തിരുവനന്തപുരം: സാധാരണ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മുഖഭാവമില്ല എം വിജയകുമാറിന്. പക്ഷേ തീരുമാനങ്ങളിൽ ആ കാർക്കശ്യവുമുണ്ടായിരുന്നു. അത് തന്നെയാണ് വിദ്യാർത്ഥിയുവജന പ്രസ്ഥാനത്തിലൂടെ ഇടത് രാഷ്ട്രീയത്തിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനിയായ വിജയകുമാറിന്റെ കരുത്തും. തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സിപിഐ(എം) മുന്നോട്ട് വയ്ക്കുന്ന പ്രധാന പേരുകാരനാണ് വിജയകുമാർ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സിപിഐയാണ് മത്സരിക്കുന്നത്. പല ഘട്ടത്തിലും സിപിഐയിൽ നിന്ന് സീറ്റ് തിരിച്ചു വാങ്ങി വിജയകുമാറിനെ ലോക്‌സഭയിലേക്ക് അയക്കാൻ സിപിഐ(എം) ശ്രമിച്ചിട്ടുണ്ട്. പക്ഷേ സിപിഐ വഴങ്ങാത്തതു കൊണ്ട് മാത്രമം അതു നടന്നില്ല. തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും ജയിക്കാൻ കഴിയുന്ന സമ്മതിയുള്ള ഏക സിപിഐ(എം) നേതാവും വിജയകുമാർ തന്നെ.

നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് വിജയകുമാറിനോട് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് മാത്രം സാമുദായിക സമവാക്യങ്ങൾ ഉയർത്തി നെയ്യാറ്റിൻകരയിൽ ലോറൻസ് സ്ഥാനാർത്ഥിയായി. നെയ്യാറ്റിൻകരയിലും വിജയകുമാർ മത്സരിച്ചെങ്കിൽ രാഷ്ട്രീയ നേട്ടം സിപിഎമ്മിനാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. സിപിഐ(എം). സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഏറ്റവും വിശ്വാസമുള്ള നേതാവാണ് വിജയകുമാർ. കോടിയേരി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ വിജയകുമാറായിരുന്നു ജോയിന്റ് സെക്രട്ടറി. അന്നുമുതൽ ഇവർ തമ്മിൽ അടുപ്പമുണ്ട്. നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുമ്പ് വിജയകുമാർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരിയുടെ അനുമതിയോടെയായിരുന്നു പെരുന്നയിലേക്കുള്ള പോക്ക്.

എന്നാൽ അത് വലിയ വിവാദങ്ങൾ ഉണ്ടാക്കി. അതുകൊണ്ട് മാത്രമാണ് നെയ്യാറ്റിൻകരിയിൽ വിജയകുമാറിന് മത്സരിക്കുന്നതിന് തടസ്സമായതെന്നും കരുതുന്നവരുണ്ട്. രണ്ട് വർഷത്തിന് ശേഷം തിരുവനന്തപുരത്ത് ഒരു ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ സ്വാഭാവിക സ്ഥാനാർത്ഥിയായി വിജയകുമാർ മാറി. അതിനൊപ്പം സ്വന്തം നാട്ടിൽ മത്സരിക്കുകയെന്ന മോഹവും നടന്നു. 1987ൽ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും സ്വന്തം വീടുൾപ്പെട്ട ആര്യനാട് മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാൽ ഇടതു പക്ഷത്ത് ആർഎസ്‌പിയുടെ സീറ്റായിരുന്നു അത്. കെ പങ്കജാക്ഷൻ മത്സരിച്ച് സ്ഥിരമായി ജയിക്കുന്ന സീറ്റിൽ വിജയകുമാറിന് മത്സരിക്കാൻ ഒരു സാധ്യതയുമില്ലായിരുന്നു. അങ്ങനെ ഈ യുവ രാഷ്ട്രീയക്കാരൻ കോൺഗ്രസ് കോട്ടയായ തിരുവനന്തപുരം നോർത്തിലെത്തി. കോൺഗ്രസിലെ യുവതുർക്കിയും കെ കരുണാകരന്റെ വൽസല ശിഷ്യനുമായ ജി കാർത്തികേയനായിരുന്നു എതിരാളി.

