- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം 10000 രൂപ വീതം പോസ്റ്റ് ഓഫീസിൽ ഇട്ടാൽ മകളെ കെട്ടിക്കാൻ നേരം അഞ്ചേകാൽ ലക്ഷം രൂപ ലഭിക്കും; കേന്ദ്രസർക്കാരിന്റെ സുകന്യാ സമൃദ്ധി പദ്ധതി വൈറൽ ആക്കി സോഷ്യൽ മീഡിയ; പൂട്ടാറായ തപാൽ വകുപ്പിന് ജീവശ്വാസം
വൻ ജനശ്രദ്ധയാകർഷിച്ച് പെൺകുട്ടികൾക്കായി കേന്ദ്രസർക്കാരിന്റെ സുകന്യാ സമൃദ്ധി പദ്ധതി പ്രഖ്യാപിച്ചു. പത്തു വയസിൽ താഴെയുള്ള പെൺകുട്ടിയുടെ പേരിൽ കുറഞ്ഞത് വർഷം 10000 രൂപ വീതം പോസ്റ്റ് ഓഫീസിൽ സുകന്യാ സമൃദ്ധി പദ്ധതിയുടെ കീഴിൽ ഡെപ്പോസിറ്റ് നൽകുന്നവർക്ക് മകളെ കെട്ടിക്കുന്ന സമയമാകുമ്പോൾ അഞ്ചേകാൽ ലക്ഷം രൂപ ലഭിക്കുന്ന തരത്തിലാണ് പദ്ധതി വ
വൻ ജനശ്രദ്ധയാകർഷിച്ച് പെൺകുട്ടികൾക്കായി കേന്ദ്രസർക്കാരിന്റെ സുകന്യാ സമൃദ്ധി പദ്ധതി പ്രഖ്യാപിച്ചു. പത്തു വയസിൽ താഴെയുള്ള പെൺകുട്ടിയുടെ പേരിൽ കുറഞ്ഞത് വർഷം 10000 രൂപ വീതം പോസ്റ്റ് ഓഫീസിൽ സുകന്യാ സമൃദ്ധി പദ്ധതിയുടെ കീഴിൽ ഡെപ്പോസിറ്റ് നൽകുന്നവർക്ക് മകളെ കെട്ടിക്കുന്ന സമയമാകുമ്പോൾ അഞ്ചേകാൽ ലക്ഷം രൂപ ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഏറെ ജനകീയമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡികളിലൂടെ വൻ പ്രചാരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. പെൺമക്കളുള്ള മാതാപിതാക്കൾക്ക് ഏറെ ആശ്വാസം പകരുന്ന ഈ പദ്ധതി ജനുവരിയിലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. വിവാഹത്തിനെന്ന പോലെ തന്നെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്കും ഇതുപകരിക്കുന്ന തരത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്.
ഇന്റർനെറ്റിന്റേയും സോഷ്യൽ മീഡിയയുടേയും അതിപ്രസരത്തിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പോസ്റ്റ് ഓഫീസുകൾക്ക് ഈ പദ്ധതി പ്രഖ്യാപനത്തോടെ പുനർജീവൻ വന്ന അവസ്ഥയാണിപ്പോൾ.
സുകന്യ സമൃദ്ധി പദ്ധതിയുടെ ആകർഷണങ്ങൾ
അടയ്ക്കുന്ന തുകയ്ക്ക് 9.1 ശതമാനം പലിശയെന്നതാണ് സുകന്യ സമൃദ്ധി പദ്ധതിയുടെ പ്രധാന ആകർഷണം. പദ്ധതി കാലാവധിയെത്തുമ്പോൾ പലിശയും കൂട്ടുപലിശയും ചേർന്ന് നല്ലൊരു തുക ലഭിക്കും എന്നതാണ് പ്രത്യേകം എടുത്ത പറയേണ്ട വസ്തുത. 2014-15 വർഷത്തേക്കാണ് 9.1 ശതമാനം പലിശ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും എല്ലാ വർഷവും പദ്ധതിയുടെ പലിശ നിരക്ക് സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്. നിലവിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ടിനു (പിപിഎഫ്) പോലും 8.7 ശതമാനം പലിശ നിരക്കുള്ള സാഹചര്യത്തിലാണ് സുകന്യാ സമൃദ്ധി പദ്ധതിക്ക് 9.1 ശതമാനം പലിശ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നിക്ഷേപത്തിന് വരുമാന നികുതിയിളവും ലഭിക്കും എന്നതാണ് മറ്റൊരു ആകർഷണം.
