ആലപ്പുഴ : യുവത്വത്തിന്റെ പ്രസരിപ്പിൽ സിരകളിൽ ആവേശത്തോടെ ഒഴുകേണ്ട ചോര റോഡിലൊഴുക്കി ജീവൻ വെടിയുന്ന പ്രവണതയ്ക്ക് ആക്കം വർദ്ധിക്കുന്നു. ഇരുചക്രവാഹനത്തിലെ മൂവർ സഞ്ചാരവും അമിതവേഗവുമാണ് ഇവിടെയും വില്ലൻ.

അമിതവേഗവും അശ്രദ്ധയും മൂലം സംസ്ഥാനത്ത് രണ്ടുമാസത്തിനിടയിൽ പൊലിഞ്ഞത് 22 ജീവനുകളാണ്. പൊലിഞ്ഞവയിൽ അധികവും 25-ൽ താഴെ പ്രായമുള്ള, ഉന്നത വിദ്യാഭ്യാസം നേടാൻ ഇറങ്ങിത്തിരിച്ച വിദ്യാർത്ഥികളാണെന്നുള്ളതാണ് ഏറെ ഖേദകരമായത്. കൗമാരം കഴിഞ്ഞ് യൗവനത്തിലേക്ക് പദമൂന്നുമ്പോൾ പൊലിയുന്ന യുവതയെ നിയന്ത്രിക്കേണ്ട രക്ഷകർത്താക്കളും അധികാരികളും നോക്കുകുത്തികളായതോടെയാണ് മൂവർ സഞ്ചാരത്തിനും അമിതവേഗത്തിനും തിരക്കേറിയത്.

സംസ്ഥാനത്ത് ഇപ്പോൾ അമിതവേഗം നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഗതാഗത നിയമത്തിന്റെ 184-ാം വകുപ്പ് ചാർത്തി അപകടകരമാം വിധം അശ്രദ്ധമായി വാഹനം ഓടിക്കുന്നതിന് 1000 രൂപ പിഴയും ലൈസൻസ് സസ്‌പെൻഡ് ചെയ്യലുമാണ് നടത്തുന്നത്. 183 വകുപ്പ് പ്രകാരം അമിതവേഗത്തിനും കേസ് എടുക്കുന്നുണ്ട്. എന്നാൽ കേസുകളുടെ ക്രമാതീതമായ വർദ്ധന മൂലം പലകേസുകളും കോടതിയിലെത്താതെ കോമ്പൗണ്ട് ചെയ്യപ്പെടുകയാണ്. ഇത് അമതിവേഗക്കാരന് വീണ്ടും അവസരം ഒരുക്കുകയാണ്.

പരിശോധനാ സ്ഥലത്തുതന്നെ പിഴയടച്ച് സ്ഥലം കാലിയാക്കുന്ന സമ്പ്രദായമാണ് കോമ്പൗണ്ടിങ്. കേസ് കോടതിയിലെത്തിയാൽ പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽനിന്നും ഇറക്കേണ്ടിവരും. ഇത് അമിതവേഗക്കാരന് ഒരു താക്കീത് കൂടിയാണ്. എന്നാൽ ജീവനക്കാരുടെ കുറവു മൂലം, നിയമം തെറ്റിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിലെത്തിക്കാതെ കോമ്പൗണ്ടിങ് സമ്പ്രദായത്തിൽ കാര്യങ്ങൾ തീർക്കാനാണ് ഉദ്യോഗസ്ഥർക്ക് താല്പര്യം. പിടിച്ചെടുക്കുന്ന വാഹനത്തിന്റെ കോടതി നൂലാമാലകൾ തീർക്കാൻ രാപ്പകൽ കോടതിയിൽ കയറിയിറങ്ങാൻ ഉദ്യോഗസ്ഥർ തയ്യാറല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ ഇത്തരക്കാരെ നിയന്ത്രിച്ചുകളയാമെന്ന ഭാവത്തിൽ ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയാൽ ഇവരെ ഇടിച്ചിട്ട് കടന്നുപോകുന്നവരും വിരളമല്ല.

അതേസമയം സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്രവാഹനങ്ങൾ രണ്ടുപേർക്കു മാത്രം സഞ്ചരിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വണ്ടി വഹിക്കുന്ന ഭാരത്തിന് തുല്യമായാണ് ബ്രേക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്. രണ്ടുപേർക്ക് മാത്രം സഞ്ചരിക്കാൻ നാലു ഫുട്്‌റെസ്റ്റുകൾ മാത്രമാണ് ബൈക്കുകൾക്കുള്ളത്. പിടിച്ചിരിക്കാൻ യാതൊരു സംവിധാനവുമില്ലാത്ത സാഹചര്യത്തിൽ ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിക്കുമ്പോൾ അപകടസാദ്ധ്യത കൂടുതൽ പിറകിലിരിക്കുന്ന മൂന്നാമനായിരിക്കും.