കാർത്തികേയൻ വിജയിക്കുമെന്നായിരുന്നു വിലയിരുത്തൽ. സാമുദായിക പരിഗണനകൾ നിർണ്ണായകമായ മണ്ഡലത്തിൽ കരുണാകരന് നല്ല സ്വാധീനവുമുണ്ടായിരുന്നു. പക്ഷേ ഈ കണക്കുകൂട്ടലെല്ലാം തെറ്റിച്ച് വിജയകുമാർ അട്ടിമറി വിജയം നേടി. പിന്നീട് നോർത്ത് വിജയകുമാറിലൂടെ ഇടത് കോട്ടയായി. സൗമ്യസാന്നിധ്യമായി നാല് തവണ തുടർച്ചയായി ജയിച്ചു കയറി. എന്നാൽ സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരിക്കൽ അടിതെറ്റി. റിപ്പറോഗ്രാഫിക് സെന്ററിലെ പോസ്റ്റ് അച്ചടിയിൽ അടിതെറ്റിയ വിജയകുമാർ കെ മോഹൻകുമാറിനോട് തോറ്റു. സ്പീക്കറെന്ന ഗ്ലാമറുമായി മത്സരിക്കുമ്പോഴായിരുന്നു തോൽവി. എന്നാൽ 2005ൽ വീണ്ടും ജയിച്ചു കയറി. സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് വിജയകുമാർ. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് എംഎൽഎയായി ജയിച്ചെത്തിയ വിജയകുമാറിനെ മന്ത്രിയാക്കി. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ തുറമുഖവും സ്‌പോർട്‌സുമായിരുന്ന വകുപ്പുകൾ. അവസാനം പൊതുമരാമത്ത് വകുപ്പും വിജയകുമാറിന് ലഭിച്ചു.

എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നു. നോർത്ത് മണ്ഡലും വട്ടിയൂർകാവുമായി. അവിടേയും വിജയകുമാറിനെയാണ് സിപിഐ(എം) പ്രധാനമായി പരിഗണിച്ചത്. മത്സരത്തിനില്ലെന്ന വിജയകുമാറിന്റെ കത്ത ്കിട്ടിയതോടെ ചെറിയാൻ ഫിലപ്പ് മത്സരിക്കാനെത്തി. കെ മുരളീധരൻ കൈപ്പത്തി ചിഹ്നത്തിൽ ജയിക്കുകയും ചെയ്തു. അങ്ങനെ വിജയകുമാറിലൂടെ കാത്ത കോട്ട നഷ്ടമായി. വീണ്ടും സംഘടനാ തലത്തിൽ സജീവമായി നിൽക്കുമ്പോഴാണ് കാർത്തികേയന്റെ മരണത്തോടെ അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പെത്തിയത്. 1987ൽ മത്സരിക്കാൻ ആഗ്രഹിച്ച ആര്യനാടെന്ന സ്വന്തം മണ്ഡലത്തിന്റെ പുതിയ രൂപം. ആർഎസ്‌പി കോട്ടയായിരുന്ന അരുവിക്കരയെ കാർത്തികേയനിലൂടെ വലതു പക്ഷത്ത് യുഡിഎഫ് ഉറപ്പിച്ചു നിറുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിവാദത്തിലൂടെ ആർഎസ്‌പി കൂറുമാറി യുഡിഎഫിലെത്തി. അങ്ങനെ സീറ്റിൽ മത്സരിക്കാൻ സിപിഎമ്മിന് സാധ്യതയും വന്നു.

