുഭാഷ്, എരുവസ്വദേശി ആഷിഖ് എന്നിവരാണ് തന്നെ പിടിച്ചുകൊണ്ടുപോയതെന്ന് സുജിത്ത് പരാതിയിൽ പറയുന്നു. കരീലകുളങ്ങര സ്പിന്നിങ് മില്ലിനു സമീപമുള്ള വിജനമായ സ്ഥലത്തുകൊണ്ടുപോയി തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഘം യുവാവിനെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സുജിത്തിനെ സംഘം ബലമായി ബൈക്കിൽ കയറ്റുന്നതുകണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്ത് തടയാൻ ശ്രമിച്ചപ്പോൾ ഇയാളെയും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തെങ്ങിൽ കെട്ടിയശേഷം ഇരുമ്പു പൈപ്പുകൊണ്ട് പുറത്ത് അടിക്കുകയും കുത്തുകയും ചെയ്ത ശേഷം അവശനായ തന്നെ റോഡിലേക്ക് തള്ളിയിട്ട് അക്രമികൾ രക്ഷപ്പെടുകയായിരുന്നുവെന്ന് സുജിത്ത് പറയുന്നു. നിരവധി കഞ്ചാവ് വിൽപ്പനക്കേസിൽ പിടികൂടിയിട്ടുള്ള അമൽ ചന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. സുജിത്തിനെ മർദ്ദിച്ച കേസിലെ പ്രതികളെല്ലാവരും വിവിധ കേസുകളിൽ പെട്ടവരാണ്. സദാചാരപൊലീസ് ചമഞ്ഞ് നൂറനാട് സ്വദേശിയായ യുവാവിനെ മർദ്ദിച്ച കേസിൽ പുറത്തിറങ്ങിയ പ്രതിയാണ് ആഷിഖ്. ബുനാസ്ഖാനും സുഭാഷും ക്യാമ്പസുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വിൽപ്പന നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികളാണ്.
അതേസമയം സംസ്ഥാനത്തെ കാമ്പസുകളിൽനിന്നും കഞ്ചാവും മയക്കുമരുന്നും ഒഴിവാക്കാൻ ക്ലീൻ കാമ്പസ് പരിപാടി പ്രഖ്യാപിച്ചെങ്കിലും പാഴായി. നിയമക്കുരുക്കുകൾ അഴിക്കാതെ പദ്ധതി ആവിഷ്‌ക്കരിച്ചത് സർക്കാരിനു തിരിച്ചടിയായി. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മാഫിയാ സംഘത്തിന്റെ കൈയിൽ എത്തിക്കാൻ പൊലീസിൽ തന്നെ ചാരന്മാർ പ്രവർത്തിക്കുന്നത് മറ്റൊരു വീഴ്ചയായി.
ആലപ്പുഴയിലും ഇത്തരം സംഭവം അരങ്ങേറി. മയക്കുമരുന്നുസംഘത്തെക്കുറിച്ചു വിവരം നൽകിയ പട്ടണത്തിലെ നാലോളം വീടുകൾ മാഫിയ സംഘം അടിച്ചു തകർത്തു. ഒരു കിലോ കഞ്ചാവിനു താഴെ കൈവശമുള്ള ആളിനു കോടതിയിലെത്തിയാൽ എത്രയും വേഗം ജാമ്യം ലഭിക്കുന്ന നിയമമാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ സംഘം ചെറുപൊതികളിലായി കൊണ്ടുവരുന്ന കഞ്ചാവ് ഇനി പൊലീസു പിടിച്ചാലും പ്രശ്‌നമില്ലെന്ന തരത്തിലാണ് വിൽപ്പന നടത്തുന്നത്.
മാത്രമല്ല പിടിച്ച കഞ്ചാവ് മിക്കവാറും കോടതിയിലെത്തുമ്പോൾ ഉണക്ക ഇലകളായി മാറിയ ചരിത്രവും പൊലീസിന് പറയാനുണ്ട്. എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ തൂക്കം എപ്പോഴും ഒരുകിലോയ്ക്ക് താഴെയായിരിക്കും എഫ് ഐ ആറിൽ പറയുക. കാമ്പസുകളെ ലഹരി വിമുക്തമാക്കാൻ സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയെ പൊളിച്ചെഴുതിയാണ് ഇപ്പോൾ പൊലീസ് മയക്കുമരുന്നു ലോബിയെ സഹായിക്കുന്നത്.