പദ്ധതി തുടങ്ങുന്നതെങ്ങനെ
പത്തു വയസിൽ താഴെയുള്ള പെൺകുട്ടിയുടെ പേരിലാണ് സുകന്യ സമൃദ്ധി തുടങ്ങേണ്ടത്. എന്നാൽ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ 2003 ഡിസംബർ രണ്ടിനു ശേഷം ജനിച്ച കുട്ടികളുടെ പേരിൽ പദ്ധതിയിൽ ചേരാം. അതായത് നിലവിൽ 2-12-2003നും 1-12-2004നും മധ്യേ ജനിച്ച പെൺകുട്ടികളാണ് സുകന്യ സമൃദ്ധി പദ്ധതിയിൽ ചേരാൻ യോഗ്യരായിട്ടുള്ളവർ. ഇവരുടെ പേരിൽ 2015 ഡിസംബർ ഒന്നിനു മുമ്പ് പദ്ധതിയിൽ ചേർന്നിരിക്കണം.
മാതാവിനോ പിതാവിനോ കുട്ടിയുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാം. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ആരുടെയെങ്കിലും തിരിച്ചറിയിൽ കാർഡും ഫോട്ടോയും പാൻ കാർഡുണ്ടെങ്കിൽ അതും ഹാജരാക്കി തുടക്ക നിക്ഷേപമെന്ന നിലയിൽ ആയിരം രൂപയും അടച്ചാൽ സുകന്യ സമൃദ്ധി പദ്ധതിയിൽ അംഗമായിക്കഴിഞ്ഞു. പോസ്റ്റ് ഓഫീസ് മുഖേനയാണ് പണം അടയ്‌ക്കേണ്ടത്. കോർ ബാങ്കിങ് സംവിധാനം തപാൽ വകുപ്പിൽ വൈകാതെ തന്നെ നടപ്പിലാകുമ്പോൾ പോസ്റ്റ് ഓഫീസിൽ പോകാതെ തന്നെ നിക്ഷേപം ഓൺ ലൈൻ ബാങ്കിംഗിലൂടെ നടത്താം.
കുട്ടിയുടെ പേരിൽ മാതാവ് അല്ലെങ്കിൽ പിതാവാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിലും പത്തു വയസിനു ശേഷം കുട്ടിക്ക് സ്വന്തമായി അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാവുന്നതാണ്.
എല്ലാ വർഷവും അടയ്‌ക്കേണ്ട തുക
എല്ലാ വർഷവും കുറഞ്ഞത് ആയിരം തുക പദ്ധതിയിൽ നിക്ഷേപിക്കണമെന്നാണ് പറയുന്നത്. നൂറിന്റെ ഗണിതങ്ങളായി നിങ്ങൾക്കിഷ്ടപ്പെട്ട തുക ഓരോ വർഷവും അടയ്ക്കാം. എന്നാൽ ഒരു വർഷം ഒന്നര ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം പാടില്ല എന്നും അനുശാസിക്കുന്നുണ്ട്. എല്ലാ വർഷവും ഒരേ തുക അടയ്ക്കണമെന്നുമില്ല. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 1000 രൂപയെങ്കിലും അക്കൗണ്ടിൽ ചെന്നിരിക്കണമെന്നു മാത്രം.