പിന്നെ രണ്ടിലൊന്ന് സിപിഐ(എം) ആലോചിച്ചില്ല. നാട്ടുകാരനായ വിജയകുമാർ സിപിഐ(എം) സ്ഥാനാർത്ഥിയാകുന്നു. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള അരുവിക്കരയിൽ വ്യക്തിപരമായ മികവിലൂടെയാണ് കാർത്തികേയൻ ഒറ്റയാനെ പോലെ ജയിച്ചു കയറിയത്. കാർത്തികേയന് അവകാശപ്പെടാനുള്ള എല്ലാ ഗുണഗണങ്ങളും വിജയകുമാറിന് ഉണ്ട്. സൗമ്യമായ ഇടപെടൽ, സംസ്ഥാന രാഷ്ട്രീയത്തിലെ തലയെടുപ്പ്, മാന്യമായ പെരുമാറ്റം, സംശുദ്ധ വ്യക്തിത്വം, ഭരണ പരിചയംഅങ്ങനെ എല്ലാം ഉണ്ട്. അതിലെല്ലാം ഉപരി നാട്ടുകാരനെന്ന പേരും. അതുകൊണ്ട് തന്നെ വിജയകുമാറിലൂടെ അരുവിക്കര പിടിക്കാമെന്ന് സിപിഐ(എം) കുരുതുന്നു. സംഘടനാ തലത്തിൽ മണ്ഡലത്തിലെ മുക്കു മൂലയിലും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് വിജയകുമാർ. അതുകൊണ്ട് കൂടിയാണ് അരുവിക്കരയിൽ സിപിഐ(എം) പ്രചരണത്തിൽ പിടിമുറുക്കുമെന്ന വിലയിരുത്തൽ വരുന്നതും.

ഇവിടെ സിപിഐ(എം) ജയിച്ചാൽ വിജയകുമാർ വീണ്ടും സൂപ്പർ താരമാകും. സിപിഎമ്മിന് നഷ്ടപ്രതാപം വീണ്ടെടുക്കാനും കഴിയും. എംഎബേബിയ്‌ക്കൊപ്പം സിപിഐ(എം) സംസ്ഥാന സമിതിയിൽ എത്തിയ നേതാവാണ് വിജയകുമാർ. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി വിജയകുമാർ ജയിൽ വാസവും അനുഭവിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്. ഡിവൈഎഫ്‌ഐയുടെ രൂപീകരണത്തിനും മുന്നിൽ നിന്നു. ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായതോടെ വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായി. പിന്നീട് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റുമായി. വിജയകുമാറിനെ ശേഷമാണ് എം എ ബേബി ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റാകുന്നത്. തിരുവനന്തപുരത്ത് നടന്ന ആദ്യ സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു വിജയകുമാർ.

19996ൽ നയനാർ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മന്ത്രിയാക്കാൻ വിജയകുമാറനേയും പരിഗണിച്ചു. എന്നാൽ സ്പീക്കറാകാനായിരുന്നു നറുക്ക് വീണത്. 20 കൊല്ലം മുമ്പ് തുടങ്ങിയ പുതിയ നിയമസഭാ മന്ദിരത്തിന്റെ പണി പൂർത്തിയായത് വിജയകുമാർ സ്പീക്കറായപ്പോഴാണ്. സ്പീക്കറെന്ന നിലയിൽ നടത്തിയ ഇടപെടലുകൾ പ്രതിപക്ഷത്തിന്റേയും ശ്രദ്ധ നേടിവയായിരുന്നു. 2006ൽ വി എസ് അധികാരത്തിലെത്തിയപ്പോൾ വിജയകുമാർ തുറമുഖ കായിക മന്ത്രിയായി. നീന്തൽ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റെ കൂടിയായിരുന്ന വിജയകുമാർ, കായിക വകുപ്പ് ചോദിച്ച് വാങ്ങിയതായിരുന്നു.

ദേശീയ ഗെയിംസ് കേരളത്തിലെത്തിച്ചതും വിഴിഞ്ഞം തുറമുഖ പദ്ധതിയെ സജീവമാക്കിയതും വിജയകുമാറിന്റെ നേതൃത്വത്തിലാണ്. സിപിഎമ്മിൽ വിഎസിനൊപ്പം ആദ്യ കാലത്ത് നിന്ന വിജയകുമാർ പതിയെ ഔദ്യോഗിക പക്ഷത്തേക്ക് മാറി. സംസ്ഥാന സമിതിയിൽ പലപ്പോഴും വിഎസിനെ വിമർശിക്കുകയും ചെയ്തു.