ഇത്തരത്തിൽ മൂവർ സഞ്ചാരത്തിൽ ഏറ്റവും ഒടുവിൽ റോഡിൽ പൊലിഞ്ഞത് ആലപ്പുഴയിലെ കൈതവനയിൽ കോലോത്ത് വീട്ടിൽ മോഹനന്റെ മകൻ മനുമോഹൻ (20) ആണ് . മനു ആലപ്പുഴ യു ഐ ടിയിലെ ബി ബി എ വിദ്യാർത്ഥിയായിരുന്നു. മനുവിനൊപ്പം സഞ്ചരിച്ച സുഹൃത്തുക്കളായ ആലപ്പുഴ സ്വദേശികളായ രാഹുൽ (20) അരുൺ പണിക്കർ (20) എന്നിവർ ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

ഇവരും ബിബിഎ വിദ്യാർത്ഥികളാണ്. തലേദിവസം വിവാഹം കഴിഞ്ഞ സഹോദരിക്ക് സമ്മാനമായി വാങ്ങിയ സ്‌കൂട്ടറുമായി അടുക്കള കാണൽ ചടങ്ങിയ പുറപ്പെട്ടതാണ് സിആർപിഎഫ് ജവാൻകൂടിയായ ചിങ്ങോലി വെണാട്ടുശേരിൽ പടീറ്റതിൽ കുഞ്ഞുമോന്റെ മകൻ രാഹുൽ. ഇരുപത്തിമൂന്നൂകാരനായ രാഹുൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് ജീവൻ പൊലിഞ്ഞത്. രാജ്യത്തിന് തന്നെ അഭിമാനമാകേണ്ടിയിരുന്ന രാഹുലിനും വിധിയുടെ പ്രഹരത്തിന് മുന്നിൽ അകാലത്തിൽ കീഴടങ്ങേണ്ടിവന്നു.

വയനാട്ടിലെ മാനന്തവാടിയിൽ ചെറ്റപ്പാലം വരടിമൂലയിൽ തമ്മട്ടാൻ മമ്മുവിന്റെ മകൻ സാലി (24) നിയന്ത്രണം വിട്ട ബൈക്കിൽനിന്നും തെറിച്ച് വീണ് വിധിക്ക് കീഴടങ്ങി. സാലിയിലൂടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ തണലാണ്. കോട്ടയത്ത് വേളൂർ കാഞ്ഞിരം ഇരുപത്തിനാലിൽ ചിറ വീട്ടിൽ പരേതനായ ജയന്റെ മകൻ വിഷ്ണു (21) നിയന്ത്രണം വിട്ട ബൈക്കിൽനിന്നും തെറിച്ച് വീണ് തൽക്ഷണം മരിച്ചു. നാഥൻ നഷ്ടപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിഷ്ണു. ഉളിക്കലിൽ നിയന്ത്രണം വിട്ട ബൈക്കിൽനിന്നും വീണ് മരിച്ചത് പുറപ്പുഴയിൽ ബേബിയുടെ മകൻ വൈദീക വിദ്യാർത്ഥിയായിരുന്ന ലിബിൻ ബേബി (25) ആണ്. ഇയ്യാൾക്കൊപ്പം സഞ്ചരിച്ച ബന്ധു ലിബിൻ ബാലു ചികിൽസയിലാണ്. പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ച് പരിയാപുരം പട്ടികുന്നിലെ കക്കാട്ടുപറമ്പിൽ മരക്കാരുടെ മകൻ മുസ്തഫ (24) തൽക്ഷണം മരിച്ചു. ഇയ്യാളും ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.

തൊടുപുഴയിൽ അമിതവേഗത്തിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ചത് പെരിമറ്റത്തിൽ അരവിയുടെ മകൻ ഷിന്റോ (29) ആണ്. ഇയ്യാൾക്കൊപ്പം സഞ്ചരിച്ചിരുന്ന ആളും മറ്റ് രണ്ടുപേരും അതീവഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലടിക്കുകയാണ്. ആലപ്പുഴയിലെ അരൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് മരിച്ചത് പെരുമ്പടവം നാലാംവാർഡിൽ ദീപാലയത്തിൽ ജീവൻ സിദത്ത് ( 40) ആണ്. ഇയാൾ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു. ഇയ്യാൾക്കൊപ്പം സഞ്ചരിച്ച സതീഷിനെ അതീവഗുരതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപകാലത്ത് പൊലിഞ്ഞതിലധികവും 25 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികളും പ്രൊഫഷണലുകളുമായിരുന്നു. അകാലത്തിൽ വിഷ്ണുമാരും രാഹുൽമാരും പൊലിയുന്ന പ്രവണതയ്ക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.