ഏതെങ്കിലും കാരണവശാൽ ഒരു വർഷം മിനിമം തുകയായ ആയിരം രൂപ അടയ്ക്കാൻ വിട്ടുപോകുകയാണെങ്കിൽ അടുത്ത വർഷം 50 രൂപ പിഴ അടച്ച് അക്കൗണ്ട് പുനഃസ്ഥാപിക്കാം. ഒന്നിലധികം വർഷം ഇങ്ങനെ അടവിൽ മുടക്കം വരുത്തിയാലും ഓരോ വർഷവും 50 രൂപ പിഴ എന്ന രീതിയിൽ അടച്ച് അക്കൗണ്ട് പുനഃസ്ഥാപിക്കാവുന്നതാണ്. തുക എത്ര വലുതാണെങ്കിലും പിഴ 50 രൂപ വച്ചേ കണക്കാക്കുകയുള്ളൂ.
എത്ര വർഷം തുക അടയ്ക്കണം
അക്കൗണ്ട് തുടങ്ങുന്ന തിയതി മുതൽ പതിനാലു വർഷത്തേക്കാണ് നിശ്ചിത തുക പദ്ധതിയിൽ അടയ്‌ക്കേണ്ടത്. എന്നാൽ കുട്ടിക്ക് 21 വയസു പൂർത്തിയായാൽ മാത്രമേ തുക തിരിച്ചു ലഭിക്കുകയുള്ളൂ. അതായത് കുട്ടിക്ക് 21 വയസ് ആയതിനു ശേഷം മാത്രമേ അക്കൗണ്ട് ക്ലോസ് ചെയ്യുന്നുള്ളൂ. ഇത്രയും കാലം അടച്ച തുകയുടെ പലിശയും കൂട്ടു പലിശയും ലഭിക്കുമെന്നതിനാൽ നല്ലൊരു നിക്ഷേപമായി ഇത് കണക്കാക്കാവുന്നതാണ്.
ഇനി പദ്ധതിയിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കുന്ന രീതി: കുട്ടിക്ക് പതിനെട്ടു വയസ് പൂർത്തിയായാൽ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് മച്യൂരിറ്റി ആയ ശേഷം പണം പിൻവലിച്ചില്ലെങ്കിലും അത് സുകന്യ സമൃദ്ധി പദ്ധതിയിൽ നിലനിൽക്കും. എത്ര കാലം അക്കൗണ്ടിൽ പണം കിടക്കുന്നുവോ അത്രയും കാലം അതിന്റെ പലിശ കൂടിക്കൊണ്ടിരിക്കും എന്നതിനാൽ കുട്ടിക്ക് 21 വയസ് ആയാലുടൻ പണം എടുക്കണമെന്നില്ല.
പതിനെട്ടു വയസു കഴിഞ്ഞ് (21 വയസിനു മുമ്പ്) കുട്ടിയുടെ വിവാഹം ആയാൽ അക്കൗണ്ട് പ്രീമച്വർ ക്ലോസിങ് സാധ്യമാണെന്നും പറയപ്പെടുന്നു.
എത്ര അക്കൗണ്ട് തുടങ്ങാം
ഒന്നിലധികം പെൺമക്കളുള്ളവർക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയം. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ പാടുള്ളൂ. രണ്ടു പെൺമക്കളുള്ളവർക്ക് ഓരോരുത്തരുടേയും പേരിൽ ഓരോ അക്കൗണ്ട് ആരംഭിക്കാം.സാധാരണ ഗതിയിൽ രണ്ടു പെൺമക്കൾക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. എന്നാൽ ഇരട്ടകളോ, ട്രിപ്ലെറ്റ്‌സോ (triplets) ഉള്ളവരുടെ കേസിൽ മൂന്നാമത്തെ പെൺകുട്ടിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം
കുട്ടിയുടെ പേരിലുള്ള അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും ട്രാൻസ്ഫർ ചെയ്യാം. ഒരു സിറ്റിക്കുള്ളിൽ തന്നെ താമസം മാറ്റുകയാണെങ്കിൽ ഇതു സാധ്യമല്ലെങ്കിലും വിവിധ സംസ്ഥാനങ്ങളിലേക്ക് അല്ലെങ്കിൽ ജില്ലകളിലേക്ക് താമസം മാറ്റുന്ന പക്ഷം അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.