ഷാങ്ഹായി: ചൈനയിലെ ഷാങ്ഹായിക്കാർ, ആകെ അന്തം വിട്ട മട്ടാണ്. ആകാശത്ത് ഡ്രോണുകൾ ഓരോന്നായി പ്രത്യക്ഷപ്പെടുന്നു. സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ മോഹം അടക്കൂ എന്ന് ഉത്തരവിടുന്നു. വെറുതെയല്ല, ഡ്രോണുകളെ പടച്ചുവിട്ടിരിക്കുന്നത്. ഷാങ്ഹായി ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ ഹോട്ട് സ്‌പോട്ടാണ്. ദിനംപ്രതിയുള്ള വ്യാപന നിരക്ക് കുറഞ്ഞെങ്കിലും, മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

ബാൽക്കണികളിൽ നിന്ന് ആളുകൾ പാട്ടുപാടുകയും, അവശ്യസാധനങ്ങൾ കിട്ടാതിരിക്കുന്നതിൽ പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് ഡ്രോണുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ട്, അടങ്ങ് നാട്ടുകാരെ എന്ന് ഉത്തരവിട്ടത്. ട്വിറ്ററിൽ ഇതിന്റെ വീഡിയോകൾ വൈറലാണ്. നഗത്തിലെ 26 ദശലക്ഷം ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് അധികൃതർ. വെയ്‌ബോയിലാണ് വീഡിയോകൾ ആദ്യം വന്നത്. ഡ്രാണുകളാണ് ആളുകൾ എന്തു ചെയ്യണം, ചെയ്യേണ്ടാ എന്ന് നിർദ്ദേശിക്കുന്ന ബുള്ളറ്റിനുകൾ പുറത്തിറക്കുന്നത്. ജനാലകൾ തുറക്കുകയോ, പാട്ടു പാടുകയോ ചെയ്യരുതെന്നാണ് നിർദ്ദേശങ്ങളിൽ ഒന്ന്.

ഇവിടെയും നിൽക്കുന്നില്ല, ആരോഗ്യ പ്രവർത്തകരുടെ പൊതു ബുള്ളറ്റിനുകൾ. ഷാങ്ഹായിയിലെ തെരുവുകളിൽ വന്ന മറ്റൊരു ഉത്തരവ് ഇങ്ങനെ: ' ഇന്ന് രാത്രി മുതൽ ദമ്പതികൾ ഒരുമിച്ച് ഉറങ്ങരുത്. ഉമ്മ വയ്ക്കരുത്. കെട്ടിപിടുത്തം അനുവദിക്കില്ല. ഭക്ഷണം കഴിക്കുന്നതും വെവ്വേറെ ആകണം. നിങ്ങളുടെ സഹകരണത്തിന് നന്ദി, ആരോഗ്യ പ്രവർത്തകർ ഒരു ഹൗസിങ് സൊസൈറ്റിയിൽ നൽകിയ അറിയിപ്പാണിത്.

എന്തായാലും, നാട്ടുകാർക്ക് സംഗതിയിൽ അത്ര സന്തുഷ്ടരല്ല. ഭക്ഷണ സാധനങ്ങളും, മറ്റ് അവശ്യ സാധനങ്ങളും കിട്ടുന്നതിൽ കാലതാമസം വരുന്നുണ്ട്. എല്ലാം വീട്ടുപടിക്കൽ എത്തിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, ചിലപ്പോൾ കിട്ടാതെ വരുന്നു. ആവശ്യത്തിന് സാധനങ്ങൾ സ്‌റ്റോക്ക് ഉണ്ടെങ്കിലും, കോവിഡ് നിയന്ത്രണങ്ങൾ മൂലം ചില സ്ഥാലങ്ങളിൽ എത്തിക്കാൻ വൈകുന്നുണ്ടെന്ന് ഷാങ്ഹായി വൈസ് മേയർ ഷെൻ ടോഹ് പറയുന്നു. ലോക്ക്ഡൗൺ എന്ന ആശയം തന്നെ കാലഹരണപ്പെട്ടതാണെന്നും ലോകത്തിൽ ചൈനയൊഴികെ മറ്റൊരുരാജ്യത്തും ലോക്ക്ഡൗൺ ജനങ്ങൾ പറയുന്നു. കോവിഡ് കേസുകൾ അല്പമൊന്ന് ഉയർന്നാൽപ്പോലും അവിടെ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതാണ് ചൈനയുടെ രീതി.

രോഗവ്യാപനം പൂർണമായും മാറുംവരെ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നഗരങ്ങളിൽ ഇടയ്ക്കിടയുള്ള കോവിഡ് പരിശോധനകൾക്കുവേണ്ടി മാത്രമാണ് ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളത്. അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവ പ്രാദേശിക ഭരണകൂടം വീടുകളിൽ എത്തിക്കും. ഇതിനൊപ്പം തെരുവുകളും വീടുകളുടെ പരിസരവും ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യും

ഒരാഴ്ച മുമ്പ് നാല് കാലുള്ള റോബോട്ടുകൾ തെരുവുകളിലൂടെ നടന്ന് ആരോഗ്യ അറിയിപ്പുകൾ പുറപ്പെടുവിക്കുന്നതിന്റെ കൗതുകമുള്ള വീഡിയോകൾ പുറത്തുവന്നിരുന്നു. ചൈനയുടെ പ്രമുഖ വ്യാപാരകേന്ദ്രം കൂടിയാണ് ഷാങ്ഹായി. കോവിഡ് വീണ്ടും വ്യാപിച്ചതോടെ എല്ലാം താറുമാറായി. ആരോഗ്യ പ്രവർത്തകർക്കും, വോളണ്ടിയർമാർക്കും, വിതരണക്കാർക്കും മാത്രമാണ് തെരുവിൽ ഇറങ്ങാൻ അനുമതിയുള്ളത്. ഒരു ഇടവേളയ്ക്കുശേഷം കഴിഞ്ഞ മാസമാണ് ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായത്.