മൂവാറ്റുപുഴ: കേരളമൊട്ടാകെ തെരുവു നായ്ക്കളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ 130 തെരുവു നായ്ക്കളെ കൊന്നുവെന്ന് അവകാശവാദമുന്നയിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് എതിരെ നിയമനടപടി വരും. ഇറച്ചിയിൽ വിഷം കലർത്തിയാണ് നായ്ക്കളെ കൊന്നത്. ഇതിന് അയൽക്കാരുടെ പിന്തുണയും ഉണ്ടായിരുന്നുവെന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മൂവാറ്റുപുഴ സ്വദേശിയായ എം.ജെ. ഷാജിക്ക് എതിരെ പൊലീസ് കേസ് എടുക്കും. അക്രമകാരികളായ നായ്ക്കളെ കൊല്ലാനാണ് നിയമമുള്ളത്. എന്നാൽ ഷാജിയുടെ നടപടി അത്തരത്തിലൊന്നല്ലെന്ന പരാതി പൊലീസിന് കിട്ടിയിട്ടുണ്ട്.

അതിനിടെ തെരുവ് നായ്ക്കളിൽ നിന്നും സമൂഹത്തെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ഷാജിക്ക് വലിയ പിന്തുണയും പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. നായ്ക്കളെ കൊന്നത് ഷാജിയും സ്ഥിരീകരിക്കുന്നുണ്ട്. നായ്ക്കളെ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ലെന്നും വേണ്ടിവന്നാൽ ജയിലിൽ പോകാൻ തയാറാണെന്നും ഷാജി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തോടാണ് ഷാജി ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ അഭിമുഖം പുറത്തുവന്ന സാഹചര്യത്തിലാണ് കേസ് എടുക്കാൻ പൊലീസ് ഒരുങ്ങുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ നായ്ക്കളെ മറവു ചെയ്തിരുന്ന സ്ഥലവും മാദ്ധ്യമസംഘത്തെ കാണിച്ചു കൊടുത്തു.

ബസ് സ്റ്റാൻഡിനു സമീപമുള്ള നായ്ക്കളെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയിരുന്നത്. സർക്കാരോ പഞ്ചായത്ത് അധികൃതരോ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഷാജി ആരോപിച്ചു. നാട്ടുകാരുടെ പിന്തുണയോടെയാണ് ഇതു ചെയ്‌തെന്നും വ്യക്തമാക്കുന്നു. അതേസമയം, മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിയെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു. എറണാകുളം ജില്ലയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 30 ഓളം പേരെയാണ് തെരുവുനായ്ക്കൾ കടിച്ചത്. ഈ സാഹചര്യത്തിൽ ഷാജിക്ക് എതിരെ നടപടിയെടുത്താൽ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് പൊലീസിന് അറിയാം. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് തീരുമാനം. എന്നാൽ ഷാജിക്ക് എതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് മൃഗസ്‌നേഹി കൂടിയാ കേന്ദ്രമന്ത്രി മേനകാ ഗാന്ധി. ഇതോടെ പുലിവാലു പിടിക്കുന്നത് സംസ്ഥാന പൊലീസാണ്.

ഈ സംഭവം പുറത്തുവന്നതോടെ തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്നും ഇതിന് പൊലീസ് കൂട്ടു നിൽക്കരുതെന്നും കേന്ദ്രന്ത്രി മേനകാഗാന്ധി ഡി. ജി. പി ടി.പി .സെൻകുമാറിന് പ്രത്യേകദൂതൻ വഴി കത്ത് നൽകി. നിർദ്ദേശം ഡി.ജി.പി എല്ലാ എസ്‌പിമാർക്കും റേഞ്ച് ഐ.ജിമാർക്കും നൽകി. നായ്ക്കളെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന ചില സംഘടനകൾ കേരളത്തിലുണ്ടെന്ന് കേന്ദ്ര അനിമൽ വെൽഫെയർ ബോർഡിന്റെ പേരിലുള്ള കത്തിലുണ്ട്. പരിസ്ഥിതിവനം വകുപ്പിനു കീഴിലുള്ളതാണ് അനിമൽ വെൽഫെയർ ബോർഡ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 428, 429 വകുപ്പുകൾ പ്രകാരം ഇത് കുറ്റകരമാണെന്നും കർശന നടപടിയെടുക്കണമെന്നുമാണ് ആവശ്യം. മേനകാഗാന്ധിയുടെ ഓഫിസിൽ നിന്ന് നേരിട്ടെത്തിച്ച നിർദ്ദേശമാണ് താഴേത്തട്ടിലേക്ക് കൈമാറിയതെന്ന് ടി.പി.സെൻകുമാർ പറഞ്ഞു.

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന 2006 ലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അനിമൽ വെൽഫെയർ ബോർഡ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഉത്തരവ് സ്റ്റേചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. അനിമൽ വെൽഫയർ ബോർഡ് ഏറെ വൈകിയാണ് സ്റ്റേയ്ക്കായി സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കോടതി വിധി അപകടകാരികളായ തെരുവ് പട്ടികൾക്ക് മാത്രമാണ്. അതുകൊണ്ട് എല്ലാ തെരുവുനായ്ക്കളേയും കൊല്ലുന്നതിന് അനുവാദമില്ലെന്നാണ് മേനകാ ഗാന്ധിയുടെ വാദം. ഇത് ശരിവച്ച് തന്നെയാണ് ഡിജിപി താഴെ തട്ടിലേക്ക് നിർദ്ദേശം കൈമാറിയതും.

ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സർക്കാരും തീരുമാനിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു തീരുമാനം. എല്ലാ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ, വധ്യംകരണ സംവിധാനങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും പ്രായോഗികമായിട്ടില്ല. ഇതിനെ തുടർന്നാണ് നാട്ടുകാർ തന്നെ തെരുവ് പട്ടികളെ കൊല്ലാൻ മുന്നിട്ടിറങ്ങിയത്.